Current Date

Search
Close this search box.
Search
Close this search box.

ഹലീമ യാക്കൂബ്; ഹിജാബണിഞ്ഞ പുതിയ സിംഗപ്പൂര്‍ പ്രസിഡണ്ട്

Halimah-Yacob.jpg

ഇസ്‌ലാമോഫോബിക് ആയ വാര്‍ത്തകളും വിശകലനങ്ങളും പൊതു ഇടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ലോകത്തെ ഏറ്റവും മനോഹര രാജ്യമായ സിംഗപ്പൂരില്‍ നിന്ന് ഒരു വിസ്മയ വാര്‍ത്ത വരുന്നത്. സിംഗപ്പൂരിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി ഹിജാബണിഞ്ഞ ഒരു മുസ്‌ലിം വനിതയെ തെരഞ്ഞെടുത്തിരിക്കുന്നു. മലേഷ്യയുടെ ഉത്തര ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് അഴകിന്റെ റാണിയായ സിംഗപ്പൂര്‍. പൂന്തോട്ടങ്ങളുടെയും ഉദ്യാനങ്ങളുടെയും ഹരിത സ്വര്‍ഗഭൂമിയായാണ് ഈ നാട് അറിയപ്പെടുന്നത്. ലോകത്തെ എറ്റവും സമ്പന്ന രാജ്യങ്ങളിലൊന്ന്. 33 ശതമാനം ബുദ്ധന്‍മാര്‍, 18 ശതമാനം ക്രിസ്ത്യാനികള്‍, 14 ശതമാനം മുസ്‌ലിംകള്‍, 10 ശതമാനം താവോ മതക്കാര്‍, അഞ്ച് ശതമാനം ഹിന്ദുക്കള്‍, 18 ശതമാനം മതരഹിതര്‍ എന്നിങ്ങനെയാണ് ജനസംഖ്യാനുപാതം. ജനസംഖ്യയില്‍ 73 ശതമാവും ചൈനീസ് വേരുകളുള്ളവരാണ്. ഒമ്പത് ശതമാനം ഇന്ത്യക്കാരും അവിടെയുണ്ട്. പതിമൂന്ന് ശതമാനം മലായ് വംശജരാണുള്ളത്. മലായ് വംശജരില്‍ നിന്നുള്ള പ്രതിനിധിയായാണ് ഹലീമ യാക്കൂബ് സിംഗപ്പൂര്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കുന്നത്.

ജീവിതത്തില്‍ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും വിശ്വാസദാര്‍ഢ്യം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും പൊതുപ്രവര്‍ത്തനത്തിലൂടെയും മറികടന്ന സുദീര്‍ഘമായ ചരിത്രമാണ് 63 കാരിയായ അവര്‍ക്ക് പറയാനുള്ളത്. ഹലീമക്ക് എട്ട് വയസ്സുള്ളപ്പോള്‍ വാച്ച്മാനായി ജോലി നോക്കിയിരുന്ന പിതാവ് മരണപ്പെട്ടു. പിന്നീട് ജീവിതത്തിലെ പരീക്ഷണങ്ങളെ വിദ്യാഭ്യാസം കൊണ്ടാണ് അവര്‍ മറികടന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ അവര്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി (LLB, LLM). തുടര്‍ന്ന് ട്രേഡ് യൂണിയനിലൂടെ സിംഗപ്പൂര്‍ രാഷ്ട്രീയത്തില്‍ സജീവമായി.

സിംഗപ്പൂരിലെ ഏറ്റവും ജനകീയാടിത്തറയുള്ള പാര്‍ട്ടിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച് പതിനഞ്ച് വര്‍ഷത്തോളം പാര്‍ലമെന്റ് അംഗമായി. 2011ല്‍ അവര്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് മന്ത്രിയായി. 2013 മുതല്‍ 2017 വരെ സിംഗപ്പൂര്‍ പാര്‍ലമെന്റ് സ്പീക്കറായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. അവസാനം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് അവര്‍ സിംഗപ്പൂരിന്റെ ഏറ്റവും പുതിയ പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു. കുടുംബപരമായി ഇന്ത്യന്‍ വേരുകളുള്ള ഹലീമയുടെ ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ഹബശിയുടെ വേരുകള്‍ അറേബ്യയിലാണ്. രണ്ട ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്.

ജീവിതത്തിലുടനീളം ഇസ്‌ലാമിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന അവര്‍ പൊതു പ്രവര്‍ത്തനത്തിലും ഭരണ നിര്‍വ്വഹണത്തിലും അത് പുലര്‍ത്തിപ്പോന്നു. ഹിജാബുള്‍പ്പടെയുള്ള ഇസ്‌ലാമിക ചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്ന ഒരു കാലത്ത് ഒരു മുസ്‌ലിം വനിത ലോകത്തെ ഏറ്റവും തലയെടുപ്പുള്ള ഒരു കൊച്ചു രാജ്യത്തിന്റെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ഒരു പാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാമതായി ഒരു മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസം നേടുക, പൊതുപ്രവര്‍ത്തനം നടത്തുക, ഇസ്‌ലാമിക മൂല്യങ്ങളും ചിഹ്നങ്ങളും പുലര്‍ത്തിപ്പോരുക, രാഷ്ട്രീയത്തില്‍ ശോഭിക്കുക, അവസാനം പ്രസിഡന്റാവുക ഇത് ഒരു ഭാഗത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശവും ആത്മവിശ്വാസവും വളരെ വലുതാണ്. മറ്റൊരു വശത്ത് സിംഗപ്പൂര്‍ പോലുള്ള ഒരു സെക്കുലര്‍ രാജ്യത്ത് ലോകത്തെവിടെയും ഇസ്‌ലാമോഫോബിക് ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതും കടുത്ത സെക്കുലര്‍ അലര്‍ജികളിലൊന്നുമായ ഹിജാബണിഞ്ഞും ഒരു മുസ്‌ലിം സ്ത്രീക്ക് ‘പുരോഗമന’ സമൂഹത്തെ നയിക്കാനാകുമെന്ന വിചിത്രമെന്ന് തോന്നിയേക്കാവുന്ന വലിയ സന്ദേശം. ഏറ്റവും അവസാനം അവരെക്കുറിച്ച് വന്ന വാര്‍ത്ത ഇതാണ്. അത്യാഡംബരപൂര്‍ണ്ണമായ സിംഗപ്പൂര്‍ പ്രസിഡന്റിനുള്ള കൊട്ടാരവും സെക്യൂരിറ്റിയും അവര്‍ വേണ്ടെന്നു വെച്ചിരിക്കുന്നു.

Related Articles