Current Date

Search
Close this search box.
Search
Close this search box.

കുടിയിറിക്കപ്പെട്ടവരെക്കുറിച്ചെഴുതിയ അബ്ദുറസാഖ് ഗുർന

ഏറ്റവും മികച്ച എഴുത്തുകാർക്ക് പലപ്പോഴും അവർ അർഹിക്കുന്ന പ്രേക്ഷകരെ ലഭിക്കാറില്ല. അബ്ദുറസാഖ് ഗുർനയുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചതിനാൽ ഗുർനയുടെ കുടിയൊഴിക്കപ്പെട്ടവരെക്കുറിച്ചുള്ള മനോഹരമായ കൃതികൾ വ്യാപകമായി വായിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

1967ൽ 18 വയസ്സുകാരനും അവന്റെ ജ്യേഷ്ഠനും ചേർന്ന് സാൻസിബാറിൽ നിന്ന് യാത്ര തിരിക്കുകയുണ്ടായി. ആളുകളെ നിരന്തരം പീഢിപ്പിക്കുകയും തടവിലാക്കുകയും ചെയ്ത ഒരു ഭീകരരാഷ്ട്രത്തിന്റെ ക്രൂരതകളിൽ നിന്നും പലായനം ചെയ്യുകയായിരുന്നു അവർ. സ്കൂളുകൾ അടച്ചുപൂട്ടുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്ത രാജ്യമായിരുന്നു അത്. കിഴക്കൻ ജർമനിയിൽ നിന്നായിരുന്നു അവർ തന്ത്രങ്ങൾ പഠിച്ചിരുന്നത്. കുട്ടികൾക്ക് രക്ഷപ്പെടാനുള്ള ഏക മാർഗം വ്യാജ പേപ്പറുകൾ ഉപയോഗിച്ച് പലായനം ചെയ്യുക എന്നതായിരുന്നു. അതായത്, വർഷങ്ങളോളം കുട്ടികൾക്ക് അവരുടെ കുടുംബത്തെ കാണാൻ കഴിഞ്ഞിരുന്നില്ല എന്നർഥം.

ചെറുപ്പക്കാരനായ അബ്ദുർറസാഖ് ഗുർന എത്തിച്ചേർന്ന ഇംഗ്ലണ്ട് അത്യധികം അലോസരപ്പെടുത്തുന്നതുമായിരുന്നു. ആളുകൾ പരസ്യമായി വെറുപ്പും വിദ്വേഷവും ശത്രുതയും പുലർത്തി. ആളുകൾ ഗുർനയുടെ അടുത്ത് വന്ന് പല കാര്യങ്ങളും പറയുന്നുണ്ടായിരുന്നു, എന്നാൽ അവർ ചെയ്തുകൂട്ടുന്ന ഭീകരതകളെക്കുറിച്ച് അവർ ഒട്ടും ബോധവാന്മാരായിരുന്നില്ല. സാൻസിബാറിൽ നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അദ്ദേഹം ഇംഗ്ലണ്ടിൽ തുടർന്നു. പി.എച്ച്.ഡി ചെയ്യുന്നതോടൊപ്പം അദ്ദേഹം ഫിക്ഷൻ എഴുത്തും തുടങ്ങി. ഗുർനയുടെ മാതൃഭാഷ സ്വാഹിലി ആണ്. പക്ഷേ, അദ്ദേഹം ഇംഗ്ലീഷിൽ എഴുതി. ഗുർനയുടെ വായന മുഴുവൻ ഇംഗ്ലീഷിൽ ആയിരുന്നു. എഴുത്തും വായനയും തമ്മിൽ അത്രമേൽ ഇഴയടുപ്പമായതിനാൽ താൻ കൂടുതൽ വായിക്കുന്ന ഇംഗ്ലീഷ് ഭാഷയിൽ തന്നെ പുസ്തകങ്ങൾ എഴുതാൻ ഗുർന തീരുമാനിക്കുകയായിരുന്നു. ആവശ്യാനുസരണം നീട്ടിവലിക്കാനും തുടർച്ചയായി പുനർനിർമിക്കാനും സൗകര്യപ്രദമായ ഒരു ഭാഷയാണ് ഇംഗ്ലീഷ്. ഇഗ്ലീഷ് കൊളോണിയൽ ശക്തികളുടെ മാത്രം ഭാഷയല്ലെന്നും അത് എല്ലാവരുടേതുമാണെന്നാണ് ഗുർനയുടെ ഭാഷ്യം.

ഗുർനയുടെ എഴുത്തിന് പ്രത്യേകമായ ശാന്തതയും കൃത്യതയും വ്യക്തതയുമുണ്ട്. അനിതരസാധാരണമായ സംഗീതശകലത്തിന്റെ സ്വരം ആ എഴുത്തുകളിൽ തുളുമ്പി നിന്നിരുന്നു. ഓരോ വാക്കും ബോധപൂർവമായിരുന്നു ഗുർന ഘടിപ്പിച്ചിരുന്നത്. അശ്രദ്ധയോടെയോ അനാവശ്യമായോ ഒരു വാക്കുപോലും അദ്ദേഹത്തിന്റെ എഴുത്തുകളിൽ ഉപയോഗിച്ചിരുന്നില്ല.

മറവിയിലേക്ക് തള്ളപ്പെട്ട ചരിത്രശകലങ്ങളുടെ വീണ്ടെടുപ്പ്

കൊളോണിയലിസത്തിനു മുമ്പും ശേഷവുമുള്ള ലോകത്തിന്റെ സങ്കീർണ്ണതകളെ പരിശോധിക്കുന്നതിലും ഗുർന ബോധപൂർവമായ ഇടപെടലുകളാണ് നടത്തുന്നത്. ബോധപൂർവം മറക്കപ്പെട്ട ചരിത്രശകലങ്ങൾ വീണ്ടെടുക്കാൻ അദ്ദേഹം കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നു. യൂറോപ്യൻ കോളനിവത്കരണത്തിന് മുമ്പ് നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ അദ്ദേഹം പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ആഫ്റ്റർലൈവ്സിൽ, ജർമൻ കോളനിവത്കരണത്തിന്റെ ക്രൂരതയെക്കുറിച്ചും അത് ഒന്നാം ലോക മഹായുദ്ധകാലത്തും അതിനുശേഷവും കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ കഠിനമായി ബാധിച്ചുവെന്നും പര്യവേക്ഷണം നടത്തുന്നു.

ഞാൻ ഒരു പ്രസാധകനാണ്. 2001-ൽ ഗുർനയുടെ ആറാമത്തെ പുസ്തകമായ ബൈ ദ സീയുടെ കയ്യെഴുത്തുപ്രതി വായിച്ചതിന് ശേഷമാണ് ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നത്. ബ്ലൂംസ്ബറി പബ്ലിക്കേഷനിൽ അടുത്തിടെയാണ് ഞാൻ ചീഫ് എഡിറ്ററായി ചേരുന്നത്. ബൈ ദ സീ എന്റെ ആദ്യകാല പ്രൊജക്ടുകളിൽ ഒന്നായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ പേജുകളിൽ ഇങ്ങനെ കുറിച്ചിട്ടിട്ടുണ്ടായിരുന്നു: ” ഞാനൊരു അഭയാർഥിയാണ്. ഞാൻ ഇപ്പോഴും അഭയം തേടുന്നവനാണ്. ഇൗ വാക്കുകൾ കേൾക്കുന്നതു പോലെ അത്ര ലളിതമായ വാക്കുകളല്ല! കേട്ടുകേട്ട് ഇതൊരു ലളിതമായ വാക്കായി തോന്നുന്നുവെങ്കിലും ശരി”

ഗുർനയുടെ എല്ലാ രചനകളുടെയും അന്തസത്തയായിരുന്നു ആ വാക്കുകൾ. അദ്ദേഹത്തിന്റെ 10 നോവലുകൾ അഭയാർഥിത്വത്തിന്റെയും അഭയാർഥികളുടെ ദുരവസ്ഥകളേയും വരച്ചുകാട്ടുന്നതാണ്. ഗുർനയുടെ എല്ലാ രചനകളിലും ഇൗ പ്രമേയം കുടികൊള്ളുന്നുണ്ടെന്ന് സൂക്ഷ്മമായി വായിക്കുന്നവർക്ക് ബോധ്യപ്പെടും. അദ്ദേഹത്തിന്റെ രചനകൾ എന്നോട് നിരന്തരം പലതിനെക്കുറിച്ചും വാചാലമായിക്കൊണ്ടിരിക്കുന്നുണ്ട്്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ പലരും അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടവരാണ്, യുദ്ധമുഖത്ത് നിന്നും ജീവിതത്തിലേക്ക് ഒാടിയവരാണ്, കൊളോണിയലിസത്തിന്റെ ആഘാതത്തിൽ കുടിയിറക്കപ്പെട്ടവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അവർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇച്ഛാശക്തിയോടെ ജീവിക്കുന്നവരാണ്.

അത്തരം കഥകളോട് എനിക്ക് പണ്ടുതന്നെ ആകർഷണം തോന്നിയിരുന്നു. കൗമാരപ്രായത്തിലാണ് ചിനുവാ അച്ചെബെയുടെ തിങ്ക്സ് ഫാൾ അപാർട്ട് ഞാൻ വായിക്കുന്നത്. വിദ്യാർഥിയായിരിക്കെത്തന്നെ, ചിനുവാ അച്ചെബെയുടേയും ജോസഫ് കോൺറാഡിന്റെയും രചനകളുടെ പശ്ചാത്തലത്തിൽ ഞാൻ കോളനിവത്കരണത്തിന്റെ ഭീകരതയെക്കുറിച്ചെഴുതി. ഒരുപക്ഷെ, എന്നെയും ഇൗ കഥകളിലേക്ക് ആകർഷിച്ചത്, എന്റെ മാതൃപൂർവികരായ മൊറോക്കയിലെ ഒൗഫ്രാനിൽ നിന്നുളള ബാബിലോണിയന് മുമ്പുള്ള ബെർബർ ജൂതന്മാരായിരിക്കാം, ഗുർനയുടെ കഥാപാത്രങ്ങളെപ്പോലെ, മരുഭൂമികളിലും കാരവനുകളിലും ജീവിതം ചിതറിയവരായിരുന്നു അവർ. പിന്നീട്, രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അതേ കാറ്റ് മൊറോക്കോയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള അവസാന ബോട്ടിൽ 16 വയസ്സുള്ള എന്റെ അമ്മയേയും കൊണ്ടുപോയി.

നാം കേൾക്കേണ്ട കഥകൾ
ഗുർന ബ്ലൂംസ്ബറിയിൽ വന്നപ്പോൾ, തന്റെ മുൻ നോവലായ പാരഡൈസ് ബുക്കർ പൈ്രസ് ഷോർട്ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ടായിരുന്നു. ഗുർനയുടെ ഒാരോ നോവലുകൾക്കും പ്രശംസനീയമായ നിരൂപണങ്ങൾ ലഭിച്ചിരുന്നു. കൊളോണിയലാനന്തര സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ അദ്ദേഹം സ്ഥിരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, കരിയറിന്റെ മധ്യത്തിൽ നിൽക്കുന്ന, മധ്യവയസ്കനായ ഒരു എഴുത്തുകാരനെ ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച്, ഗുർനയെപ്പോലെ ശാന്തനായ, സൂക്ഷ്മതയുള്ള ഒരു എഴുത്തുകാരനെ കൂടുതൽ ആഘോഷിക്കാൻ പലരും മുന്നോട്ടുവന്നില്ല. പത്രങ്ങളും കച്ചവടക്കാരും പ്രസാധകരും വായനക്കാരും യുവാക്കളെയും പുതുമയെയും ആഗ്രഹിക്കുന്നത് സ്വാഭാവികമാണല്ലോ.

Books by novelist Abdulrazak Gurnah on display at the Swedish Academy in Stockholm, after the author was announced as the winner of the 2021 Nobel Prize in Literature, 7 October 2021

നല്ല നിരൂപണങ്ങൾ ലഭിക്കുന്നതിനേക്കാൾ കൂടുതലായി അദ്ദേഹത്തിന് ചിലത് ലഭിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എഴുത്തിന്റെ ഗുണനിലവാരം, പ്രമേയങ്ങളുടെ പ്രാധാന്യം, പറയുന്ന കഥകളുടെ സൗന്ദര്യം, സങ്കീർണത എന്നിവയാൽ അദ്ദേഹത്തിന്റെ നോവലുകൾ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്ന കഥകൾ നമ്മൾ കേൾക്കേണ്ട കഥകളാണ്. ഗുർനക്ക് വലിയ തോതിലുള്ള വിൽപനയും സമ്മാനങ്ങളും ലഭിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു.

ബ്ലൂംസ്ബറിയിൽ ഞങ്ങൾ എപ്പോഴും പിന്തുടരുന്ന സിദ്ധാന്തം ”പുസ്തകങ്ങളെയല്ല, എഴുത്തുകാരെ പ്രസിദ്ധീകരിക്കുക” എന്നതാണ്. അതിലൂടെ ഞങ്ങൾ അർഥമാക്കുന്നത് എല്ലാതലത്തിലുമുള്ള എഴുത്തുകാരോടൊപ്പം നിൽക്കാനുള്ള പ്രവണതയാണ്.

ഇത്തരത്തിലൂള്ള പ്രസിദ്ധീകരണ ബന്ധം ഒരു നീണ്ട ദാമ്പത്യം പോലെയാണ്. ഏതൊരു വിവാഹത്തിലുമെന്നപോലെ, ഉയർച്ചയും താഴ്ച്ചയും സന്തോഷവും നിരാശയും അതിലുണ്ട്. ഒരു നല്ല പ്രസാധകനാവാൻ നിങ്ങൾ സദാ ശുഭാപ്തി വിശ്വാസമുള്ളവരും പരാജയങ്ങളെ ഭയപ്പെടാത്തവരുമായിരിക്കണം.

പലപ്പോഴും വിജയകരമായ പുസ്തകങ്ങൾക്ക് അർഹിക്കുന്ന പ്രേക്ഷകരെ കണ്ടെത്താനാവാത്ത അവസ്ഥയുണ്ടാവാറുണ്ട്. പ്രസിദ്ധീകരണം വളരെ ആത്മനിഷ്ഠമായ ഒരു ബിസിനസ്സാണ്. പ്രസാധകർ ഒരു പുസ്തകത്തിന്റെ വിപണി പ്രവചിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ, അവസാനം, എഡിറ്റർമാരുടെ അഭിരുചിക്കനുസരിച്ചാണ് പുസ്തകം പുറത്തുവരിക. മികച്ച എഡിറ്റർമാർ അവരുടെ അഭിരുചിക്കും വാണിജ്യശക്തികൾക്കുമിടയിൽ സന്തുലിതത്വം സ്ഥാപിക്കുന്നതിൽ വിജയിക്കുന്നു. അതോടൊപ്പം, ഒാരോ എഡിറ്റർക്കും രചയിതാക്കളോട് ചേർന്ന് നിൽക്കാൻ ധൈര്യമുണ്ടായിരിക്കണം.

പ്രതീക്ഷ ചോർന്നു പോയ നിമിഷം
ആഫ്റ്റർലൈവ്സിന്റെ കയ്യെഴുത്തുപ്രതി ലഭിച്ചപ്പോൾ കാത്തിരുന്ന നിമിഷം വന്നെത്തിയതിന്റെ പ്രതീതിയായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായിരുന്നു അത്. ആ വർഷത്തെ ബുക്കർ പൈ്രസിന്റെ ചെയർ ബ്രിട്ടിനിലെ കറുത്തവർഗക്കാരിൽ ഒരാളായിരുന്നുവെന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഗുർനയുടെ കൃതികൾ അറിയാവുന്ന ഒരാളാണ്. അതിനാൽ, ഗുർനയുടെ പ്രസിദ്ധീകരണം ഒരുമാസം മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ 2021ൽ അത് സമ്മാനത്തിന് അർഹത നേടുകയും ചെയ്തു. പ്രസ്തുത നോവൽ ലോങ്ങ് ലിസ്റ്റിലെങ്കിലും ഇടം പിടിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്ക്ഷെ, എനിക്ക് തെറ്റി. എന്റെ പന്തയം പരാജയപ്പെട്ടു. ഞാൻ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഇൗ എഴുത്തുകാരനെ പ്രസിദ്ധീകരിച്ച് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി എനിക്ക് തോൽവി തോന്നി.

ഇൗ വർഷം ഒക്ടോബർ 3 ന്, ദി ഗാർഡിയൻ പ്രശസ്ത കറുത്തവർഗക്കാരായ എഴുത്തുകാരുടെ അവഗണിക്കപ്പെട്ട പുസ്തകങ്ങൾ ചർച്ച ചെയ്യുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ ഗുർനയെക്കുറിച്ചോ അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചോ പരാമർശമുണ്ടായിരുന്നില്ല. അന്ന് ഞാൻ സോഷ്യൽ മീഡിയയിൽ എഴുതി: ”ഗുർനയെ പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തിന്റെ സമയം വരുമെന്ന വിശ്വാസം നിലനിർത്തുകയും ചെയ്ത ഇരുപത് വർഷത്തിനുശേഷം, പ്രതീക്ഷ അസ്തമിക്കാൻ തുടങ്ങുന്നു”. നാല് ദിവസങ്ങൾക്ക് ശേഷം, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗുർനക്ക് ഏറ്റവും വിലപ്പെട്ട സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള നോബേൽ സമ്മാനം. എന്റെ പ്രഫഷണൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമായിരുന്നു അത്. സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗുർനയോട് സംസാരിച്ചപ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടു; ലോകം മാറിക്കൊണ്ടിരിക്കുന്നു… നമ്മുടെ ധാരണകൾ മാറിക്കൊണ്ടിരിക്കുന്നു.. എന്നാൽ സ്ഥാപനങ്ങൾ നീചവും സ്വേച്ഛാധിപത്യപരവും തന്നെയാണ്!

അദ്ദേഹത്തിന്റെ കൃതികൾ ഇപ്പോൾ ഡസൻ കണക്കിന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോകമെമ്പാടും വായിക്കപ്പെടുകയും ചെയ്യുമെന്ന് തീർച്ചയാണ്. എല്ലാ മഹത്തായ സാഹിത്യത്തെയും പോലെ, അദ്ദേഹത്തിന്റെ നോവലുകൾ നാം ജീവിക്കുന്ന ഈ ലോകത്തെ മനസ്സിലാക്കാനൻ നമ്മെ സഹായിക്കും. ഒരുപക്ഷെ, അവ നമ്മുടെ ധാരണകളെ തിരുത്തിയേക്കാം.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles