Current Date

Search
Close this search box.
Search
Close this search box.

സിനിമ: പുതു പ്രവണതകളും മാറുന്ന പണ്ഡിതവീക്ഷണവും

auda_uthaimeen.jpg

സലഫി പണ്ഡിതന്‍മാരില്‍ അധികവും സിനിമയോടു തീര്‍ത്തും നിഷേധാത്മക സമീപനമാണ് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതെങ്കിലും പില്‍ക്കാലത്ത് അത്തരം സമീപനങ്ങളില്‍ അയവ് വന്നിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തിന്റെ വമ്പിച്ച സ്വാധീനവും വ്യാപ്തിയും അറബ് യുവതയില്‍ അതിന്റെ സ്വീകാര്യതയും, സിനിമയെ യാഥാര്‍ത്ഥ്യബോധ്യത്തോടെ സമീപിക്കാന്‍ പല പണ്ഡിതന്‍മാരെയും പ്രേരിപ്പിച്ചിട്ടുണ്ട്. ശൈഖ് സ്വാലിഹ് ഉഥൈമീന്റെയും ശൈഖ് സല്‍മാനുല്‍ ഔദയുടെയും അഭിപ്രായങ്ങള്‍ ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്.

ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉഥൈമീന്‍
സിനിമയെ സംബന്ധിച്ചുള്ള നിലപാടില്‍ സലഫി പണ്ഡിതന്‍മാര്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് ശൈഖ് ഉഥൈമീനിന്റേത്. സമൂഹത്തെ സമുദ്ധരിക്കുന്നതിനും അവരുടെ സംസ്‌കരണത്തിനും സിനിമ ആകാം എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ‘ടെലിവിഷന്റെ ഉപയോഗം കുറക്കുക സാധ്യമല്ലാത്ത വിധം ഇന്ന് എല്ലാ വീടുകളിലും ടെലിവിഷന്‍ വ്യാപകമായിരിക്കുന്നു. സിനിമയിലൂടെ നല്ലതും ചീത്തയും കാണിക്കാം. ഇസ്‌ലാമിന താറടിച്ചുകാണിക്കുന്ന സിനിമകള്‍ക്കു തടയിടാന്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളും ഉന്നതമൂല്യങ്ങളും പ്രകടമാകുന്ന നല്ല സിനിമകള്‍ ഉണ്ടാകണം.  പടിഞ്ഞാറിനെ സ്വാധീനിക്കാന്‍ കഴിയുംവിധം ഇസ്‌ലാമിന്റൈ യഥാര്‍ത്ഥമുഖം അനാവരണം ചെയ്യുന്നതായിരിക്കണം നമ്മുടെ സിനിമകള്‍. ജൂതരും പടിഞ്ഞാറും നമ്മെ തീവ്രവാദികളും വിഷയാസക്തരും കുഴപ്പക്കാരുമായി ചിത്രീകരിക്കുന്നു. പാശ്ചാത്യരില്‍ അധികപേരുടെയും മനസ്സില്‍ നമ്മെകുറിച്ച് അങ്ങനെ ഒരു ചിത്രമാണ് പതിഞ്ഞിരിക്കുന്നത്.’ (അല്‍ജസീറ (സൗദി) പത്രം, 15-6-2006)

ശൈഖ് സല്‍മാനുല്‍ ഔദ
സലഫീ പണ്ഡിതനായ ശൈഖ് സല്‍മാനുല്‍ ഔദ അറബ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പണ്ഡിതനാണ്. അന്താരാഷ്ട്ര പണ്ഡിതസഭയുടെ സെക്രട്ടറി കൂടിയായ അദ്ദേഹം തന്റെ ഇസ്‌ലാം അല്‍യൗം എന്ന വെബ്‌സൈറ്റിലൂടെ ആധുനിക മുസ്‌ലിം പ്രശ്‌നങ്ങളെകുറിച്ച് സക്രിയമായി സംവദിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്ത് സിനിമ എന്ന മാധ്യമത്തെ ഏറ്റവും ആഴത്തില്‍ വിലയിരുത്തുകയും ആ മേഖലയിലേക്കു മുസ്‌ലിം സമൂഹം കാലെടുത്തുവെക്കുകയും ചെയ്യണമെന്ന് ഊന്നിപ്പറയുന്ന മുസ്‌ലിം പണ്ഡിതനാണ് ശൈഖ് സല്‍മാനുല്‍ ഔദ. ഹോളിവുഡില്‍ ഇറങ്ങിയ അവതാര്‍, ജുറാസിക് പാര്‍ക്, ടെര്‍മിനേറ്റര്‍ തുടങ്ങിയ അനേകം ഹിറ്റ് സിനിമകളും അവയുടെ പ്രമേയം, അവയുടെ നിര്‍മ്മാണ ചിലവ്, അവ നേടിയ ലാഭം, ലോകത്തെ അവ സ്വാധീനിക്കുന്ന വിധം എന്നിവയെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്ത ശേഷം ഈ മേഖലയില്‍ ഇസ്‌ലാമികമായ സിനിമകളുടെ ആവശ്യകതയെകുറിച്ച് അദ്ദേഹം വാചാലനാകുന്നു. സിനിമ എന്ന പ്രത്യേകമായ ഒരു മാധ്യമം എന്നതിലുപരി ദൃശ്യശ്രാവ്യമാധ്യമത്തെ ഇസ്‌ലാമിന് അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.

ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് സിനിമ നമ്മുടെ കിടപ്പുമുറികളില്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കഴിയുംവിധമുണ്ട്. അത് മുമ്പത്തേതിനേക്കാള്‍ പ്ര്ശനങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞുനില്‍ക്കാനാകില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘സിനിമയെ നിരുപാധികം ഹറാമെന്നു വിധിക്കുന്നതുകൊണ്ട് ഒരു ഫലവുമില്ല. ഏതാനും നേരത്തെക്ക് ജനങ്ങളില്‍ ഹറാം ബോധമുണ്ടാകുമെങ്കിലും വീണ്ടും അതിലേക്കു തന്നെ മടങ്ങും. ഹറാം എന്ന നിഷേധാത്മക സമീപനത്തിനു പകരം രചനാത്മകമായ ഒരു ബദല്‍ നമുക്കില്ല എന്നതാണ് പ്രശ്‌നം.’

സിനിമയെ സംബന്ധിച്ച് മുമ്പുണ്ടായിരുന്ന ഹറാം എന്ന വിധിയാണോ ഇപ്പോഴത്തെ അയഞ്ഞ സമീപനമാണോ ശരി എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മറുപടി ഇങ്ങനെയാണ്.
നിഷിദ്ധമെന്ന് മുമ്പ് പല പണ്ഡിതന്‍മാരും മുഫ്തികളും വിധി പറഞ്ഞത് അടിസ്ഥാനപരമായി അവ നിഷിദ്ധമെന്ന അര്‍ത്ഥത്തിലല്ല. സമൂഹത്തില്‍ അക്കാലത്ത് സിനിമ ഉണ്ടാക്കിയ മോശം പ്രവണതകളാണ് സമ്പൂര്‍ണ്ണ ഹറാം എന്ന നിലപാടില്‍ അവരെ എത്തിച്ചത്. മുസ്‌ലിം സമൂഹത്തിന് നന്മ അത്തരമൊരു വിധിയിലായിരിക്കും എന്നാണ് അവര്‍ മനസ്സിലാക്കിയത്. സാംസ്‌കാരികമായ ഒരു പ്രതിരോധത്തിന്റെ ഭാഗമായിരുന്നു അത്. മുമ്പ് ബി.ബി.സി പോലുള്ള പല ചാനലുകള്‍ നാമമാത്രമായി നിയന്ത്രണങ്ങളോടെ മാത്രമേ സംപ്രേഷണം ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇന്നിപ്പോള്‍ BBCയും മറ്റനേകം വിദേശ ചാനലുകളും നമുക്ക് കാണാം.
 
സിനിമയെ സംബന്ധിച്ചുള്ള മുന്‍കാല പണ്ഡിത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരാണ് ഒരു വലിയ വിഭാഗം സലഫി പണ്ഡിതരെങ്കിലും, പിന്നീട് നിലപാടുകളില്‍ അയവു വരുത്തിയ ശൈഖ് ഉഥൈമീനെപോലുള്ളവരെയും ഇസ്‌ലാമിക സിനിമ ഈ കാലഘട്ടത്തിന്റെ ആവശ്യമായി കരുതുന്ന ശൈഖ് സല്‍മാനുല്‍ ഔദയെപോലുള്ളവരെയും കാണാം. സിനിമയുടെ വിഷയത്തില്‍ മാത്രമല്ല, ആധുനിക ലോകത്തെ പുതിയ പല പ്രവണതകളെയും ആദ്യത്തില്‍ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും മടിക്കുന്ന സലഫികള്‍ എന്നാല്‍ ആ മാറ്റങ്ങളോടു സമരസപ്പെടാന്‍ പിന്നീട് നിര്‍ബന്ധിതരാകുന്നതിന് വേറയും ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.   

സലഫി വീക്ഷണം സ്വീകരിക്കുന്ന സൗദിയിലെ രാഷ്ട്രീയ ഭരണ നിര്‍വഹണ സ്ഥിതിഗതികള്‍ക്കും മുമ്പത്തേതില്‍ നിന്നും പ്രകടമായ മാറ്റം വന്നിട്ടുണ്ട്. ചാനലുകള്‍ക്കു പുറമേ സൗദി അറേബ്യയില്‍ തിയേറ്ററുകള്‍ വരെ സജ്ജമായിക്കൊണ്ടിരിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി തിയേറ്ററുകള്‍ വരുന്നു എന്ന വാര്‍ത്ത 2015 ആഗസ്റ്റില്‍ അല്‍ അറബി അല്‍ ജദീദ് പത്രമാണ് റിപോര്‍ട്ടു ചെയ്തത്. എന്നാല്‍ സൗദി മതകാര്യ വകുപ്പിന്റെ സമ്മതംകൂടി ഈ വിഷയത്തില്‍ ആവശ്യമാണെന്നും റിപോര്‍ട്ടിലുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രം പ്രദര്‍ശനം നടത്തുന്ന ഒരു തിയേറ്റര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് റിയാദിലെ ഒരു ഹോട്ടലില്‍ സജ്ജമാക്കിയിരുന്നു. കുട്ടികളുടെ ശിക്ഷണവുമായി ബന്ധപ്പെട്ട ഒരു ഇംഗ്ലീഷ് കാര്‍ട്ടൂണ്‍ ചിത്രം അറബി ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയാണ് പ്രദര്‍ശിപ്പിച്ചത്. ഔദ്യോഗികമായി സിനിമയ്ക്കു വിലക്കുണ്ടെങ്കിലും 2009 ല്‍ ആദ്യമായി ഒരു സൗദി നിര്‍മ്മിത സിനിമ (കൈഫല്‍ ഹാല്‍) പുറത്തിറങ്ങി. ഏതാനും ടൂറിസ്റ്റു കേന്ദ്രങ്ങളിലും ഫിലിം ഫെസ്റ്റിവലുകളിലും വിജയകരമായി പ്രദര്‍ശിപ്പിച്ച സിനിമ, സൗദിമതകാര്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദര്‍ശനം അവസാനിപ്പിച്ചു. അന്യഭാഷാ ചലച്ചിത്ര ഇനത്തില്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റൊരു സൗദി ചിത്രമായിരുന്നു ‘വജ്ദത്ത്’ (അല്‍ അറബ് അല്‍ ജദീദ്, 2015 ആഗസ്റ്റ 13).  

സിനിമ; സലഫീ വീക്ഷണത്തില്‍
സിനിമയെ അനുകൂലിച്ച പണ്ഡിതന്‍മാര്‍

Related Articles