Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് : വിശുദ്ധിയുടെ വിളംബരം

അന്താരാഷ്ട്ര പണ്ഡിതവേദി അംഗം ശൈഖ് മാഹിര്‍ മുഹമ്മദ് അബൂ ആമിര്‍ ഹജ്ജിന്റെ മാനവികതയെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച് സംസാരിക്കുന്നു. ഹജ്ജ് ലോക മുസ്‌ലിങ്ങളുടെ സമ്മേളനമാണ്. രാജാവോ, നേതാക്കളോ, പണ്ഡിതരോ അല്ല ഇതിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. അല്ലാഹുവാണ് ഹജ്ജിന് ആളുകളെ ക്ഷണിക്കുന്നത്. പ്രാദേശികതയുടെ ഇടുക്കത്തില്‍ നിന്നും മാനവികതയുടെ വിശാലതയിലേക്ക് മനുഷ്യനെ ക്ഷണിച്ച് വരുത്തുകയാണ് അല്ലാഹു. ഈ ദിനങ്ങളില്‍ മുസ്‌ലിങ്ങള്‍ മക്കയില്‍ ഒരുമിച്ച് കൂടുന്ന ഐക്യബോധത്തോടെ ലോകത്ത് നിലനില്‍ക്കുകയാണെങ്കില്‍ ഭൂമിയില്‍ ഒരു ശക്തിക്കും അവരുടെ മേല്‍ അധികാരം വാഴാനാവില്ല.

? നിങ്ങളെ പരിചയപ്പെടുത്തികൊണ്ട് നമുക്ക് തുടങ്ങാം.
– പേര് മാഹിര്‍ മുഹമ്മദ് അബൂ ആമിര്‍. ഇമാമും ഖത്വീബും ഇസ്‌ലാമിക വിഷയങ്ങളിലെ അധ്യാപകനുമാണ്. അന്താരാഷ്ട്ര പണ്ഡിത വേദി അംഗമാണ്. ഇസ്‌ലാമിക പ്രബോധനത്തില്‍ ബിരുദാനന്തരബിരുദം നേടി. ഇപ്പോള്‍ പ്രസ്തുത വിഷയങ്ങളില്‍ ഗവേഷകനാണ്. ഡോക്ടറേറ്റ്് തിസീസ് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.

? അല്ലാഹു ഇസ്‌ലാമിക പ്രതീകങ്ങള്‍ നിര്‍ണയിക്കുന്നതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്?
-സുരക്ഷിതമായ മനുഷ്യത്വം നിലനില്‍ക്കണമെങ്കില്‍ ചില ഗുണങ്ങള്‍ മനുഷ്യലുണ്ടാവണമെന്നതാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്. സമത്വബോധം, സാഹോദര്യം, തെറ്റിനെ പ്രതിരോധിക്കല്‍, സമാധാനത്തെയും നന്മയെയും സ്‌നേഹിക്കല്‍, ദൈവത്തോട് നല്ല ബന്ധം എന്നിവയാണവ. ഇസ്‌ലാം ഇത്തരം കാരങ്ങളെ നന്നായി പരിഗണിക്കുകയും അവയെ നിര്‍ബന്ധകാര്യങ്ങളില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ അവക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. പ്രവാചകന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും അവയെ പ്രോത്സാഹിപ്പിക്കുന്നതും വളര്‍ത്തുന്നതുമായിരുന്നു. പക്ഷെ ഇത് സിദ്ധാന്തങ്ങളില്‍ മാത്രം ചേര്‍ക്കപ്പെട്ടാല്‍ പോര. മറിച്ച്, ജീവിതത്തിലെ അനുഭവവും സാക്ഷ്യവുമായത് മാറണം. അപ്രകാരം ആ സല്‍ഗുണങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറുന്ന തരത്തില്‍ അത് ബുദ്ധികളിലും ഹൃദയങ്ങളിലും അടിയുറക്കണം. അതിന് സഹായമാകുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ നിര്‍ദ്ദേശിക്കപ്പെടണം. ഈയൊരു ലക്ഷ്യം മുന്നില്‍ വെച്ചാണ് അല്ലാഹു ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തികവും ശാരീരികവുമായി സാധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും അല്ലാഹു ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാക്കി. ‘അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.’ (ആലുഇംറാന്‍: 97)

? വ്യക്തി ജീവിതത്തില്‍ ഇത്തരം ഇസ്‌ലാമിക ചിഹ്നങ്ങളുടെ ആവശ്യകതയെന്താണ്?
– വ്യക്തിയില്‍ ഇവ ചെലുത്തുന്ന സ്വാധീനങ്ങള്‍ അവരുടെ അഭിരുചിയനുസരിച്ച് വ്യത്യസ്തമായിരിക്കും. അവയില്‍ പ്രധാവപ്പെട്ടവ ഇവയാണ്:
1)  തന്റെ നാഥനും സംരക്ഷകനുമായ അല്ലാഹുവുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കലാണ് ഒരു ലക്ഷ്യം. ഹൃദയത്തിലും തലച്ചോറിലും അവനെ മുദ്ര ചെയ്യന്നു.
2) സഹസൃഷ്ടികളോടുള്ള അവന്റെ ബന്ധം ക്രമപ്പെടുത്തുന്നു. ഭൂമിയിലെ അചേതനവസ്തുക്കളെപോലും പരിഗണിക്കാന്‍ അത് പഠിപ്പിക്കുന്നു.

? സാമൂഹിക ജീവിതത്തില്‍ ഇവയുടെ പ്രസക്തി എന്തെല്ലാമാണ്?
– 1) സാമൂഹിക ജീവിതത്തിന്റെ ലക്ഷ്യത്തെ പുനര്‍നിര്‍ണയിക്കുക. അല്ലാഹുവിന് വേണ്ടി മാത്രമാണ് ഞങ്ങള്‍ എല്ലാം ചെയ്യുന്നതെന്ന ബോധമുണ്ടാകണം. ‘പറയുക: നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.’
2) ഭൂമിയിലും മനുഷ്യരിലും പരസ്പര സഹകരണത്തിന്റെ മനസ്സ് വളര്‍ത്തുക.’പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.’

? ഹജ്ജിന് ധാരാളം രഹസ്യസന്ദേശങ്ങളുണ്ട്. അവയൊന്ന് വിവരിക്കാമോ?
– ഹജ്ജിന്റെ ഓരോ കര്‍മങ്ങള്‍ക്കും സന്ദേശങ്ങളും രഹസ്യങ്ങളുമുണ്ട്. അവ ഓരോന്നും മനസ്സിലാക്കി ഹജ്ജ് നിര്‍വഹിക്കുകയാണെങ്കിലേ മനുഷ്യനില്‍ അത് സ്വാധീനമുണ്ടാക്കുകയുള്ളൂ. അല്ലാഹു തന്നിലേക്ക് നേരിട്ട് ബന്ധപ്പെടുത്തിയ ഭവനത്തിലേക്കാണ് ഞാന്‍ പോകുന്നതെന്ന ബോധം അവനുണ്ടായിരിക്കണം. തന്റെ കൂടെ ലോകത്തിന്റെ മുക്ക് മൂലകളില്‍ നിന്നുള്ള വ്യത്യസ്ത നിറവും സംസ്‌കാരവുമുള്ളവരാണ് ഹജ്ജ് ചെയ്യുന്നതെന്ന മനുഷ്യത്വ സന്ദശവും ഹാജി സ്വീകരിക്കണം. ഇതിന് പുറമേ ഓരോ കര്‍മങ്ങള്‍ക്കും വ്യത്യസ്ത സന്ദശങ്ങള്‍ നല്‍കാനുണ്ട്.
ഇഹ്‌റാമിലും തല്‍ബിയത്തിലുമുള്ളത് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനമാണ്.
മക്കയിലേക്ക് പ്രവേശിക്കുന്നത് എല്ലാം അല്ലാഹുവിലേക്കാണെന്നുള്ള യാഥാര്‍ത്ഥ്യത്തെ ഓര്‍മിപ്പിക്കുന്നു.
ദൈവഗേഹത്തെ കാണുമ്പോള്‍ അതിന്റെ നാഥന് തീര്‍ത്ഥാടകന്റെ മനസ്സിലുള്ള സ്ഥാനത്തെ അത് സൂചിപ്പിക്കുന്നു.
കഅ്ബയെ ത്വവാഫ് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ സിംഹാസനത്തെ മലക്കുകള്‍ വലയംവെക്കുന്നതിനെയാണ് മനസ്സില്‍ കാണേണ്ടത്. ശരീരംകൊണ്ട് ജനലക്ഷങ്ങളിലൊരാളായി കഅ്ബക്ക് ചുറ്റും നടക്കുകയാണെങ്കിലും മനസ്സുകൊണ്ട് നാഥനെ സ്മരിച്ചുകൊണ്ട് അവന്റെ സിംഹാസനത്തിന് ചുറ്റുമാണ് കറങ്ങുന്നതെന്ന് സങ്കല്‍പിക്കാന്‍ തീര്‍ത്ഥാടകന് സാധിക്കും. കഅ്ബയോടുള്ള അടുപ്പവും ഇണക്കവും അതിന്റെ റബ്ബിനോടുള്ള ബന്ധം നന്നാക്കലാണെന്ന് ഓര്‍ക്കാനാവണം.
സ്വഫാ മര്‍വക്കിടയില്‍ ഓടുമ്പോള്‍ നാഥനിലേക്ക് അടുത്ത് അവന്റെ കരുണയും അനുഗ്രഹവും നേടാനുള്ള ആഗ്രഹമാണ് ഉണ്ടാവേണ്ടത്. തന്റെ ആവശ്യം വീണ്ടും വീണ്ടും ആവശ്യപ്പെടാന്‍ ക്ഷമയും പ്രതീക്ഷയും കാണിക്കാനാണ് ഇവക്കിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്.
അറഫയില്‍ നില്‍ക്കലും അവിടെ ജനങ്ങളുടെ തിരക്കും പ്രാര്‍ത്ഥനകളും തീര്‍ത്ഥാടകനെ ഖിയാമത്ത് നാളിനെയും അവിടെ നാഥനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിനെയും ഓര്‍മിപ്പിക്കണം.
ജംറയെ എറിയുന്നത് തന്നിലെ പൈശാചികതകളെ കൂടി ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയാകണം.
അല്ലാഹു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനും അതിന്റെ പ്രായോഗികത ലോകര്‍ക്ക് കാണിക്കാനും തെരെഞ്ഞെടുത്ത പുണ്യഭൂമിയാണിതെന്ന ബോധത്തോടെയാകണം പ്രവാചക നഗരമായ മദീനയെ സന്ദര്‍ശിക്കേണ്ടത്. പ്രവാചകന്റെ ഹിജ്‌റയെ ഓര്‍ത്ത് മുന്നേറാനുള്ള പ്രേരണകൂടി ഇത് തീര്‍ത്ഥാടകന് നല്‍കണം.

കഅ്ബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതിന്റെ യുക്തിയെന്താണ്?
ആദ്യമായി പറയാനുള്ളത് ഇവയുടെ യുക്തിയില്‍ പ്രധാനപ്പെട്ടത് പ്രവാചകന്‍ അത് പഠിപ്പിച്ചു എന്നതുതന്നെയാണ്. കാരണം പ്രവാചകന്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്തു കഴിഞ്ഞ ശേഷം സ്വഹാബികളോട് പറഞ്ഞത്, ‘ീജ്ജിന്റെ കര്‍മങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുക’ എന്നാണല്ലോ. അങ്ങിനെ പ്രവാചകന്‍ പഠിപ്പിച്ച കാര്യമാണിത്. ആ മനസ്സോടെയാണിത് ചെയ്യേണ്ടത്.

ഇതിന് പുറമേ വ്യത്യസ്തമായ യുക്തികള്‍ ത്വവാഫിന് ഉള്ളതായി പണ്ഡിതരും ശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തുള്ള എല്ലാകാര്യങ്ങളും ത്വവാഫിന്റെ അതേ ദിശയിലേക്കാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. ത്വവാഫില്‍ കഅ്ബയെ ഘടികാരദിശക്ക് എതിരായിട്ടാണ് തീര്‍ത്ഥാടകര്‍ വലയംവക്കുക. ഇതുപോലെയാണ് ഗോളങ്ങള്‍ സൂര്യനെ ചുറ്റുത്. ആറ്റങ്ങളില്‍ ഇക്ട്രോണുകള്‍ ന്യൂക്ലിയസ്സിനെ ചുറ്റുന്നതും അതേ ദിശയിലാണ്. ഭൂമിയുടെ കേന്ദ്രമാണ് കഅ്ബയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ലോകത്ത് എല്ലാസൃഷ്ടികളും കഅ്ബയെ കേന്ദ്രമാക്കി ചുറ്റിക്കൊണ്ടിരിക്കുകയാണ്.

