Current Date

Search
Close this search box.
Search
Close this search box.

സീസി ഇന്ത്യയിലെത്തുമ്പോള്‍

പശ്ചിമേഷ്യയില്‍ ഐസിസും ഏകാധിപത്യ, വംശീയ ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന നിഷ്ഠൂരതകള്‍ ലോകത്തിനു മുന്നില്‍ താമസംവിനാ എത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് അനിഷ്ടകരമായ ചില കാര്യങ്ങള്‍ സംഭവിച്ചത് 2011ലാണ്. ഈജിപ്തിലും, തുനീഷ്യയിലും, ലിബിയയിലും ഉള്‍പ്പടെ അറബ് മേഖലയിലുടനീളം അറബ് യുവത തെരുവിലിറങ്ങി അനിതരസാധാരണമായ പോരാട്ടരീതികളിലൂടെ അവിടങ്ങളിലെ ഭരണകൂടത്തെ പിടിച്ചുലച്ചപ്പോള്‍ പാശ്ചാത്യമാധ്യമങ്ങളും നിര്‍വചനങ്ങളില്ലാതെ കുഴങ്ങുന്നത് ലോകം കണ്ടു. അവര്‍ അതിനെ മുല്ലപ്പൂ വിപ്ലവമെന്നും ട്വിറ്റര്‍ വിപ്ലവമെന്നും പേരിട്ടുവിളിച്ച അതിര്‍ത്തികള്‍ അതിവര്‍ത്തിച്ച ആ മഹാപ്രസ്ഥാനത്തിനുമുന്നില്‍ ഭരണകൂടങ്ങള്‍ ആടിയുലഞ്ഞു. ചിലര്‍ നിവൃത്തിയില്ലാതെ കീഴടങ്ങി. ചിലര്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ സംഭാവന ചെയ്ത ആയുധങ്ങളുപയോഗിച്ച് ആ പ്രതിഷേധങ്ങളെ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആത്മവീര്യവും, ചടുലതയുമാണ് അന്നു ജനാധിപത്യവസന്തത്തിന്റെ മുന്നണിപ്പോരാളികള്‍ ഈജിപ്തിലും കാഴ്ചവെച്ചത്. ഹുസ്‌നി മുബാറകിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ വാഴ്ച അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിലൂടെ ജനകീയ സര്‍ക്കാര്‍ നിലവില്‍വന്നു. അറബികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അറിയില്ലെന്ന് പരിഹസിച്ചവരുടെ തലക്കിട്ടുള്ള ഒന്നാന്തരം കിഴുക്കായിരുന്നു അത്. തുടര്‍ന്ന് അധികാരത്തിലേറിയത് എട്ടര പതിറ്റാണ്ടിന്റെ സാമൂഹിക പ്രവര്‍ത്തനപാരമ്പര്യമുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച മുഹമ്മദ് മുര്‍സി നേതൃത്വം നല്‍കിയ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സര്‍ക്കാരാണ്. വിപ്ലവാനന്തരം ജനങ്ങളിലുണ്ടായ തീവ്രാഭിലാഷങ്ങള്‍ ആ സര്‍ക്കാരിന് സമ്മര്‍ദ്ദമായിട്ടുണ്ടായിരുന്നു. പതിറ്റാണ്ടുകളിലൂടെ നശിപ്പിക്കപ്പെട്ട ഒരു രാഷ്ട്രത്തെ പരാധീനതകളില്‍നിന്ന് കരകയറ്റാന്‍ ഒരു വര്‍ഷമെന്നത് ഒരു തികഞ്ഞ കാലയളവേ അല്ല. എന്നാല്‍ ഒരു വര്‍ഷം പ്രായമാകുമ്പോഴേക്ക് മുര്‍സി ഭരണകൂടത്തിനെതിരില്‍ പ്രചരണങ്ങളുമായി പാശ്ചാത്യമാധ്യമങ്ങളും അറബ് രാജഭരണകൂടങ്ങളും അരങ്ങത്തെത്തി. ഇസ്രയേല്‍ എന്ന വംശീയകുടിയേറ്റ രാഷ്ട്രത്തിന്റെ നിര്‍ലോഭമായ പിന്തുണയും ആ നീക്കത്തിനുണ്ടായിരുന്നു. വ്യാജപ്രചരണങ്ങളിലൂടെയും സാമ്പത്തികചൂഷണങ്ങളിലൂടെയും ജനങ്ങളെ ഇളക്കിവിട്ട് മുര്‍സി ഭരണകൂടത്തിന്റെ പതനത്തിന് അവര്‍ കോപ്പുകൂട്ടി. ഒരു തീപ്പൊരിക്ക് കാത്തുനില്‍ക്കുകയായിരുന്ന പട്ടാളം ജനാധിപത്യ സര്‍ക്കാരിനെ ഏതാനും ദിവസത്തിനകം അട്ടിമറിച്ചു. അബ്ദുല്‍ ഫത്താഹ് സീസി അധികാരത്തിലേറി.

