Current Date

Search
Close this search box.
Search
Close this search box.

സിനിമയെ അനുകൂലിച്ച പണ്ഡിതന്‍മാര്‍

the-message.jpg

സിനിമയെ നിരുപാധികം നിഷിദ്ധമാക്കുന്നില്ലെങ്കിലും മുസ്‌ലിംകള്‍ക്ക് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഇസ്‌ലാമിന് ഏറെക്കുറെ അപ്രാപ്യമായ മേഖലയാണെന്നും കരുതുന്ന പണ്ഡിതരുമുണ്ട്. മുഹമ്മദ് ഖുതുബ് ഈ ഗണത്തിലാണ് പെടുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്ന വാദക്കാരനായിരുന്നു അദ്ദേഹം. മുഹമ്മദ് ഖുതുബ് എഴുതുന്നു. ‘ഇസ്‌ലാമിക കലാരൂപങ്ങളിലേക്കു ഏറ്റവും ഒടുവില്‍ കടന്നുവരാവുന്ന കലാരൂപമാണ് സിനിമ. സിനിമ സ്വയം ഒരു ഹറാമായ കാര്യമല്ല. എന്നാല്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന സിനിമകളും അതിലെ പ്രമേയങ്ങളും ഇസ്‌ലാമിന്റെ മൂല്യസങ്കല്‍പ്പത്തില്‍ നിന്ന് ഏറെ അകലെയാണ്.’ എന്നാല്‍ ഏതൊരു കലാ രൂപത്തെ പോലെയും സിനിമയെയും ഇസ്‌ലാമിന്റെ അധ്യാപനങ്ങളാല്‍ ഇസ്‌ലാമികവല്‍ക്കരിക്കാം എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇഖ്‌വാന്‍ ചിന്തകരില്‍ സിനിമ എന്ന മാധ്യമത്തെ പ്രതിലോമകരമായി സമീപിച്ച ഒരാളായിട്ടാണ്, മുഹമ്മദ് ഖുതുബിനെ ശൈഖ് ഖറദാവി എണ്ണുന്നത്.   
    
സിനിമ എന്ന കലാരൂപത്തോട് പോസിറ്റീവായ സമീപനം സ്വീകരിക്കുന്നവരാണ് മൂന്നാമത്തെ കൂട്ടര്‍. സിനിമയെ നിരുപാധികം വിലക്കുന്നതിനു പകരം നിര്‍ണ്ണിതമായ  ഉപാധികളോടെ സ്വീകരിക്കാമെന്നാണ് അവരുടെ വാദം. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് പൊതുവെ ഈ നിലപാട് സ്വീകരിച്ചവര്‍. ഇമാം ഹസനുല്‍ ബന്ന മുപ്പതുകളില്‍ തന്നെ സിനിമയെ ഇസ്‌ലാമിനനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ചിന്തിച്ചിരുന്നു. ഈജിപ്ഷ്യന്‍ ചലചിത്രരംഗത്തെ പ്രശസ്ത നടന്‍ വജ്ദി ഹുസൈനും നടനും സിനിമാ നിര്‍മ്മാതാവുകൂടിയായ അന്‍വര്‍ സ്വിദ്ഖിയുമായും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു ശഹീദ് ഹസനുല്‍ ബന്ന. ഇസ്‌ലാമിക സിനിമ എന്ന സ്വപ്‌നവുമായി അക്കാലത്ത് പല മുസ്‌ലിം നാടുകളും കറങ്ങിയ പണ്ഡിതനായിരുന്നു ഇറാഖിലെ ഇഖ്‌വാന്റെ സ്ഥാപക നേതാവായിരുന്ന ശൈഖ് മഹ്മൂദ് സ്വവ്വാഫ്. ആ ലക്ഷ്യത്തിനു വേണ്ടി അദ്ദേഹം പല ശ്രമങ്ങളും നടത്തിയെങ്കിലും അവ വിജയത്തിലെത്തിയില്ല. പിന്നീട് ഇഖ്‌വാന്‍ അനുഭാവികളില്‍ ചിലര്‍ ഗള്‍ഫുനാടുകളിലും ഈജിപ്തിലും ഇസ്‌ലാമിക് ഫിലിം സംരംഭങ്ങളുമായി മുന്നോട്ടുവരികയുണ്ടായി. തുര്‍ക്കിയില്‍ നിന്ന് മുഹമ്മദ് ഫാതിഹിനെ കുറിച്ച് ഇറങ്ങിയ കാര്‍ട്ടൂണ്‍ ചിത്രം ഈ കണ്ണിയില്‍ എടുത്തുപറയേണ്ട ഒന്നാണ്. പ്രവാചക പൗത്രന്‍മാരായ ഹസന്‍ ഹുസൈനുമാരെ കുറിച്ച് ഒരു ചലചിത്രവും ഉമറുബ്‌നു അബ്ദുല്‍ അസീസ്, ജമാലുദ്ദീന്‍ അഫ്ഗാനി എന്നിവരുടെ ജീവചരിത്രം പ്രമേയമാക്കി സീരിയലുകളും തുര്‍ക്കിയില്‍ നിന്ന് പുറത്തിറങ്ങുകയുണ്ടായി. പിന്നീടാണ് ലോകശ്രദ്ധയാകര്‍ഷിച്ച ദി മസേജ്, ഉമര്‍ മുഖ്താര്‍ എന്നീ സിനിമകള്‍ പുറത്തുവരുന്നത്. സിനിമ എന്ന മാധ്യമം ഇസ്‌ലാമിന് അനുകൂലമായി ഉപയോഗപ്പെടുത്താമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ദി മെസേജ്. മുഹമ്മദ് നബിയുടെ ജീവിതത്തിലെ പ്രവാചകത്വം മുതല്‍ക്ക് മക്കാ വിജയം വരെയുള്ള സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ, എന്നാല്‍ നബിയെയും പ്രധാന സ്വഹാബികളെയും ചിത്രകീരിക്കാതെ തന്നെ പടിഞ്ഞാറിന് ഇസ്‌ലാമിനെയും പ്രവാചകജീവിതവും ഹ്രസ്വമായി പരിചയപ്പെടുത്തുന്ന നല്ല സംരഭമായിരുന്നു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് സംവിധായകന്‍ മുസ്തഫാ അക്കാദ് ഈ സിനിമ നിര്‍മ്മിച്ചതെങ്കിലും, മുസ്‌ലിം നാടുകളിലും പടിഞ്ഞാറിലും നല്ല സ്വാധീനം ചെലുത്താനായ ഈ പടം ചിലര്‍ക്കെങ്കിലും ഇസ്‌ലാമിലേക്കു കടന്നുവരാനുള്ള പ്രചോദനവുമായി. സിനിമയോടു ഏറെ അനുകൂലമായ കാഴ്ചപ്പാട് സ്വീകരിച്ച ഏതാനും പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളാണ് ചുവടെ.  

ശൈഖ് മുഹമ്മദുല്‍ ഗസാലി
ആധുനിക പണ്ഡിതന്‍മാരില്‍ സിനിമയെ സംബന്ധിച്ച് വളരെ മുമ്പുതന്നെ ഏറ്റവും പോസിറ്റീവായ സമീപനം സ്വീകരിച്ച പണ്ഡിതനാണ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി.  
‘മിഅതു സുആലിന്‍ അനില്‍ ഇസ്‌ലാം’ (ഇസ്‌ലാമിനെ കുറിച്ചുള്ള നൂറ് ചോദ്യങ്ങള്‍) എന്ന തന്റെ കൃതിയില്‍ സിനിമയെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അടിസ്ഥാനപരമായി അനുവദനീയമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സിനിമ എന്ന മാധ്യമത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന പ്രമാണങ്ങള്‍ ഇല്ലെന്നതാണ് അതിന് കാരണം. സിനിമയും നാടകവും പോലുള്ള കലാ രൂപങ്ങളെ ഹറാമാണെന്ന് തീര്‍പ്പുകല്‍പിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് പലരും. ഇതു പ്രവാചകചര്യക്ക് നിരക്കുന്നതല്ല. രണ്ട് കാര്യങ്ങളില്‍ എളുപ്പമുള്ളതിനെയാണ് അവിടുന്ന് തെരഞ്ഞെടുത്തിരുന്നത്; അവ ചെയ്യുന്നതില്‍ കുറ്റമില്ലെങ്കില്‍. ഇനി അതില്‍ തിന്‍മയുണ്ടെങ്കില്‍ തിരുമേനിയായിരിക്കും ആദ്യം അതില്‍ നിന്ന്  അകന്നുനില്‍ക്കുക.

ആധുനിക നാഗരികതയുടെ വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും കലയാണ് സംഗീതം. സംഗീതം ഇസ്‌ലാമില്‍ ഹറാമാണെന്ന കാഴ്ചപ്പാട് മുഹമ്മദുല്‍ ഗസ്സാലിക്കില്ല. നല്ല അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന, നിഷിദ്ധങ്ങളെ പ്രോത്സാഹിപ്പിക്കാത്ത സംഗീതം ഹലാലാണെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. അദ്ദേഹം പറയുന്നു. ‘വൃത്തികേടുകളും അശ്ലീലതയും പരത്തുന്ന ഗാനങ്ങളാണ് ഇസ്‌ലാം വിലക്കുന്നുള്ളൂ. പാട്ടിനെ നിരുപാധികം വിലക്കുന്ന ഒരു ഹദീസും വന്നിട്ടില്ല. തിരുമേനി തന്നെയും ഒരിക്കല്‍ അബൂമൂസല്‍ അശ്അരിയെ അദ്ദേഹത്തിന്റെ സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ട് പ്രശംസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേട്ടപ്പോഴാണ് തിരുമേനി അദ്ദേഹത്തിന്റെ സ്വരമാധുരിയെ പ്രശംസിച്ചത്. ‘ദാവൂദ് നബിയ്ക്കു കിട്ടിയതു പോലുള്ള സംഗീതോപകരണം നിനക്കും ലഭിച്ചിട്ടുണ്ടല്ലോ’ എന്നായിരുന്നു തിരുമേനിയുടെ പ്രശംസ. ഹദീസില്‍ ഉപയോഗിച്ച മിസ്മാര്‍ എന്ന പദത്തിനര്‍ത്ഥം കാറ്റു മൂലം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ഓടക്കുഴല്‍ പോലുള്ള ഒരു സംഗീത ഉപകരണമെന്നാണ്. അബൂ മുസല്‍ അശ്അരിയുടെ ഒരു നന്‍മയെ എടുത്തുപറയുകയാണ് തിരുമേനി. ആ സംഗീത ഉപകരണം മോശമോ ഇസ്‌ലാം വിലക്കിയതോ ആയിരുന്നുവെങ്കില്‍ അബൂ മൂസല്‍ അശ്അരിയുടെ ശബ്ദത്തെ തിരുമേനി ഒരിക്കലും അതിനോടുപമിക്കുമായിരുന്നില്ല.

ഇവ്വിധമായിരുന്നു ചിത്ര രചനയോടും ഫോട്ടോഗ്രാഫിയോടും സിനിമയോടുമുള്ള മുഹമ്മദുല്‍ ഗസ്സാലിയുടെ നിലപാട്. അടിസ്ഥാനപരമായി സിനിമ എന്ന മാധ്യമം ഹലാലാണ്. അതില്‍ ഇസ്‌ലാം വിരോധിച്ച അശ്ലീലവും അക്രമവും തിന്‍മകളും ഉണ്ടാകുമ്പോഴാണ് അത് ഹറാമാകുന്നത്.

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: ഞാന്‍ ഈ ജീവിതത്തെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മുസ്‌ലിമാണ്. ഈ ജീവിതത്തില്‍ അല്ലാഹു നല്‍കിയ എല്ലാ നന്‍മകളെയും ഐശ്വര്യങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. അല്ലാഹു അവന്റെ പ്രപഞ്ചത്തില്‍ അവന്‍ എനിക്ക് ആതിഥ്യമരുളിയിരിക്കുന്നു. അവന് എനിക്ക് നല്ല ഭക്ഷണം നല്‍കിയിരിക്കുന്നു. അവഗണനയോടെ അശ്രദ്ധയോടെ ഇത്തരം അനുഗ്രഹങ്ങളോട് പുറംതിരിഞ്ഞുനിന്നാല്‍ അതു എന്തു മാത്രം കൃതഘ്‌നതയാണ്? അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തോട് നാം നന്ദി ചെയ്യേണ്ടതില്ലേ? ആധുനിക നാഗരികതയും പൗരാണിക നാഗരികതകളും മനുഷ്യനു മുന്നില്‍ കൊണ്ടുവരുന്ന എല്ലാ സംവിധാനങ്ങളെയും സൗകര്യങ്ങളെയും ഈയടിസ്ഥാനത്തിലാണ് ഞാന്‍ നോക്കിക്കാണുന്നത്. ഭൂമിയിലുള്ളത് മുഴുവനും നിങ്ങള്‍ക്ക് വേണ്ടി സംവിധാനിച്ചത് അവനാണെന്നാണല്ലോ  ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം നന്മകളെ അവ്വിധം സ്വീകരിക്കാനാണ് എനിക്കിഷ്ടം.
മുഹമ്മദുല്‍ ഗസ്സാലിയുടെ വീക്ഷണത്തില്‍ സിനിമ എന്ന ദൃശ്യശ്രാവ്യമാധ്യമം ഇസ്‌ലാമില്‍ ഹറാമല്ല. അതേസമയം അശ്ലീലതയും അക്രമവും പരത്തുന്ന  സിനിമകള്‍ ഏതു സാഹചര്യത്തിലും ഹറാമാണെന്ന കാര്യത്തില്‍ സംശയവുമില്ല.

ശൈഖ് യൂസുഫുല്‍ ഖറദാവി
അശ്ശരീഅഃ വല്‍ ഹയാത് എന്ന പേരില്‍ അല്‍ ജസീറ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ശൈഖു യൂസുഫുല്‍ ഖറദാവിയുടെ പരിപാടി ആധുനിക മുസ്‌ലിം ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ശ്രദ്ധേയമായ ഒരു ടെലിവിഷന്‍ ഷോയാണ്. ഖറദാവിയുടെ സാന്നിധ്യം കൊണ്ടുതന്നെ ഇതിനകം ശ്രദ്ധേയമായ ഈ പരിപാടിയില്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയം ആധുനിക മുസ്‌ലിമും സിനിമയും എന്നതായിരുന്നു. ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയില്‍ സിനിമയെകുറിച്ച് സംസാരിക്കുന്നതു പരിപാടിയുടെ മഹത്വം നഷ്ടപ്പെടുത്തുമെന്നു തുടക്കത്തിലേ പ്രതികരിച്ചവരോടു ഖറദാവി പ്രതിവചിച്ചത്, ആധുനികമുസ്‌ലിം ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരു വിഷയമെന്ന നിലയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു പ്രശ്‌നവുമില്ലായെന്നായിരുന്നു.

തിയേറ്ററില്‍ സിനിമ കാണുന്നതിന്റെ വിധിയന്വേഷിച്ച ചോദ്യകര്‍ത്താവിനോട് ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ മറുപടിയും ഇത്തരുണത്തില്‍ പ്രസക്തമാണ്. അഞ്ചുനേരത്തെ ജമാഅത് നമസ്‌കാരങ്ങളെ ബാധിക്കാത്തവിധം, സ്ത്രീപുരുഷ സങ്കലനമില്ലാതെ, ഇസ്‌ലാമിക വിധി വിലക്കുകള്‍ക്ക് എതിരാകാത്ത സിനിമകള്‍ തിയേറ്ററിലും കാണാം എന്നാണ് ശൈഖ് യുസുഫുല്‍ ഖറദാവിയുടെ മറുപടി. നാല്‍പതു മിനിറ്റു നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഖറദാവി സിനിമ എന്ന മാധ്യമത്തെയും അതിന്റെ രാഷ്ട്രീയത്തെയും മുന്‍കാല പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളെയും വിലയിരുത്തുന്നുണ്ട്. സിനിമ എന്ന മാധ്യമം ഒരു മാധ്യമം എന്ന നിലയില്‍ നിഷിദ്ധമല്ലെന്നും അവയെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താമെന്നുമാണ് ഖറദാവിയുടെ പക്ഷം.

സിനിമ: പുതു പ്രവണതകളും മാറുന്ന പണ്ഡിതവീക്ഷണവും
സിനിമയെ എത്രകാലം നമുക്ക് മാറ്റി നിര്‍ത്താനാവും?

Related Articles