Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന് കാവലിരിക്കുക നാം

സ്വാതന്ത്ര്യത്തിന്റെ പൊന്‍കിരണങ്ങള്‍ വിരിഞ്ഞതിന്റെ സുന്ദരസ്മരണകള്‍ പുതുക്കുന്ന ഈ വേളയില്‍  താങ്കള്‍ക്ക് ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും നാം എന്നും ഉണര്‍ന്നിരിക്കുമെന്നു പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു.

ചെറുതും വലുതുമായ ചെറുത്തുനില്‍പുകള്‍, സാമൂഹികമത നവോഥാന ശ്രമങ്ങള്‍, സാഹോദര്യകൂട്ടായ്മകള്‍ എന്നിവയിലൂടെയാണ് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു നാം കെട്ടുകെട്ടിച്ചത്. ഒന്നാം സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രക്ഷോഭങ്ങള്‍, മലബാര്‍ പോരാട്ടം, വൈക്കം സത്യാഗ്രഹം, ഈഴവ മെമ്മോറിയല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ നിദര്‍ശനങ്ങളാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിലൂടെ നാം നേടിയ വിമോചനസ്വപ്നങ്ങള്‍ വീണ്ടും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയായി വന്ന് ഇന്ത്യപിടിച്ചടക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തതെങ്കില്‍ ഇന്ന് കോര്‍പറേറ്റ് ഭീമന്മാര്‍ ഇന്ത്യയെ വിലക്കുവാങ്ങിയിരിക്കുന്നു. അംബാനിഅദാനിമാരടങ്ങുന്ന കോര്‍പറേറ്റുകള്‍ അധികാരത്തെയും നയങ്ങളെയും  സ്വാധീനിക്കുമ്പോള്‍ നാല്‍പത് കോടിയിലധികം ജനങ്ങള്‍ വീടും ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ടു പരമ ദരിദ്രരായി കഴിയുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് മോദിയും അമിത്ഷായും ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന വംശീയധ്രുവീകരണങ്ങള്‍ വ്യത്യസ്ത രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി ന്യൂനപക്ഷങ്ങളില്‍ ഭീതി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ബീഫ് നിരോധം, നിലവിളക്ക് വിവാദം തുടങ്ങിയവയിലൂടെ ഭക്ഷണം, വസ്ത്രം, സംസ്‌കാരം എന്നിവയില്‍ ഏകാത്മക സംസ്‌കാരം അടിച്ചേല്‍പിക്കുന്നു. ബ്രീട്ടീഷ് ഭരണകാലത്തുള്ള പോലെ ഭീകര നിയമങ്ങള്‍ പടച്ചുണ്ടാക്കി ന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസികളെയും ജാമ്യംപോലും നിഷേധിച്ച് അന്യായമായി തടങ്കലില്‍ വെക്കുന്നു. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും തൃപ്തി പൊതുമനസ്സാക്ഷി ആക്കി മാറ്റുന്നു. ചിലര്‍ക്കുമാത്രം പാകമാകുന്ന കൊലക്കയറുകളും ചിലകൊടും ക്രിമിനലുകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകുന്നു.

അരക്ഷിതാവസ്ഥയും അടിച്ചമര്‍ത്തലുകളും വ്യാപകമാകുന്ന ഈ കാലത്ത് രാജ്യത്തിന്റെ വിമോചനസ്വപ്നങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിനും നാം കാവലിരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യദിനം ഓര്‍മകളുടെ മാത്രം വാര്‍ഷികമല്ല, പോരാട്ടങ്ങളുടെ പ്രഖ്യാപനം കൂടിയാണ്. ഈ നാടിന്റെ സാഹോദര്യബോധത്തെ വീണ്ടെടുക്കാനും ബഹുവൈവിധ്യങ്ങളെ നിലനിര്‍ത്താനും മര്‍ദ്ദിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് ശ്കതിപകരാനും നമുക്ക് കഴിയേണ്ടതുണ്ട്.

Related Articles