Current Date

Search
Close this search box.
Search
Close this search box.

ഹിജാബിനും ഒരു ദിവസം

ഓര്‍മിക്കാനും അനുസ്മരിക്കാനുമായ് ഒരുപാട് ദിനങ്ങളെ കലണ്ടറുകളിലെ അക്കങ്ങളില്‍ നാം ചുവപ്പിച്ചുവെച്ചിട്ടുണ്ട്. മഹദ് വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാട്ടാനും മഹദ് ചിന്തയെ ഉയര്‍ത്തിപ്പിക്കാനും, അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രകൃതിക്കും പ്രകൃതിയിലുള്ളതിനും രോഗത്തിനും ആരോഗത്തിനും അങ്ങനെ ഒരുപാടൊരു ദിനങ്ങള്‍ നാം ദിനേനയെന്നോണം കൊണ്ടാടപ്പെടുകയാണ്. എന്നാല്‍ അടുത്തിടെ ആഘോഷിക്കാന്‍, അല്ലെങ്കില്‍ അനുസ്മരിക്കാന്‍ മറ്റൊരു വിഷയത്തോടെ വേറൊരു ദിനം കൂടി കടന്നുവന്നു. ഹിജാബിന്നായി മാറ്റിവെച്ചതായിരുന്നു ആ ദിനം. 2013 ഫെബ്രുവരി 1 ചരിത്രത്തിലേക്ക് അടയാളപ്പെടുത്തിയത് ഹിജാബ് ഡേ ആയിക്കൊണ്ടാണ്.

എല്ലാറ്റിനുമെന്നപോലെ ഈ ദിനത്തിനുമുണ്ട് അതാഘോഷിക്കാനും സംഘടിപ്പിക്കാനും മുന്‍കൈയെടുത്തൊരാള്‍. ന്യൂയോര്‍ക്ക് താമസക്കാരിയായ നജ്മ ഖാന്‍ Nazma Khan ആണ് ഇതിന്റെ പിന്നണിയില്‍. മുസ്‌ലിം സ്ത്രീയുടെ ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം അടിച്ചമര്‍ത്തലിന്റയും പീഢനത്തിന്റെയും അടയാളമായി വിലയിരുത്തപ്പെടുന്ന ലോകത്ത് അതണിയാത്ത മുസ്‌ലിം സ്ത്രീകളെയും അമുസ്‌ലിം സ്ത്രീകളെയും അതിന്റെ ലക്ഷ്യവും സുരക്ഷയും ബോധ്യപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ്യം, അതിനെകുറിച്ച് അവര്‍ തന്നെ പറുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുംപതിനൊന്നാം വയസ്സില്‍ ന്യൂയോര്‍ക്കിലേക്ക് വന്നപ്പോള്‍ അക്കാലത്ത് ഹിജാബ് അണിഞ കുട്ടിയായി അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ വെന്നും അതിനാല്‍ പലപ്പോഴും അവഹേളിക്കപ്പെട്ടതായും ഓര്‍ക്കുന്നു. മിഡില്‍ സ്‌കൂളില്‍ പഠിക്കുന്നകാലത്ത് ബാറ്റ്മാന്‍, നിന്‍ജ യോദ്ധാവായും അപരനാമം പേറേണ്ടിവന്നതും പറയുന്നു. 2011-ന് ശേഷം ഉസാമാ ബിന്‍ലാദനായും തീവ്രവാദിയായും മുദ്രകുത്തപ്പെട്ടു. ഇതൊക്കെ ഏതൊരു മുസ്‌ലിം സ്ത്രീയെയും പോലെ അവളെയും വേദനിപ്പിക്കുന്നതുമായിരുന്നു. കൂട്ടുകാരികള്‍ ഹിജാബിലേക്ക് വന്നാല്‍ മാത്രമെ ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ പറ്റുകയുള്ളൂവെന്ന് അവള്‍ മനസ്സിലാക്കി. അങ്ങനെയാണ് ഹിജാബിന്നായി ഒരു ദിനം പിറവിയെടുത്തത്.

സോഷ്യല്‍ നെറ്റുവര്‍ക്കു കൂട്ടായ്മയില്‍ക്കൂടിയാണ് സംഘനട വിപുലമായത്. ഈ കൂട്ടായമയില്‍ ലോകവ്യാപകമിയി മുസ്‌ലിം അമുസ്‌ലിം ഭേദമന്യേ 120ല്‍ അധികം രാജ്യങ്ങളിലെ ആളുകള്‍ പങ്കുചേര്‍ന്നു. വേള്‍ഡ് ഹിജാബ് ഡേയെകുറിച്ചുള്ള വിവരങ്ങള്‍ 56 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു. ഇന്ന് 32 രാജ്യങ്ങളിലായി 90 ഓളം അബാസിഡര്‍മാര്‍ സംഘടനക്കുണ്ട്.്. 2011-ലെ മിസ് യൂനിവേഴസ് കരോള്‍ ലീ, നൈജീരിയന്‍ വൈസ് പ്രസിഡന്റ്ിന്റെ ഭാര്യ ഡോ ആമിനാ നമാദി സാംബൂ, പ്രസിദ്ധ ചിന്തകന്‍ മുഫ്തി ഇസ്മാഈല്‍ മന്‍െക് ഡോ യാസിര്‍ ഖാദി ശൈഖ് ഉമര്‍ സുലെമാന്‍ തുടങ്ങിയ വിശിഷ്ടവ്യക്തിത്വങ്ങള്‍ ഇതില്‍ ഭാഗഭാക്കായി. മുഖ്യാധാര മാധ്യമങ്ങളായ ബി.ബി.സി അല്‍ജസീറ വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയില്‍ ഇത് വാര്‍ത്തയും ചര്‍ച്ചയുമായി. ഇതേതുടര്‍ന്ന കഴിഞ്ഞവര്‍ഷം മുഴുവനും പല യൂനിവേഴ്സ്റ്റികളിലും സ്‌കൂളുകളിലും മത സംഘടനകളിലും വിശിഷ്ട വ്യക്തിയായി അവര്‍ ക്ഷണിക്കപ്പെട്ടു. ഈ വര്‍ഷം ലോകവ്യപകമായി 10 മില്ല്യന്‍ ആളുകള്‍ ഇവരെ സപ്പോര്‍ട്ട് ചെയ്ത് ഈ ദിനത്തില്‍ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ചരിത്രം എപ്പോഴും വിജയിച്ചവരുടെതല്ലെന്നും അടിച്ചമര്‍ത്തപ്പെട്ടവരും പീഢിതരുമാണ് ചരിത്രവും ചടങ്ങുകളും ഏറെ സൃഷ്ടച്ചവരെന്നും ഒരു വസ്തുതയാണ്. അത്തരം ഒരു അപരവത്ക്കരണകത്തിന്റെയും വിവേചനത്തിന്റെയും ഫലമായി തന്നെയാണ് ഇത്തരമൊരു ദിനം കൊണ്ടാടപ്പെടേണ്ടി വന്നതെന്നും നജ്മയുടെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കം.

വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലാണ് വസ്ത്രധാരണം എന്നതില്‍ യാതൊരു സംശയവുമില്ല. വസ്ത്രം ധരിക്കുന്നതിന്റെ ലഷ്യവും ഉദ്ദേശ്യവും എന്താണെന്നും അതെങ്ങനെ ആയിരിക്കണമെന്നും ദൈവം അവന്റെ സൃഷ്ടികളില്‍ വെച്ച് വസ്ത്രം ധരിക്കുന്ന ഏക ജീവിയായ മനുഷ്യനോട് ഉപദേശിച്ചിട്ടുമുണ്ട്. എന്നാല്‍ ദൈവിക വിശ്വാസികളായ മുസ്‌ലിം പെണ്ണിന്റെ വേഷം ലോകമെമ്പാടും ചര്‍ച്ചയാവുകയും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഇത്തരമൊരു ദിനം ആചരിച്ചുപോരുന്നത്. സെപ്റ്റംബര്‍ 11-ന് ശേഷം മുസ്‌ലിമിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ആചാരങ്ങളും സംശയത്തോടെ വീക്ഷിക്കാന്‍ പഠിപ്പിക്കപ്പെട്ട ലോകത്താണ് ഇതിന്റെ പിറവിയെന്ന് കാണാം. കലാലയങ്ങളിലും പൊതുനിരത്തുകളിലും ഓഫീസുകളിലും സംശയകണ്ണുമായി നടക്കുന്നവരെ കാണേണ്ടിവന്നിട്ടുണ്ട്. ഇതിന്റെ അലയൊലികള്‍ സഹിഷ്ണുതക്കും സംസ്‌കാരത്തിനും പേരുകേട്ട കൊച്ചുകേരളത്തില്‍ പോലും ഉണ്ടായിട്ടുമുണ്ട്. യൂനിഫോമിന്റെ ഭാഗമായി തലമറക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രവേശനം തടസ്സെപ്പെടുന്ന അവസ്ഥവരെ സ്‌കൂളുകളില്‍ ഉണ്ടായി. എല്ലാ നഗ്നതയും കാണിച്ചുകൊണ്ടു പെണ്‍സൗന്ദര്യം കാണിച്ചു മത്സരം നടത്തുന്നത് മനുഷ്യാവകാശമായി കണ്ട മതേതര ലോകത്തിന് തലമറക്കാനുള്ള ആഗ്രഹം മനുഷ്യാവകാശമായി അംഗീകരിക്കാനുള്ള ധൈര്യമില്ലാതെ പോയതും നാം കണ്ടു. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈയൊരു ദിനം ഏറെ പ്രസക്തിയുമുണ്ട്.

എന്നാല്‍ മുസ്‌ലിം പെണ്ണിന്റെ തലയിലെ ഒരു കഷ്ണം തുണിയെ പേടിക്കുന്ന മതേതര രാഷ്ട്രീയ ലോകത്തിന്റെയും, മറക്കുന്ന തുണിയുടെ നീളം എത്ര നീണ്ടാലും മതിയാവില്ല മൂക്കും കണ്ണും പൊത്തിത്തന്നെ നടക്കട്ടെയെന്നും അതും പോരാ ഇന്ന കളറില്‍- രൂപത്തില്‍ തന്നെ ആവട്ടെയെന്നും വാശിപിടിക്കുന്ന മതാന്തത മതലോകത്തിനുമിടയിലാണിന്ന് മുസ്‌ലിം പെണ്ണിന്റെ വ്‌സ്ത്ര രൂപം കെട്ടുപിണഞ്ഞുകിടക്കുന്നത്. അത് നിര്‍ണയിക്കുകയും നിശ്ചയിച്ചുകൊടുക്കുകയും ചെയ്യുന്നതും പുരുഷനുമാണ്. അത്തരമൊരു സംവാദങ്ങള്‍ അടുത്തിടെയാണ് കേരളം കണ്ടത്. ഇവിടെ മാത്രമല്ല നിഖാബ് ധരിച്ചുനടക്കുന്ന സൗദി അറേബ്യയില്‍ പോലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊന്തിവന്നു. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചകളും ദിനങ്ങളും എത്രമാത്രം ഇസ്‌ലാമിന്റെ മൗലിക തത്വസംഹിതകളോട് നീതിപുലര്‍ത്തുന്നുവോ അതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയവും ആവശ്യകതയും. അല്ലാത്തതെല്ലാം പാഴ് വേലകളാണ്.

കാരണം സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇടപെടുന്നവരെന്ന നിലക്ക് സദാചാര മര്യാദകള്‍ പാലിക്കാന്‍ ആണിനോടും പെണ്ണിനോടും ദൈവം ഉപദേശിച്ചിട്ടുണ്ട്. ഇസ്‌ലാമിന് വസ്ത്രരൂപമില്ലായെന്നും വസ്ത്രസങ്കല്‍പ്പമേ ഉള്ളൂ എന്നതും വസ്തുതയാണ്. വര്‍ണ വര്‍ഗ വംശീയതക്കപ്പുറം മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ തനത് സംസ്‌കാരങ്ങളെയോ ജീവിതരീതിയെയോ നിരാകിരിച്ചുകൊണ്ടുള്ള ഏക ശിലാ വാര്‍പ്പുമാതൃകളെയല്ല ഇസ്‌ലാമിന് ആവശ്യം. ഭാഷയിലും വര്‍ണത്തിലും ജീവിതരീതിയിലും ലോകമുസ്‌ലിം വ്യത്യസ്തനാണന്നപോല തന്നെ എല്ലാ നാട്ടിലുമുള്ള ആണും പെണ്ണുമായ മുസ്‌ലിമിന്റെയും വസ്ത്രത്തിലും വിഭിന്നതയുണ്ടാകും. വിഭിന്നതയുടെ സ്വാംശീകരണത്തോടൊപ്പം തന്നെ ഇസ്‌ലാമിന്റെ വസ്ത്രസങ്കല്‍പ്പം നിറവേറ്റുന്ന വസ്ത്രം ധരിക്കുക എന്നതായിരിക്കണം വിശ്വാസികളുടെ ബാധ്യത. ആ ബാധ്യത നിര്‍വ്വഹിക്കുന്ന ഏത് വസ്ത്രവും ഏത് കളറിലുള്ളതും ഹിജാബിന്റെ പരിധിയില്‍ വരും. ഹിജാബ് ദിനം ആഘോഷിക്കുന്നവര്‍ക്കു മുമ്പില്‍ ഒന്നാമതായി ഉണ്ടാവേണ്ടതും ഇത്തരമൊരു സഹിഷ്ണുതയാണ്. അല്ലാതെ ഇന്ന നിറത്തിലും ഇന്ന കളറിലും ഇന്ന ബ്രാന്റിലും രൂപത്തിലും ഉള്ളതേ ഹിജാബാകൂ എന്ന് വാശിയുണ്ടാകാന്‍ പാടില്ല. ഏതെങ്കിലുമൊരു രാജ്യത്തിന്റെ പാരമ്പര്യവേഷമാണ് യഥാര്‍ഥ ഹിജാബ് വേഷം എന്നും ലോക മുസ്‌ലിം പെണ്ണൊക്കെയും ഓരേ രൂപത്തിലുള്ള വസ്ത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന വാശിയും ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ ഞങ്ങള്‍ പറയുന്നതുപോലതന്നെയേ നിങ്ങള്‍ ഉടുത്തൊരുങ്ങാവൂ എന്ന് പറയുന്ന മത മതേതര വാദികള്‍ക്കപ്പുറം, പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇഷ്ട്ങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ടു തന്നെ ഇസ്‌ലാമിന്റെ വസ്ത്രസങ്കല്‍പ്പങ്ങളെ – ഹിജാബിന്റെ ലഷ്യത്തെ നിറവേറ്റുന്ന തരത്തിലുള്ള ഏത് വസ്ത്രം ധരിക്കാനും ഉള്ള സ്വാതന്ത്ര്യത്തെ എടുത്തുകാട്ടുന്നതാവട്ടെ ആഘോഷിക്കുന്ന ഈ ഹിജാബ് ഡേയുടെ ലക്ഷ്യം.

ഇസ്‌ലാംഓണ്‍ലൈവ് പല സമയത്തായി പ്രസിദ്ധീകരിച്ച ഹിജാബുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍

Related Articles