Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടരാന്‍ അനുവദിച്ചതിലൂടെ മുസ്ലീങ്ങള്‍ക്കെതിരായ മറ്റൊരു അനീതിയാണ് സുപ്രീം കോടതി വീണ്ടും അനുവദിച്ചത്. അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച്, ഉത്കണ്ഠരഹിതമായ ശൈലിയിലാണ് ചീഫ് ജസ്റ്റിസ് പള്ളിയുടെ സര്‍വേ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. കാര്യം അറിയാതെ എങ്ങനെ ഒരു വീക്ഷണം എടുക്കും ?

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നടപടികളെക്കുറിച്ച് അദ്ദേഹം ഉടനടി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ആദ്യ ഹിയറിംഗില്‍ തന്നെ, തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ‘സ്വര്‍ഗ്ഗം ഇടിഞ്ഞു വീഴില്ല’ ഈ വാക്കുകളിലൂടെയാണ് അദ്ദേഹം മുസ്ലീം വിദ്യാര്‍ത്ഥികളോട് തല്‍സ്ഥിതി തുടരണമെന്ന ആവശ്യത്തെ എതിര്‍ത്തത്. ആ സമയത്ത് അദ്ദേഹത്തിന്റെ ആശങ്ക മുസ്ലിം യുവതികള്‍ക്ക് എതിരായിരുന്നു. എന്നാല്‍ നിരവധി ആഴ്ചകള്‍ കടന്നുപോയി, ഇപ്പോഴും അക്കാര്യത്തില്‍ മുന്നോട്ടു പോകണമെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല.

രണ്ടും ഒരേ ഫലത്തിലേക്ക് നയിച്ചു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള അനീതി. പക്ഷേ, ഇഷ്ടാനുസരണം നീതി വിതരണം ചെയ്യുന്ന ഉയര്‍ന്നതും സുസ്ഥിരവുമായ ആ സിംഹാസനം എന്തിന് ഇളക്കണം ? ഈ വരികള്‍ എഴുതുമ്പോള്‍, സര്‍വേ നടത്താന്‍ ഉത്തരവിട്ട വാരണാസി കോടതി ഒരു പ്രതിസന്ധി സൃഷ്ടിച്ചു. മുസ്ലീം പള്ളിയുടെ ഒരു ഭാഗം സീല്‍ ചെയ്യാനും അത് എല്ലാവരുടെയും പരിധിയില്‍ നിന്ന് ഒഴിവാക്കാനും കോടതി ഉത്തരവിട്ടു. നമ്മുടെ കോടതികളുടെ സ്ഥിരമായുള്ള സാവധാനത്തിലുള്ള നടപടിക്രമങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധമാണ് കോടതിയുടെ ഈ നടപടിക്രമം. വിഷയം കൈകാര്യം ചെയ്ത മിന്നല്‍ വേഗത്തിന് പിന്നില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഉദ്ദേശ്യം നമുക്ക് കാണാന്‍ കഴിയില്ല, അല്ലെങ്കില്‍ കാണാന്‍ പാടില്ല.

ഗ്യാന്‍വാപി പള്ളി തര്‍ക്കഭൂമിയാക്കാന്‍ മുമ്പും ഒന്നിലധികം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ അവസരങ്ങളിലും അലഹബാദ് ഹൈക്കോടതി ഈ നീക്കം തടഞ്ഞു. 1991 മുതല്‍ നിലവിലുള്ള മതസ്ഥലങ്ങളുടെ തല്‍സ്ഥിതി സംബന്ധിച്ച് അവ്യക്തമായ നിയമം ഉണ്ടായിട്ടും മുസ്ലിംകളുടെ കൈകളില്‍ നിന്ന് മസ്ജിദ് എടുത്തുകളയണമെന്ന ആവശ്യം യുക്തിസഹമാക്കാനുള്ള വഴി കണ്ടെത്താനുള്ള ഈ അശ്രാന്ത പരിശ്രമം തുടരുകയാണ്. 1947 ഓഗസ്റ്റ് 15-നോ അതിനുമുമ്പോ ഉള്ള എല്ലാ ആരാധനാലയങ്ങളുടെയും സ്ഥിതിയില്‍ മാറ്റം വരുത്തില്ലെന്ന് വളരെ വ്യക്തമായി കല്‍പ്പിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ഏതെങ്കിലും മതസ്ഥലത്തിന്റെ രൂപത്തിലോ സ്വഭാവത്തിലോ മാറ്റത്തിന് കാരണമാകുന്ന അത്തരം ഒരു പ്രക്രിയയും ആരംഭിക്കാന്‍ അനുവദിക്കാനാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബാബറി മസ്ജിദിനെ ആദ്യം ആരാധനാലയങ്ങളുടെ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തി, അത് അതിന്റെ നാശത്തിലേക്കും ഒടുവില്‍ അതിന്റെ ഭൂമി പിടിച്ചെടുക്കുന്നതിലേക്കും നയിച്ചു. അതും നിയമപരമായി. എന്നാല്‍ ആ നീക്കത്തില്‍ പോലും, ആരാധനാലയങ്ങളുടെ പദവി സംബന്ധിച്ച 1991 ലെ നിയമം പാലിക്കണമെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞു.

അതായത് ഒരു മതസ്ഥലത്തിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന്. ‘ഹിന്ദു’ വികാരങ്ങള്‍ കോടതിക്ക് അവഗണിക്കാനാവില്ലെന്നാണ് ആ വിധി വ്യക്തമാക്കുന്നത്. അതിനാല്‍, തങ്ങളുടെ ദൈവങ്ങള്‍ പള്ളിയുടെ പരിസരത്ത് വിശ്രമിക്കുന്നുണ്ടെന്നും അവരുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കാനുള്ള മതപരമായ അവകാശങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ‘ഭക്തര്‍’ ശഠിച്ചപ്പോള്‍ അവര്‍ക്ക് അവഗണിക്കാനായില്ല.

അലഹബാദ് ഹൈക്കോടതിയുടെ കോര്‍ഡിനേറ്റ് ബെഞ്ച് നല്‍കിയ സ്റ്റേ ഉത്തരവുകള്‍ തള്ളിക്കളഞ്ഞ് ഗ്യാന്‍വാപി പള്ളിയുടെ സ്വഭാവം കണ്ടെത്താന്‍ പള്ളിയുടെ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഇത്തവണ, വിചിത്രമെന്നു പറയട്ടെ, ഹൈക്കോടതിയും ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു. സര്‍വേയെ എതിര്‍ക്കുന്ന മുസ്ലിംകളുടെ ഭാഗം കേള്‍ക്കാനും കോടതി വിസമ്മതിച്ചു.

തുടര്‍ന്ന് മുസ്ലീങ്ങള്‍ പരമോന്നത കോടതിയിലെത്തി. എന്നാല്‍ ഇത് എളുപ്പത്തില്‍ നീക്കാന്‍ കഴിയില്ല. അതുകൊണ്ട് ആദ്യം പ്രശ്‌നം മനസ്സിലാക്കാന്‍ സമയമെടുക്കാന്‍ കോടതി തീരുമാനിച്ചു. അതേസമയം, സംസ്ഥാനത്തെ ഒരു പ്രവൃത്തിയും കാണാത്ത വേഗത്തിലാണ് സര്‍വേ സംഘം പ്രവര്‍ത്തിച്ചത്. എന്തിനാണ് ഇത്ര തിടുക്കം കാണിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായി. സര്‍വേ സംഘം, അതിലെ ഹിന്ദു അംഗങ്ങള്‍, വുദു എടുക്കുന്ന സ്ഥലത്ത് ഒരു ശിവലിംഗം കണ്ടെത്തി.

അത് കുളത്തിലെ ഫൗണ്ടേന്‍ (നീരുറവയാണെന്ന്) മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. നമസ്‌കരിക്കുന്നതിന് മുമ്പ് വിശ്വാസികള്‍ വുളൂ ചെയ്യുന്ന സ്ഥലമാണിതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അതാണ് കൂടുതല്‍ വിശ്വസനീയം.
എന്നാല്‍ ഉപരിതലത്തില്‍ നിന്ന് അല്‍പ്പം നീണ്ടുനില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുക്കളോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. ഈ വാര്‍ത്ത വന്നതോടെ, സര്‍വേ സംഘമോ അതിലെ ഹിന്ദു അംഗങ്ങളോ വേഗം കോടതിയിലേക്ക് പാഞ്ഞു, സമയം കളയാതെ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

സത്യസന്ധതയുടെയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായ ബുദ്ധന്റെ ജന്മദിനം രാജ്യം ആഘോഷിക്കുന്ന സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്. അവധി ദിനത്തില്‍ വരെ ആളുകള്‍ വളരെ കഠിനാധ്വാനം ചെയ്യുകയായിരുന്നു !(ഞായറാഴ്ചയാണ് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയത്) കോടതിയെയും അതിന്റെ സര്‍വേ ടീമിനെയും നയിക്കുന്ന ചില അസാധാരണമായ കര്‍ത്തവ്യബോധം ഉണ്ടായിരിക്കണം.

ബി.ജെ.പി പാര്‍ട്ടി വൃത്തങ്ങളില്‍ ആഹ്ലാദപ്രകടനം കാണാം. 1949ല്‍, ഒരു രഹസ്യ നീക്കത്തിലൂടെ, ഒരു രാത്രിയുടെ ഇരുട്ടില്‍, വിഗ്രഹങ്ങള്‍ ബാബറി മസ്ജിദിലേക്ക് കടത്തി. അതിനെ ഒരു കുറ്റകൃത്യം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.

മതപരമായ സ്ഥലങ്ങളുടെ പദവി സംബന്ധിച്ച നിയമത്തിന്റെ ഉദ്ദേശ്യം മനസ്സില്‍ സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ ഒരു ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. ബാബറി മസ്ജിദ് കൈയേറിയത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നതും രാജ്യത്ത് സാമൂഹിക സമാധാനവും ഐക്യവും നിലനിര്‍ത്തുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി അതിന്റെ ഭരണഘടനാപരമായ ധാര്‍മികതയും ഉത്തരവാദിത്തവും വീണ്ടെടുക്കുകയും വാരാണസി കോടതിയുടെ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും 2022 മെയ് 16-ന് മുമ്പുള്ള തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയും ചെയ്താല്‍ ഇത് ഇപ്പോഴും നിര്‍ത്താം.

എന്നാല്‍ 1991ലെ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി കേള്‍ക്കാന്‍ തയ്യാറാണെന്ന് അറിയുമ്പോള്‍, മുസ്ലിംകളുടെ സമാധാനം, ഐക്യം, നീതി, ബഹുമാനം എന്നിവ എല്ലായ്പ്പോഴും ചില വലിയ ലക്ഷ്യങ്ങള്‍ക്കായി ത്യജിക്കുമെന്ന് നാം അംഗീകരിക്കേണ്ടി വരും. അത് എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles