Current Date

Search
Close this search box.
Search
Close this search box.

സിറിയ തമ്മിലടിക്കുമ്പോള്‍ നേട്ടമുണ്ടാക്കുന്നത് ആര്?

സിറിയയില്‍ യുദ്ധം എങ്ങനെയെങ്കിലും നീട്ടി കൊണ്ടു പോകുക എന്നതാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും നയതന്ത്രപരമായ ലക്ഷ്യമെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ കോളത്തില്‍ ഞാന്‍ സമര്‍ത്ഥിച്ചിരുന്നു. മേഖലയില്‍ ‘സമാധാനം’ പുനഃസ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്റെ നിരീക്ഷണം അസാധാരണമായി നിങ്ങള്‍ക്ക് തോന്നും. പക്ഷെ മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള അവരുടെ വിടുവായത്തങ്ങളുടെ മറുപുറം ചികഞ്ഞാല്‍, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.

2015-ല്‍ ഉടനീളം, സിറിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഒരു അസാധാരണ കൂട്ടുകെട്ട് നടത്തിയ നീക്കങ്ങളെ കുറിച്ചും ഞാനീ കോളത്തില്‍ എഴുതിയിരുന്നു : ഇസ്രായേലും, അല്‍ഖാഇദയുടെ അംഗീകൃത ബ്രാഞ്ചായ ജബ്ഹത്തു നുസ്‌റയും തമ്മിലുള്ള ശക്തമായ ബാന്ധവമാണ് അത്. സിറിയയില്‍ അല്‍ഖാഇദക്ക് എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഇസ്രായേല്‍ നല്‍കി കൊണ്ടിരിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഹോസ്പിറ്റലുകളിലാണ് പോരാളികള്‍ ചികിത്സ തേടുന്നത്, ചികിത്സ കഴിഞ്ഞ് സിറിയന്‍ സര്‍ക്കാറിനെതിരെ പോരാടുന്നതിന് വേണ്ടി അവര്‍ തിരികെ അയക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജബ്ഹത്തു നുസ്‌റക്ക് ഇസ്രായേല്‍ ആയുധങ്ങളും നല്‍കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടിയിരുന്നു.

സിറിയയിലെ വിമത പോരാളികള്‍ക്ക് അമേരിക്ക ആയുധവും പരിശീലനവും നല്‍കുന്നുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്നതാണ്. ഈ വിമതര്‍ ‘മിതവാദികള്‍’ (ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദ സംഘവുമായി താരതമ്യം ചെയ്യുമ്പോള്‍) ആണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ്യമെന്താണെന്നാല്‍, അല്‍ഖാഇദയില്‍ നിന്നും അടുത്തകാലത്തായി ‘വിട്ടുപോരാന്‍’ സാധ്യതയുള്ള അഥവാ അല്‍ഖാഇദയോട് കൂറ് പ്രഖ്യാപിച്ച് ‘ഫ്രീ സിറിയന്‍ ആര്‍മി’ എന്ന പേരില്‍ പോരാടുന്ന വിമതര്‍ക്കാണ് അമേരിക്കയും അവരുടെ സഖ്യകക്ഷികളായ ഗള്‍ഫ് ഏകാധിപതികളും ആയുധങ്ങളും, ആയുധപരിശീലനവും നല്‍കിവരുന്നത്.

പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബശ്ശാറുല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യകക്ഷികളും സിറിയയില്‍ രഹസ്യയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഉറച്ച തീരുമാനത്തോടെ അവര്‍ ഇതുവരെ ഇടപെട്ടിട്ടില്ല. മുന്‍ അമേരിക്കന്‍ സൈനികനും, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനുമായ സെയ്‌മോര്‍ ഹെര്‍ഷ് തന്റെ റിപ്പോര്‍ട്ടില്‍ ഇതിന്റെ കാരണങ്ങള്‍ നിരത്തുന്നുണ്ട്. ഹെര്‍ഷിന് വിവരങ്ങള്‍ നല്‍കുന്ന രഹസ്യസ്രോതസ്സ് പ്രകാരം, അസദിനെ പുറത്താക്കാനുള്ള പ്രസിഡന്റ് ഒബാമയുടെ ലക്ഷ്യത്തിന് അമേരിക്കന്‍ സൈന്യത്തിലെ ഉന്നതരൊക്കെ തന്നെ എതിരാണ്, പ്രസ്തുത ലക്ഷ്യത്തെ തകര്‍ക്കാനായി അവര്‍ സജീവമായി ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. ഹെര്‍ഷ് പറയുന്നത്, സിറിയയിലെ തീവ്രവാദ വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനായി സിറിയന്‍ സര്‍ക്കാറിന് അമേരിക്കന്‍ സൈന്യം ഇന്റലിജന്‍സ് സഹായം നല്‍കിയിരുന്നു. അസദിനെ മറിച്ചിടുന്നതിനേക്കാള്‍ പ്രധാന്യം ഇസ്‌ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുന്നതിനാണ് അമേരിക്കന്‍ ജനറല്‍മാര്‍ നല്‍കിയത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഒബാമക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ സൈന്യത്തിന് സാധിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ നയം അട്ടിമറിക്കാനുള്ള സൂക്ഷ്മമായ വഴികള്‍ അവരുടെ പക്കലുണ്ടായിരുന്നു.

ഹെര്‍ഷിന് വിവരങ്ങള്‍ കൈമാറുന്നവര്‍ പറയുന്നതനുസരിച്ച്, സിറിയയുമായി ബന്ധമുള്ള മറ്റു രാഷ്ട്രങ്ങളുടെ സൈന്യങ്ങള്‍ വഴിയാണ് സിറിയന്‍ സൈന്യത്തിന് അമേരിക്കന്‍ സൈന്യം ഇന്റലിജന്റ്‌സ് സഹായം നല്‍കിയത്. ഇസ്രായേലായിരുന്നു അവയില്‍ ഒന്ന്.

സാങ്കേതികാര്‍ത്ഥത്തില്‍ സിറിയയുമായി ഇപ്പോഴും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലിന് അസദ് ഭരണകൂടവുമായി രഹസ്യബന്ധങ്ങളൊന്നുമില്ല. ഗോലാന്‍ കുന്നുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. 1967-ലാണ് സിറിയയുടെ ഗോലാന്‍ കുന്നുകളില്‍ ഇസ്രായേല്‍ നിയമവിരുദ്ധമായി അനധികൃത കൈയ്യേറ്റം നടത്തിയത്. അവിടെയുള്ള സിറിയന്‍ ജനതയെ മുഴുവന്‍ ആട്ടിയോടിച്ച്, ജൂത കുടിയേറ്റക്കാരെ താമസിപ്പിച്ചു. ഗോലാന്‍ കുന്നുകള്‍ ഇപ്പോളൊരു ഇസ്രായേല്‍ കോളനിയാണ്. ഗോലാന്‍ കുന്നുകളും, അതിര്‍ത്തി പ്രദേശങ്ങളും ഇസ്രായേലില്‍ നിന്നും വീണ്ടെടുക്കാനായി നടത്തിയ യുദ്ധങ്ങളിലൊക്കെ പരാജയപ്പെട്ട സിറിയന്‍ സര്‍ക്കാര്‍, ഇസ്രായേലുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ പിന്നീട് ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ ഇതുവരെ കാര്യമായ പുരോഗതിയൊന്നും തന്നെ ഉണ്ടായിട്ടില്ല.

ഹെര്‍ഷിന്റെ അഭിപ്രായത്തില്‍, വിമത പോരാളികളെ പരാജയപ്പെടുത്താനായി നേരിട്ടല്ലാത്ത രീതിയിലുള്ള ഇന്റലിജന്‍സ് സഹായങ്ങള്‍ അമേരിക്ക സിറിയക്ക് നല്‍കിയിരുന്നു. അതേസമയം തന്നെ, അസദിനെ പുറത്താക്കാനായി പോരാടുന്ന വിമതസംഘങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

സ്വന്തം ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ‘ഇരുവശത്തും കളിക്കുന്ന’ സാമ്രാജ്യത്വ ശക്തികളുടെ ഒരു ക്ലാസിക്കല്‍ കേസാണിത്.

അടിസ്ഥാനപരമായി സാമ്പത്തിക ലാഭക്കൊതിയാണ് ഇതിന് പിന്നിലുള്ള പ്രധാന പ്രേരകമെന്നതിന് ഉദാഹരണമായി ചരിത്രത്തില്‍ ഒരുപാട് സംഭവങ്ങളുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധം ഇത്തരത്തിലൊന്നാണ്, അമേരിക്കയാണ് ഇരുകൂട്ടര്‍ക്കും ആയുധങ്ങള്‍ നല്‍കിയത്. സര്‍വ്വനാശം വിതച്ച ആ യുദ്ധം എട്ട് വര്‍ഷം നീണ്ടുനിന്നു. ഇരുകൂട്ടരും പരാജയപ്പെടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ഹെന്റി കിസ്സിന്‍ജര്‍ പറയുകയുണ്ടായി.

ഇന്ന് സിറിയയുടെ കാര്യത്തിലും അതേ ആഗ്രഹം തന്നെയാണ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കുമുള്ളത്. അല്‍ഖാഇദ അല്ലെങ്കില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘങ്ങള്‍ അധികാരത്തില്‍ വരുന്നത് കാണാന്‍ അവര്‍ക്ക് ആഗ്രഹമില്ല. അതുപോലെ തന്നെ അതിന്റെ സ്ഥാനത്ത് മേഖലയിലെ നിര്‍ണായക ശക്തിയാവാന്‍ കഴിവുള്ള, ഇസ്രായേലിനെതിരെയുള്ള സായുധ ചെറുത്ത് നില്‍പ്പുകളെ പിന്തുണക്കാനും ശക്തിപ്പെടുത്താനും ധൈര്യപ്പെടുന്ന, കെട്ടുറപ്പുള്ള ഒരു സിറിയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല.

അഥവാ, മുന്‍ ഇസ്രായേലി നയതന്ത്രജ്ഞന്‍ അലോണ്‍ പിങ്കാസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ : ‘ഇരുകൂട്ടരും തമ്മില്‍ തല്ലി ചാവട്ടെ : അതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കേണ്ടത്. ഇത് തുടരുന്ന കാലത്തോളം, സിറിയയില്‍ നിന്ന് ഒരു ഭീഷണിയും ഇസ്രായേലിന് ഉണ്ടാവുകയില്ല.’

സിറിയയിലെ ആഭ്യന്തരയുദ്ധം എത്രകാലം തുടരുന്നുവോ, അത്രയും കാലം ഇസ്രായേലിനാണ് അത് കൊണ്ട് നേട്ടം. അതുകൊണ്ടു തന്നെ ഈ ആഭ്യന്തരയുദ്ധം നീട്ടികൊണ്ടുപോവുക എന്നതും, എന്റെ അഭിപ്രായത്തില്‍ അമേരിക്കയുടെ നയങ്ങളില്‍ ഒന്നാണ്. കാര്യമെന്ത് തന്നെയായാലും, സിറിയയില്‍ വിമതരും, ഭരണകൂടവും തമ്മില്‍ ഒരു രാഷ്ട്രീയ അനുരജ്ഞനത്തിന് തയ്യാറായില്ലെങ്കില്‍ ഈ യുദ്ധം നീണ്ടുപോകും, അതില്‍ നിന്ന് അമേരിക്കയും, ഇസ്രായേലുമടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ ലാഭമുണ്ടാക്കുകയും ചെയ്യും.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles