Current Date

Search
Close this search box.
Search
Close this search box.

സ്വന്തം ജനതയെയാണ് സീസി കൊന്നുതള്ളുന്നത്

സീനായ് പ്രവിശ്യയിലെ സ്വന്തം ജനതക്ക് എതിരെ തന്നെ ഈജിപ്ഷ്യന്‍ ഏകാധിപത്യ ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളുടെ അളവിലേക്ക് വെളിച്ചം വീശുന്നതാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട് പുതിയ റിപ്പോര്‍ട്ട്.

2013 ജൂലൈയില്‍ അട്ടിമറിയിലൂടെ അധികാരത്തില്‍ വന്നത് മുതല്‍ക്ക്, ഈജിപ്ഷ്യന്‍ പട്ടണമായ റഫയിലെ ചുരുങ്ങിയത് 3255 വീടുകളും, വ്യാപാരസ്ഥാപനങ്ങളും, കെട്ടിടങ്ങളും സൈന്യം തകര്‍ത്തിട്ടുണ്ട്. സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോകാന്‍ നിരപരാധികളായ ആ ജനത നിര്‍ബന്ധിതരായി. പലപ്പോഴും അറിയിപ്പുകളൊന്നും നല്‍കാതെയാണ് സൈന്യം വീടുകള്‍ തകര്‍ക്കാന്‍ എത്താറുള്ളത്. കാര്യമായ നഷ്ടപരിഹാരമൊന്നും വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ലഭിക്കാറുമില്ല. ഇനി ലഭിച്ചാല്‍ തന്നെ വളരെ തുച്ഛവുമായിരിക്കും.

്‌സീസിയുടെ സൈന്യത്തിന്റെ കൈകളാല്‍ ദുരിതമനുഭവിക്കേണ്ടി വന്ന ഒരു ഇരയുടെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ‘സൈനികര്‍ക്ക് വേണ്ടി ഞാനായിരുന്നു ഭക്ഷണവും ചായയും ഉണ്ടാക്കിയിരുന്നത്, ഞങ്ങളുടെ ഒലീവ് മരത്തിന്റെ ചുവട്ടില്‍ അവര്‍ വന്ന് തണല്‍ കായുമായിരുന്നു… എന്റെ ഉമ്മ എന്നോട് പറഞ്ഞു : ‘ഈ മരത്തിനെ സംരക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. ഇതു കൊണ്ടാണ് നിനക്ക് ഞാന്‍ ഭക്ഷണം തന്നതും, നിന്നെ വളര്‍ത്തി വലുതാക്കിയതും. യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് പോലും, ഈ മരത്തില്‍ നിന്നും ലഭിക്കുന്ന എണ്ണ കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചത്.’ ഇപ്പോള്‍ ഈ മരത്തെ കെട്ടിപിടിച്ച് ഉമ്മ വെച്ച്, ‘എനിക്ക് മാപ്പുതരണം ഉമ്മാ, എനിക്ക് എന്ത് ചെയ്യാന്‍ കഴിയും’ എന്ന് പറയുകയല്ലാതെ വേറൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല.’

ഫലസ്തീന്‍ അതിര്‍ത്തിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് റഫ. ഗസ്സ സിറ്റിക്ക് തൊട്ടടുത്ത്. ചരിത്രപരമായി ഈ രണ്ടു സ്ഥലങ്ങളും ഒരൊറ്റ പട്ടണമായിരുന്നു. പക്ഷെ ആളുകള്‍ പറയുന്നത് പോലെ, ഈ ജനത അതിര്‍ത്തി കടക്കാത്തത് കാരണം, അതിര്‍ത്തി അവര്‍ക്കിടയിലൂടെ കടന്നു പോയി എന്നു മാത്രം.

2007 മുതല്‍ക്ക് കൂടുതല്‍ കര്‍ക്കശമായ രൂപത്തില്‍ ഇസ്രായേല്‍ ഗസ്സയെ ഉപരോധിച്ചു. ഭൂമിക്കടിയിലൂടെ നിര്‍മിച്ച തുരങ്കങ്ങള്‍ വഴിയാണ് പിന്നീട് ഗസ്സയിലേക്ക് ആവശ്യമായ ഭക്ഷണവും ജീവന്‍ നിലനിര്‍ത്താനുള്ള മറ്റു അടിസ്ഥാന സാധനസാമഗ്രികളും എത്തിയത്. 2006-ല്‍ നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഗസ്സയിലെ ജനങ്ങള്‍ ഹമാസിനെ തെരഞ്ഞെടുത്തു. ഇതിന് പ്രതികാരമെന്നോണമാണ് ഭക്ഷണവും മരുന്നും നിഷേധിച്ചു കൊണ്ടുള്ള മനുഷ്യത്വരഹിതമായ ഉപരോധം ഇസ്രായേല്‍ അധിനിവേശ സര്‍ക്കാര്‍ ഗസ്സക്ക് മേല്‍ ഏര്‍പ്പെടുത്തിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും ഈ ചെറിയ തീരദേശപ്രദേശത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ ആയുധങ്ങള്‍ കൊണ്ടുവരുന്നതിനായും ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ പ്രസ്തുത തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പക്ഷെ, 2013 ജൂലൈ മാസത്തില്‍ ഈജിപ്ഷ്യന്‍ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത് മുതല്‍ക്ക് കാര്യങ്ങള്‍ മാറി. ഗസ്സയിലെ ജനങ്ങളുടെ ഏക ആശ്വാസമായ നിരവധി തുരങ്കങ്ങളാണ് അബ്ദുല്‍ ഫത്താഹ് സീസിയെ സൈന്യം തകര്‍ത്തു തരിപ്പണമാക്കിയത്. ഗസ്സയിലെ ജനങ്ങള്‍ക്ക് ഇനി തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത വിധം വെള്ളെക്കെട്ടുക്കളും, ഭൂമിക്കടിയില്‍ കോണ്‍ക്രീറ്റ് മതിലുകളും സൈന്യം നിര്‍മിച്ചു.

ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടേത് ശരിക്കുമൊരു കിരാതവാഴ്ച്ച തന്നെയാണ്. എതിരഭിപ്രായങ്ങളെ ഒരുകാരണവശാലും വെച്ചു പൊറുപ്പിക്കുകയില്ല. പ്രതിഷേധ പ്രകടനം നടത്തിയവര്‍ തെരുവില്‍ വെടിയേറ്റ് വീണു, 2013 ആഗസ്റ്റ് മാസത്തില്‍ ഒരു ദിവസം മാത്രം കൊല്ലപ്പെട്ടത് 800 പേരാണ്. ഈജിപ്തിലെ സൈനിക ഭരണകൂടം നടത്തിയതും നടത്തി കൊണ്ടിരിക്കുന്നതുമായ രക്തച്ചൊരിച്ചിലിന്റെയും ദുര്‍ഭരണത്തിന്റെയും അനന്തരഫലമായാണ്, നിര്‍ഭാഗ്യകരമെന്നു പറയട്ടെ സീനായ് പ്രവിശ്യയില്‍ സായുധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടത്.

ഇതിലൊന്നാണ് അന്‍സാര്‍ ബൈത്തുല്‍ മഖ്ദിസ് എന്ന സായുധ സംഘം. ഈ സംഘം ഇസ്‌ലാമിക് സ്റ്റേറ്റിനോട് കൂറു പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുപ്പതിലധികം ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണം നടത്തിയത് ഈ സംഘമായിരുന്നു.

ഈ സംഘം ഒരു ഭീഷണി തന്നെയാണ്. അതേ സമയം സീനായ് മേഖലയിലെ മുഴുവന്‍ സിവിലിയന്‍മാര്‍ക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കുകയാണ് പട്ടാള ഭരണകൂടം ചെയ്തത്. ഇത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുക തന്നെ ചെയ്യും.

റഫയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തിട്ടുണ്ട്. മൊത്തം പ്രദേശവും പട്ടാളം തകര്‍ത്തു തരിപ്പണമാക്കി, വീടുകള്‍ ബോംബ് വെച്ച് തകര്‍ത്തു. ഈജിപ്തിനും ഗസ്സക്കും ഇടയില്‍ ഒരു ‘ബഫര്‍ സോണ്‍’ ഉണ്ടാക്കുകയാണെത്രെ പട്ടാള ഭരണകൂടത്തിന്റെ ഉദ്ദേശം.

‘ഭീകരവാദികള്‍’ ഗസ്സയില്‍ നിന്നും ഈജിപ്തിലേക്ക് ആയുധങ്ങല്‍ കടത്തുന്നുണ്ടെന്നും, ഈജിപ്തിനെ ആക്രമിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും, ഇക്കാരണത്താലാണ് സൈന്യം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നുമാണ് ഈജിപ്ഷ്യന്‍ പട്ടാളത്തിന്റെയും, ഭരണകൂടത്തിന് ഓശാന പാടുന്ന മാധ്യങ്ങളുടെയും അവകാശവാദങ്ങള്‍. പക്ഷെ ഗസ്സയില്‍ നിന്നും ഈജിപ്തിലേക്ക് ആയുധങ്ങള്‍ കടത്തുന്നതിന് യാതൊരു തെളിവും ഹാജറാക്കാന്‍ അവര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ല.

ഗസ്സയുടെ നിയന്ത്രണം കൈയ്യാളുന്ന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘമായ ഹമാസ്, തങ്ങള്‍ അല്‍ഖാഇദക്കെതിരെയും, ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുമാണെന്ന് വാക്കാലും പ്രവര്‍ത്തിയാലും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് ഹമാസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. ഗസ്സയില്‍ വേരോടാനുള്ള ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ശ്രമങ്ങള്‍ ഹമാസ് തുടക്കത്തിലേ തകര്‍ക്കുകയും ചെയ്തിരുന്നു.

ഹമാസും മറ്റു ചെറുത്തുനില്‍പ്പ് സംഘങ്ങളും ഗസ്സയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ശരി തന്നെയാണ്. അതേ സമയം, ഗസ്സയില്‍ നിന്നും തീവ്രവാദികള്‍ ഈജിപ്തിലേക്ക് ആയുധം കടത്തുന്നുണ്ടെന്ന ഈജിപ്തിന്റെ അവകാശവാദം തെളിയിക്കുന്ന ആധികാരിക റിപ്പോര്‍ട്ടുകളൊന്നും തന്നെ ലഭ്യമല്ല. ഹമാസിനും ഇസ്‌ലാമിക് സ്‌റ്റേറ്റിനും ഇടയിലുള്ള തുറന്ന ശത്രുത പരിഗണിക്കുമ്പോള്‍, ഈജിപ്തിന്റെ അവകാശവാദത്തിലെ പൊള്ളത്തരം ബോധ്യപ്പെടും.

അമേരിക്കയുടെ എല്ലാവിധ പ്രോത്സാഹനവും, സാമ്പത്തിക സഹായവുമുള്ള ഈജിപ്തിലെ പട്ടാള  ഭരണകൂടം, മേഖലയിലെ ഇസ്രായേല്‍ താല്‍പ്പര്യങ്ങളും, ഉത്തരവുകളും നടപ്പിലാക്കുകയാണെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. സീസിയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഉദ്ദരിക്കുന്നുണ്ട്. ‘സീനായ് പ്രവിശ്യക്ക് മേലുള്ള നമ്മുടെ പരമാധികാരം ഉറപ്പാക്കുന്നിന് വേണ്ടിയാണ് നാം സുരക്ഷാ നടപടികള്‍ കൈകൊള്ളുന്നത്. അയല്‍രാജ്യങ്ങള്‍ക്കെതിരെയും, ഇസ്രായേലിനെതിരെയും നമ്മുടെ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം നടത്താന്‍ നാം ആരെയും അനുവദിക്കില്ല.’

എന്റെ സഹപ്രവര്‍ത്തകന്‍ അലി അബൂ നിമാഹ് എഴുതിയത് പോലെ: ‘1970-ല്‍ ഈജിപ്തും ഇസ്രായേലും എത്തിച്ചേര്‍ന്ന സമാധാന ഉടമ്പടിക്ക് ശേഷം, ഈജിപ്തിലെ വരേണ്യ ഭരണവര്‍ഗം സ്വീകരിച്ച ഫലസ്തീന്‍ വിരുദ്ധ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് സീസിയുടെ ഇസ്രായേല്‍ വിധേയത്വം. പക്ഷെ മുന്‍ഭരണാധികാരികളേക്കാള്‍ കൂടുതല്‍ കടപ്പാട് ഇസ്രായേല്‍ ലോബികളോട് സീസിക്കുണ്ട്. കാരണം പ്രസ്തുത ഇസ്രായേല്‍ ലോബിയാണ് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലേറിയ സീസിയുടെ പട്ടാളഭരണകൂടത്തെ പിന്തുണക്കാന്‍ ബറാക് ഒബാമയുടെ അമേരിക്കന്‍ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടത്.’

ഈജിപ്ഷ്യന്‍ പട്ടാള ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് പോലെയുള്ള സംഘങ്ങളുടെ വളര്‍ച്ചക്ക് മാത്രമേ സഹായകമാകൂ. ജനാധിപത്യത്തിന്റെ തിരിച്ചു വരവ് മാത്രമാണ് ഈജിപ്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles