Current Date

Search
Close this search box.
Search
Close this search box.

ഹാദിയ കേസന്വേഷകര്‍ പഠിക്കേണ്ട മതപരിവര്‍ത്തന പാഠങ്ങള്‍

islam-accepted.jpg

മതംമാറിയ ആളുടെ മനസ്സിനെ ആഴത്തില്‍ മനസ്സിലാക്കാന്‍, മതംമാറിയ മുസ്‌ലിം സ്ത്രീകളുടെ അനുഭവക്കുറിപ്പുകളും എന്‍.ഐ.എ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഡെയ്‌ലി മെയിലിന് വേണ്ടി മാധ്യമപ്രവര്‍ത്തക ഹവ്വ അഹ്മദ് എഴുതിയ സ്റ്റോറി തന്നെ എടുക്കാം. ഒരു ഇംഗ്ലീഷ് മാതാവിനും, പാകിസ്ഥാനി പിതാവിനും ജനിച്ച ഈവ് അഹ്മദ് വളര്‍ന്നത് തീര്‍ത്തും യാഥാസ്ഥിക ഇസ്‌ലാമിക ചുറ്റുപാടിലാണ്. ‘എന്നെ സംബന്ധിച്ചിടത്തോളം, ഒരു മുസ്‌ലിം ആവുകയെന്നാല്‍ അതിനര്‍ത്ഥം ‘അരുത്’ എന്ന വാക്ക് നിരന്തരമായി കേള്‍ക്കുക എന്നതായിരുന്നു,’ ഈവ് അഹ്മദ് എഴുതി. സ്വന്തമായി തീരുമാനമെടുക്കാന്‍ തക്ക പ്രായമെത്തിയപ്പോള്‍ ഉടനെ തന്നെ തന്റെ സ്വാതന്ത്ര്യലബ്ദിക്ക് വേണ്ടി അവള്‍ ഇസ്‌ലാമിനെ പരിത്യജിച്ചു.

വൈറ്റ് മിഡില്‍ ക്ലാസ് സ്ത്രീകള്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്ന പ്രവണതയില്‍ ആശ്ചര്യംപൂണ്ട്, അവരുടെ ഇസ്‌ലാം ആശ്ലേഷത്തെ കുറിച്ച് മനസ്സിലാക്കാന്‍ അവരില്‍ ചിലരെ ഈവ് അഹ്മദ് സമീപിച്ചിരുന്നു. അവരില്‍ ഒരാളാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത്. ഒരു ബ്രോഡ്കാസ്റ്ററായ ബൂത്ത്, ഇറാനിലെ ഖും നഗരത്തിലെ ഫാത്തിമ അല്‍മസൂമയുടെ ശവകുടീരം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. അത്യാഹ്ലാദഭരിതവും, ആനന്ദപൂര്‍ണ്ണവുമായ ആ നിമിഷം ബൂത്ത് ഓര്‍ത്തെടുക്കുന്നു, ‘ഞാന്‍ അവിടെ ഇരുന്നു, ആത്മീയലഹരി എന്നിലേക്ക് സന്നിവേശിച്ചതായി എനിക്കനുഭവപ്പെട്ടു, പരമാനന്ദം മാത്രം.’

പക്ഷെ, ബൂത്തിന്റെ ഫലസ്തീന്‍ വിഷയത്തിലെ ആഴത്തിലുള്ള ഇടപെടലും, ഇസ്‌ലാമിനോടുള്ള അവരുടെ സഹാനുഭൂതിയുമാണ് ആത്മീയോണര്‍വിന്റെ ഈ നിമിഷത്തെ മുന്നോട്ട് വെച്ചത്. ‘അത് (ഇസ്‌ലാം) നല്‍കിയ ആശ്വാസവും, ശക്തിയും എന്നില്‍ എല്ലായ്‌പ്പോഴും മതിപ്പുളമാക്കിയിരുന്നു’ അവര്‍ പറഞ്ഞു. ഇസ്‌ലാം ആശ്ലേഷിച്ചതിന് ശേഷം, ബൂത്ത് ഹിജാബ് അണിയാനും, ദിവസവും അഞ്ചു നേരം നമസ്‌കരിക്കാനും തുടങ്ങി.

അവരുടെ സ്റ്റോറിക്ക് വേണ്ടി, മുന്‍ എം.ടി.വി അവതാരകയായിരുന്ന ക്രിസ്റ്റിയന്‍ ബേക്കറുമായും ഈവ് അഹ്മദ് അഭിമുഖം നടത്തിയിരുന്നു. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്ററും, രാഷ്ട്രീയപ്രവര്‍ത്തകനുമായ ഇംറാന്‍ ഖാനുമായുള്ള രണ്ട് വര്‍ഷത്തെ സഹവാസത്തിലൂടെ ക്രിസ്റ്റ്യന്‍ ബേക്കര്‍ ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയിരുന്നു. ശേഷം അവര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ആരംഭിക്കുകയും, ഒടുവില്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഈ സമയം ഖാനും അവരും പരസ്പരം അകന്നുകഴിഞ്ഞിരുന്നു.

‘എന്റെ ജോലിയുടെ പ്രകൃതം കാരണം, റോക്ക് സ്റ്റാറുകളുമായുള്ള അഭിമുഖം, ലോകചുറ്റിയുള്ള സഞ്ചാരം, ടെന്‍ഡ്രുകളുടെ പിന്നാലെയുള്ള പാച്ചില്‍ തുടങ്ങിയവയില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍. എങ്കിലും മനസ്സിനുള്ളില്‍ വല്ലാത്ത ശൂന്യത എനിക്ക് അനുഭവപ്പെട്ടു. ഇന്ന്, അവസാനം, എനിക്ക് അതിയായ സംതൃപ്തിയുണ്ട് കാരണം ഒരു ജീവിതലക്ഷ്യം ഇസ്‌ലാം എനിക്ക് നല്‍കി.’ ബേക്കര്‍ അഹ്മദിനോട് പറഞ്ഞു.

‘പാശ്ചാത്യലോകത്ത്, എന്ത് വസ്ത്രം ധരിക്കണം എന്നത് പോലുള്ള ഉപരിപ്ലവമായ കാരണങ്ങളുടെ പേരിലാണ് ഞങ്ങള്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്നത്. ഇസ്‌ലാമില്‍, എല്ലാവരും ഒരു പരമോന്നത ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കുന്നത്. എല്ലാ കാര്യങ്ങളും ദൈവപ്രീതിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ഭ്രമങ്ങളുടെ പിന്നാലെ നിങ്ങള്‍ പായുകയില്ല.’ ബേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഓര്‍ഡിനറി മിഡില്‍ ക്ലാസ് ആളുകളെയും ഈവ് അഹ്മദ് ഇന്റര്‍വ്യൂ നടത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും നിശ്ചിതമായ ഇസ്‌ലാമിക വസ്ത്രധാരണരീതിയെ ‘Empowering and liberating’ ആയാണ് കണ്ടത്. അവരിലൊരാളായ ലിന്‍ അലി, ഇസ്‌ലാമിലേക്ക് കടന്നുവന്നതിന് ശേഷം, ബാറില്‍ വെച്ച് നടന്ന ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ ഹിജാബ് അണിഞ്ഞുകൊണ്ട് പങ്കെടുത്തിരുന്നു. ആ വൈകുന്നേരം അലി ഓര്‍ത്തെടുക്കുന്നു, ‘അവര്‍ മദ്യപിച്ചിരുന്നു, അവരുടെ വാക്കുകള്‍ കുഴഞ്ഞിരുന്നു, പ്രകോപനപരമായാണ് അവര്‍ നൃത്തം ചെയ്തത്. ജീവിതത്തിലാദ്യമായി, എന്റെ മുന്‍കാല ജീവിതം പുറത്ത് നിന്നുള്ള ഒരാളുടെ കണ്ണുകളിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു, അതിലേക്ക് ഒരിക്കലും തിരിച്ചുപോകാന്‍ എനിക്ക് കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി.’

ഇസ്‌ലാം ആശ്ലേഷിച്ചതിന് ശേഷവും സന്തോഷവതികളായി കാണപ്പെട്ട വിദ്യാസമ്പന്നരായ സ്ത്രീകളുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം, തന്റെ സ്വന്തം അനുഭവവും, അവരുടെ അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഈവ് അഹ്മദ് ശ്രമിക്കുകയുണ്ടായി. ‘ഒരുപക്ഷെ, (വളര്‍ച്ചയുടെ ഘട്ടത്തില്‍) മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നതിന് പകരം എന്റെ കാര്യങ്ങള്‍ ഞാനാണ് നിയന്ത്രിക്കുന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നെങ്കില്‍, അടിച്ചമര്‍ത്തപ്പെടുന്നതിന് പകരം ശാക്തീകരിക്കപ്പെടുകയാണെന്ന് എനിക്ക് തോന്നിയിരുന്നെങ്കില്‍, ഞാന്‍ ജനിച്ച മതം തന്നെ ഞാന്‍ ഇപ്പോഴും പിന്തുടരുമായിരുന്നു, എന്റെ അച്ഛന്റെ വിശ്വാസവഴിയെ തള്ളിക്കളഞ്ഞതിന്റെ കുറ്റബോധവും പേറി എനിക്ക് ജീവിക്കേണ്ടി വരില്ലായിരുന്നു.’ അഹ്മദ് പറഞ്ഞുനിര്‍ത്തി.

ഫെമിനിസ്റ്റ് എഴുത്തുകാരി ജൂലി ബിന്‍ഡലിന്റേതാണ് മറ്റൊരു അനുഭവാഖ്യാനം. ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വിദ്യാസമ്പന്നരായ സ്ത്രീകള്‍, സ്ത്രീപുരുഷ അസമത്വം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ മതത്തെ തള്ളിക്കളയുന്ന ബിന്‍ഡലിനെ ആകര്‍ഷിച്ചിരുന്നു. അവരില്‍ ചിലരുമായി ബിന്‍ഡല്‍ കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ നേരത്തെ അഹ്മദ് കേട്ടത് തന്നെയാണ് ബിന്‍ഡലിനും കേള്‍ക്കാന്‍ കഴിഞ്ഞത്.

താന്‍ അഭിമുഖം നടത്തിയവരില്‍ നിന്നുണ്ടായ പ്രതികരണങ്ങളുടെ നിജസ്ഥിതി അറിയുവാന്‍, Muslim Women in the United Kingdom and Beyond എന്ന കൃതിയുടെ രചയിതാവായ, ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഹൈഫ ജവാദുമായി ബിന്‍ഡല്‍ സംസാരിച്ചിരുന്നു. ‘എവിടെ നിന്ന് വരുന്നു എന്നതിനെ കുറിച്ച ബോധ്യവും, ഒരു വ്യക്തമായ സ്വത്വവും ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അക്കാര്യത്തില്‍ മറ്റു ചില മതങ്ങള്‍ക്ക് അല്ലെങ്കില്‍ ജീവിതശൈലികള്‍ക്ക് നല്‍കാന്‍ കഴിയാത്ത കഴിയാത്ത വ്യക്തത ഇസ്‌ലാമിനുണ്ട്. പടിഞ്ഞാറിലെ സ്ത്രീകളില്‍ ചിലര്‍ക്ക് ഫെമിനിസത്താല്‍ നിരാശ അനുഭവപ്പെടുന്നുണ്ടാകാം. പക്ഷെ, ആത്മീയമായ കാരണങ്ങളാലാണ് ഒരുപാട് സ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തുന്നത്. ഇസ്‌ലാമിനെ കുറിച്ച നിഷേധാത്മക വീക്ഷണങ്ങള്‍ നിലവിലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ വ്യാപകമായിട്ടും എന്തുകൊണ്ടാണ് അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതെന്ന് നാം ചോദിക്കേണ്ടതുണ്ട്’ എന്നാണ് ജവാദ് പറഞ്ഞത്.

ഹാദിയയുടെ കാര്യത്തിലും ഈ ചോദ്യമാണ് ചോദിക്കപ്പെടേണ്ടത്. ഹിന്ദുത്വരുടെ മുസ്‌ലിം ഭീകരവല്‍ക്കരണവും, രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ അവര്‍ നടത്തുന്ന ആക്രമണങ്ങളും പരിഗണിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഹാദിയ ഇസ്‌ലാം സ്വീകരിച്ചത്? താന്‍ കൂടിക്കാഴ്ച്ച നടത്തിയവരെ മനസ്സിലാക്കാന്‍ ബിന്‍ഡലിന് കഴിയാത്തത പോലെ, ഒരുപക്ഷെ ഹാദിയയുടെ തെരഞ്ഞെടുപ്പിനെ മനസ്സിലാക്കാന്‍ നമുക്കും കഴിഞ്ഞെന്ന് വരില്ല. ബിന്‍ഡല്‍ എഴുതുകയുണ്ടായി, ‘ഒരുപക്ഷെ, എല്ലാ മതങ്ങളോടുമുള്ള എന്റെ പുച്ഛമനോഭാവം കാരണമായിരിക്കാം അത്, ചിലപ്പോള്‍ എന്റെ റാഡിക്കല്‍ ഫെമിനിസമായിരിക്കാം അതിന് കാരണം.’

ഹാദിയയുടെ പ്രചോദനം
ദശാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രവണതക്ക് സമാനമാണ് ഇപ്പോഴത്തെ വെളുത്ത മധ്യവര്‍ഗത്തിന്റെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പ്രവണത. അന്ന്, വര്‍ണ്ണവിവേചനത്തിനും വംശീയതക്കുമെതിരായ ആഫ്രിക്കന്‍-അമേരിക്കന്‍സിന്റെ പ്രതിഷേധസൂചകമായിരുന്നു മതപരിവര്‍ത്തനം. ഇന്ത്യയിലും, ജാതിവ്യവസ്ഥയുടെ അസമത്വങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഒരുരൂപമാണ് ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം.

എങ്കിലും, തന്റെ മതപരിവര്‍ത്തനം ഒരു പ്രതിഷേധമാണെന്ന് ഹാദിയ പറഞ്ഞിട്ടില്ല. ഹാദിയ പറഞ്ഞത് പോലെ, അവളുടെ ഫഌറ്റ്‌മേറ്റായ ജസീനയുടെ സ്വഭാവവിശുദ്ധിയും, ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നതിലെ നിഷ്ടയുമാണ് അവളെ ഇസ്‌ലാമിലേക്ക് ആകൃഷ്ടയാക്കിയത്. ജസീനയുടെ സ്വഭാവഗുണങ്ങളെ ഹാദിയ ഇസ്‌ലാമിനോടാണ് ചേര്‍ത്തുവെച്ചത്, വീട്ടില്‍ നിന്നും അകലെ സേലത്ത് താമസിച്ചിരുന്ന 18 വയസ്സുകാരി ഹദിയക്ക് ജസീന ഒരു വഴികാട്ടിയായിരുന്നിരിക്കാം.

ഒരു പക്ഷേ, ഈവ് അഹ്മദും, ബിന്‍ഡലും കൂടികാഴ്ച്ച നടത്തിയവരുടെയും, ഫെയ്ത്ത് മാറ്റേഴ്‌സിന്റെയും കേംബ്രിഡ്ജ് സര്‍വകലാശാലയുടെയും പഠനങ്ങളില്‍ പങ്കെടുത്തവരുടെയും കാര്യത്തിലെന്ന പോലെ, സാംസ്‌കാരിക വ്യവസ്ഥാരാഹിത്യത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നും ഇസ്‌ലാം ഹാദിയയെ സംരക്ഷിച്ചിട്ടുണ്ടാകാം.

എന്നാല്‍ പടിഞ്ഞാറിന്റെ മതപരിവര്‍ത്തന ആഖ്യാനത്തിന് മറ്റൊരു വശമുണ്ട്. യു.കെ-യിലെ 65.64 മില്ല്യന്‍ ജനസംഖ്യയില്‍ ആകെ 4 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍ എന്നിരിക്കെ, അവിടുത്തെ ഒരു ലക്ഷം ഇസ്‌ലാം ആശ്ലേഷകരുടെ പ്രധാന്യമെന്താണ്? അമേരിക്കയിലെ 323.1 മില്ല്യണ്‍ ജനങ്ങളില്‍ കേവലം 1 ശതമാനം മാത്രം വരുന്ന മുസ്‌ലിംകളില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നവര്‍, പ്രത്യേകിച്ച് വെളുത്ത വര്‍ഗക്കാര്‍, ഏറിയാല്‍ ഒരു ഉപസംസ്‌കാരകൂട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ഇന്ന് ഇന്ത്യയിലെ ജനസംഖ്യയില്‍ 14.2 ശതമാണ് മുസ്‌ലിംകള്‍. 2001-ല്‍ ഇത് 13.4 ശതമാനമായിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ അഭയാര്‍ത്ഥികളുടെ വന്‍തോതിലുള്ള ഒഴുക്ക്, സമുദായത്തിന്റെ ഉയര്‍ന്ന ജനനനിരക്ക് എന്നിവയാണ് ഈ വര്‍ധനവിന്റെ കാരണമായി ആരോപിക്കപ്പെടുന്നത്. മുസ്‌ലിംകളിലെ ആദ്യതലമുറ ഇസ്‌ലാം ആശ്ലേഷകര്‍ എത്രയാണെന്നതിന്റെ കണക്കുകള്‍ നമ്മുടെ പക്കലില്ല.

2016-ന് മുമ്പുള്ള അഞ്ചു വര്‍ഷക്കാലയളവില്‍ മതംമാറ്റം ആവശ്യപ്പെട്ടുകൊണ്ട് 1838 അപേക്ഷകള്‍ ഗുജറാത്ത് സര്‍ക്കാറിന് ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ പ്രകാരം മതപരിവര്‍ത്തനത്തിന് സര്‍ക്കാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രസ്തുത അപേക്ഷ സമര്‍പ്പിച്ചവരില്‍ 1735 പേര്‍ ഹിന്ദുക്കളും, 57 പേര്‍ മുസ്‌ലിംകളും, 42 പേര്‍ ക്രിസ്ത്യാനികളും, നാലു പേര്‍ പാര്‍സികളുമായിരുന്നു.

2013-ല്‍ ജുനഗദ്ദില്‍ വെച്ച് ബുദ്ധമതം സ്വീകരിച്ച ആയിരക്കണക്കിന് വരുന്ന ദളിതര്‍ സര്‍ക്കാറിന് മുമ്പാകെ അപേക്ഷക സമര്‍പ്പിച്ചിരുന്നില്ല. നാമമാത്രമായ മതപരിവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് കൂട്ടമതപരിവര്‍ത്തനം നിരോധിച്ച ഗുജറാത്ത് സര്‍ക്കാറിന്റെ കണക്കുകള്‍ ചൂണ്ടികാട്ടുന്നു. കൂടാതെ, മുസ്‌ലിംകളും മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് പ്രസ്തുത കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്‌ലാംമതം സ്വീകരിക്കുന്ന വ്യക്തികളോട് മാത്രം ദേശീയ അന്വേഷണ ഏജന്‍സിയും, അവരുടെ ഹിന്ദുത്വ യജമാനന്‍മാരും ഇത്രമാത്രം രോഷാകുലരാകുന്നതിന്റെ കാരണം അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങളാണെന്ന് ഈ വസ്തുതകള്‍ തെളിയിക്കുന്നു. അവരുടെ ഭ്രാന്തമായ മാനസികാവസ്ഥയുടെ ഇരയാണ് ഹാദിയ.

എന്തുകൊണ്ടാണവര്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നത്?

മൊഴിമാറ്റം:  irshad shariati
അവലംബം: scroll.in

Related Articles