20 വര്‍ഷത്തെ അസ്വസ്ഥതകള്‍ക്ക് ശേഷം ഇസ്രായേലും തുര്‍ക്കിയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ കാരണങ്ങളെന്താണെന്ന് അന്വേഷിക്കുകയാണ് ഇസ്രായേലുകാര്‍. യുക്രെയ്ന് യുദ്ധം, ഇറാന് ആണവ കരാര്‍, യൂറോപില്‍ ആസന്നമായ ഊര്‍ജ പ്രതിസന്ധി എന്നിവയുള്‍പ്പെടെയുള്ള പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിവിധ സംഭവവികാസങ്ങളുമായി ഒത്തുചേരുന്ന ഈ പുരോഗതിയുടെ ഭാവിയാണ് അവര്‍ മുന്നില്‍കാണുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി യേര് ലാപിഡും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും അംബാസഡര്‍മാര്‍ നിയോഗിക്കുന്നതിനെ കുറിച്ചും പ്രഖ്യാപനം നടത്തുന്നത്.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന ഉര്‍ദുഗാന്റെ പ്രസ്താവന ഇസായേല്‍ രാഷ്ട്രീയ, സുരക്ഷാ നേതൃത്വങ്ങള്‍ മറന്നുകാണില്ല. ദാവോസില്‍ ഷിമോണ്‍ പെരസുമായുള്ള ഉര്‍ദുഗാന്റെ ശക്തമായ ഏറ്റുമുട്ടലും, മാവി മര്‍മറ ഫ്ലോട്ടില്ലയ്ക്കെതിരായ ആക്രമണവും, അതിനിടയിലെ വാക്കേറ്റവും അവരുടെ മനസ്സിലുണ്ട്. 2013ല്‍, ബിന്യമിന് നെതന്യാഹു ഉര്‍ദുഗാനോട് ക്ഷമാപണം നടത്തിയിട്ടും, മാവി മര്‍മര ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് 2016ല്‍ കരാറില്‍ ഒപ്പുവെച്ചിട്ടും ഇസ്രായേലിനോടുള്ള തുര്‍ക്കിയുടെ ശത്രുത തുടര്‍ന്നു. 2020ല്‍ ഉര്ദുഗാന്, അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധത്തിനെതിരെ രംഗത്തുവന്നിരുന്നു. ഒരാഴ്ച മുമ്പ്, ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ ഫലസ്തീന് കുട്ടികളെ കൊലപ്പെടുത്തിയതിനെതിരെ ഉര്ദുഗാന് ശക്തമായി വിമര്‍ശിച്ചു. ഇപ്പോള്‍, തുര്‍ക്കിയും ഇസ്രായേലും ബന്ധം പുനഃസ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇതിന് മുമ്പ്, രാഷ്ട്രങ്ങള്‍ തമ്മില്‍ നയതന്ത്ര മാരത്തണ്‍ തന്നെ ഉണ്ടായിരുന്നു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അങ്കാറ സന്ദര്‍ശിച്ച വേളയിലാണ് നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
തുര്‍ക്കി, ഇസ്രായേല്‍ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിലെ ഏറ്റവും പ്രധാന വഴിത്തിരിവ് സാമ്പത്തിക ഘടകമാണെന്ന് ഇസ്രായേല്‍ തിരിച്ചറിയുന്നു. തുര്‍ക്കി വഴിയോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിലുള്ള സമുദ്ര മേഖലകളിലൂടെയോ ഗ്യാസ് പൈപ്പ്ലൈന് പദ്ധതി ഇസ്രായേല്‍ ആവിഷ്കരിക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നിരുന്നാലും, ഈ ആശയത്തെ ഇസ്രായേല്‍ സുരക്ഷാ നേതാക്കള്‍ പൂര്‍ണമായി പിന്തുണക്കുന്നില്ല.
നവംബറില്‍ ഇസ്രായേലിലും ജൂണില്‍ തുര്‍ക്കിയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രങ്ങളുടെ ബന്ധത്തില്‍ വെല്ലുവിവളി ഉയര്‍ത്തുന്നതാണ്. ഉര്‍ദുഗാന്റെ കടുത്ത എതിരാളിയായ നെതന്യാഹുവിന്റെ തിരിച്ചുവരവിന് ഒരുപക്ഷേ തെരഞ്ഞെടുപ്പ് കാരണമായേക്കാം. ഇത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ സാധ്യതയുണ്ട്.
📲വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp