Current Date

Search
Close this search box.
Search
Close this search box.

സേവനത്തിന്റെ മഹിത മാതൃകയായി ബിസ്മി കള്‍ച്ചറല്‍ സെന്റര്‍

കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും സംഘാടകരുടെയും ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത വലിയ സേവന പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് അപരിചിതമാണ്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി, വാങ്ങുന്നവരുടെ ഫോട്ടോ ഒരു കാരണ വശാലും അച്ചടിക്കപ്പെടരുതെന്ന് മാത്രമല്ല, ആള്‍ക്കൂട്ടത്തില്‍ വച്ച് ആരും ഒരു സഹായവും സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നു കൂടി നിര്‍ബന്ധമുള്ള ഒരു പറ്റം സാധാരണക്കാര്‍ നടത്തുന്ന മഹത്തായ സ്ഥാപനമാണ് ബിസ്മി കള്‍ച്ചറല്‍ സെന്റര്‍. അതിന്റെ സംഘാടകരെ അഭിസംബോധന ചെയ്യാനായി അവരുടെ ക്ഷണമനുസരിച്ച് ഞാന്‍ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ അവരുടെ ആ സ്ഥാനത്ത് പോയി. അവിടെ മുഴുവനും അരിയുടെയും പഞ്ചസാരയുടെയും ചായപ്പൊടിയുടെയും മറ്റു ഭക്ഷ്യ വസ്തുക്കളുടെയും ചാക്കുകള്‍ നിറച്ചു വച്ചിരിക്കുന്നു. ഈ വര്‍ഷത്തെ റമദാനില്‍ മുപ്പതു പഞ്ചായത്തുകളിലെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കാനായി ഒരുക്കിവെച്ചവയാണവ. കഴിഞ്ഞ കൊല്ലം പോലെ തന്നെ ഇക്കൊല്ലവും 194 വിധവകളുടെയും 99 കിഡ്‌നി രോഗികളുടെയും 66 മനോരോഗികളുടെയും 34 വിവാഹാലോചിതരുടെയും 190 കാന്‍സര്‍ രോഗികളുടെയും 371 അഗതികളുടെയും ഉള്‍പ്പടെ ആയിരം കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കാവശ്യമായ എല്ലാ ഭക്ഷ്യ വസ്തുക്കളും ബിസ്മിയുടെ പ്രവര്‍ത്തകര്‍ തന്നെ വീടുകളിലെത്തിച്ചു കൊടുക്കും.

ഇതു കൂടാതെ വിവിധങ്ങളായ സേവന പദ്ധതികള്‍ ബിസ്മി നടത്തിക്കൊണ്ടിരിക്കുന്നു. അംഗവൈകല്യങ്ങള്‍ ബാധിച്ച രോഗികള്‍ക്കാവശ്യമായ വാട്ടര്‍ ബെഡുകള്‍, വീല്‍ച്ചെയര്‍, വാക്കര്‍, കമ്മോട് ചെയര്‍, കട്ടില്‍, കമ്മോഡ് സ്റ്റൂള്‍ എന്നിവ നല്‍കി വരുന്നു. വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ചികിത്സക്കാവശ്യമായ സഹായം നല്‍കുന്നു. സെന്ററുമായി ബന്ധമുള്ള രോഗികളുടെയും അനാഥകളുടെയും അഗതികളുടെയും വീടുകളില്‍ പ്രവര്‍ത്തകര്‍ കുടുംബസമേതം എല്ലാ മാസവും സന്ദര്‍ശിച്ച് ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുന്നു. കുടിവെള്ളത്തിനായി കിണറുകളും കുഴല്‍ കിണറുകളും കുഴിച്ചു കൊടുക്കുന്ന ബിസ്മി, അനാഥക്കുട്ടികളുടെ ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നു.

കയറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് താല്‍കാലികാശ്വാസമെന്ന നിലയില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ശാന്തി ഭവനവും ഒരു പലിശ രഹിത നിധിയും സകാത്ത് സെല്ലും ബിസ്മിയുടെ കീഴിലുണ്ട്. പാവപ്പെട്ടവര്‍ക്ക് താമസിക്കാനായി ശാന്തി നഗറില്‍ മൂന്നു വീടുകളും രണ്ട് ക്വാര്‍ട്ടേഴ്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.

വിവിധ മുസ്‌ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ഒരു സംഘടനയിലുമില്ലാത്തവരും ബിസ്മിയുടെ പ്രവര്‍ത്തകരിലുണ്ട്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ഒരു ഓട്ടോ ഡ്രൈവറായ ബഷീറാണെന്നതാണ് വിസ്മയകരം.

ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ അതിലേര്‍പ്പെടുന്നവര്‍ക്കും അതനുഭവിക്കുന്നവര്‍ക്കും മാത്രമല്ല, അതേക്കുറിച്ച് കേട്ടും വായിച്ചും അറിയുന്നവരിലും സന്തോഷവും സദ് വികാരവുമുണര്‍ത്തുന്നു. ആയിരത്തി നാനൂറ് കൊല്ലം മുമ്പ് ഉമറുല്‍ ഫാറൂഖ് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്നും ലോകമെങ്ങുമുള്ള ജനകോടികളില്‍ സദ് വികാരമുണര്‍ത്തുകയും അവര്‍ക്ക് ആവേശവും പ്രചോദനവും നല്‍കുകയും ചെയ്യുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്ത് ടി. പത്മനാഭനെ ‘ഖലീഫ ഉമറിന്റെ പിന്‍മുറക്കാര്‍’ എന്ന പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത് അതാണല്ലോ.

Related Articles