Current Date

Search
Close this search box.
Search
Close this search box.

സിഖുകാരുടെ അതിജീവനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മാതൃക

ഇന്ദിരാഗാന്ധി വധത്തിന്റെ 30ാം വാര്‍ഷികമാണിന്ന്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ദുരന്തകരമായ സംഭവങ്ങളിലൊന്നാണ് 1984 ഒക്ടോബര്‍ 31 ന് നടന്ന അന്നത്തെ പ്രധാനമന്ത്രിയുടെ കൊലപാതകം. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായ ബിയാന്ത് സിങ്, സത്‌നാം സിങ് എന്നീ സിഖുകാരാണ് കൊലപാതകര്‍. ഖലിസ്ഥാന്‍ വാദികളെ അടിച്ചൊതുക്കാനെന്ന പേരില്‍ പഞ്ചാപിലുടനീളം അരങ്ങേറിയ ഭരണകൂട ഭീകരതക്കും സിഖുകാരുടെ പുണ്യഗേഹമായ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ പട്ടാളനടപടിക്കുള്ള പ്രതികാരവുമായിരുന്നു കൊലപാതകം. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായി ഇന്ത്യയിലുടനീളം സിഖ് കൂട്ടകൊല നടക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഡല്‍ഹിയില്‍ മാത്രം 3000ത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായി. പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളുടെയും ഭരണകൂടത്തിന്റെ ഒത്താശയോടെയും നടന്ന ഈ കൂട്ടക്കൊലകള്‍ സിഖുകാര്‍ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. അവരുടെ നിലനില്‍പിന് തന്നെ ഭീഷണി നേരിട്ട സാഹചര്യമാണ് നിലനിന്നത്.

തങ്ങളുടെ ചരിത്രത്തിലെ ദുരന്തകരമായ ഈ സാഹചര്യത്തെ വളരെ ക്രിയാത്മകമായി മറികടക്കുന്ന സിഖ് ജനതയെയാണ് പിന്നീട് രാജ്യം കണ്ടത്. തങ്ങള്‍ പിന്നോക്കമാണെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്ന രാജ്യത്തെ വ്യത്യസ്ത മത, ജാതി, വര്‍ഗങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് അവര്‍ കാഴ്ചവെച്ചത്. തങ്ങളുടെ പിന്നോക്കാവസ്ഥയെയും പ്രതിസന്ധികളെയും ഇത്ര സുന്ദരമായി മറികടന്ന മറ്റൊരു വിഭാഗത്തെ ഇന്ത്യയില്‍ കാണുക പ്രയാസകരമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷവും സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളിലൊന്നുമായ മുസ്‌ലിംകള്‍ക്കും വലിയ മാതൃക സിഖുകാരുടെ ഈ പുരോഗതിയിലുണ്ട്.

1984 ല്‍ ഭരണകൂടം കൂട്ടക്കൊലക്കിരയാക്കിയ സിഖുകാര്‍ക്കെതിരെ വിരലനക്കാന്‍ പോലും ഇന്ന് ആര്‍ക്കും ധൈര്യമില്ലാതായിരിക്കുന്നു. രാജ്യത്തിന്റെ സൈനികസ്ഥാപനങ്ങളില്‍ സിഖുകാരുടെ ആധിപത്യം അനിഷേധ്യമാണ്. ഇന്ത്യയിലെ മറ്റു പല ഉന്നതസ്ഥാനങ്ങളിലും സിഖുകാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. സിഖുകാരുടെ മതചിഹ്നങ്ങള്‍ക്ക് രാജ്യത്തിന്റെ പരമോന്നത സ്ഥാപനങ്ങളില്‍ വരെ അംഗീകാരം ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ സേനാവിഭാഗത്തിന്റെ ഔദ്യോഗിക തലപ്പാവിനു പകരം തങ്ങളുടെ മതചിഹ്നം ധരിക്കുന്നിടത്തോളം കാര്യങ്ങളെത്തി. സിഖുകാരുടെ മതചിഹ്നമായ കൃപാണം ആയുധമാണെങ്കിലും അത് അവര്‍ക്ക് ധരിച്ചു നടക്കാവുന്നതാണ്. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപ്പെടാറില്ല. ഈയടുത്ത കാലത്ത് ഒരു കേന്ദ്ര മന്ത്രിക്കെതിരെ ഒരു സിഖുകാരന്‍ കൃപാണി ഓങ്ങിയപ്പോല്‍ കൃപാണി ഉപയോഗിക്കുന്നതിനെതിരെ ഒരക്ഷരം ഉരിയിടാന്‍ ധൈര്യപ്പെടാത്ത ഭരണകൂടങ്ങളെയും മാധ്യമങ്ങളെയുമാണ് ഇന്ത്യയില്‍ കണ്ടത്. സിഖുകാരുടെ ഇത്തരം സ്വാതന്ത്ര്യങ്ങളെയും മതചിഹ്നങ്ങളെയും ചോദ്യം ചെയ്യുകയല്ല ചെയ്യുന്നത്. മറിച്ച് അവര്‍ നേടിയെടുത്ത ഈ ഔന്നത്യത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ മറ്റു പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളോട് അപേക്ഷിക്കുകയാണ്.
2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.9% മാത്രമാണ് സിഖുകാര്‍. എന്നാല്‍ രാജ്യത്തെ ഉന്നതസ്ഥാനങ്ങളില്‍ അവരുടെ സാന്നിദ്ധ്യം ജനസംഖ്യാനുപാതത്തേക്കാള്‍ എത്രയോ ഇരട്ടിയാണെന്നത് ചിന്തിപ്പിക്കേണ്ട വസ്തുതയാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷവും മൊത്തം ജനസംഖ്യയുടെ 13.4%വുമായ മുസ്‌ലിംകളുടെ ഭരണസിരാകേന്ദ്രങ്ങളിലെ സ്ഥാനം ജനസംഖ്യാനുപാതത്തേക്കാള്‍ എത്രയോ കുറവാണെന്നവും ചിന്തിപ്പിക്കേണ്ട വസ്തുതയാണ്.

മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥക്ക് മുഖ്യ ഉത്തരവാദികള്‍ മുസ്‌ലിംകള്‍ തന്നെയാണ്. ഇന്ത്യയിലെ പരമോന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടാനുള്ള നിരവധി അവസരങ്ങള്‍ തങ്ങള്‍ക്കുണ്ടായിട്ടും അതിനെ അവജ്ഞയോടെ തള്ളിക്കളയുകയോ, അല്ലെങ്കില്‍ അതിനെക്കുറിച്ച കൃത്യമായ ബോധമില്ലാതെ മുമ്പോട്ടു പോവുകയോ ചെയ്തതിന്റെ ദുരന്തമാണ് അവരിന്നനുഭവിക്കുന്നത്. രാജ്യത്തെ പരമോന്നത സ്ഥാപനങ്ങളായ നീതിന്യായവ്യവസ്ഥയോടും, ഭരണകൂടത്തോടും, സേനാവിഭാഗങ്ങളോടുമെല്ലാം നിഷേധാത്മക സമീപനമായിരുന്നു ഭൂരിപക്ഷം മുസ്‌ലിം പണ്ഡിതന്മാരും മതനേതാക്കളും സ്വീകരിച്ചിരുന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കാനോ വിലയിരുത്താനോ അവര്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല. അവയോട് പുരോഗമനാത്മക സമീപനം സ്വീകരിക്കുന്നവരെ കുറ്റപ്പെടുത്തുകയും പിഴച്ചവരെന്ന് ആക്ഷേപിക്കുകയും ചെയ്തു. മുസ്‌ലിംകളിലെ നല്ലൊരു ശതമാനം പണ്ഡിതന്മാരും ഈ നിഷേധാത്മക നിലപാട് ഇന്നും തുടരുന്നവരാണെന്നത് ദുഃഖകരമായ വസ്തുതയാണ്.

ഇന്ത്യയിലെ പല വിദ്യാഭ്യാസ മേഖലകളിലും ഇന്ന് മുസ്‌ലിംകള്‍ക്ക് സംവരണമുണ്ട്. Civil Service, Law,  Media തുടങ്ങിയ എല്ലാ ഉന്നത മേഖലകളിലേക്കുമുള്ള വാതിലുകള്‍ മുസ്‌ലിംകള്‍ക്കു മുന്നില്‍ തുറന്നുകിടക്കുകയാണ്. അത്തരം മേഖലകളിലേക്ക് കടന്നുചെല്ലാനും രാജ്യത്തിന്റെ ഉന്നതഭരണസിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കാനും മുസ്‌ലിം സമൂഹം തയ്യാറാകേണ്ടതുണ്ട്. ജനസംഖ്യയുടെ 1.95% മാത്രം വരുന്ന സിഖുകാര്‍ ഇതിന് നമുക്ക് മാതൃകയാകണം. അല്ലാതെ പിന്നോക്കമാണെന്ന് പറഞ്ഞ് കിടന്ന് മോങ്ങിയിട്ട് യാതൊരു കാര്യവുമില്ല. ഈ കരച്ചിലൂടെ നഷ്ടപ്പെടുന്നത് അല്ലാഹു നമുക്ക് വകവെച്ചു തന്ന പ്രതാപമാണ്.  ‘വാസ്തവത്തില്‍ പ്രതാപമഖിലം അല്ലാഹുവിനും അവന്റെ ദൂതന്നും വിശ്വാസികള്‍ക്കുമുള്ളതാകുന്നു'(വി.ഖു-63.8) എന്ന സ്രഷ്ടാവിന്റെ  പ്രഖ്യാപനം അത് നേടിയെടുക്കാനുള്ള ആഹ്വാനം കൂടിയാണ്. വെറുതെ അത് ലഭിക്കണമെന്നില്ല.
 
ഇന്ത്യന്‍ മുസ്‌ലിംകളുടെ രോദനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് ഇസ്‌ലാമിക നാഗരിഗതയുടെ ഏറ്റവും അഭിമാനമായിരുന്ന സ്‌പെയിനിന്റെ തകര്‍ച്ച സംഭവിച്ച ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞ അവസാന ഭരണാധികാരിയോട് അദ്ദേഹത്തിന്റെ ഉമ്മ പറഞ്ഞ വാക്കുകളാണ്. അവര്‍ മകനോട് പറഞ്ഞു : ‘പോരാടേണ്ട സമയത്ത് പുരുഷനെപ്പോലെ പോരാടാന്‍ കഴിയാത്ത നീ പെണ്ണുങ്ങളെപ്പോലെ കരിഞ്ഞിരുന്നോളൂ.’ ഓരോ കാര്യവും അതാതിന്റെ സമയത്ത് ചെയ്യാതിരുന്നിട്ട് പെണ്ണുങ്ങളെപ്പോലെ കരയുന്നതിനു പകരം ഇനിയെങ്കിലും യാഥാര്‍ത്ഥ്യ ബോധ്യത്തോടുകൂടി കര്‍മധീരരായി മുമ്പോട്ട് പോവുക. സിഖ് ചരിത്രം അതിനുള്ള ഓര്‍മപ്പെടുത്തലാകട്ടെ.

Related Articles