Current Date

Search
Close this search box.
Search
Close this search box.

സ്വകാര്യതയിലേക്ക് ഭരണകൂടങ്ങള്‍ ഇങ്ങനെ എത്തിനോക്കുന്നതെന്ത്?

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ഗുജറാത്ത് പോലിസിന്റെ ചാരക്കണ്ണ് സംസ്ഥാനത്തു സര്‍വവ്യാപിയെന്നും മോഡിയുമായി ഇടഞ്ഞുനില്‍ക്കുന്നവരും എതിരഭിപ്രായം പറയുന്നവരും ശക്തമായ നിരീക്ഷണവലയത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പോലിസ് ഓഫിസര്‍മാരുടെയുമെല്ലാം വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ട്. മോഡിയുമായി ബന്ധമുള്ള ആര്‍ക്കിടെക്ടായ ബാംഗ്ലൂര്‍ സ്വദേശിനിയുടെയും ഈ ബന്ധം അറിയാവുന്ന മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തുകയും 24 മണിക്കൂറും പോലിസിനെ ഉപയോഗിച്ചു നിരീക്ഷിക്കുകയും ചെയ്ത മോഡിയുടെ പോലിസ്‌നടപടി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ആറുമാസംകൊണ്ട് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഗുജറാത്ത് ഡി.ജി.പി. പോലും അറിയാതെയാണ് മോഡിയുടെ ചാരന്മാര്‍ ചോര്‍ത്തിയത്. സര്‍വീസിലിരിക്കെ കഴിഞ്ഞ ആഗസ്തില്‍ അന്തരിച്ച മുന്‍ ഡി.ജി.പി. അമിതാഭ് പഥക് തന്നെയാണ് ഈ സത്യം വെളിപ്പെടുത്തിയതും.

അഭിമാനം എന്നത് ഏതൊരു മനുഷ്യനിലും നൈസര്‍ഗികമായി ഉള്‍ച്ചേര്‍ന്ന ഒരു ഗുണമാണ്.  അഭിമാന സംരക്ഷണം എന്നത് മൗലികാവകാശങ്ങളില്‍ വളരെ പ്രധാനപ്പെട്ടതുമാണ്. അതിനാല്‍ തന്നെ തന്റെ അഭിമാനത്തിനേല്‍ക്കുന്ന ഏത് നേരിയ ക്ഷതംപോലും മനുഷ്യനെ അസ്വസ്ഥനാക്കുന്നത് കാണാം. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച ആകാശത്തിന്റെ അത്യുയരങ്ങളിലേക്ക് പറക്കാനും സമുദ്രത്തിന്റെ അഗാധതയില്‍ ഊളിയിടാനും മാത്രമല്ല മനുഷ്യനെ പ്രാപ്തനാക്കിയത്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അത് വലിയ തോതില്‍ ഇടവരുത്തിയിട്ടുണ്ട്. അതിന്റെ ദുരന്തങ്ങളാണ് ആഗോള തലത്തില്‍ നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വീട്ടിലേക്ക് കടന്നുകയറുന്നത് പോലെ തന്നെ അപകടകരമാണ്, അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമാണ് അയാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും.

സുരക്ഷയുടെ പേരില്‍ തുണിയുരിഞ്ഞ് പരിശോധിക്കുന്നതു മുതല്‍ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥന്മാരുടെയും ഫോണുകളും മെയിലുകളും വലിയ രാഷ്ട്രങ്ങള്‍ മുതല്‍ ഭരണകൂട സംവിധാനങ്ങള്‍ വരെ ഇന്ന് ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. ഭരണകൂടങ്ങള്‍ ജനങ്ങളില്‍ നിന്ന് ബഹുദൂരം അതിവേഗം അകന്നുകൊണ്ടിരിക്കുകയും അവരെ കുറിച്ച് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് അരക്ഷിതബോധം മൂലം ജനങ്ങളുടെ സ്വകാര്യതയില്‍ കൈവെക്കാന്‍ പോലും അവര്‍ മടിക്കാത്തത്. സ്വന്തം ജനതയെയും മറ്റും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തവര്‍ ഇതിലൂടെ അനേകം കുഴപ്പങ്ങളിലാണ് എത്തിച്ചേരുക.

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പൗരന്മാരുടെ ഇമെയിലുകള്‍ ചോര്‍ത്തിയ അമേരിക്കന്‍ ഭരണകൂടം ലോകത്തിനു മുമ്പില്‍ തലയില്‍ മുണ്ടിട്ട് നില്‍ക്കുന്നതും സഖ്യകക്ഷികള്‍ വരെ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനും നാം സാക്ഷിയായതാണ്. അമേരിക്കന്‍ ചാരവലയത്തിന്റെ കരാര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രഹസ്യങ്ങള്‍ അമേരിക്ക കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും പൊയ്മുഖമാണ് പിച്ചിചീന്തിയത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും തത്വങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഭാഗമാണെന്നു ഉദ്‌ഘോഷിച്ചവര്‍ ആ തത്വങ്ങളെല്ലാം കാറ്റില്‍ പറത്തുകയും തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ഉപയോഗപ്പെടുത്തുന്നതെന്നും പകല്‍ പോലെ വ്യക്തമായിരിക്കവെയാണ് ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ സര്‍ക്കാറിന്റെ നീചമായ ഫോണ്‍ചോര്‍ത്തലും ചാരപ്പണിയും വിവാദമായിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ചാരശൃംഘലയായ ഇസ്രായേലും അമേരിക്കയും സഞ്ചരിക്കുന്ന നേര്‍രേഖയില്‍ തന്നെയാണ് ആധുനിക ഭാരതത്തിന്റെ വികസന നായകനും ചുവട് വെക്കുന്നത് എന്ന് ഉറപ്പിക്കാനുള്ള ഏറ്റവും മികച്ച ഉദാഹരണവും ഇതുതന്നെയാണ്.

ഒരു സാധാരണക്കാരന്‍ ഏതെങ്കിലും ആയുധങ്ങളുപയോഗിച്ച് ഒരാളെ കൊലപ്പെടുത്തിയാല്‍ കൊലയാളി എന്നവനെ നാം വിളിക്കും. എന്നാല്‍ അത്യാധുനികമായ ആയുധങ്ങള്‍ ഉപയോഗിച്ച് പതിനായിരങ്ങളെ ക്രൂരമായി കൊലചെയ്യുന്നവര്‍ നമ്മുടെ ദൃഷ്ടിയില്‍ കൊലയാളിയോ ഭീകരവാദിയോ അല്ല. ഭരണകൂടങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെയും ചാരപ്പണി നടത്തുന്നതിനെയും അത്തരത്തില്‍ തന്നെയാണ് സമൂഹം വീക്ഷിക്കുന്നത്.

ജനാധിപത്യത്തെ കുറിച്ച് തരിമ്പെങ്കിലും ആദരവുള്ളവര്‍ക്ക് അറപ്പുളവാക്കുന്ന പ്രവര്‍ത്തിയാണ് ഫോണ്‍ചോര്‍ത്തല്‍. അന്തസാര ശൂന്യരായ ഭീരുക്കളാണ് എവിടെയും ഇത്തരം നീചകൃത്യങ്ങളില്‍ അഭയം തേടുന്നത്. ഇസ്‌ലാം മൗലികാവകാശങ്ങളിലുള്‍പ്പെടുത്തുകയും വളരെ പ്രാധാന്യം നല്‍കുകയും ചെയ്ത വിഷയമാണ് അഭിമാനം. അഭിമാന സംരക്ഷണാര്‍ഥം ജീവത്യാഗം ചെയ്യുന്നവരെ രക്തസാക്ഷി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന നിസ്സാരമായ പ്രവര്‍ത്തനങ്ങളെ പോലും വളരെ ഗൗരവത്തോടെ സമീപിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്തത് കാണാം. സ്വകാര്യതയിലേക്കുള്ള ഇത്തരം എത്തിനോട്ടം വ്യക്തിയുടെ ഭാഗത്ത് നിന്നാലായും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നായാലും അത് ഗുരുതരമാണ്. പരസ്പരം വിശ്വാസത്തിലെടുത്തും സ്ാഹോദര്യം പങ്കുവെച്ചും മുന്നോട്ട് പോകുന്നവര്‍ക്കാണ് സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കുക. എല്ലാവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വിറളിപിടിച്ചു നടക്കുന്നവര്‍ക്ക് ഒരിക്കലും സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കുകയില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരുടെ ക്ഷേമത്തിനായി നിലകൊള്ളുകയും ചെയ്തതിനാലാണ് ഖലീഫ ഉമറിന് ഈത്തപ്പനയോലയില്‍ സുഖമായി ഉറങ്ങാന്‍ കഴിഞ്ഞത്. വലിയ സാമ്രാജ്യങ്ങളുടെ അധിപന്മാരും ആയുധങ്ങളുടെ മേല്‍ അടയിരിക്കുകയും ചെയ്യുന്ന അഭിനവ ഫറോവമാര്‍ സ്വന്തം ഉദ്യോഗസ്ഥന്മാരെയും കൂട്ടാളികളെയും പോലും വിശ്വസിക്കാനാകാതെ വിറളിപൂണ്ട് ചാരക്കണ്ണുകളുമായി ഉറക്കമൊഴിച്ച് നടക്കേണ്ട ഗതിവരുന്നത് ഇതിന്റെ അഭാവം തന്നെയാണ്. വിശ്വാസം, അതല്ലെ എല്ലാം!!

Related Articles