Current Date

Search
Close this search box.
Search
Close this search box.

സിറിയ അതിന്റെ പ്രതാപം വീണ്ടെടുക്കുക തന്നെ ചെയ്യും

Syriahope.jpg

പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ഭാഗമായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പല രാജ്യങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അവസാനമായി പോയിട്ടുള്ളത് ഇന്ത്യയിലാണ്. ഇങ്ങനെ ഞാന്‍ എത്തിപ്പെട്ട നാടുകളിലെല്ലാം സിറിയന്‍ സഹോദരങ്ങളെ കണ്ടുമുട്ടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അവരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ കഴിവും പ്രാഗല്‍ഭ്യവും തെളിയിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളാണ്. ആ രംഗങ്ങളില്‍ അവരോട് കിടപിടിക്കുന്നവര്‍ ഇല്ലെന്ന് തന്നെ പറയാം.

അവരുമായുള്ള കൂടിക്കാഴ്ച്ചകളില്‍ സലാം പറഞ്ഞുകൊണ്ടുള്ള അഭിവാദ്യത്തിനും ഉപചാര വാക്കുകള്‍ക്കും ശേഷം ആവര്‍ത്തിക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്. ‘ഉസ്താദ് അത്വ്‌വാന്‍, സിറിയയിലെ സ്ഥിതിഗതികള്‍ ശാന്തമാവുമോ? ഞങ്ങള്‍ പരിചയിച്ചിട്ടുള്ള, നിര്‍ഭയത്വവും സുരക്ഷിതത്വവും ഒത്തൊരുമിച്ചുള്ള ജീവിതവുമുള്ള ആ പഴയ സിറിയ മടങ്ങി വരുമോ? ഞങ്ങള്‍ക്ക് മടുത്തിരിക്കുന്നു ഉസ്താദ്… ഞങ്ങളുടെ വിദേശവാസവും ദുരിതങ്ങളും നീണ്ടു പോവുകയാണ്.. ലോകത്ത് ഞങ്ങളുടെ നാടിനേക്കാള്‍ മനോഹരമായ ഒരു നാടുമില്ല.” മാന്ത്രിക പ്രവചനങ്ങള്‍ നടത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുന്ന അഖണ്ഡവും ശക്തവുമായ സിറിയ മടങ്ങിവരിക തന്നെ ചെയ്യും. അതിന്റെ അന്തരീക്ഷത്തിലുള്ള കറുത്ത മേഘപടലങ്ങള്‍ ഇല്ലാതായി പ്രതീക്ഷയുടെ പുതിയൊരു പ്രഭാതം ഉണ്ടാവുക തന്നെ ചെയ്യും.

സിറിയന്‍ ജനതയാണ് ഇങ്ങനെ പറയാനുള്ള ആത്മവിശ്വാസം നല്‍കുന്നത്. ചരിത്രം അതാണ് തെളിയിക്കുന്നത്. സംസ്‌കാരത്തിലും ശേഷികളിലും മറ്റുള്ളവരേക്കാള്‍ എത്രയോ ഉന്നതിയിലായിരുന്നു ഈ ജനത. അതിനെ പിച്ചിചീന്താന്‍ ഗൂഢാലോചന നടത്തുന്നവര്‍ അതിന്റെ ശക്തിയുടെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും കാരണങ്ങള്‍ ഊരിയെടുക്കുകയാണ്. യമനിലെയും ഇറാഖിലെയും ലിബിയയിലെയും ജനതകള്‍ക്ക് സംഭവിച്ച പോലെ കളവുകള്‍ നിരത്തിയാണവര്‍ അത് ചെയ്യുന്നത്.

സിറിയന്‍ പ്രതിസന്ധിയുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ സംഭവവികാസങ്ങളെ കുറിച്ച് ചിന്തിക്കുകയും ഇക്കാലയളവില്‍ സിറിയന്‍ ജനതയുമായി സത്യസന്ധമായി ഇടപഴകുകയും ചെയ്തിട്ടുള്ളവര്‍ക്ക് നാം പറയുന്നത് ഉള്‍ക്കൊള്ളാനാവും. സിറിയയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും അവര്‍ക്ക് മനസ്സിലാക്കാനാവും.

സിറിയയിലും അവിടത്തെ യുദ്ധമുഖത്തെയും സംഭവങ്ങളെ കുറിച്ച് നൂറുകണക്കിന് ലേഖനങ്ങള്‍ നാം എഴുതിയിട്ടുണ്ട്. നമ്മെ പോലെ നിരവധി ആളുകള്‍ ആ വശങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. ചിലരെല്ലാം പ്രതിഫലിപ്പിച്ചത് തങ്ങള്‍ നിലകൊണ്ടിരുന്ന പക്ഷത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരുന്നു. മറുവശത്തുള്ളവര്‍ നേരെ തിരിച്ചും. അതേസമയം വിഷയത്തെ നിഷ്പക്ഷമായി കൈകാര്യം ചെയ്തവര്‍ ഉണ്ടായിട്ടുണ്ട്. ആദര്‍ശത്തിന്റെയോ വിഭാഗീയതയുടെയോ വേര്‍തിരിവുകളില്ലാതെ മുഴുവന്‍ സിറിയയെയും സിറിയന്‍ സഹോദരങ്ങളെയും സ്‌നേഹത്തോടെ കണ്ടവരാണവര്‍. എന്നാല്‍ വളരെ ചെറിയ ന്യൂനപക്ഷമാണ് ഇത്തരക്കാര്‍. എങ്കിലും ആ ന്യൂനപക്ഷം എണ്ണായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള വേരുകളോടു കൂടിയ സിറിയന്‍ നാഗരികതയില്‍ വിശ്വാസമര്‍പിച്ചവരാണ്.

