Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു; മതമോ അതോ ദേശീയതയോ?

mohan-bhagvat.jpg

ഹിന്ദു, ഹിന്ദുയിസം, ഹിന്ദുത്വ തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെട്ട സംവാദം പുതിയതല്ല. ‘ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം തന്നെ ഹിന്ദുക്കളാണ്’, ‘മുസ്‌ലിംകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളായിരിക്കാം, പക്ഷെ ദേശീയതയുടെ അടിസ്ഥാനത്തില്‍ അവര്‍ ഹിന്ദുക്കളാണ്’ എന്ന ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ അവകാശവാദം ഹിന്ദു എന്ന വാക്കിന്റെ മറ്റൊരു വ്യഖ്യാനമാണ്. ഇത് ഹിന്ദുസ്ഥാനാണെന്നും അതുകൊണ്ട് ഇവിടെ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഒരു ദേശീയതയാണെന്നും, നാം ഹിന്ദുസ്ഥാനാണെന്നുമുള്ള ഈ രണ്ട് പ്രസ്താവനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ തെറ്റായ സമവാക്യങ്ങളാണ്. ഇന്ത്യന്‍ ഭരണഘടനയുടെ വീക്ഷണകോണില്‍ നിന്നും അവ പരിശോധിക്കപ്പെടേണ്ടതുണ്ട്.

മോഹന്‍ ഭഗവത് ചില സമയങ്ങളില്‍ പറയുന്ന ഒന്നാണ്, മുസ്‌ലിംകളുടെ വിശ്വാസ-ആരാധനാനുഷ്ഠാനങ്ങള്‍ ചിലപ്പോള്‍ മാറിയിട്ടുണ്ടാകാം, പക്ഷെ അവരുടെ ദേശീയത ഹിന്ദുവായി തന്നെ അവശേഷിക്കുന്നു! ഏകദേശം രണ്ട് ദശാബ്ദകാലം മുമ്പ്, മുരളി മനോഹര്‍ ജോഷി ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത്, അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയാണ് ‘നാമെല്ലാം ഹിന്ദുക്കളാണ്, മുസ്‌ലിംകള്‍ അഹമദിയ്യാ ഹിന്ദുക്കളും, ക്രിസ്ത്യാനികള്‍ ക്രിസ്തി ഹിന്ദുക്കളുമാണ്.’ ഈ പ്രസ്താവനകളെല്ലാം തന്നെ ആര്‍.എസ്.എസിന്റെ പുതിയ നയരൂപവത്കരണത്തിന്റെ ഭാഗമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കണക്കാക്കുന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ഒരുതരത്തില്‍ ഇത് യോജിച്ചു പോകുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്സിന്റെ മുന്‍കാല സൈദ്ധാന്തികര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്.

ഹിന്ദുസ്ഥാന്‍ എന്ന പദവുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ നിലവിലെ നയരൂപവത്കരണം. ലളിതമായി പറഞ്ഞാല്‍, ഈ രാജ്യം ഹിന്ദുസ്ഥാനാണെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ പറയുന്നു, ആയതിനാല്‍ ഇവിടെ ജീവിക്കുന്നവരെല്ലാം തന്നെ ഹിന്ദുക്കളാണ്. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഇന്നത്തെ സാഹചര്യത്തില്‍ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. കാരണം ഒരുപാട് വാക്കുകള്‍ അര്‍ത്ഥമാറ്റങ്ങള്‍ക്ക് വിധേമായി കൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു എന്ന വാക്ക് ഹിന്ദു വേദഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയില്ലെന്നത് ഒരു വസ്തുതയാണ്. പശ്ചിമേഷ്യയില്‍ നിന്നും വന്നവരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കള്‍. സിന്ധു നദിയുടെ പേരിലാണ് അവര്‍ ഈ ഭൂപ്രദേശത്തെ തിരിച്ചറിഞ്ഞത്. ‘സ’ ശബ്ദത്തേക്കാള്‍ അവര്‍ കൂടുതലും ഉപയോഗിച്ചിരുന്നത് ‘ഹ’ ശബ്ദമായിരുന്നു, അങ്ങനെ സിന്ധു ഹിന്ദുവായി മാറി. ഒരു ഭൂമിശാസ്ത്രപരമായ വര്‍ഗീകരണത്തില്‍ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിക്കന്നത്. ഇതില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എന്ന വാക്ക് വരുന്നത്, സിന്ധു നദിക്ക് കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഭൂമി.

