Current Date

Search
Close this search box.
Search
Close this search box.

സിനിമ; സലഫീ വീക്ഷണത്തില്‍

cinema03-theat.jpg

ആഗോളതലത്തിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ സിനിമയെ കുറിച്ചു വ്യത്യസ്തവീക്ഷണങ്ങള്‍ കാണാം. പ്രധാനമായും മൂന്ന് വീക്ഷണഗതികളാണ് സിനിമയെകുറിച്ചുള്ളത്. ഒന്ന് സിനിമയെ നിരുപാധികം നിഷിദ്ധമാക്കുന്നവര്‍. ശറഇയായി സിനിമ എന്ന മാധ്യമത്തിന് ഇസ്‌ലാമില്‍ ഒരു സ്ഥാനവുമില്ലെന്ന വാദമുള്ള സലഫികളാണ് ഈ വാദത്തെ പിന്താങ്ങുന്നവരില്‍ അധികവും. മനുഷ്യനെ ഫോട്ടോയിലൂടെ ചിത്രീകരിക്കുന്നത് തന്നെ ഇസ്‌ലാമിക വിരുദ്ധമാണ് എന്നതിനാല്‍ സിനിമ എന്ന മാധ്യമം തന്നെ ഹറാമാണ്. അഭിനയത്തിലും നടനത്തിലും അധിഷ്ടിതമാണ് സിനിമ. നടനം ഇക്കൂട്ടരുടെ വാദമനുസരിച്ച് കളവാണ്. കെട്ടിച്ചമക്കുന്ന കഥകളില്‍ അയഥാര്‍ത്ഥമായ കാര്യങ്ങളാണ് ചിത്രീകരിക്കുന്നത്. നടീനടന്‍മാര്‍ തങ്ങളുടെ യഥാര്‍ത്ഥ ഐഡന്ററ്റിറ്റിയിലല്ലാതെ പലതരം കഥാപാത്രമായി മാറുന്നു. ഇതും തെറ്റാണ്. സംഗീതത്തെ നിരുപാധികം ഇസ്‌ലാം വിരുദ്ധം എന്നു മുദ്രകുത്തുന്ന ഇവര്‍, സിനിമയില്‍ സംഗീതമുണ്‍് എന്നതും വിലക്കിനു കാരണമായി കാണുന്നു.

സിനിമയെ സംബന്ധിച്ചുള്ള വിധിയില്‍ ഏറ്റവും കാര്‍ക്കശ്യം ഒരു പക്ഷേ സലഫി നിലപാടുകള്‍ക്കായിരിക്കാം. ഇസ്‌ലാമിന്റെ ചരിത്രം ചിത്രീകരിക്കുന്ന ദി മെസേജ് എന്ന സിനിമ ഇറങ്ങിയ കാലത്ത് സൗദിയിലെ പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയോട് ആ സിനിമ കാണുന്നതിന്റെ വിധിയന്വേഷിച്ച ചോദ്യകര്‍ത്താവിനോടുള്ള ശൈഖിന്റെ മറുപടിതന്നെ മതി ഈ വിഷയത്തിലെ സലഫി നിലപാടിലെ തീവ്രത മനസ്സിലാക്കാന്‍.

ചോദ്യം: മതപരമായി മോട്ടിവേഷന്‍ നല്‍കുന്ന ദി മെസേജ് പോലുള്ള ഇസ്‌ലാമിക സിനിമ കാണുന്നതിലുള്ള  വിധിയെന്താണ്?  അനുവദനീയമല്ല എന്നാണ് താങ്കളുടെ മറുപടി എങ്കില്‍ അതിന്റെ കാരണവും വിശദീകരിക്കുമല്ലോ? അതിന് അദ്ദേഹം നല്‍കുന്ന മറുപടി കാണുക: ഇസ്‌ലാമിക ശരീഅതില്‍ സിനിമ അനുവദനീയമല്ല. അതിനു പലകാരണങ്ങളുമുണ്ട്.

ഒന്നാമതായി സിനിമ കാഫിരീങ്ങളുടെ (സത്യനിഷേധികള്‍) വഴിയാണ്. ആ രീതി മുസ്‌ലിംകള്‍ക്കു ചേര്‍ന്നതല്ല. അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതായ ഒരു കാര്യവും ഞാന്‍ നിങ്ങളോടു പറയാതെ വിട്ടിട്ടില്ല എന്ന പ്രവാചക വചനം മാത്രം മതി ഇത്തരം പുതുപ്രവണതകളെ തള്ളിക്കളയാന്‍. ഇത്തരം പുതിയ രീതികള്‍ മുസ്‌ലിംകള്‍ക്കു ആവശ്യമില്ല. നിഷേധികളുടെ നാടുകളില്‍ നിന്ന് ഉത്ഭവിച്ച രീതികളാകുമ്പോള്‍ വിശേഷിച്ചും. ധാര്‍മിക സദാചാര വിധി വിലക്കുകളൊന്നുമില്ലാത്ത സത്യനിഷേധികളില്‍ നിന്ന് അവരുടെ നടപ്പുരീതികളും സംസ്‌കാരവും നമുക്കെടുക്കാനും പ്രയോഗത്തില്‍ വരുത്താനും കഴിയുന്നതെങ്ങനെ?

രണ്ടാമത്തെ കാര്യം അഭിനയം കളവിലും അയഥാര്‍ത്ഥ്യത്തിലും അധിഷ്ടിതമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അങ്ങനെയൊരു മാതൃകയില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ അവിശ്വാസികളെ അനുകരിക്കുകയാണ്. അവിശ്വാസികളുടെ ചെയ്തികള്‍ക്കാകട്ടെ നൈതികതയില്ല. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതാണ് അവരുടെ നിലപാട്. ഉദാഹരണത്തിന് പണമുണ്ടാക്കല്‍ അവരുടെ ലക്ഷ്യമാണ്. എന്നാല്‍ അതിനു വേണ്‍ി എന്തു മാര്‍ഗവും അവര്‍ സ്വീകരിക്കും. മുസ്‌ലിംകള്‍ അങ്ങനെയല്ല. നമുക്ക് അനുവദനീയമായതേ എടുക്കാവൂ, നിരോധിച്ചവ വെടിയുകയും വേണം.

അഭിനയവും സിനിമയും ഇസ്‌ലാം വിരുദ്ധമാകുന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട്. പുരുഷന്‍ സ്ത്രീയായും സ്ത്രീ പുരുഷനായും അഭിനയിക്കുന്നു. സ്ത്രീപുരുഷന്‍മാര്‍ കൂടിക്കലരുന്നു. അല്ലാഹു മനുഷ്യന് പ്രകൃത്യാ നല്‍കിയ താടി വടിച്ചു കളയുന്നു. എന്നിട്ട് സഹാബിമാരുടെ കഥാപാത്രങ്ങള്‍ക്കു വേണ്ടി വെപ്പുതാടി വെച്ചു സ്‌ക്രീനില്‍ ജനങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് കളവല്ലാതെ മറ്റെന്താണ്?  അതിനാല്‍ സിനിമ, അത് പ്രവാചകന്റെ ജീവിചരിത്രമായാലും കളവില്‍ അധിഷ്ടിതമായ കലയാണ്. ഒരാള്‍ ഉമറായും മറ്റൊരാള്‍ ഉമറിന്റെ സഹോദരിയായും അഭിനയിക്കുന്നു. എല്ലാം ശുദ്ധകളവല്ലാതെ പിന്നെന്താണ്? തിന്‍മയില്‍ പടുക്കപ്പെട്ടതും തിന്‍മ തന്നെ.
    
സിനിമ, സഹാബിമാരെ ചിത്രീകരിക്കല്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശൈഖ് ഇബ്‌നു ബാസ്, സ്വാലിഹ് ഫൗസാന്‍ പോലുള്ള പ്രമുഖ സലഫി പണ്ഡിതരടങ്ങുന്ന ഫതാവാ ലജ്‌ന അദ്ദാഇമയ്ക്കും സമാനമായ മറുപടി തന്നെയാണുള്ളത്.

ഫോട്ടോഗ്രഫി പോലും പാടില്ലെന്ന സലഫീ പണ്ഡിതന്‍മാരുടെ ആദ്യകാല വീക്ഷണത്തിന് പില്‍ക്കാലത്ത് ലഘൂകരണം വന്നിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്കു മാത്രം ഫോട്ടോ ആകാം എന്ന അവരുടെ വീക്ഷണം പിന്നീട് അവര്‍ തന്നെ മയപ്പെടുത്തിയിട്ടുണ്ട്. പ്രമാണങ്ങളുടെ ബാഹ്യാര്‍ത്ഥത്തിനപ്പുറം അവയുടെ പൊരുള്‍ മനസ്സിലാക്കുന്നതില്‍ ആദ്യമേ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം മയപ്പെടുത്തലുകളുടെ ആവശ്യമുണ്ടാകുമായിരുന്നില്ല. തങ്ങളുടെ പ്രസംഗങ്ങളും ദഅ്‌വാ പ്രവര്‍ത്തനങ്ങളും വീഡിയോയില്‍ ചിത്രീകരിക്കുകയും പണ്ഡിതന്‍മാര്‍ തങ്ങളുടെ ഫോട്ടോകള്‍ നല്‍കി പരിപാടികള്‍ പരസ്യപ്പെടുത്തുന്നതും ഇന്ന് സലഫികള്‍ക്കിടയിലും വ്യാപകമാണ്. ഇവിടെ ഫോട്ടോഗ്രഫി പ്രശ്‌നമില്ലേ എന്ന ചോദ്യത്തിന്, ദഅ് വതു ലക്ഷ്യമാക്കികൊണ്ടും ജനങ്ങളെ പഠിപ്പിക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉപയോഗപ്പെടുത്തുന്നുവെന്നാണ് അവരുടെ ഞ്യായം. എങ്കില്‍പ്പിന്നെ ഇതേ ഉദ്യേശ്യാര്‍ത്ഥം ഇസ്‌ലാമിക മര്യാദകള്‍ പാലിച്ച് സിനിമ നിര്‍മ്മിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് സിനിമയെ അനുകൂലിക്കുന്നവരുടെ മറുവാദം.

കേരള മുസ്‌ലിം പണ്ഡിത നേതൃത്വവും സിനിമയോടുള്ള സമീപനവും
സിനിമ: പുതു പ്രവണതകളും മാറുന്ന പണ്ഡിതവീക്ഷണവും

Related Articles