Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹത്തിന്റെ സുഗന്ധം പരത്തുന്ന പള്ളികള്‍

ബഹ്‌റൈനിലെ അല്‍ ഫാത്തിഹ് മസ്ജിദിന്റെ പ്രവിശാലമായ  നടുത്തളം. ജുഫൈറില്‍ റോഡിനരികില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മനോഹരമായ ഈ പള്ളിക്കകത്ത് ക്ഷണവേഗം കൊണ്ട്  നിറഞ്ഞ സദസൊരുങ്ങിക്കഴിഞ്ഞു.  ലോക പ്രശസ്തനായ മത പ്രബോധകന്‍ നുഅ്മാന്‍ അലി ഖാന്റെ  പ്രഭാഷണം കേള്‍ക്കാനാണ് എല്ലാവരുമെത്തിയിരിക്കുന്നത്. തെളിമയുള്ള ആംഗലേയ ഭാഷയില്‍ നിശബ്ദതയിലേക്ക് ഒഴുകിയെത്തുന്ന  വാക്കുകള്‍. പ്രഭാഷകനെ സാകൂതം ശ്രവിക്കുന്ന അച്ചടക്കമുള്ള സദസ്. യുവതികളും യുവാക്കളുമാണ് അവരില്‍ കൂടുതല്‍ പേരും.ഇസ്‌ലാമിന്റെ നവജാഗരണത്തെ സ്വപ്നം കാണുന്ന ഒരു കൂട്ടം യുവാക്കളാണ് പരിപാടിയുടെ  സംഘാടകര്‍. സദസിലും നിറഞ്ഞ് കാണുന്നത് യുവത്വത്തിന്റെ ജീവന്‍ തുടിക്കുന്ന അടയാളങ്ങള്‍ തന്നെ.

പ്രവാസത്തിന്റെ ആദ്യനാളുകളില്‍ തന്നെ അറേബ്യന്‍ നാടുകളിലെ പള്ളികളുടെ സവിശേഷമായ പ്രകൃതങ്ങളില്‍ കണ്ണുടക്കിയിരുന്നു. നാഥനെ ആരാധിക്കാനുള്ള വിശുദ്ധ സ്ഥലികളില്‍ ഹൃദയഹാരിയായ പല തരം അനുഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും നാട്ടിന്‍ പുറത്തെ ചില  പള്ളികള്‍ ഒരു താരതമ്യ പഠനത്തിന് നിര്‍ബന്ധിക്കാനെന്ന പോലെ മനസിലേക്കുണര്‍ന്നു വരും. ആശങ്കകളും പ്രതീക്ഷകളും മാറിമറിഞ്ഞ് സമ്മിശ്രവികാരങ്ങളും കൂടെയെത്തും. എപ്പോഴാണ് നമ്മുടെ നാട്ടിലെ ചില പള്ളികള്‍ അതിന്റെ ആത്മാവിനെ വീണ്ടെടുക്കുക? നാഥനെ ആരാധിക്കാനുള്ള സവിശേഷമായ ഇടങ്ങള്‍ക്ക് അതര്‍ഹിക്കുന്ന വിശാലതയെ പുണരുവാന്‍ നാം അവസരം നല്‍കുന്നതെപ്പോഴാണ്?   പള്ളികള്‍ സ്വതന്ത്രമായി ജനിക്കുന്നു.. പക്ഷേ അവ ചങ്ങലകളില്‍ ഞെരിഞ്ഞമരുകയാണ് എന്ന് പുതിയ ആപ്തവാക്യം ചമച്ച് ചിന്തകളില്‍ അസ്വസ്ഥമാകുന്ന  മനസിനെ സാന്ത്വനിപ്പിക്കാറാണ് പതിവ്.

ദുര്‍ഗ്രഹവും ദുരൂഹവുമായ പരിസരമല്ല അറേബ്യയിലെ മസ്ജിദുകള്‍ക്കുള്ളത്.  ഹൃദയ പൂര്‍വം മനുഷ്യരെ സ്വാഗതം ചെയ്യുന്ന പ്രതലവും ആശ്വാസകേന്ദ്രവുമായി സ്‌നേഹത്തിന്റെ സുഗന്ധം പരത്തിയാണ് അവ ഇവിടങ്ങളില്‍  നിവര്‍ന്ന് നില്‍ക്കുന്നത്. പൂന്തോട്ടങ്ങള്‍ മുതല്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് വരെ സംവിധാനിച്ചിരിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങള്‍ പള്ളികളോട് ചേര്‍ന്ന് നില്‍ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉള്‍ക്കാഴ്ച അഭിനന്ദനീയം തന്നെ. ചെറുപ്പം മുതലേ കുട്ടികളുടെ ഹൃദയങ്ങളില്‍ പള്ളികള്‍ക്ക് സ്ഥാനം ലഭിക്കുന്ന രീതിയിലാണ് പള്ളികളുടെ നിര്‍മാണവും നടത്തിപ്പും.  വൈകുന്നേരങ്ങളിലല്‍ കളികള്‍ക്കിടയില്‍ മുഴുകവെ കര്‍ണപുടങ്ങളിലേക്ക് ഒഴുകിയെത്തുന്ന ബാങ്കൊലിക്ക് ഉത്തരം നല്‍കാന്‍ ഓടിയണയുന്ന ചെറുപ്പക്കാര്‍.  പള്ളികളില്‍ രക്ഷിതാക്കള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കവെ പുറത്തെ മിനി പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍. ആധുനിക സാങ്കേതിക വിദ്യയെ എങ്ങിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് നമ്മോട് പറഞ്ഞ് തരാന്‍ മിഹ്‌റാബിനടുത്ത് മേല്‍ത്തട്ടില്‍ നിന്ന് പൊടുന്നനെ താഴേക്കിറങ്ങി വരുന്ന പ്രൊജക്റ്റര്‍ സ്‌ക്രീനുകള്‍!

അല്‍ ഫാത്തിഹ് മസ്ജിദിന്റെ മുന്‍ വശത്ത്  പൊതുസമൂഹത്തെ പള്ളിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അറിയിപ്പ് കാണാം. വര്‍ഷത്തില്‍ പലതവണ സംഘടിപ്പിക്കാറുള്ള ഓപ്പണ്‍ ഹൗസില്‍ വ്യത്യസ്ത മതവിശ്വാസികളായ ആയിരങ്ങളാണ് ഒത്ത് കൂടാറുള്ളത്. ഗ്രാന്റ് മസ്ജ്ദിന്റെ കവാടത്തില്‍ തന്നെ  സ്ത്രീകള്‍ക്ക് പള്ളിക്കകത്തേക്ക് കയറും മുമ്പ് സന്ദര്‍ശിക്കാനുള്ള അബായ കൗണ്ടറുണ്ട്. ചെരിപ്പഴിച്ച് വെച്ച് പള്ളിയുടെ വിശാലതയിലേക്കിറങ്ങുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയുമായി സന്ദര്‍ശകരെ വരവേല്‍ക്കുന്നത് ഇസ്‌ലാമിനെ മനോഹരമായി പരിചയപ്പെടുത്താന്‍ പരിശീലനം സിദ്ധിച്ച പ്രബോധകര്‍. പള്ളിയുടെ എല്ലാ ഭാഗങ്ങളിലും അവരെ വളണ്ടിയര്‍മാര്‍ കൂട്ടിക്കൊണ്ട് പോകുന്നു. പള്ളിക്കകത്തെ ‘തുറന്ന’ വിശാലതയും ആതിഥേയരുടെ സ്‌നേഹ മസൃണമായ പെരുമാറ്റവും അനുഭവിച്ചവരൊക്കെയും അതെക്കുറിച്ച് സന്തോഷത്തോടെ അനുസ്മരിക്കാറുണ്ട്. ഇസ്‌ലാമിന്റെ ആരാധനാരീതികള്‍ മുതല്‍ ചരിത്രവും വര്‍ത്തമാനവും വരെ ചുരുക്കി വിവരിക്കുന്ന വളണ്ടിയര്‍മാര്‍.  സന്ദര്‍ശകരെ പുറത്ത് സംവിധാനിച്ചിരിക്കുന്ന ഹജ്ജ്, ഖുര്‍ആന്‍, ഹെന്ന, അറബി ഭാഷ, കാലിഗ്രാഫി, റിഫ്രഷ്‌മെന്റ് കൗണ്ടറുകളിലും അവര്‍ കൊണ്ട് പോകുന്നു. കൈകളില്‍ സമ്മാനങ്ങളും പുസ്തകങ്ങളും കൈമാറി ഒടുവില്‍ സ്‌നേഹത്തോടെ യാത്രയാക്കുന്നു.

ബഹ്‌റൈനിലെ മസ്ജിദുകളില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസുകളിലും പ്രഭാഷണ പരിപാടികളിലും നിറ സാന്നിധ്യമാണ് പുതുതലമുറയിലെ ഇസ്‌ലാമിക പ്രവര്‍ത്തകരായ വനിതകള്‍. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് പള്ളിയുടെ അകത്തളത്തില്‍ അവരുടെ  കൂടെ നടന്ന് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുന്ന സഹോദരിമാര്‍ ആദ്യമൊക്കെ ഒരു കൗതുകക്കാഴ്ചയായിരുന്നു. ഒരിക്കല്‍ നാട്ടില്‍ നിന്ന് ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ പ്രഭാഷകനെ ഞങ്ങള്‍ ഓപ്പണ്‍ ഹൗസിലെത്തിച്ചപ്പോള്‍ പള്ളിക്കകത്ത് ഒരുമിച്ചിരിക്കുന്ന വിവിധ മതവിശ്വാസികള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി സംസാരിച്ചത് സംഘാടകരിലൊരാളായ സ്വദേശി സഹോദരിയായിരുന്നു.  നാട്ടിലെ  പൊതുവിദ്യാലയത്തിനടുത്ത് അവിടെ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് നമസ്‌കരിക്കാനെന്ന് പറഞ്ഞ് പുതിയ പള്ളി പണിതപ്പോള്‍ വിദ്യാര്‍ഥിനികള്‍ക്കും പ്രാര്‍ഥിക്കാന് അവസരം നല്‍കിക്കൂടെയെന്ന് ആരാഞ്ഞവരോട് വഖഫ് ചെയ്ത സ്ഥലത്ത്  പറ്റില്ലെന്ന് കട്ടായം പറഞ്ഞ യാഥാസ്ഥികത്വം അന്നേരം മനസില്‍ ഒരു അസ്വസ്ഥതയായി പിടഞ്ഞു.

പുരുഷന് സ്ത്രീയോട് പ്രസംഗിക്കാമോ, സ്ത്രീകള്‍ക്ക് പള്ളി പ്രാപ്യമാണോ, വിശ്വാസികളല്ലാത്തവര്‍ക്ക് പള്ളിയില്‍ കയറാമോ എന്നൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമങ്ങളിലെ ചില പള്ളികള്‍ അറേബ്യന്‍ നാടുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന  ഈ സൗഹൃദ മിനാരങ്ങളെയും സ്‌നേഹ നിര്‍ഭരമായ ആദര്‍ശ പ്രബോധന പരിസരങ്ങളെയും നോക്കി നെടുവീര്‍പ്പുകളോടെ  എന്ത് പറയുന്നുണ്ടാകും?

Related Articles