Current Date

Search
Close this search box.
Search
Close this search box.

സോഷ്യലിസ്റ്റുകളെയാണ് സീസി ഇന്ന് ഭയക്കുന്നത്

social.jpg

ഈജിപ്ഷ്യന്‍ തലമുറകള്‍ അവരുടെ പ്രിയ സ്വേച്ഛാധിപതിമാരായ നാസര്‍, സാദത്ത്, മുബാറക് ഇപ്പോള്‍ സീസി എന്നിവരുടെ ‘മുസ്‌ലിം തീവ്രവാദ’ പ്രയോഗങ്ങള്‍ കേട്ടു വളര്‍ന്നുവന്നവരാണ്. മുസ്‌ലിം ബ്രദര്‍ഹുഡും അതിന്റെ ‘ഭീകരവാദ’ പ്രവര്‍ത്തനങ്ങളുമാണ് ഈജിപ്തിലെങ്ങും സീസി ഭരണകൂടം നടത്തുന്ന കിരാത മര്‍ദ്ദന പീഢനങ്ങളുടെ ഹേതു. എന്നാല്‍ എക്കാലത്തും ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്-അത് സാദത്തിേെന്റതാവട്ടെ മുബാറക്കിന്റേതാവട്ടെ-കടുത്ത ഭീഷണികള്‍ നേരിടേണ്ടി വന്നത് മതേതര സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ നിന്നായിരുന്നു. അപ്പോള്‍ ‘മുസ്‌ലിം തീവ്രവാദ’മല്ല, മതേതരത്വവും സോഷ്യലിസവുമാണ് ഈജിപ്ഷ്യന്‍ സ്വേച്ഛാധിപതിമാരുടെ ഉറക്കം കെടുത്തിയിരുന്നത്.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഗവേഷക വിദ്യാര്‍ഥി ശക്തമായി തുറന്നടിച്ചു, ”രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കാന്‍ എന്ന ഭാവേന സര്‍ക്കാര്‍ നടത്തുന്ന ‘തീവ്രവാദത്തിനെതിരെയുള്ള യുദ്ധം’ തികഞ്ഞ ദാര്‍ഷ്ട്യമാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു നാടകത്തിന് തിരക്കഥ രചിക്കുന്നതിലൂടെ സമൂഹത്തെ അടിച്ചമര്‍ത്താനും സ്വന്തം നിലനില്‍പിന് താങ്ങ് നല്‍കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്”. ഈ വരികളെഴുതിയ കാമ്പ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗുലിയോ റെജെനിയുടെ പിച്ചിചീന്തപ്പെട്ട ദേഹം കൈറോ-അലക്‌സാണ്ട്രിയ പാതയില്‍ കിടക്കുന്നതാണ് പിന്നീട് നാം കാണുന്നത്. തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം വികൃതമാക്കപ്പെട്ട ആ മൃതദേഹം മൂക്ക് കണ്ടിട്ടാണ് ഗുലിയോയുടെ അമ്മ തിരിച്ചറിഞ്ഞത്. ഒമ്പത് ദിവസങ്ങളോളം ഗുലിയോയെ സീസിയുടെ പോലീസ് കഠിനമായി പീഢിപ്പിക്കുകയായിരുന്നു. എന്നാല്‍ കുറ്റവാളി സംഘം ഗുലിയോയെ കൊലപ്പെടുത്തിയതെന്നാണ് ഈജിപ്ഷ്യന്‍ പോലീസിന്റെ ഭാഷ്യം.

ഗുലിയോയുടെ മരണത്തില്‍ ജന്മനാടായ ഇറ്റലിയില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഗുലിയോ താമസിച്ചിരുന്ന യു.കെയിലും നിരവധി മനുഷ്യാവകാശ സംഘടനകളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തലവനായ സീസിക്ക് ഒരിക്കലും ഈ കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ കഴിയുന്നില്ല. ഇത് സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞ് സീസി തലയൂരാന്‍ ശ്രമിക്കുന്നു. സീസിയുടെ റാന്‍ മൂളികളായ ഈജിപ്ഷ്യന്‍ പത്രങ്ങളും സര്‍ക്കാറിന്റെ ‘നിരപരാധിത്വം’ തെളിയിച്ച് വെണ്ടക്ക നിരത്തിക്കഴിഞ്ഞു. ന്യൂസ് റൂമുകളും ചര്‍ച്ചകളും പ്രസിഡന്റിനെ വെള്ളപൂശാനുള്ള ആക്രോശങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.  

ഗുലിയോ കൈറോയില്‍ പഠിച്ചുകൊണ്ടിരുന്ന സ്ഥാപനം ഇവിടെ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. കാരണം, അത് ഒരു സ്വതന്ത്ര ട്രേഡ് യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.ഡി ഗവേഷണ സ്ഥാപനമായിരുന്നു. ബ്രിട്ടീഷ് അധിനിവേശ കാലത്തോളം പഴക്കമുള്ളതാണ് ഈജിപ്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍. അധികാരമേറ്റെടുത്ത ഉടനെ ജമാല്‍ അബ്ദുല്‍ നാസര്‍ ആദ്യമായി ചെയ്തത് കഫ്ര്‍ അല്‍-ദവാര്‍ നെയ്ത്ത് ഫാക്ടറിയിലെ മുസ്തഫാ കമീസ്, അബ്ദുറഹ്മാന്‍ അല്‍ ബഖാരി എന്നീ രണ്ട് സമരനായകന്മാരെ വധിച്ചു എന്നതാണ്. അതുപോലെ 1989-ല്‍ സമരം ചെയ്തിരുന്ന സ്റ്റീല്‍ ഫാക്ടറി തൊഴിലാളികളെ മുബാറക്കിന്റെ പോലീസും വെടിവെച്ചു കൊന്നിരുന്നു. മുബാറക്കിന്റെ സ്ഥാനഭ്രഷ്ടിലേക്ക് നയിച്ച ഘടകങ്ങളിലും നൈല്‍ ഡെല്‍റ്റയിലെ മഹാല പട്ടണത്തിലുള്ള നെയ്ത്തുകാരുടെയും പരുത്തി തൊഴിലാളികളുടെയും പങ്ക് കാണാം. ഈജിപ്ഷ്യന്‍ കയറ്റുമതിയില്‍ കോടിക്കണക്കിന് രൂപ വിഹിതം നല്‍കുന്ന മഹാല പട്ടണം ട്രേഡ് യൂണിയനുകളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പലപ്പോഴും ഇവരെ അടിച്ചമര്‍ത്തി പട്ടണം സര്‍ക്കാര്‍ മേല്‍നോട്ടത്തിലാക്കാന്‍ ശ്രമിക്കുകയുണ്ടായി. അതിനാല്‍ 2006-ലും 2008-ലും അവിടുത്തെ സ്ത്രീകളടക്കമുളള തൊഴിലാളികള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയെങ്കിലും പോലീസിനാല്‍ അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്. 2011-ലെ തഹ്‌രീര്‍ സ്‌ക്വയര്‍ പ്രക്ഷോഭമാണ് അവര്‍ക്ക് മറ്റൊരു മുന്നേറ്റത്തിന് കരുത്തേകിയത്. അവര്‍ വളരെ ആവേശത്തോടെ ആ സമരത്തിന്റെ ഭാഗമാവുകയാണുണ്ടായത്.

ഇസ്‌ലാമിസ്റ്റുകള്‍ ആദര്‍ശപരമായും ആശയപരമായും ഈജിപ്തിന് ഭീഷണിയായി ഭരണകൂടം കാണുന്നുവെങ്കില്‍ രാജ്യത്തിന്റെ പട്ടാള ഭരണകൂടത്തെ പോലും അട്ടിമറിക്കാന്‍ കെല്‍പുള്ള ജനമുന്നേറ്റമായിട്ടാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ അവര്‍ മനസ്സിലാക്കുന്നത്. മരിച്ച ഗുലിയോയും ഇത്തരം ട്രേഡ് യൂണിയന്‍ മുന്നേറ്റങ്ങളെ കുറിച്ച് പല വട്ടം എഴുതിയിട്ടുണ്ട്. ഗുലിയോയും മറ്റ് പല വിദ്യാര്‍ഥികളെയും പോലെ സ്വേച്ഛാധിപതികളുടെ കണ്ണിലെ കരടായി തീര്‍ന്നത് അവര്‍ക്കെതിരെ ശബ്ദിച്ചതുകൊണ്ടാണ്. അതിന് തന്റെ ജീവന്‍ ഗുലിയോക്ക് ബലി നല്‍കേണ്ടിയും വന്നു. എന്നാല്‍ ഈജിപ്തിലെ സ്വേച്ഛാധിപത്യത്തിന് കുഴി തോണ്ടാന്‍ ഇനിയും എത്രയോ ഗുലിയോമാര്‍ ബാക്കി.

വിവ: അനസ് പടന്ന

Related Articles