Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയും പൊതുപ്രവര്‍ത്തനവും

പ്രബോധന പ്രവര്‍ത്തനങ്ങളുടെയും പൊതു സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന പരിശീലന കളരിയായിരുന്നു പ്രവാചകന്റെ പാഠശാല. അപരിഷ്‌കൃതരും പരുക്കരുമായിരുന്ന ഗ്രാമീണ അറബികളെ ഉന്നതമായ നാഗരികതയുടെ ഉടമസ്ഥരാക്കിയ ഐതിഹാസിക വ്യവസായ ശാലയായിരുന്നു അത്. രാത്രി സന്യാസികളും പകല്‍ പോരാളികളുമായ ഒരു സമുദായത്തെ അവിടെ നിന്ന് പ്രവാചകന്‍ വളര്‍ത്തിയെടുത്തു.

സ്ത്രീകളും ഈ മദ്‌റസയില്‍ പഠിതാക്കളായിരുന്നു. അവരതില്‍ പരിശീലനം നേടി. ആ പരിശീലനക്കളരിയില്‍ നിന്നവര്‍ വിജയിച്ച് പുറത്തുവന്നു. പ്രബോധനത്തിന്റെയും പ്രചാരണത്തിന്റെയും ചരിത്രത്തില്‍ വ്യതിരിക്തമായ താളുകളായിരുന്നു ഈ പരിശീലനകളരിയില്‍ നിന്ന് പുറത്തുവന്നവര്‍ സൃഷ്ടിച്ചത്. പ്രവാചകന്‍ മരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു സമൂഹത്തിനെത്താവുന്നതില്‍ ഏറ്റവും ഉന്നതിയിലെത്തിയിരുന്നു അവര്‍. ശുദ്ധിയിലും വൃത്തിയിലും ഇന്നേവരെ ഒരു സമൂഹത്തിനും എത്തിച്ചേരാന്‍ കഴിയാത്ത ഉയരത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. പതിനായിരത്തോളം വരുന്ന സ്വഹാബികളായിരുന്നു ഈ മദ്‌റസയില്‍ നിന്ന് പുറത്തുവന്നത്. അതില്‍ ആയിരക്കണക്കിന് സ്വഹാബി സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകളെ കേവലം ചരക്കായികണ്ട് അവരെ അനന്തരമെടുക്കുകയും കുഴിച്ചുമൂടുകയും ചെയ്തിരുന്ന സമൂഹത്തില്‍ നിന്നാണ് ആര്‍ജ്ജവവും വ്യതിരിക്തതയുമുള്ള സ്വഹാബി വനിതകള്‍ ഉണ്ടായത് എന്നത് പ്രസ്താവ്യമാണ്.

ആര്‍ജ്ജവമുള്ള ഈ സ്വഹാബി വനിതകള്‍ മതകാര്യങ്ങളിലെ പാണ്ഡിത്യത്തില്‍ മുമ്പന്തിയിലായിരുന്നു. അതുപോലെ പ്രവാചകനില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അതില്‍ നിന്ന് നിയമനിര്‍ദ്ധാരണം നടത്തുന്നതിലും (ഇജ്തിഹാദ്) ഇവര്‍ പിന്നിലായിരുന്നില്ല. പ്രസംഗത്തിലും സാഹിത്യത്തിലും പുരുഷന്മാരെ വെല്ലുന്ന കഴിവുകളുള്ള ചില സ്ത്രീകളും പ്രവാചകന്റെ ശിഷ്യകളിലുണ്ടായിരുന്നു. അപ്രകാരം ധാരാളം പൊതു പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്ക് വഹിച്ചിരുന്നു. ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ടും അല്ലാഹു സ്ത്രീകള്‍ക്ക് നല്‍കിയ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുമായിരുന്നു അവരിതെല്ലാം ചെയ്തത്.

പ്രവാചകന്റെ മാതൃകാ സമൂഹം പുരുഷന്റെയും സ്ത്രീയുടെയും പങ്കാളിത്തത്തോടെയായിരുന്നു കെട്ടിപ്പടുക്കപ്പെട്ടതെന്നും നിലനിന്നതെന്നുമാണ് ചരിത്രം തെളിയിക്കുന്നത്. നമസ്‌കാരം മുതല്‍ യുദ്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും സ്ത്രീയും പുരുഷനും അവരവരുടെ പങ്ക് വഹിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും വേറിട്ട രണ്ട് സമൂഹങ്ങളായിരുന്നില്ല. അവര്‍ക്കിടയില്‍ തുറക്കാനൊരു വാതിലുമില്ലാത്ത മതിലുകളുമുണ്ടായിരുന്നില്ല.

അന്യസ്ത്രീയും പുരുഷനും ഒരിടത്ത് ഒറ്റക്കാവുന്നതിനെയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നത്. അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെയോ ജോലിചെയ്യുന്നതിനെയോ ഇസ്‌ലാം വിലക്കുന്നില്ല. ഇസ്‌ലാമിക പരിധികള്‍ പാലിക്കുന്നുണ്ടെങ്കില്‍ പൊതു-സാമൂഹ്യ രംഗങ്ങളില്‍ പരസ്പരം സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആകാവുന്നതാണ്. മാത്രമല്ല ദൈവവിധികളെ നടപ്പിലാക്കേണ്ടതും സൂക്ഷിക്കേണ്ടതും സ്ത്രീ-പുരുഷന്മാരുടെ തുല്യ ബാധ്യതയാണ്. ഒരു വിഭാഗത്തിന്റേത് മാത്രമല്ല.

വിവാഹം നിഷിദ്ധമായ ബന്ധു കൂടെയില്ലാതെ ഒരാണും പെണ്ണും ഒറ്റക്കാവുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. ഇമാം ബുഖാരി അബ്ദുല്ലാ ബിന്‍ അബ്ബാസില്‍ നിന്നും ഉദ്ധരിക്കുന്ന നബിവചനത്തില്‍ അത് ഖണ്ഡിതമായി പറയുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു: ‘വിവാഹം നിഷിദ്ധമായ ബന്ധുവിന് കൂടെയല്ലാതെ ഒരാണും പെണ്ണും ഒറ്റക്കാവരുത്.’

ഇസ്‌ലാമികമായ ഈ ഉന്നത മര്യാദ പാലിച്ചുകൊണ്ടു തന്നെയാണ് ചരിത്രത്തില്‍ ഇസ്‌ലാമിക നാഗരികതയില്‍ സമദായങ്ങളും രാഷ്ട്രങ്ങളും കടന്നുപോയിട്ടുള്ളത്. അവിടെയെല്ലാം പൊതുപ്രവര്‍ത്തനങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ സ്ത്രീയും പുരുഷനും ഒറ്റക്കാവരുതെന്ന ഇസ്‌ലാമിക കല്‍പന പാലിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അരാജകവാദികളായ ചില പിന്‍ഗാമികളാണ് ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീ-പുരുഷ ബന്ധത്തിലെ നിഷ്‌കളങ്കതയെ മലിനപ്പെടുത്തിയത്. ഇസ്‌ലാമിക സമൂഹത്തിലെ വളരെ ചെറിയ വിഭാഗം മാത്രമാണവര്‍. അവരാണ് നമ്മുടെ സ്ത്രീകളെ ജാഹിലിയ്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്. ന്യൂനപക്ഷമായ ഈ സ്ത്രീകളെ കുറിച്ചാണ് ഖബറിന് മാത്രം വെളിവാക്കാന്‍ കഴിയുന്ന ഔറത്തുള്ളവരെന്ന് ഒരു കവി പാടിയത്.

തെറ്റുകളിലേക്കുള്ള വഴിയടക്കല്‍
സാധാരണയായി പൊതു പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ-പുരുഷ പങ്കാളിത്തത്തെ നിരുത്സാഹപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്ന കര്‍മ്മശാസ്ത്ര തത്വമാണ് തെറ്റുകളിലേക്കുള്ള വഴി അടക്കല്‍ (സദ്ദുദ്ദറാഇഅ്). കര്‍മശാസ്ത്ര തത്വങ്ങള്‍ ഉപയോഗിച്ച് ഒരു കാര്യം നിഷിദ്ധമാക്കുന്നതിന്ന് ചില പരിമിതികളുണ്ട്. തെറ്റുകള്‍ തടയാനെന്ന പേരില്‍ ഇസ്‌ലാമിനും സമൂഹത്തിനും ഉപകാരമുണ്ടാകുന്ന കാര്യങ്ങള്‍ നിഷിദ്ധമെന്ന് പറയാവതല്ല. മറിച്ച് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മാത്രമാണ് നമുക്ക് പറയാനാവുക.

ഉദാഹരണത്തിന്, എന്തെങ്കിലും ഒരു രോഗം വരുമെന്നതിനാല്‍ ഒരു ഭക്ഷണം ഹറാമാണെന്ന് പറയാനോ വെള്ളത്തിന് വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ വെള്ളം കുടിക്കല്‍ ഹറാമാണെന്നോ പറയാവതല്ല. മറിച്ച് അതുമായി ബന്ധപ്പെട്ട പ്രത്യേക സന്ദര്‍ഭത്തില്‍ അവ ഉപയോഗിക്കാവതല്ല എന്നാണ് പറയാനാവുക. കള്ളം പറയുന്നത് തടയാന്‍ സംസാരം നിഷിദ്ധമാക്കാനോ, വ്യഭിചാരം തടയാന്‍ ലൈഗികബന്ധം ഹറാമാക്കാനോ പറ്റില്ല. ഇതുപോലെയാണ് മനുഷ്യന്റെ മറ്റ് എല്ലാ കഴിവുകളുടെയും കാര്യം.

അതുപോലെയാണ് ഇവിടെയും ഈ കര്‍മശാസ്ത്ര തത്വം പ്രയോഗവല്‍ക്കരിക്കേണ്ടത്. അനുവദനീയമായ കാര്യങ്ങള്‍ അടിസ്ഥാനപരമായി ഹലാലായി തന്നെ നിലനില്‍ക്കും. എന്നാല്‍ തെറ്റിലേക്കുള്ള വഴി തടയല്‍ വരുന്നത് പ്രായോഗികമായി അതിന്റെ നടപ്പാക്കല്‍ മുഖേനയാണ്. മനുഷ്യന്റെ വ്യക്തി-സമൂഹ ജീവിതത്തില്‍ ഉണ്ടാവുന്ന ഉപകാരങ്ങളുടെയും ഉപദ്രവങ്ങളുടെയും കണക്കനുസരിച്ചാണ് അവ പരിഗണിക്കേണ്ടത്. ഈ കര്‍മശാസ്ത്ര തത്വം പ്രയോഗവല്‍ക്കരിക്കുന്നതില്‍ ചില നിബന്ധനകള്‍ പണ്ഡിതന്മാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:

1) കൂടുതല്‍ ഉപദ്രവങ്ങളുണ്ടാക്കുന്നതാവണം. അപൂര്‍വ്വമായി മാത്രം ഉപദ്രവമാകുന്നതാകരുത്. ഇമാം ശാത്വബി വളരെ കൂടുതലാണ് ഉപദ്രവമെങ്കില്‍ മാത്രമേ ഈ തത്വം പ്രയോഗിക്കാവൂ എന്ന അഭിപ്രായക്കാരനാണ്.
2) ഉപദ്രവം ഉപകാരത്തെക്കാള്‍ മുന്‍ഗണന നല്‍കാന്‍ കഴിയുന്നതാകണം. ഒരു ധാരണയോ ന്യായീകരണമോ മാത്രമാകരുത്.
3) മുമ്പു പറഞ്ഞ രണ്ട് നിബന്ധനകളും പൂര്‍ത്തിയായാല്‍ അത് ഖണ്ഡിതമായി ഹറാമാണെന്ന് പറയാന്‍ കഴിയില്ല. മറിച്ച് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നോ വെറുക്കപ്പെട്ടതാണെന്നോ മാത്രമേ പറയാവൂ. അതുണ്ടാക്കുന്ന ഉപദ്രവത്തിന്റെ തോതനുസരിച്ചാണ് അത് തീരുമാനിക്കേണ്ടത്.
4) ഉപദ്രവമുള്ള ഒരു കാര്യം അതിനേക്കാള്‍ മുന്‍ഗണന കൊടുക്കാവുന്ന ഒരു ഉപകാരം ലഭിക്കുമെങ്കില്‍ അനുവദനീയമാകും. അത് അനുവദനീയമാകുമെന്ന് മാത്രമല്ല അഭികാമ്യമായി പരിഗണിക്കപ്പെടുകയും ചെയ്യും.

സ്ത്രീയുടെ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാം ചിന്തിക്കുമ്പോള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും നിര്‍മാണത്തിന് സ്ത്രീ-പുരുഷ പങ്കാളിത്തത്തോടെയുള്ള പൊതു പ്രവര്‍ത്തനങ്ങള്‍ വളരെ അനിവാര്യമാണെന്ന് മനസ്സിലാക്കാനാവും. ഇസ്‌ലാമിന്റെ മഹിതമായ മാതൃകകള്‍ സമൂഹത്തിന് മുമ്പില്‍ കാണിച്ചുകൊടുക്കണമെങ്കില്‍ തീര്‍ച്ചയായും ഈ സഹകരണം അത്യാവശ്യമാണ്. ഇസ്‌ലാം കറകളഞ്ഞ നീതിയാണ്, പൂര്‍ണ്ണ നന്മയും, തെളിഞ്ഞ സത്യവുമാണ്. ദൈവത്തില്‍ നിന്ന് പൂര്‍ത്തിയാക്കപ്പെട്ടതുമാണത്. മനുഷ്യന്റെ പ്രകൃതം നന്മയും തിന്മയും ചേര്‍ന്നതാണ്. അത് മനുഷ്യര്‍ക്ക് പരീക്ഷണവും പരിശീലനവുമായാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.
 
അല്ലാഹു പറയുന്നു: ‘എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്.'(സൂറത്തു അമ്പിയാഅ്: 35) പ്രവാചകന്‍ പറഞ്ഞു: ‘എല്ലാ ആദമിന്റെ മക്കളും തെറ്റുചെയ്യുന്നവരാണ്. തെറ്റുചെയ്യുന്നവരില്‍ മാന്യര്‍ പശ്ചാതപിക്കുന്നവരാണ്.’ പ്രവാചകന്‍ മറ്റൊരിക്കല്‍ അല്ലാഹു പറഞ്ഞതായി ഉദ്ധരിച്ചു: ‘എല്ലാ ആദം മക്കളും രാവും പകലും പാപങ്ങള്‍ ചെയ്യുകയും എന്നോട് പാപമോചനമര്‍ത്ഥിക്കുകയും ചെയ്താലും ഞാന്‍ പാപം പൊറുത്തുകൊടുക്കും. എനിക്ക് മുഷിയുകയില്ല.’

ഇസ്‌ലാമിന്റെ സ്ത്രീയോടുള്ള നിലപാട് നീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പൊതു പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മനുഷ്യന് ഉപകാരമുണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്വം വഹിക്കാന്‍ പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും പൂര്‍ണ അവകാശമുണ്ട്. എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ആളുകളില്‍ നിന്ന് മാറി ഒറ്റക്കാവുന്നതിനെ ഇസ്‌ലാം നിരോധിക്കുന്നുണ്ട്. കാരണം അത് തെറ്റിലേക്ക് നയിക്കുമെന്നതിനാലാണ്. സ്ത്രിക്ക് സമൂഹത്തില്‍ നിര്‍വ്വഹിക്കാനുള്ള ഉന്നതമായ കടമകളെ നമുക്ക് തമസ്‌കരിക്കാനാവില്ല. അത് ചെറിയ കാരണങ്ങള്‍ പറഞ്ഞ് ഹറാമാണെന്ന് പ്രഖ്യാപിക്കാനും സാധിക്കില്ല. സ്ത്രീക്ക് പ്രകൃതിപരമായി നല്‍കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് അവര്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്ക് വഹിക്കുന്നത് ഇസ്‌ലാമിക നാഗരികതയുടെ പുനര്‍നിര്‍മാണത്തിന് അനിവാര്യമാണ്.

വിവ: ജുമൈല്‍ കൊടിഞ്ഞി       

Related Articles