? ഓരോ ഹജ്ജ് സംഘത്തോടൊപ്പവും ഇമാമുമാരും പ്രാസംഗികരും അടങ്ങുന്ന ഒരു സംഘം ഉണ്ട്. അവരെ അയക്കുന്നതിന്റെ ലക്ഷ്യമെന്താണ്?
– ഹാജിമാരില്‍ മിക്കവാറും ആളുകള്‍ക്ക് ഹജ്ജിന്റെ പലകാര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ അവരെ സഹായിക്കുന്നതിനും അവരുടെ ഹജ്ജ് പൂര്‍ത്തിയാക്കുന്നതിനും പണ്ഡിതരായ സംഘം അനിവാര്യമാണ്. സാധാരണക്കാര്‍ക്ക് ഹജ്ജിനിടയില്‍ അത്യാവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ ഇവരുടെ സാന്നിദ്ധ്യം അനിവാര്യമാണ്.

? മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്‌സയും തമ്മിലുള്ള ബന്ധം എന്താണ്?
– അല്ലാഹു പറയുന്നു: ‘തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.’
മൂന്ന് പള്ളികളിലേക്കാണ് തീര്‍ത്ഥാടനം നടത്താവുന്നത്. മസ്ജിദുല്‍ ഹറാമും, മസ്ജിദുല്‍ അഖ്‌സയും, മസ്ജിദുല്‍ നബവിയുമാണവ. കഅ്ബക്ക് മുമ്പുള്ള ഖിബ്‌ലയായിരുന്നു അതെന്നതും അതിന്റെ പ്രത്യേകതയാണ്.

? യഹൂദികള്‍ ആ ദൈവിക ചിഹ്നത്തില്‍ നിന്ന് നമ്മെ തടഞ്ഞിരിക്കുകയാണല്ലോ. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്.
അതെ, യഹൂദികള്‍ മുസ്‌ലിങ്ങളെ മൂന്നാമത്തെ ഹറമില്‍ നിന്നും തടയാന്‍ പരിശ്രമിക്കുന്നു. അതിന് ലോകത്തെ എല്ലാ ഇസ്‌ലാമിന്റെ ശത്രുക്കളുടെയും പിന്തുണയും സഹായവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. മുസ്‌ലിങ്ങള്‍ ഖുദ്‌സില്‍ കൂടി ഐക്യത്തിന്റെ പതാകയുയര്‍ത്തി ലോകത്തെ അതിജയിക്കുമെന്ന് പേടിക്കുന്നവരാണവര്‍.

? നിര്‍ബന്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ മുഖ്യഫലമെന്താണ്?
– അല്ലാഹു നല്‍കുന്ന അതിരറ്റ പ്രതിഫലമാണ് ഹജ്ജിന്റെ മുഖ്യഫലം. പ്രവാചകന്‍ പറയുന്നു: ‘പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമെല്ലാതെ പ്രതിഫലമില്ല.’
മറ്റൊരു ഫലം ജീവിത വിശുദ്ധിയാണ്. അതാണ് പ്രവാചകന്‍ പറഞ്ഞത്: ‘തെറ്റായ വാക്കും പ്രവര്‍ത്തിയും കൊണ്ട് മലിനപ്പെടുത്താത്ത ഹജ്ജ് ചെയ്തവന്‍ മാതാവ് പ്രസവിച്ച ദിവസത്തെ ശുദ്ധതയോടെയാണ് മടങ്ങുക’
ഹജ്ജിനിടയില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു പെട്ടെന്ന് ഉത്തരം നല്‍കും. പ്രവാചകന്‍ പറഞ്ഞു: ‘ഹാജിമാരും ഉംറക്ക് വന്നവരും അല്ലാഹുവിന്റെ പ്രതിനിധി സംഘമാണ്. അവര്‍ പ്രാര്‍ത്ഥിച്ചാന്‍ അവന്‍ ഉത്തരം നല്‍കും. പാപമോചനം തേടിയാല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും.’
ഇവക്കെല്ലാം പുറമേ ഹജ്ജ് മഹത്തായ ഒരു ഐക്യ സന്ദേശമാണ്. വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ക്കുപരിയായി ഒരേ കര്‍മങ്ങളും ഇബാദത്തും ചെയ്യാന്‍ അത് ജനങ്ങളെ പ്രേരിപ്പിക്കുന്നു. എപ്പോഴും ഒന്നിച്ച് ഐക്യത്തോടെ നിലകൊള്ളണമെന്നും ഹജ്ജ് മുസ്‌ലിങ്ങളെ ഓര്‍മിപ്പിക്കുന്നു.

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles