Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വിപ്ലവത്തിലെ സ്ത്രീ സാന്നിദ്ധ്യം

‘അമ്മ’ ജുസ്ഇലെ ബാക്കി ഭാഗം വേഗതയില്‍ ഹൃദിസ്ഥമാക്കാന്‍ എന്നെ സഹായിക്കണം- സിറിയയിലെ ഒരു വിദ്യാര്‍ഥിനി അധ്യാപികയോട് ആവശ്യപ്പെടുകയുണ്ടായി. കാരണമന്വേഷിച്ച അധ്യാപികയോട് കുട്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘ എപ്പോഴാണ് രക്തസാക്ഷ്യം വരിക്കേണ്ടി വരിക എന്ന് ഒരാള്‍ക്കും പ്രവചിക്കുക സാധ്യമല്ല’ .

സിറിയയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇന്ന് ചിന്തിക്കുന്നത് ഇപ്രകാരമാണ്. മരണം പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ നിമിഷവും അവര്‍ തള്ളിനീക്കുന്നത്. ഉമ്മമാര്‍ തങ്ങളുടെയും പിഞ്ചോമനകളുടെയും അഭിമാനം പിച്ചിച്ചീന്തുന്നതിനെക്കുറിച്ച ഭയാശങ്കകള്‍ക്കിടയിലാണ്. അവരുടെ ജീവനും അഭിമാനവും സ്വത്വവും സുരക്ഷിതമല്ലാതായിത്തീര്‍ന്നിരിക്കുന്നു. സിറിയന്‍ റെസ്‌ക്യൂ സംഘത്തിന്റെ മുന്‍ തലവനായ ഡോ. മുഹമ്മദ് സൈദ് മലോഹിയുടെ ഭാര്യയും മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ നിന്നും അഭയാര്‍ഥിയായി ഈജിപ്തിലെത്തിയ ആക്ടീവിസ്റ്റുമായ സുമയ്യ മുഹമ്മദ് ഇനായത്ത് സിറിയന്‍ പോരാട്ടത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെ കുറിച്ച് ഫദവ അല്‍ അജൂസുമായി നടത്തിയ സംഭാഷണം.

? ഒരു അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലാണല്ലോ നാം ഇപ്പോഴുള്ളത്, ഈ പുതു വര്‍ഷത്തിനായി സിറിയയിലെ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് തയ്യാറെടുക്കുന്നത്.

-സിറിയയിലെ മിക്ക സ്‌കൂളുകളും വിപ്ലവകാരികളെ ശിക്ഷിക്കാനും പീഢിപ്പിക്കാനുമുള്ള ജയിലിടങ്ങളാക്കി മാറ്റപ്പെട്ടിരിക്കുന്നു. മറ്റു ചില സ്ഥാപനങ്ങള്‍ വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ക്കുള്ള അഭയാര്‍ഥി ക്യാമ്പുകളായി മാറിയിരിക്കുന്നു. മാത്രമല്ല, സിറിയയിലെ ഉമ്മമാര്‍ തങ്ങളുടെ മക്കളെ വിദ്യാഭ്യാസത്തിനായി അയക്കാന്‍ ഇന്ന് ധൈര്യപ്പെടുന്നില്ല. സിറിയയിലെ ഇന്നത്തെ വിദ്യാഭ്യാസം എന്നത് യഥാര്‍ഥത്തില്‍ ഹജ്ജ് പോലെ കഴിവുളളവര്‍ക്ക് മാത്രം സാധ്യമായ ഒന്നായിത്തീര്‍ന്നിരിക്കുന്നു. ശിയാക്കളുടെ മേഖലയിലുള്ള ചില സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തികളില്‍ കഴിയുന്ന അഭയാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി ഭീമമായ തുക വേണ്ടിവരും. സിറിയയിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസമെന്നത് വലിയ ഒരു വെല്ലുവിൡയായിത്തീര്‍ന്നിരിക്കുകയാണെന്ന യുനൈറ്റഡ് നാഷണ്‍സ് ഫണ്ട് ഫോര്‍ ചില്‍ഡ്രന്‍ (യുനിസെഫ്) ന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്.

? സിറിയന്‍ കുടുംബങ്ങള്‍ ഉപരോധാവസ്ഥയില്‍ തങ്ങളുടെ കൂരകളില്‍ കഴിയുന്നതിനോ അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിക്കുന്നതിനോ മുന്‍ഗണന നല്‍കുന്നത്.

– ഈ രണ്ടവസ്ഥകളും അവര്‍ക്ക് കൈപ്പുറ്റതാണ്. വൈദ്യുതി ബന്ധം നിലച്ചിട്ടും വ്യാപാരമാര്‍ഗങ്ങളടഞ്ഞിട്ടും സ്വദേശം വിട്ട് പോകാതെ ഭയാശങ്കകളോടെ തങ്ങളുടെ വസതികളില്‍ തന്നെ കഴിയാനാണ് ചിലര്‍ തീരുമാനിച്ചിട്ടുള്ളത്. സൈനിക അഭയാര്‍ഥി ക്യാമ്പുകളെ കുറിച്ചുള്ള ഭയമാണ് അവരെ അവിടെ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ നിമിഷവും മരണത്തെ പ്രതീക്ഷിച്ചു കഴിയുന്നതിനേക്കാള്‍ ക്യാമ്പുകളിലെ പ്രയാസകരമായ ജീവിതത്തിനാണ് മറ്റുചിലര്‍ മുന്‍ഗണന നല്‍കുന്നത്. ലബനാനിന്റെയും സിറിയയുടെയും അതിര്‍ത്തികളിലെ ക്യാമ്പിലുള്ള പലരും നിരവധി പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കടിപ്പെട്ട് ദുരിതപൂര്‍ണമായ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്. എന്ത് പ്രയാസം സഹിച്ചാലും തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോയാല്‍ മതി എന്നാണ് ഭൂരിഭാഗമാളുകളും ആഗ്രഹിക്കുന്നത്. ജോര്‍ദാന്‍ അതിര്‍ത്തിയിലെ സഅ്തരി ക്യാമ്പുകളില്‍ കഴിയുന്നവരുടെ അവസ്ഥ അതീവ ഗുരുതരമാണ്, മരുഭൂമിയിലെ ശക്തമായ കാറ്റും അത്യുഷ്ണവും ബശ്ശാറുല്‍ അസദിന്റെ അനുകൂലികളായവരുടെ ബലാല്‍ സംഘങ്ങളടക്കമുള്ള ക്രൂരമായ പീഢനങ്ങളുമേറ്റു വാങ്ങിക്കൊണ്ടാണ് അവര്‍ ജീവിതം തള്ളിനീക്കുന്നത്. സിറിയയിലെ ബോംബിങ്ങും ആക്രമണവും കാരണം ഒന്നര മില്യന്‍ ആളുകള്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു.

? ചില സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആയുധമേന്തിയ സിറിയന്‍ സ്ത്രീകളുടെ ചിത്രം കാണുകയുണ്ടായി, വിപ്ലവകാരികളായ സ്വതന്ത്ര സൈന്യത്തിന്റെ കൂടെ ആയുധസജ്ജരായ വല്ല സ്ത്രീ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടോ.

-യഥാര്‍ഥത്തില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ചില ചെറിയ സ്ത്രീ സംഘങ്ങളുടെ ചിത്രമാണ് നിങ്ങള്‍ കണ്ടത്. സ്വയം പ്രതിരോധത്തിനായി സിറിയയിലെ മുഴുവന്‍ സത്രീകളും ആയുധമുപയോഗിക്കുന്നത് അഭ്യസിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

? വിപ്ലവത്തില്‍ സ്ത്രീകളുടെ പങ്ക് എന്താണ്.

-വിപ്ലവകാരികള്‍ക്കുള്ള ഓക്‌സിജനും ഇന്ധനവുമായി വര്‍ത്തിക്കുന്നത് സിറിയയിലെ സ്ത്രീകളാണെന്ന് നാം മനസ്സിലാക്കണം. ഭര്‍ത്താക്കന്മാരെയും സന്താനങ്ങളെയും വിപ്ലവത്തിനായി പ്രേരിപ്പിക്കുന്നതും അയക്കുന്നതും അവരാണ്. മറിച്ച് ഈ പോരാട്ടത്തെക്കാള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഒരിക്കലും അവര്‍ക്ക് വിജയിക്കുക സാധ്യമല്ല. ഏതൊരു സ്വാതന്ത്ര്യ സമരത്തിലും സ്ത്രീകളുടെ പങ്ക് നിസ്സാരമല്ല, പക്ഷെ , സിറിയന്‍ പ്രക്ഷോഭത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ കൂടി വേണ്ടത്ര പ്രകടമായിട്ടില്ല. മുജാഹിദുകളായവര്‍ക്ക് ഭക്ഷണവും ആവശ്യമായ മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് സ്ത്രീകളാണ്.

? ഈജിപ്തില്‍ സിറിയന്‍ വിപ്ലവത്തിനായി രൂപീകരിച്ച കോഡിനേഷന്‍ കമ്മിറ്റിയുടെ ദൗത്യം എന്താണ്. അത് ലക്ഷ്യം വെക്കുന്ന സുപ്രധാന കാര്യങ്ങള്‍ എന്തെല്ലാം.

-സിറിയയിലെ വ്യത്യസ്ഥ ഭാഗങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള വിപ്ലവകാരികള്‍ തമ്മിലുള്ള ആശയവിനിമയം അസാധ്യമായ സന്ദര്‍ഭത്തിലാണ് ഈ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ഒരൊറ്റ ലക്ഷ്യത്തിനായി ഐക്യത്തോടെ പോരാടുക എന്ന ലക്ഷ്യത്തോടെ എല്ലാ നഗരങ്ങളിലും കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. സിറിയന്‍ വിപ്ലവത്തിനായുള്ള കോഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുള്ളത് സിറിയക്ക് പുറത്താണെന്നത് ശ്രദ്ദേയമാണ്. പിന്നീട് മിക്ക അറബ് രാജ്യങ്ങളിലേക്കും അത് വ്യാപിക്കുകയുണ്ടായി. സിറിയയിലെ അവസ്ഥകളെ പറ്റിയുള്ള നേര്‍ക്കാഴ്ച മറ്റുള്ളവര്‍ക്ക് ലഭിക്കുക, സ്വതന്ത്ര സൈന്യത്തെ ശക്തിപ്പെടുത്താനും സഹായിക്കാനുമുള്ള സംരംഭങ്ങളിലേര്‍പ്പെടുക എന്നീ ലക്ഷ്യമാണ് ഇവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത ലക്ഷ്യത്തിനായി സമ്മേളനങ്ങളും സിമ്പോസിയങ്ങളും സമാധാനപരമായ പ്രക്ഷോഭപരിപാടികളുമെല്ലാമാണ് ഇവര്‍ മാര്‍ഗമായി സ്വീകരിക്കുന്നത്.

? താങ്കളുടെ അഭിപ്രായത്തില്‍ സിറിയന്‍ വിപ്ലവം ആഭ്യന്തര യുദ്ധത്തിലേക്കും വംശീയ കലാപത്തിലേക്കും വഴിമാറിയിട്ടുണ്ടോ.

– മുസ്‌ലിം സമൂഹവും ബശ്ശാറുല്‍ അസദും അദ്ദേഹത്തിന്റെ അലവികളില്‍പെട്ട അനുയായികളും തമ്മിലുള്ള വിശ്വാസപരമായ മാനങ്ങളുള്ള വംശീയ കലാപമാണ് യഥാര്‍ഥത്തില്‍ സിറിയയിലിപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സിറിയന്‍ ജനതയുടെ പത്ത് ശതമാനത്തെ മാത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ രാഷ്ട്രത്തിന്റെ എല്ലാ സംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും സുരക്ഷസേനയുമെല്ലാം ബശ്ശാറുല്‍ അസദ് കയ്യടക്കിവെച്ചിരിക്കുകയാണ്. മാത്രമല്ല, സുന്നികള്‍ അധിവസിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ശിയാക്കളുടെ ഗോത്രങ്ങളെ അധിവസിപ്പിക്കുകയും അവരെ എല്ലാറ്റിന്റെയും നേതൃത്വം ഏല്‍പിക്കുകയുമാണ് ബശ്ശാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാംകിട പൗരന്മാരായിട്ടാണ് സുന്നികളെ അവര്‍ കാണുന്നത്. വിപ്ലവകാരികള്‍ രംഗത്ത് വന്നപ്പോള്‍ ശിയാക്കളില്‍ പെട്ട അലവികള്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ ആയുധമേന്തുകയും സുന്നികളുടെ വീടുകള്‍ തകര്‍ക്കുകയും കുട്ടികളെ അറുകൊല ചെയ്യുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയാണ് അവിടെ ഉണ്ടായത്. മാത്രമല്ല, അലവികളുടെ ഗോത്രങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും സിറിയയില്‍ ഒരു വിപ്ലവവും കലാപവും അരങ്ങേറുന്നതായി അനുഭവപ്പെടുന്നു പോലുമില്ല എന്ന വിരോധാഭാസമാണ് സത്യത്തില്‍ സംജാതമായിട്ടുള്ളത്.

? സിറിയയിലേക്കുള്ള യു എന്‍ പ്രതിനിധി അഹ്ദര്‍ ഇബ്രാഹീമിയുടെ സന്ദര്‍ശനത്തെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്.

-അറബ് മേഖലയില്‍ ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന യു എന്നിന്റെ പ്രതിനിധിയാണ് ഇബ്രാഹീമി. വാല്‍സല്യ നിധിയായ ഒരു പിതാവിനെ പോലെ ബശ്ശാറുല്‍ അസദ് തങ്ങളുടെ സഖ്യമായി നിലകൊള്ളുക എന്നതാണ് സിയോണിസ്റ്റുകളുടെ താല്‍പര്യം. ഇതിനുള്ള ഒരു സന്ദര്‍ഭം കൂടിയാണ് ഈ സന്ദര്‍ശനം. ഒരു സിയോണിസ്റ്റ് പത്രത്തിന്റെ അഭിപ്രായ വോട്ടെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് 55 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നവര്‍ 80 ശതമാനമാണ്. സിറിയക്കും ഇസ്രായേലിനുമിടയില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി ഒരു വെടിപോലും ഉതിര്‍ത്തിട്ടില്ല എന്നത് ശ്രദ്ദേയമാണ്.

? പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിളിച്ചു ചേര്‍ത്ത ചതുര്‍രാഷ്ട്ര ഉച്ചകൂടിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.

-സിറിയന്‍ പ്രശ്‌നത്തില്‍ മുഹമ്മദ് മുര്‍സി കാണിച്ച താല്‍പര്യവും പ്രാധാന്യവും മറ്റൊരു അറബി രാഷ്ട്രവും കാണിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈജിപ്ഷ്യന്‍ ജനതയോട് പെരുമാറുന്നത് പോലെ തന്നെയാണ് ഞാന്‍ ഈജിപ്തിലെ സിറിയന്‍ ജനതയോട് പെരുമാറുക എന്ന മുര്‍സിയുടെ പ്രസ്താവന സിറിയയിലെയും സിറിയക്കു പുറത്തെയുമുളള ജനതയില്‍ വലിയ ആഹ്ലാദമാണ് ഉളവാക്കിയിട്ടുള്ളത്. ചതുര്‍രാഷ്ട്ര ഉച്ചകോടിയിലെ ഇറാന്റെ പങ്കാളിത്തം പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ മേല്‍ ശക്തമായ സ്വാധീനമുളവാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഈജിപ്തിലെ ഇറാന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിദ്ധ്യം ചില ശുഭസൂചനകള്‍ നല്‍കുന്നുണ്ട്.

? ഭരണാധികാരികളുടെയും ഭരണകൂടങ്ങളുടെയും ദൗത്യം നാം സ്വാഗതം ചെയ്യുന്നുവെങ്കില്‍ അറേബ്യന്‍ ജനതയില്‍ നിന്ന് താങ്കള്‍ക്ക് എന്താണ് ആവശ്യപ്പെടാനുള്ളന്നത്.

-ലോകത്തെ ധിക്കാരികളായ ഇസ്രായേലിന്റെയും ഇറാനിന്റെയും പിന്തുണയോടെ ക്രൂരമായ ഭരണം കാഴ്ച വെക്കുന്ന ബശ്ശാറുല്‍ അസദിനെതിരെ സ്വതന്ത്ര സൈന്യത്തിന് ശക്തിപകരുന്ന നിലപാടാണ് നാം സ്വീകരിക്കേണ്ടത്. അത് എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ‘ അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ‘(അല്‍ അന്‍ഫാല്‍ :72). കാരണം നാം അല്ലാഹുവിങ്കല്‍ മുസ്‌ലിമിന്റെ രക്തത്തിന് മറുപടി പറയേണ്ടി വരും. അറേബ്യയിലെ മില്യന്‍ കണക്കിനാളുകള്‍ തങ്ങളുടെ ഭരണകൂടങ്ങളുടെ മേല്‍ സിറിയന്‍ ജനതയുടെ വിജയത്തിനായി സമ്മര്‍ദ്ധം ചെലുത്തേണ്ടതുണ്ട്. സിറിയന്‍ ജനതയുടെ രക്ഷക്കായുള്ള കാമ്പയിനിലേര്‍പ്പെടണം. അഭയാര്‍ഥികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ശേഖരിച്ചു അര്‍ഹരായവര്‍ക്ക് എത്തിക്കണം. അറബ് ലീഗിന് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കണം. വലിയ വര്‍ത്തമാനങ്ങള്‍ കൊണ്ട് കാര്യമില്ല. ക്ഷുഭിതരായ അറബ് സമൂഹത്തെ പുനരുജ്ജീവിപ്പിക്കാന്‍ അതിന് കഴിയേണ്ടതുണ്ട്. നിരപരാധിയായ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ സിറിയന്‍ ജനതയോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ നമുക്ക് സാധിക്കണം. ഇതിനെല്ലാമുപരിയായി സിറിയന്‍ ജനതയുടെ വിജയത്തിന് വേണ്ടി ആത്മാര്‍ഥമായി നാം പ്രാര്‍ഥിക്കേണ്ടതുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles