Current Date

Search
Close this search box.
Search
Close this search box.

ഹൃദയങ്ങള്‍ മാറ്റത്തിന്റെ ചാലകശക്തി

ദൈവഭയത്തെ കുറിച്ച് ആളുകള്‍ വാചാലരാകാറുണ്ട്. അതിനെ പറ്റി ധാരാളം നാം കേള്‍ക്കാറുമുണ്ട്. ഇയാള്‍ നല്ല ഖുശൂഅ് ഉള്ളയാളാണ്, ഇന്നയാള്‍ ഖുശൂഅ് ഇല്ലാത്ത വ്യക്തിയാണ് എന്നൊക്കെ ആളുകളെ വിലയിരുത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും ഖുശൂഅ് (ദൈവഭയം) എന്ന അവസ്ഥ എന്താണെന്നോ അതിലേക്കുള്ള മാര്‍ഗം എന്താണെന്നോ നാം കേള്‍ക്കാറില്ല. അതിന്റെ യഥാര്‍ത്ഥ നിര്‍വചനം അറിയില്ലെങ്കില്‍ എന്താണ് ഖുശൂഅ്?

ഖുശൂഇനെ കുറിച്ച് സംസാരിക്കുന്നവരില്‍ ഭൂരിപക്ഷവും ഒരൊറ്റ കോണിലേക്ക് മാത്രം നോക്കുന്നവരായിട്ടാണ് കാണപ്പെടുന്നത്. കരച്ചിലിന്റെയും കീഴ്‌വണക്കത്തിന്റെയും ഒരൊറ്റ വശം മാത്രമാണത്. അതിലൂടെ പ്രയാസപ്പെട്ടും അല്ലാതെയും ധാരാളം കണ്ണുനീരുണ്ടാകുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ ഖുശൂഅ് ഈ പ്രകടനാത്മകതയേക്കാള്‍ എത്രയോ വലുതാണ്. ശക്തമായ പ്രകാശവും ആശയവും പ്രവര്‍ത്തനങ്ങളിലെ സ്വാധീനശക്തിയുമാണത്. ശക്തമായ വാക്കുകളെ സ്വീകരിക്കാനുള്ള മുന്നൊരുക്കമാണത്. അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കമാണ്. മാറ്റത്തിനുള്ള തയ്യാറെടുപ്പുമാണത്. സ്വന്തത്തിലുള്ള മാറ്റവും അതിലൂടെ ഖുര്‍ആനിനെയും നമസ്‌കാരത്തെയും മുറുകെ പിടിച്ചുകൊണ്ടുള്ള ലോകത്തിന്റെ മാറ്റമാണത്. ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് ഉത്തരം ചെയ്യുന്നതിന് തയ്യാറാകുകയെന്നതാണ് അതിന്റെ ആകെതുക. അത് ഹൃദയത്തില്‍ നിന്നാരംഭിച്ച് മുഴുവന്‍ അവയവങ്ങളിലേക്കും വ്യാപിക്കുന്നു. ഖുര്‍ആനിലൂടെയോ അല്ലെങ്കില്‍ നമസ്‌കാരത്തിലൂടെയോ ഹൃദയത്തെ തയ്യാറാക്കുകയും താല്‍പര്യം ഉണ്ടാവുക്കുകയും ചെയ്യുമ്പോള്‍ അവന്‍ ദൈവഭയത്താല്‍ വിനയാന്വിതനും ഖുശൂഅ് ഉള്ളവനുമായി മാറുന്നു.

മനസിന്റെ ശാന്തതയിലും താഴ്മയിലും ഈ ഖുശൂഅ് പ്രകടമായിരിക്കും. ലോകരക്ഷിതാവിന്റെ മുന്നില്‍ അവന്‍ വിനയം കാണിക്കും. എന്നാല്‍ ഹൃദയത്തിനുണ്ടാകുന്ന ഈ ഇളക്കം വളരെ പെട്ടന്നായിരിക്കും. പുതുതായി അത് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വളരുകയും ചെയ്യും. കുറെ കാലങ്ങളായി നിര്‍ജ്ജീവമായി കിടന്നിരുന്ന അതിന് ജീവന്‍ വെക്കുന്നു. മാറ്റത്തിന്റെ കാറ്റിനായി ഉറ്റുനോക്കുകയും അതിനായി തയ്യാറെടുക്കുകയും ചെയ്യുന്ന ഭൂമിയെ പോലെയാണത്. അല്ലാഹു അതില്‍ മഴവര്‍ഷിപ്പിക്കുമ്പോള്‍ അതിന് ജീവന്‍ വെക്കുന്നു. മരിച്ചവരെ ജീവിപ്പിക്കുന്ന എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെയാണ് അതിനെ ജീവിപ്പിക്കുന്നത്.
ഇപ്രകാരം അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളും അവനെ ഏല്‍പ്പിച്ചിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്വവും അവന്റെ ഹൃദയത്തെ ജീവിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നു. അതവന്റെ ഹൃദയത്തില്‍ കിടന്ന് വളര്‍ന്ന് വലുതാകുന്നു. അല്ലാഹുവിന്റെ വചനങ്ങളെ ക്രിയാത്മകമായി സമീപിക്കുമ്പോഴെല്ലാം അതിന്റെ വളര്‍ച്ച അധികരിക്കുന്നു. അതിനെയും ജീവിപ്പിക്കുന്നത് മരിച്ചവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന്‍ അതിന് സന്നദ്ധനാവുകയെന്നത് അതിന്റെ നിബന്ധനയാണ്. അവന്‍ അതില്‍ തന്റെ പങ്ക് വഹിക്കുകയും ക്രിയാത്മകമായി സമീപിക്കുകയും ചെയ്യുമ്പോഴാണതിന് വളര്‍ച്ചയുണ്ടാകുക.

ശക്തമായ ഈ പ്രകമ്പനം തുടക്കത്തില്‍ ഹൃദയത്തില്‍ സംഭവിക്കുന്നു. പിന്നെയത് ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ശരീരത്തെയത് ഉണര്‍ത്തുകയും ഇളക്കി മറിക്കുകയും ചെയ്യുന്നു. മൃതാവസ്ഥയില്‍ നിന്നതിനെ ജീവിപ്പിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ ചര്‍മ്മങ്ങള്‍ രോമാഞ്ചം കൊള്ളുന്നു. ഈ പ്രകമ്പനത്തെ മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാവില്ല. ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ആ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ തന്നെ കരച്ചിലുണ്ടാക്കുന്നു. ശേഷം മനുഷ്യന്‍ നാഥന്റെ വാക്കുകള്‍ സ്വീകരിച്ച് അവനിലേക്ക് മടങ്ങുന്നു. ഖുശൂഇന്റെ ഒന്നാമത്തെ ഫലവും അത് തന്നെയാണ്. ‘അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.’ (അല്‍ ബഖറ: 37)
ഹൃദയത്തിനുണ്ടാകുന്ന ഖുശൂഇന്റെ ഫലമാണ് മറ്റവയവങ്ങളിലുണ്ടാകുന്ന ഖുശൂഉം. അപ്പോള്‍ അവന്റെ കണ്ണ്, കാത് തുടങ്ങി മുഴുവന്‍ ശരീരവും ദൈവിക വചനങ്ങളോടുള്ള ക്രിയാത്മകമായ പ്രതികരണമെന്നോണം വളരുന്നു. മനുഷ്യന്‍ ദൈവത്തെ ഭയക്കുമ്പോള്‍ ജീവിതത്തില്‍ അതവനെ വളരെയധികം ശക്തനാക്കുന്നു. ജീവിതത്തെ ക്രിയാത്മകമായി നേരിടുകയെന്നത് ഖുശൂഅ് ഇല്ലാത്തവരെ സംബന്ധിച്ചടത്തോളം വളരെ പ്രയാസകരമായിരിക്കും.

ഖുശൂഉള്ള ഹൃദയമാണ് മാറ്റത്തിന്റെ ചാലക ശക്തി. അതാണ് പ്രകമ്പനവും ഉണര്‍ച്ചവും വളര്‍ച്ചയും ജീവിതത്തില്‍ ക്രിയാത്മകതയും ഉണ്ടാക്കുന്നത്. എന്നാല്‍ നാം അതിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതാണ് പ്രശ്‌നം. താഴ്മയോടെയും വിനയത്തോടെയുമുള്ള മുന്നൊരുക്കം ഉണര്‍ച്ചക്ക് പകരം പിന്‍വലിയുന്നതിനും ഒതുങ്ങിക്കൂടുന്നതിനുമുള്ള മരുന്നായി മാറുന്നു. ദൈവഭക്തിയുള്ള ഹൃദയത്തിന് മാത്രമേ മാറ്റം സാധിക്കുകയുള്ളൂ. മാറ്റത്തെ സ്വീകരിക്കാന്‍ തയ്യാറാകുകയും നിഷേധാത്മക നിലപാടിന് പകരം ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. ഹൃദയം അതിന് സന്നദ്ധമാകുന്നില്ലെങ്കില്‍ ആ ഖുശൂഅ് നിരര്‍ത്ഥകമാണ്. അതിന് പ്രത്യേക ലക്ഷ്യമോ ഉദ്ദേശ്യമോ ഉണ്ടായിരിക്കുകയില്ല.

Related Articles