ഇന്ന് സീസി പാശ്ചാത്യഭരണകൂടങ്ങള്‍ക്കെല്ലാം സ്വീകാര്യനാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജനാധിപത്യം സ്ഥാപിക്കാന്‍ കോടിക്കണക്കിനു ഡോളറും സൈനികശേഷിയും ഒഴുക്കിയവര്‍ തന്നെയാണ് അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഒരാള്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നതെന്ന് ഓര്‍ക്കുക. അവരോടൊപ്പം നമ്മുടെ രാജ്യവുമുണ്ടെന്നതാണ് സങ്കടകരം. ജനാധിപത്യം അട്ടിമറിച്ചതിന് ശേഷം സ്വാതന്ത്ര്യപോരാളികളെ വെടിവെച്ചുകൊന്നും തുറുങ്കിലടച്ചും മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തും താണ്ഡവമാടിയ ഒരു ഭരണാധികാരിയെയാണ് നമ്മുടെ രാഷ്ട്രം ഈ മാസം 28ന് ജനാധിപത്യത്തിന്റെ നടുത്തളത്തിലേക്ക് ആനയിക്കാന്‍ പോകുന്നത്. ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തുന്ന സീസി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരില്‍ കാണുമെന്നാണറിയുന്നത്. ലോകത്തിന് ജനാധിപത്യത്തിന്റെയും നിഷ്പക്ഷതയുടെയും വലിയ പാഠങ്ങള്‍ നല്‍കിയ ഒരു രാഷ്ട്രത്തിന് ഇതെങ്ങനെ സാധ്യമാവുന്നൂ എന്ന ചോദ്യം അപ്രസ്‌ക്തമായിട്ട് നാളുകളേറെ കഴിഞ്ഞു. സ്വന്തം രാജ്യത്ത് ദലിതുകളും മതന്യൂനപക്ഷങ്ങളും, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവും അഭൂതപൂര്‍വമായ രീതിയില്‍ നിഷ്‌കാസനം ചെയ്യപ്പെട്ടുകൊണ്ടിരിക്കെ അതിനെതിരില്‍ നേര്‍ക്കുനേരെ നിലപാടെടുക്കാന്‍ കൂടി കഴിയാത്തൊരു രാഷ്ട്രനേതാവിനോട് മറ്റൊരു രാജ്യത്തെ അക്രമിയായ ഭരണാധികാരിയെ സ്വീകരിക്കരുതെന്ന് പറയുന്നത് സ്വയം പരിഹാസ്യരാവുന്നതിനു തുല്യമാണ്. എന്നിരുന്നാലും, ഇതിനെതിരില്‍ തെരുവില്‍ ഉച്ചത്തിലുള്ള ചോദ്യങ്ങള്‍ ഉയരേണ്ടത് ജനാധിപത്യത്തിന്റെയും ചേരിചേരാ നയത്തിന്റെയും പാരമ്പര്യം ഇന്ത്യയുടെ രാഷ്ട്രീയജനിതകത്തില്‍നിന്ന് മുഴുവനായും പടിയിറങ്ങിയിട്ടില്ലെന്ന് നമ്മുടെ പൗരസമൂഹത്തെ തെര്യപ്പെടുത്താന്‍ മാത്രമല്ല, ലോകത്തിന്റെ മുക്കുമൂലകളിലുള്ള ജനാധിപത്യ വിശ്വാസികളെ ആശ്വസിപ്പിക്കാന്‍ കൂടി അതനിവാര്യമാണ്.

Related Articles