ഈ ഭൂപ്രദേശത്ത് പ്രചാരത്തിലിരുന്ന മതാചാരങ്ങള്‍ ബഹുത്വമാര്‍ന്നതും, വൈവിധ്യപൂര്‍ണ്ണവുമായിരുന്നു. ഇസ്‌ലാം, ക്രിസ്തുമതം എന്നിവയില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുയിസത്തില്‍ പ്രവാചകന്‍മാര്‍ ഇല്ല. ഇവിടെയുള്ള വൈവിധ്യപൂര്‍ണ്ണമായ പാരമ്പര്യങ്ങള്‍ പ്രദേശികമായി ഉത്ഭവിച്ചതാണ്. കാലക്രമേണ, ഇവിടെയുണ്ടായിരുന്ന വ്യത്യസ്ത മതപാരമ്പര്യങ്ങളുടെ കൂട്ടത്തെ വിശേഷിപ്പിക്കാന്‍ ഹിന്ദു എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങി. ഈ വ്യത്യസ്ത മതാചാരങ്ങളെല്ലാം ഹിന്ദുയിസം എന്ന ഒരൊറ്റ പേരിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഹിന്ദുയിസത്തിനുള്ളില്‍ രണ്ട് തരത്തിലുള്ള പാരമ്പര്യങ്ങളുണ്ട്, ഒന്ന് ആധിപത്യ ബ്രാഹ്മണിസവും, രണ്ട്, നാഥ്, താന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ത പോലെയുള്ള ശാമാനിക് പാരമ്പര്യവും. കൊളോണിയല്‍ യുഗത്തില്‍, ഹിന്ദുയിസം എന്ന സ്വത്വത്തിന്റെ നിര്‍മിതി ഏറിയ കൂറും ബ്രാഹ്മണിക്കല്‍ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തിലല്ല നമ്മുടെ പ്രദേശത്തിന് ഹിന്ദുസ്ഥാന്‍ എന്ന് ചരിത്രപരമായി നാമകരണം ചെയ്യപ്പെട്ടത്, മറിച്ച് അതൊരു ഭൂമിശാസ്ത്രപരമായ നാമകരണമായിരുന്നു, ഹിന്ദ്-ഹിന്ദു.  ആദ്യം ഒരു ‘പ്രദേശത്തെ’ കുറിക്കാനും, പിന്നീട് മതപാരമ്പര്യങ്ങളെ വിശേഷിപ്പിക്കാനും ഹിന്ദു എന്ന ഉപയോഗിച്ചതാണ് ആശയകുഴപ്പത്തിന് കാരണം. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും, ആഗോളാടിസ്ഥാനത്തിലും നമ്മളിന്ന് ഇന്ത്യയാണ്, മറിച്ച് ഹിന്ദുസ്ഥാനല്ല. നമ്മള്‍ ഇന്ത്യക്കാരാണെന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്. അപ്പോള്‍ എന്താണ് നമ്മുടെ ദേശീയത, ഇന്ത്യനോ അതോ ഹിന്ദുവോ? ‘ഇന്ത്യയുടെ രൂപീകരണ പ്രക്രിയയില്‍’ ഭാഗഭാക്കാകുന്നതിന് ആര്‍.എസ്.എസ് തയ്യാറായിരുന്നില്ല, സ്വാതന്ത്ര്യ സമരത്തിലും ആര്‍.എസ്.എസ് പങ്കെടുത്തിരുന്നില്ല. ഇന്ത്യ എന്ന സങ്കല്‍പ്പത്തിന് എതിരായിട്ടായിരുന്നു ആര്‍.എസ്.എസ് രാഷ്ട്രീയം ഉയര്‍ന്ന് വന്നത്. ആധുനികരും, വ്യവസായികളും, തൊഴിലാളികളും, ആധുനിക വിദ്യാഭ്യാസം നേടിയവരും മുന്നോട്ട് വെച്ചതാണ് ഇന്ത്യ എന്ന സങ്കല്‍പ്പം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. ആധുനികതയുടെ മുഖംമൂടിയണിഞ്ഞ് ആധുനികപൂര്‍വ്വ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ഹിന്ദു രാഷ്ട്രം നിലകൊള്ളുന്നത്. വൈവിധ്യത്തെയും, ബഹുസ്വരതയെയും അംഗീകരിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. സാമൂഹിക നിയമങ്ങളുടെ കേന്ദ്രമായി ജാതിയും, ലിംഗവും നിലനിന്നിരുന്ന ഭൂതകാലത്തിലേക്കാണ് ഹിന്ദു രാഷ്ട്രം തിരിച്ച് നടക്കുന്നത്. അതുകൊണ്ടാണ് ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അസ്വസ്ഥതയുണ്ടാക്കുന്നത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപകനായ വിനായക് ദാമോദര്‍ സവര്‍ക്കറെ സംബന്ധിച്ചിടത്തോളം, സിന്ദ് മുതല്‍ സമുദ്രം വരെയുള്ള ഈ ഭൂപ്രദേശത്തെ മാതൃഭൂമിയായും, വിശുദ്ധഭൂമിയായും കണക്കാക്കുന്നവനാണ് ഹിന്ദു. ഹിന്ദുവിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിര്‍വചനത്തില്‍ ക്രിസ്ത്യാനികളും, മുസ്‌ലിംകളും ഹിന്ദുക്കളല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവരുടേത് വ്യത്യസ്തമായ ദേശീയതയാണ്. രണ്ടാമത്തെ പ്രമുഖ ഹിന്ദുത്വ ആചാര്യനായ ഗോള്‍വാള്‍ക്കറും അദ്ദേഹത്തിന്റെ ‘വിചാരധാര’ എന്ന കൃതിയില്‍ അതേ അഭിപ്രായം തന്നെയാണ് ഉയര്‍ത്തിപിടിച്ചത്. കുറച്ച് മുമ്പായി, രാഷ്ട്രീയ ശക്തി നേടിയതിന് ശേഷമാണ് മതന്യൂനപക്ഷങ്ങളെ സ്വാംശീകരിക്കാനും, ഈ മതന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ആര്‍.എസ്.എസ് തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമാണ്, ‘അവര്‍ അങ്ങനെയൊക്കെയായിരിക്കാം പക്ഷെ അവരുടെ ദേശീയത ഹിന്ദുവാണ്’ എന്ന പ്രസ്താവന വരുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നമ്മുടെ ദേശീയത ഇന്ത്യനാണ്. അതിനാല്‍, ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രവും, ഗാന്ധി, നെഹ്‌റു, അംബേദ്കര്‍, അനേകായിരം വരുന്ന മറ്റുള്ളവര്‍ എന്നിവരുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള അന്തരം, ആരാണ് ഇന്ത്യന്‍ ദേശീയതക്ക് വേണ്ടി നിലകൊണ്ടത് എന്നിടത്താണ്.

മുസ്‌ലിംകളുടെ ആരാധനാസമ്പ്രദായം മാത്രമേ മാറിയിട്ടുള്ളുവെന്ന് പറയുന്നത്, ഹിന്ദു ദേശീയതയിലേക്ക് മുസ്‌ലിംകളെ വലിച്ചടുപ്പിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേവലം ആരാധനാസമ്പ്രദായങ്ങളിലുള്ള മാറ്റമല്ല ഇസ്‌ലാം ആശ്ലേഷണം കൊണ്ട് അര്‍ത്ഥമാക്കുന്നത്, വ്യത്യസ്തമായ ഒരു മതത്തിലുള്ള വിശ്വാസമാണത്. ഇതു തന്നെയാണ് ക്രിസ്തുമതത്തിന്റെ കാര്യത്തിലുമുള്ളത്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമുണ്ട്, ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതമുണ്ട്, ഹിന്ദുക്കള്‍ക്ക് ഹിന്ദുയിസമുണ്ട്, പക്ഷെ ഇവരുടെയെല്ലാം ദേശീയത ഇന്ത്യന്‍ ആണ്, മറിച്ച് ഹിന്ദുവല്ല. മുസ്‌ലിംകളെല്ലാം ‘ഓം ജയ് ജഗദീഷ് ഹരേയും’, ‘ഭാരത് മാതാ കീ ജയ്’യും ചൊല്ലണമെന്ന് പറയുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണ്. ‘ഓം ജയ് ജഗദീഷ് ഹരേ’ ഒരു ഹിന്ദു ആചാരമാണ്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ മറ്റു മതാചാരങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഇഷ്ടമാണ്. പക്ഷെ, മറ്റു മതങ്ങളില്‍ പെട്ടവര്‍ തങ്ങളുടെ മതാചാരങ്ങള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കണം എന്ന് ഒരു മതവിഭാഗം പറയുന്നത് ജനാധിപത്യവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. അല്ലാഹുവിന്റെ മുന്നിലല്ലാതെ മറ്റൊരു ദൈവത്തിനും, ദൈവിക സങ്കല്‍പ്പങ്ങള്‍ക്കും മുന്നില്‍ തലകുനിക്കില്ലെന്നും, വണങ്ങില്ലെന്നും വിശ്വസിക്കുന്നവരാണ് മുസ്‌ലിംകളില്‍ അധികവും. അതുകൊണ്ടാണ് മുസ്‌ലിംകളില്‍ ഒരുപാട് പേര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെ എതിര്‍ക്കുന്നത്. അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. നമ്മുടെ ഭരണഘടന തന്നെയാണ് അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുന്നത്.

മൊഴിമാറ്റം:  Irshad shariati

Related Articles