വൈകാരികത കലര്‍ത്തി ഭാവനാ സൃഷ്ടികള്‍ രചിക്കുകയാണ് ഞങ്ങളെന്ന് ചിലര്‍ക്കെങ്കിലും ആരോപണമുണ്ടാവാം. ലോകത്തെ പഴക്കം ചെന്ന യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ വേദനിക്കുന്ന സിറിയന്‍ ഹൃദയങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുകയും അവരുടെ നിശ്ചയദാര്‍ഢ്യത്തിന് കരുത്തേകുകയും അല്‍പമെങ്കിലും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്ന നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരുകൂട്ടം ആളുകള്‍ ഉണ്ടെന്നത് ദുഖകരമാണ്.

ഇസ്തംബൂളില്‍ പോയപ്പോള്‍ ഉപഭോക്താക്കളുടെ തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന സിറിയന്‍ റെസ്റ്റോറന്റ് ഞാന്‍ അവിടെ കണ്ടു. സിറിയന്‍ പലചരക്കുകടകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഓഫീസ് ജീവനക്കാരിലും ബിസിനസുകാരിലും തൊഴിലാളികള്‍ക്കിടയിലും സിറിയക്കാരുടെ മികവ് വേറിട്ട് കാണാമായിരുന്നു. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയോട് ചേര്‍ന്ന് കിടക്കുന്ന ഒക്ടോബര്‍-6 നഗരത്തില്‍ ചെന്നപ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള കഫേകളും റെസ്റ്റോറന്റുകളും കച്ചവട സ്ഥാപനങ്ങളും കണ്ടു. അവയുടെ ഉടമകള്‍ സിറിയക്കാരായിരുന്നു. അവിടം സ്വര്‍ഗമാക്കി മാറ്റിയ അവര്‍ വിടര്‍ന്ന പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിക്കും. ആയിരം വര്‍ഷത്തെ ബന്ധം അനുഭവിപ്പിക്കും വിധമായിരിക്കും അവരുടെ പെരുമാറ്റം. 130 കോടിയിലേറെ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയിലും അവരുടെ വിജയത്തിന്റെ കഥകള്‍ കാണാം. ദുബൈ, ബര്‍ലിന്‍, മാല്‍മോ, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളിലും അവരുടെ നേട്ടങ്ങളുടെ നേര്‍ചിത്രങ്ങള്‍ കാണാം.

നാട് സുസ്ഥിരതയും സമാധാനവും വീണ്ടെടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിറിയയെ പുനര്‍നിര്‍മിക്കാന്‍ കരുത്തുറ്റ കരങ്ങളുടെ ഉടമകളായ സിറിയന്‍ മനുഷ്യര്‍ക്ക് സാധിക്കും. അലപ്പോ അതിന്റെ പ്രതാപം വീണ്ടെടുക്കും. അതുപോലെ ഹിംസ്, ഹമാ, പാല്‍മിര, റഖ തുടങ്ങി എല്ലാ നഗരങ്ങളും അവയുടെ പൂര്‍വസ്ഥിതി വീണ്ടെടുക്കും. അഭയാര്‍ഥികളും മടങ്ങിയെത്തും. എന്നാല്‍ സമ്പത്തും പ്രതീക്ഷയും നിശ്ചയദാര്‍ഢ്യവും വിട്ടുവീഴ്ച്ചയും വഹിച്ചു കൊണ്ടായിരിക്കും അവര്‍ വരിക.

അവിടത്തെ കുഴപ്പങ്ങളില്‍ ഇരകളാക്കപ്പെട്ട രക്തസാക്ഷികളെ നാം മറക്കുന്നില്ല. നാം പറഞ്ഞതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനുള്ള സന്ദര്‍ഭമായി ഇതിനെ കാണുന്നില്ല. തടസ്സങ്ങളോ ആരോപണങ്ങളോ ഇല്ലാതെ ഭരണകൂട പ്രതിനിധി സംഘത്തിനൊപ്പം പ്രതിപക്ഷം ഇരിക്കുമ്പോള്‍ ഐക്യം സാധ്യമാണെന്നും അനുരഞ്ജനം അടുത്തെത്തിയിരിക്കുന്നു എന്നുമുള്ള സന്ദേശമാണത് നല്‍കുന്നത്. അതിന്നുള്ള തടസ്സങ്ങളില്‍ ഏറെയും ഇല്ലാതായിരിക്കുന്നു. ഭാവിയില്‍ ഇനിയും ഇല്ലാതാവുകയും ചെയ്യും.

സിറിയ അതിന്റെ ശക്തിയിലേക്കും പ്രതാപത്തിലേക്കും മടങ്ങുക തന്നെ ചെയ്യും. തീര്‍ച്ചയായും അത് മടങ്ങിയെത്തുകയും നിര്‍മാണാത്മക കൂടെപ്പിറപ്പായിട്ടുള്ള അതിന്റെ ജനതയെ നയിക്കുകയും ചെയ്യും. ഭൗതികമായ നിര്‍മാണങ്ങള്‍ക്കൊപ്പം മനുഷ്യരെ കൂടി അത് നിര്‍മിച്ചെടുക്കും. പകയും വിദ്വേഷവും മാറ്റി നല്ല മനസ്സുകളെ അത് നിര്‍മിച്ചെടുക്കും. ശോഭനമായ ഭാവിയിലേക്കാണത് പോകുന്നത്. വരും നാളുകളില്‍ നമുക്കത് കാത്തിരുന്ന് കാണാം.

വിവ: നസീഫ്‌

Related Articles