Current Date

Search
Close this search box.
Search
Close this search box.

40 ലക്ഷം പേരെ ആശങ്കയിലാക്കുന്ന അസമിലെ പൗരത്വ രജിസ്റ്റര്‍

അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട അന്തിമ പട്ടികയില്‍ നിന്നും 40 ലക്ഷത്തോളം പേര്‍ പുറത്താണ്. തിങ്കളാഴ്ച രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍.ജി.ഐ) പുറത്തിറക്കിയ പട്ടികയിലാണ് വര്‍ഷങ്ങളായി സംസ്ഥാനത്ത് കഴിയുന്ന 40 ലക്ഷത്തോളം പേരെ പുറത്താക്കിയത്.

3.29 കോടി ജനങ്ങളാണ് അസമിലുള്ളത്. ഇതില്‍ 2.89 കോടി പേരുടെ പേര്‍ മാത്രമേ പുതുക്കിയ പട്ടികയിലുള്ളൂ. ബംഗ്ലാദേശുമായും ഭൂട്ടാനുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണിത്.

2017 ഡിസംബര്‍ 31ന് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1.9 കോടി ജനങ്ങളെ രാജ്യത്തെ പൗരന്മാരായി നിയമപരമായി അംഗീകരിച്ചിരുന്നു. ഏഴു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് ഇങ്ങനെ ഒരു പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ രേഖകളില്ലാത്തവരെ പുറത്താക്കാന്‍ വേണ്ടിയാണ് പട്ടിക തയാറാക്കുന്നതെന്നാണ് അധികൃതരുടെ വാദം.

ഓണ്‍ലൈന്‍ വഴിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 2500 എന്‍.ആര്‍.സി സേവ കേന്ദ്ര വഴിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്.

പട്ടികയലില്‍ നിന്നും പുറന്തള്ളപ്പെട്ടവരുടെ പേരുകള്‍ കണ്ട് ഞെട്ടിത്തരിച്ചു പോയി എന്നായിരുന്നു ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ജനറല്‍ സെക്രട്ടറി അമീനുല്‍ ഇസ്‌ലാമിന്റെ പ്രതികരണം. അസമിലെ ബംഗാളി ജനതക്കു വേണ്ടി അവകാശ പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണിത്. ഈ പട്ടികക്കെതിരെ നിരവധി എതിര്‍പ്പുകള്‍ ഉണ്ട്. ഇത് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള വിഷയമാണ്. അതിനിടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ഞങ്ങള്‍ കോടതിയെ സമീപിക്കുമെന്നും അമീനുല്‍ ഇസ്‌ലാം പറഞ്ഞു. സമാധാനവും ഐക്യവും നിലനിര്‍ത്താനാണ് ഞങ്ങള്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

1971 മാര്‍ച്ച് 21നോ അതിനു മുന്‍പോ സംസ്ഥാനത്ത് സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖകളാണ് രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ അധികൃതര്‍ക്കു മുന്‍പാകെ ഹാജരാക്കേണ്ടത്. ഇവരെ മാത്രമേ പൗരന്മാരായി പരിഗണിക്കുന്നുള്ളൂ. 1951ലെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ പിന്മുറക്കാര്‍, 1974 മാര്‍ച്ച് 24 വരെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ എന്നിവരെയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ മിക്കയാളുകള്‍ക്കും ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ഉണ്ട്.

കുടിയേറ്റക്കാരായ അസം മുസ്ലിംകളെയും ബംഗാളികളെയുമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിമര്‍ശനമുണ്ട്. ബി.ജെ.പിക്കു വോട്ടു ചെയ്യാത്തവരെയും അവര്‍ക്കെതിരെ നില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തി സംസ്ഥാനത്തു നിന്നും പുറത്താക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വ്യാപക വിമര്‍ശനമുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഈ നടപടി ദുരുദേശ്യത്തോടെയാണെന്നാണ് വിമര്‍ശനം.

2016ല്‍ അസമില്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ 15,000 പേരെയാണ് വിദേശികളായി കണക്കാക്കിയത്. അതായത്, ഒരു മാസം ആയിരത്തിനടുത്ത് പേരെ ഇങ്ങനെ വേര്‍തിരിക്കുന്നുണ്ട്. 1985നും 2016നും ഇടയില്‍ 90,000 പേരെയാണ് വിദേശികളായും അനധികൃത കുടിയേറ്റക്കാരായും മുദ്ര കുത്തിയത്.

Related Articles