Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് പുതിയ അല്ലാഹുവിനെ തേടിയുള്ള യാത്രയല്ല

ഹാജിമാര്‍ യാത്രയാവുകയാണ്. ലോകം ഈ യാത്രയയപ്പിന്റെ ഐക്യവേദിയായി മാറുകയാണ്. ലോകത്തിന്റെ അഷ്ടദിക്കില്‍ നിന്നും ഒരേ ലക്ഷ്യത്തിലേക്ക് ഒരേ സമയം ഒര മനോവ്യപാരത്തില്‍ ജനം യാത്രചെയ്യുകയാണ്. ഹജ്ജിന്റെ മാത്രം സവിശേഷതയാണത്. ഭൂതലങ്ങളും സമൂഹങ്ങളും വര്‍ണവും ഭാഷയും തരാതരം സമ്മേളിക്കുന്നു. അറബിയും ആംഗലേയനും ഫ്രഞ്ചും ഫാര്‍സിയും മലയയും മലയാളവും സ്വരഭേദങ്ങളോടെ ഇഴചേര്‍ന്നിരിക്കുന്നു ഈ വിശ്വമഹാ യാത്രയില്‍. ലോകം പുറപ്പെടുകയാണ്. അതെ, ലോകം യാത്രയയക്കുകയാണ്. ലോകത്തിന്റെ സത്ത കഅബയിലേക്ക് കടന്നുചെല്ലുകയാണ്. ലോകത്തിന്റെ ശ്രദ്ധ കഅബയെ ചുറ്റുകയാണ്. ഇനി നമസ്‌കാരത്തില്‍ മാത്രമല്ല കഅബ വിശ്വാസിയുടെ മാനസങ്ങളില്‍ സജീവ സാന്നിധ്യമാവുക. അവരുടെ വിചാര നിമിഷങ്ങളില്‍ ആ കറുത്ത കേന്ദ്രം കനം തൂങ്ങി നില്ക്കും. കറുപ്പിനഴകാണ് കഅബ. കറുപ്പ് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നില്ല. അത് വലിച്ചെടുക്കുകയാണ്. സ്വീകരിക്കുകയാണ്. ഉള്ളംകൊള്ളുകയാണ്. കഅബയില്‍ തട്ടി ഒന്നും വെറുതെ തിരിച്ചുപോകരുത്. എല്ലാം സ്വീകരിക്കുകയാണ് ആ വീട്. കാലഭേദമന്യെ ആ സ്വീകരണപ്രക്രിയ തുടരുകയാണ്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനകള്‍ അവിടെയുണ്ട്. പ്രവാചകരുടെ കണ്ണരര്‍ഥനകള്‍ അത് ആവാഹിച്ചിട്ടുണ്ട്.

ഒരു പുതിയ അല്ലാഹുവിനെ തേടിയുള്ള യാത്രയല്ല ഹജ്ജ്. പൂജിക്കപ്പെടാന്‍ അവിടെ സവിശേഷമായ ഒരു ദൈവമില്ല. അവിടെയൊരു നൈവേദ്യവും പ്രത്യേകമായി അര്‍പ്പിക്കാനില്ല. ഇവിടെയുള്ള അല്ലാഹു തന്നെയാണ് അവിടെയുമുള്ളത്. ഇവിടെ നാം തേടിയ അല്ലാഹുവിനോട് തന്നെയാണ് അവിടെയെത്തുന്ന ഹാജിക്കും ചോദിക്കാനുള്ളത്. ഇവിടെ സുജുദ് ചെയ്ത അതേ അല്ലാഹുവിനാണ് അവിടെയും കുമ്പിടുന്നത്. ഇവിടെ പ്രാര്‍ഥനകള്‍ കേട്ട അതേ അല്ലാഹുവാണ് അവിടെയും നമ്മെ കേള്‍ക്കാനുള്ളത്.

