Current Date

Search
Close this search box.
Search
Close this search box.

സ്വേഛാധിപത്യത്തെ ചെറുത്തു തോല്‍പിക്കേണ്ടതെങ്ങനെ?

dict.jpg

രാഷ്ട്രീയമോ, സാമ്പത്തികമോ, ഭരണപരമോ ആയ അധികാരത്തെ വ്യക്തിപരവും, തന്നിഷ്ടപ്രകാരവും കൈകാര്യം ചെയ്യുന്നതിനാണ് സ്വേഛാധിപത്യം എന്ന് വിളിക്കാറുള്ളത്. മറ്റുള്ളവരോട് കൂടിയാലോചിക്കാതെ, തീരുമാനമെടുക്കുന്നുതില്‍ മറ്റുള്ളവര്‍ക്ക് പങ്ക് നല്‍കാതെ പ്രവര്‍ത്തിക്കലാണത്.
ഇത്തരത്തിലുള്ള താന്‍പോരിമയും, തന്നിഷ്ടവും അക്രമത്തിലേക്ക് നയിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനം. മാത്രമല്ല ഒരിക്കലും അവസാനിക്കാത്ത ഒരു സാമൂഹിക പ്രതിഭാസമായി ഖുര്‍ആന്‍ അതിനെ വിലയിരുത്തുകയും ചെയ്തു. ‘വേണ്ട, മനുഷ്യന്‍ അതിക്രമകാരിയാണ്. അവന്‍ സ്വയം പോന്നവനായി കരുതുന്നു’ അലഖ് 6-7. ഇസ്‌ലാമിക സംസ്‌കാരത്തിലും, ശരീഅത്തധിഷ്ഠിത രാഷ്ട്രീയത്തിലും സ്വേഛാധിപത്യം ഏറ്റവും വെറുക്കപ്പെട്ട കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. അവിടെ കൂടിയാലോചനയിലൂടെ മാത്രമെ തീരുമാനമെടുക്കാവൂ. ഇസ്‌ലാമിക ചരിത്രത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ സ്വേഛാധിപത്യം ഇസ്‌ലാമിക രാഷ്ട്രങ്ങളെ വിഴുങ്ങിയിട്ടുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്ത്, വിശിഷ്യാ അവരിലെ പണ്ഡിതര്‍ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തു. ശക്തി പ്രയോഗിച്ചും വിപ്ലവം നടത്തിയും പ്രതികരിച്ചവര്‍ അവരിലുണ്ടായിരുന്നു. പേനകൊണ്ടും, നാവ് കൊണ്ടും ചെറുത്ത് നിന്നവരുമുണ്ടായിരുന്നു. ഹൃദയം കൊണ്ടും, ബഹിഷ്‌കരണം മുഖേനയും പോരാടിയവരുമുണ്ടായിരുന്നു. നന്മ കല്‍പിക്കലും, തിന്മ വിരോധിക്കലും നിര്‍ബന്ധ ബാധ്യതയാണെന്ന അടിസ്ഥാനത്തിന്‍ മേലാണ് ശരീഅത്തധിഷ്ഠിത രാഷ്ട്രീയം രൂപീകരിക്കപ്പെട്ടത്. ഇതാവട്ടെ പൊതു ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതും സാമൂഹിക ബാധ്യതയുമാണ്. വ്യക്തികളും സംഘങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണം. ഇതില്‍ നിന്നും പിന്മാറുന്ന പക്ഷം മുസ്‌ലിം ഉമ്മത്തിനാണ് പാപത്തിന്റെ ഉത്തരവാദിത്തം.
മുസ്‌ലിം ഉമ്മത്തിന് വിശുദ്ധ ഖുര്‍ആന്‍ ആശംസിക്കുന്ന നന്മ അല്ലെങ്കില്‍ മഹത്വം തീര്‍ത്തും നിബന്ധനാ വിധേയമാണ്. തിന്മയെ ഉഛാടനം ചെയ്യുന്നതുമായാണ് അതിന്റെ ബന്ധം. സ്വേഛാധിപത്യത്തിെയും താന്‍പോരിമയെയും ചെറുത്തു തോല്‍പിക്കലും അതിന്റെ തന്നെ ഭാഗമാണ്.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ വിശദീകരണം തിരുസുന്നത്താണല്ലോ. സ്വേഛാധിപത്യത്തെയും അതിക്രമത്തെയും തുടച്ച് നീക്കുന്നതിന്റെ പ്രാധാന്യം പ്രവാചക വചനങ്ങളില്‍ ധാരാളമായി പരാമര്‍ശിക്കപ്പട്ടിട്ടുള്ളതാണ്. പണ്ഡിതന്മാര്‍ അവ ഗ്രഹിക്കുകയും മിമ്പറുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പാഠ്യപദ്ധതികളില്‍ അവ ചേര്‍ക്കുകയും അത് മുഖേന സ്വതന്ത്രരായ ഒരു തലമുറയെ നിര്‍മിക്കുകയും വേണം. അതിക്രമകാരികളായ ഭരണാധികാരികളില്‍ നിന്നും മാനവകുലത്തെ മോചിപ്പിക്കാനാണ് തങ്ങളുടെ ദീന്‍ വന്നതെന്ന് അവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. അടിമത്വത്തിന്റെ ചങ്ങളകളും സ്വേഛാധിപത്യ ബന്ധനങ്ങളും തകര്‍ത്തെറിയുവാന്‍ അവരുടെ തൗഹീദ് പ്രേരകമാവേണ്ടതുണ്ട്.
ഏറ്റവും ഉന്നതമായ പോരാട്ടം അക്രമഭരണാധികാരിയുടെ മുമ്പില്‍ സത്യം ഉറക്കെ പറയലാണെന്ന് പഠിപ്പിച്ച ദര്‍ശനമാണ് നമ്മുടേത്.
അക്രമികളായ ഭരണാധികാരികള്‍ ഭാവിയില്‍ അധികാരം കയ്യാളുമെന്നും അവരോട് ചെറുത്ത് നില്‍ക്കല്‍ വിശ്വാസികളുടെ ബാധ്യതയാണെന്നും തിരുമേനി(സ) പഠിപ്പിക്കുന്നു.
എല്ലാ തിന്മകളെയും ഉഛാടനം ചെയ്യേണ്ടതുണ്ട്. സ്വേഛാധിപത്യം അവയില്‍ പ്രധാനമാണ്. കാരണം അതിന് കീഴില്‍ മറ്റ് എല്ലാ അക്രമങ്ങളും വളര്‍ത്തപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്യും. അക്രമങ്ങള്‍ തടയുന്നതിന് വേണ്ടി പ്രത്യേക സംഘങ്ങള്‍ നിലകൊള്ളേണ്ടതുണ്ട്. പ്രഗല്‍ഭരായ ആധുനിക പണ്ഡിതര്‍ ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. ഉദാഹരണമായ ശൈഖ് ഇമാം മുഹമ്മദ് അബ്ദുല്‍ സൂറഃ ആലു ഇംറാനിലെ നന്മകല്‍പിക്കുന്നതുമായി ബന്ധപ്പെട്ട വചനം വിശദീകരിച്ച് പറയുന്നത് മുസ്‌ലിം ഉമ്മത്ത് അതിന് വേണ്ടി പ്രത്യേക വിഭാഗത്തെ രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്.
തിന്‍മയും അക്രമവും അകറ്റാന്‍ വ്യവ്‌സഥാപിത മാര്‍ഗം സ്വീകരിക്കണമെന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. മറ്റ് എല്ലാ നിര്‍ബന്ധ ബാധ്യതകളെയും ചൂഴ്ന്ന് നില്‍ക്കുന്ന ഉത്തരവാദിത്തമാണത്. ഇതിന്റെ അഭാവത്തില്‍ വിശ്വാസികളുടെ സമൂഹം കേവലം ഒരു വ്യാമോഹം മാത്രമാണ്. സ്വേഛാധിപത്യത്തെ ചെറുക്കാന്‍ ഇസ്‌ലാമിക ശരീഅത്ത് നിലകൊണ്ടത് ഇപ്രകാരമായിരുന്നു. കാരണം സ്വേഛാധിപത്യം അരാജകത്വത്തിനനുയോജ്യമായ വിളനിലമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles