Current Date

Search
Close this search box.
Search
Close this search box.

സിറിയ: കക്ഷത്തിലുള്ളത് വീഴാത്ത അഭ്യാസം

siriya.gif

ഇന്നലെ പൊട്ടിമുളച്ചതല്ല സിറിയന്‍ പ്രതിസന്ധി. അതിനു ചുരുങ്ങിയത് എട്ടു വര്‍ഷത്തിന്റെ പഴക്കമുണ്ട് . കഴിഞ്ഞ കാലത്തിനിടയില്‍ ചുരുങ്ങിയത്   34 തവണയെങ്കിലും  സ്വന്തം ജനത്തിന്റെ മേല്‍ ബശ്ശാറുല്‍ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചിട്ടുണ്ട് എന്നാണു വിവരം. ആധുനിക ലോകത്തു ഒരു ഭരണ കൂടം ജനത്തെ ഇങ്ങിനെ നേരിടുക എന്നത് എത്ര ഭയാനകമാണ്. ഇതേ കാരണം പറഞ്ഞു സദ്ദാമിനെ തൂക്കിക്കൊന്നവര്‍ ഈ കാടത്തം കണ്ടില്ലെന്നു നടിച്ചു. മുപ്പതു ലക്ഷം പേരാണ് അവിടെ ഇത് വരെ കൊല്ലപ്പെട്ടത്. അത്രത്തോളം ആളുകള്‍ നാട് വിട്ടു പോയി. സര്‍ക്കാര്‍ വിരുദ്ധ സമരം എന്നത് ആ നാട്ടുകാരും അവിടുത്തെ ഭരണാധികാരികളും തമ്മിലുള്ള വിഷയമാണ്. സിറിയയില്‍ അത് അങ്ങിനെ ആയിരുന്നില്ല. അതിനു അതിലും കൂടുതല്‍ തലങ്ങള്‍ ഉണ്ടായിരുന്നു.

മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കു പുറം ലോകത്തു നിന്നും മാന്യമായ രീതിയിലല്ല പ്രതികരണം കിട്ടിയത്. മധ്യേഷ്യയില്‍ ജനങ്ങളുടെ യഥാര്‍ത്ഥ ഹിതം പോലെ കാര്യങ്ങള്‍ നടന്നാല്‍ അവിടെ തങ്ങളുടെ ഹിതങ്ങള്‍ നടക്കാതെ പോകുമെന്ന് സാമ്രാജ്യത്ത ലോകം കണക്കു കൂട്ടി. അത് കൊണ്ട് തന്നെ ജനാധിപത്യ മുന്നേറ്റങ്ങളെ ഭീകരവാദ മുന്നേറ്റങ്ങളായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. സിറിയ ഒരു ഏകാധിപത്യ രാജ്യമാണ്. തങ്ങളെ ഭരിക്കാന്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ വേണം എന്നത് ആ നാട്ടുകാരുടെ ആവശ്യമായിരുന്നു. ആ പ്രക്ഷോഭത്തെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു. സിറിയ മാത്രമല്ല ആ നേരിടലില്‍ ഭാഗമായത്. സിറിയ ഭരിക്കുന്നത് ന്യൂനപക്ഷ ഷിയാ വിഭാഗമാണ്. എഴുപത്തിയഞ്ച് ശതമാനവും സുന്നി മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലം.

റഷ്യ ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലുകളാണ് വിഷയത്തെ ഇത്രയും മോശമാക്കിയത്. റഷ്യയുടെ എന്നത്തേയും പങ്കാളിയാണ് സിറിയ. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും ബശ്ശാര്‍ ഭരണ കൂടത്തെ താങ്ങി നിര്‍ത്തല്‍ അവരുടെ ആവശ്യമായി . റഷ്യ പുലര്‍ത്തി വരുന്ന ഒരു ആന്റി ഇസ്‌ലാം സ്വഭാവവും അതിനു കാരണമായി എന്ന് പറയണം. തങ്ങളുടെ ഷിയാ സ്വാധീനം എന്നതാണ് ഇറാന്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ കാരണം. ഹിസ്ബുള്ള അടക്കം ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. ശിയാക്കള്‍ ഈ വിഷയത്തില്‍ ഒരു നേതൃത്വത്തിന്റെ കീഴില്‍ വന്നു . അത് പോലെ അവിടുത്തെ ക്രിസ്ത്യന്‍ സമൂഹവും ബശ്ശാറിന്റെ പിന്നില്‍ ഉറച്ചു നിന്നു. അതെ സമയം ഭൂരിപക്ഷ സുന്നികള്‍ പല കൈവഴികളായി തിരിഞ്ഞു. പല സ്ഥലത്തും പലരും മേധാവിത്തം പുലര്‍ത്തി. കൂട്ടത്തില്‍ ആരെന്നറിയാത്ത ഐ എസും.

വന്‍ശക്തികള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എന്നെ ഈ വിഷയം അവസാനിക്കുമായിരുന്നു. പക്ഷെ അവിടെ നടക്കുന്ന ക്രൂരതകള്‍ ആരെയും അത്ര വേദനിപ്പിച്ചില്ല. അമേരിക്കയും സഖ്യ ശക്തികളും നാമമാത്രമായ ഒരു ഇടപെടല്‍ മാത്രമാണ് അവിടെ നടത്തിയത്. അതെ സമയം റഷ്യ അവിടെ തന്നെ ഉറച്ചു നിന്നു. ബാഷാറിന്റെ ക്രൂരതകള്‍ക്ക് അകമഴിഞ്ഞ പിന്തുണയും നല്‍കി.  എന്ത് കൊണ്ട് അമേരിക്കയും സഖ്യ കക്ഷികളും പെട്ടെന്നൊരു ആക്രമണത്തിന് മുതിര്‍ന്നു എന്നത് ഒരു ചര്‍ച്ചാ വിഷയമാണ്. അവസാനം ഡ്യൂമയില്‍ ഉണ്ടായ രാസായുധ ആക്രമണമാണ് പെട്ടെന്നുള്ള ആക്രമണത്തിന് പടിഞ്ഞാറ് കാരണം പറയുന്നത്. അത് മാത്രമാണ് കാരണം എന്ന് മനസ്സിലാക്കാന്‍ തീര്‍ത്തും ബുദ്ധിമുട്ടാണ്.

മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്വാധീനം കുറഞ്ഞു വരുന്നു എന്നതാണ് പണ്ഡിതമതം. സിറിയ ഇറാന്‍ ഇറാഖ് റഷ്യ കൂട്ട് കെട്ടിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുന്നു എന്നതാണ് വിശകലന വിദഗ്ദ്ധര്‍ പറയുന്നതു. അതില്‍ എത്ര മാത്രം ശരിയുണ്ട് എന്നതും ചര്‍ച്ച ചെയ്യണം. ഇസ്രായേല്‍ സഊദി അച്ചുതണ്ട് എന്നതും നിരൂപകര്‍ മുന്നോട്ടു വെക്കുന്നു. ഇസ്രായില്‍ നിലപാടുകളുടെ ഒരു മുഖ്യ ഘടകമാണ്. നാം നേരത്ത ഭയന്നു പോലെ ഒരു സുന്നി ഷിയാ വിഭജനത്തോടെ ഇസ്രായിലും പടിഞ്ഞാറും അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

അടുത്ത കാലത്തു ലോക ശാക്തിക മേഖലയില്‍ റഷ്യയുടെ ഉയര്‍തെഴുനെല്‍പ്പു പ്രകടമാണ്. പഴയ ശീതയുദ്ധം തിരിച്ചു വരുന്ന പ്രതീതിയാണ് ഇപ്പോള്‍ കാണുന്നത്. സിറിയയെ ആക്രമിക്കുക എന്നത് കൊണ്ട് അമേരിക്കയും സഖ്യ കക്ഷികളും ഉന്നം വെക്കുന്നത് റഷ്യയെ തന്നെ. സിറിയയിലെ രാസായുധ ഫാക്ടറി എന്നതാണ് അമേരിക്കന്‍ ന്യായം. അതെത്ര മാത്രം ശരിയാണ് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ലോക ശക്തികള്‍ക്ക് ശണ്ഠ കൂടാനുള്ള വേദിയായി മധ്യേഷ്യയെ മാറ്റുന്നതില്‍ അവര്‍ വിജയിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നവരെ സ്വീകരിക്കാന്‍ പടിഞ്ഞാറ് ഒരിക്കലും സന്നദ്ധമാകില്ല. ഈജിപ്ത് അള്‍ജീരിയ എന്നിവ നമ്മുടെ മുന്നിലുണ്ട്. കക്ഷത്തിലുള്ളത് വീഴാനും പാടില്ല ഉത്തരത്തിലേതു എടുക്കുകയും വേണം എന്നതാണ് അമേരിക്കന്‍ നിലപാട്. ഇസ്‌ലാം വിരുദ്ധതയാണ് റഷ്യന്‍ നിലപാട്. ഷിയാ സങ്കുചിത്വമാണ് ഇറാന്‍ നിലപാട്. പരസ്പരം കലഹിക്കുന്ന സമൂഹത്തിന്റെ നില നില്‍പ്പാണ് ഇസ്രായേല്‍ നിലപാട്. അതിനിടയില്‍ നരകിക്കുന്ന ജനത്തിന്റെ നിലപാടുകള്‍ എല്ലാവരും സ്വയം മറക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍  

 

Related Articles