Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യമില്ലാതെ പിന്നെന്ത് ആഘോഷം

സ്വാതന്ത്യമെന്നത് സ്വപ്‌നമായി മാറുന്ന കെട്ടകാലത്തിലേക്കാണ് വീണ്ടും 68 വര്‍ഷങ്ങളുടെ ഗൃഹാതുരത്വ ഓര്‍മകളുണര്‍ത്തി ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നത്. ഈയൊരു സന്ദര്‍ഭത്തില്‍ നാം പൂര്‍വികരുടെ ത്യാഗസന്നദ്ധതകളെക്കുറിച്ച് അയവിറക്കാറുണ്ട്. സ്വാതന്ത്ര്യം എന്ന ആശയം തന്നെ ഏറെ വികലമാക്കപ്പെട്ടിരിക്കുകയാണിന്ന്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ മഹാരഥന്റെ ദേഹത്തേക്ക് നിറയൊഴിച്ച ഫാസിസത്തിന്റെ കിരാത ഹസ്തങ്ങളാണ് നമ്മുടെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. ജീവിതത്തിന്റെ അഖില മേഖലകളിലും ഫാസിസം അതിന്റെ നീരാളികൈകളാല്‍ പിടിമുറുക്കിയിരിക്കുകയാണ്. ഭരണീയരെ മറന്നും ഭരണഘടനയെ നിരാകരിച്ചും പൗരന്റെ മൗലികാവകാശങ്ങളോട് മുഖം തിരിച്ചുമുള്ള നിലപാട് അപലപനീയം തന്നെ.

മതം, സംസ്‌കാരം, ആവിഷ്‌കാരം, അഭിപ്രായം തുടങ്ങിയ മേഖലകളെല്ലാം ഭരണകൂട കങ്കാണിമാര്‍ അവരുടെ സ്വേഛാധിപത്യത്താല്‍ വരിഞ്ഞ് മുറുക്കിയിരിക്കുന്നു. കാടന്‍ നിയമങ്ങളും അഴകൊഴമ്പന്‍ നിലപാടുകളുമായി മുന്നോട്ട് പോവുന്ന ഭരണകൂടം പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുനേരെ കൂച്ച് വിലങ്ങിടുകയാണ്. ഈയൊരു ദിനത്തിന്റെ മഹത്വമോര്‍ത്തെങ്കിലും നമുക്ക് ഇത്തരം പാരതന്ത്ര്യങ്ങള്‍ക്കെതിരെ നീതിയുടെ പക്ഷം ചേര്‍ന്ന് എന്തെല്ലാം നിര്‍വഹിക്കാനാവുമെന്നതിനെപ്പറ്റി പുനരാലോചനകള്‍ നടത്താം. വര്‍ഷങ്ങളായി വിചാരണപോലും നേരിടാതെ കല്‍തുറുങ്കുകളില്‍ ഭേദിക്കപ്പെട്ട നിരപരാധികള്‍, ന്യൂനപക്ഷമെന്ന ചാപ്പകുത്തലുകള്‍ ഒരുവശത്തും, ഭീകരതയുടെയും തീവ്രവാദത്തിന്റെയും മുദ്രചാര്‍ത്തി മറുഭാഗത്തും, വര്‍ഗീയതയുടെയും ജാതീയതയുടെയും പേരുപറഞ്ഞ് ജനാധിപത്യ രാജ്യത്ത് ഒട്ടനവധിപേര്‍ പീഡനവും മര്‍ദനവുമേല്‍ക്കുന്നു. ഈയൊരു സാഹചര്യത്തില്‍ നമുക്കെങ്ങനെയാണ് സ്വാതന്ത്ര്യദിനം ‘സ്വതന്ത്ര’മായി ആഘോഷിക്കാന്‍ പറ്റുക? സ്വാതന്ത്ര്യമെന്നത് വെറും ഏട്ടിലെ പശുവായി പരിണമിക്കുന്ന പരിതസ്ഥിതിയിലാണ് നാം ജീവിക്കുന്നതെന്ന് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

സ്വാതന്ത്ര്യവും സമത്വവും നീതിയും അസ്തമിക്കുന്ന ആസുര കാലത്തിലേക്കാണല്ലോ നാം കാലെടുത്തുവെക്കുന്നതെന്ന ഉത്കണ്ഠ നമ്മെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇസ്‌ലാമിക ദൃഷ്ട്യാ എല്ലാവര്‍ക്കും തുല്യനീതിയും സമത്വവും സ്വാതന്ത്ര്യവും ജീവിതനൈരന്തര്യം ഉറപ്പ് നല്‍കുമ്പോഴും നിലനില്‍ക്കുന്ന കാലത്തിന്റെ കാലുഷ്യങ്ങളില്‍ കാലിടറിയാണ് ഓരോ വ്യക്തിയും ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അനീതിയുടെ അലര്‍ച്ചയും, അസ്വാതന്ത്ര്യത്തിന്റെ അസ്വാസ്ഥ്യവും, അസമത്വത്തിന്റെ അപഥ സഞ്ചാരവുമെല്ലാം നീതിയും സ്വാതന്ത്ര്യവും സമത്വവും പൂക്കുന്ന കാലത്തിനുമേല്‍ പോലും കടിഞ്ഞാണിടുന്ന തരത്തില്‍ ആപതിച്ച ഒരു കാലഘട്ടത്തില്‍ ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യദിനങ്ങള്‍ക്ക് സ്വതന്ത്രമായി ആഘോഷിക്കാന്‍ എന്തര്‍ഹതയാണുള്ളത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. മൗലിക സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി രോഷം മുറുക്കിയാല്‍ അതിനെ അധികാരബലം കൊണ്ട് അടിച്ചമര്‍ത്തി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കുത്സിതശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം അന്യദേശക്കാരന് വകവെച്ചുകൊടുക്കുന്ന സര്‍ക്കാറിന്റെ നയ സമീപനങ്ങള്‍ ഓര്‍മപ്പെടുത്തുന്നത് വീണ്ടുമൊരു സ്വാതന്ത്ര്യപോരാട്ടത്തിന് ആഹ്വാനം ചെയ്യുവാനാണ്. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചനം നേടാനുള്ള പുതിയ വഴികള്‍ വെട്ടിത്തെളിക്കാനുള്ള കാലോചിത ആലോചനകളാണ് നമ്മില്‍നിന്നുണ്ടാവേണ്ടത്. 

Related Articles