ഹജ്ജ് മാറ്റത്തിനുള്ള തയാറെടുപ്പാണ്. സ്വയം മാറുമെന്ന പ്രഖ്യാപനമാണ്. അല്ലാഹുവിന് സമ്പൂര്‍ണമായി വഴിപ്പെടുമെന്ന പ്രഖ്യാപനം. ഹാജിമാര്‍ നിര്‍വഹിക്കുന്നത്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്.. നീ എന്നെ വിളിച്ചിരിക്കുന്നു. ഇതാ ഞാന്‍ ഉത്തരം നല്കിയിരിക്കുന്നു. നിന്റെ വിളി കേട്ട് ഞാനിതാ എത്തിയിരിക്കുന്നു. ഇനി ഈ ജീവിതം നിനക്കുള്ളതാണ് നാഥാ. എവിടെ എപ്പോള്‍ എന്തിന് വിളിച്ചാലും തമ്പുരാനേ ഞാനിതാ റെഡി. എനിക്ക് മടിയില്ല. ആലസ്യം എന്നെ ബാധിക്കില്ല. അധൈര്യം എന്നെ പിന്നോട്ടടിപ്പിക്കില്ല. അക്ഷമ എന്നെ കീഴ്‌പെടുത്തില്ല. അഹംഭാവം എന്നെ ഭരിക്കില്ല. നഷ്ടബോധം എന്നെ പിന്‍വലിക്കില്ല. നിന്റെ മുമ്പില്‍ എനിക്കിനി ഒഴിവുകഴിവുകളില്ല. സധൈര്യം, സജീവമായി, സ്ഥിരോത്സാഹത്തോടെ ഞാനിതാ നിന്റെ കല്‍പനകള്‍ക്കായി കാത്തിരിക്കുന്നു. നിന്റെ ആഹ്വാനങ്ങള്‍ക്കു മുന്നില്‍ ഇനി ആലോചനയില്ല. നീ മുസ്‌ലിമാവണം എന്ന ആഹ്വാനം കേട്ടപാടെ ഞാനിതാ മുസ്‌ലിമായിരിക്കുന്നു’ എന്ന ഇബ്‌റാഹീമിന്റെ പ്രകൃതത്തിലേക്ക് ഞാനിതാ പരകായപ്രവേശം നേടിയിരിക്കുന്നു എന്നാണ് തല്‍ബിയത്തിന്റെ സന്ദേശം. ഈ പ്രഖ്യാപനമമാണ് ഹജ്ജിനെ ചൂഴ്ന്നാണ്ടിറങ്ങി നില്‍ക്കുന്നത്.
 
അതിനാല്‍ ഹാജി പുറപ്പെടുകയാണ്. ഇത് മരണത്തിലേക്കുള്ള പോക്കല്ല. ഹജ്ജിനുള്ള യാത്രചോദിക്കല്‍ മരണത്തിലേക്കുള്ള യാത്രചോദിക്കലല്ല. ഹജ്ജ് മരണവുമായല്ല ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ ജീവിതത്തിന്റെ സായം സന്ധ്യയല്ല ഹജ്ജിന് തെരഞ്ഞെടുക്കേണ്ടത്. തന്‍േറടത്തോടെയുള്ള അല്ലാഹുവിനെ മാത്രം പേടിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിന്റെ തുടക്കമാണ് ഹജ്ജ്. അത് ഒടുക്കമല്ല, ആരംഭമാണ്. ഹജ്ജ് കഴിഞ്ഞാല്‍ പിന്നെ മരിക്കണം എന്ന അബദ്ധം ആവര്‍ത്തിക്കുന്നവര്‍ ഹജ്ജിന്റെ ആത്മാവ് കണ്ടത്തെിയിട്ടില്ലാത്ത ഭോഷ്‌കന്മാരാണ്; അവരാണ് ദുനിയാവിലെ സാധുക്കള്‍. അല്ലെങ്കിലും മരണം വിശ്വാസിയുടെ മുന്നില്‍ ഒരു വിഷയമല്ല. അത് അതിന്റെ സമയത്ത് സംഭവിക്കും. അല്ലാഹു കണക്കാക്കിയ നിമിഷം വരെയുള്ളൂ ആയുസ്. അത് പിന്നെ നീണ്ടുപോവുകയില്ല.

അപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ളതാണ് ഹാജിയുടെ യാത്ര. തുടര്‍ജീവിതത്തിനുള്ള ഊര്‍ജ്ജ ്വീകരണത്തിനാണ് തല്‍കാലിമുള്ള ഈ വിടവാങ്ങല്‍. ജീവിതത്തിന് പുത്തന്‍ ഊടും പാവും പണിയുന്ന നവീകരണ പ്രക്രിയയാണ് ഹജ്ജ്. ‘അവന്റെ  മാതാവ് അവനെ പ്രസവിച്ച ദിവസം പോലെ’ സമ്പൂര്‍ണ വിമലീകരണമാണ് ഹജ്ജ് സാധിക്കുന്നത്.  അത്തരം വിശുദ്ധ വ്യക്തികളുടെ സാന്നിധ്യം ഈ നാടിന് ആവശ്യമുണ്ട്. ലോകത്തിനു മുന്നില്‍ പ്രകാശഗോപുരങ്ങളായി മാറുമെന്ന് പ്രതിജ്ഞയെടുക്കുന്ന ദൈവദാസന്മാര്‍ക്കേ  ഈ ഇരുണ്ട ലോകത്ത് നന്മയുടെ കൈത്തിരി പ്രകാശിപ്പിക്കാനാവൂ. അതിനാല്‍ ആവര്‍ത്തിക്കട്ടെ സജീവമായ ഒരു ജീവിതത്തിന്റെ തുടക്കമാണ് ഹജ്ജ്.

വിശുദ്ധ ഹറം ആത്മീയതയുടെ കേന്ദ്രമാണ്. ഹാജി ഒരു തീര്‍ഥാടകനാണ്. എന്നാല്‍ ആത്മീയതയുടെ പേരിലുള്ള അതിരുവിട്ട കോപ്രായങ്ങളില്ല. അട്ടഹാസങ്ങളും ആക്രോശങ്ങളുമില്ല. അവ്യക്തവും അനുകരണസാധ്യമല്ലാത്തതുമായ സങ്കീര്‍ണ. കര്‍മങ്ങളുമല്ല ഹജ്ജിലുള്ളത്. നടത്തവും, എറിയലും, ചുറ്റലും, കൂട്ടുചേരലും സമ്മേളിക്കലും, അറുക്കലും  തുടങ്ങി നമ്മുടെ സാധാരണ ജീവിതത്തിലെ സാധാരണ കര്‍മങ്ങള്‍ക്കപ്പുറം അവിടെ ഒന്നും നിര്‍വഹിക്കാനില്ല. പക്ഷേ അതിന് ഒരു വ്യവസ്ഥയും ചട്ടക്കൂടും ഉണ്ടെന്ന് മാത്രം. ആര്‍ക്കും  എളുപ്പത്തില്‍ ചെയ്യാവുന്ന ഈ സാധാരണ പ്രവൃത്തികള്‍ നിര്‍വഹിക്കുകയാണ് അവിടെ ചെയ്യാനുള്ളത്. എത്ര ലളിതം, എത്ര സുന്ദരം?. പ്രകൃതിയോടിണങ്ങി ഇത്രയും ലളിതമായി നിര്‍വഹിക്കാവുന്നതാണ് ഇസ്‌ലാമിലെ തീര്‍ഥയാത്ര. അവിടെ നേതാവിനും നീതനും, രാജാവിനും അനുചരനും പണക്കാരനും പാവപ്പെട്ടവനും ആരോഗ്യമുള്ളവനും ഇല്ലാത്തവനും എല്ലാവര്‍ക്കും  ചെയ്യാനുള്ളത് ഒരേ കര്‍മങ്ങള്‍. പണം മുടക്കി എളുപ്പത്തില്‍ തടിയൂരാനോ, സ്വാധീനമുപയേഗിച്ച് എളുപ്പം കര്‍മം! ചെയ്യാനോ സാധ്യമല്ല.
ഹജ്ജ് മഹാ അത്ഭുതമാവുകയാണ്… ഹാജിമാര്ക്ക്  സലാം…

Related Articles