Current Date

Search
Close this search box.
Search
Close this search box.

സാഹചര്യങ്ങള്‍ മാറുമ്പോള്‍

സമൂഹത്തിന്റെ നിലവിലുള്ള അവസ്ഥ, നേരിടുന്ന പ്രശ്‌നങ്ങള്‍, രാഷ്ട്രത്തിന്റെ  സ്ഥിതി  എന്നിവ പരിഗണിച്ച് സമുദായത്തിന്റെ അംഗീകാരത്തോടെ കാലത്തിന്നനുസരിച്ച് ഇസ്‌ലാമിക നിയമങ്ങള്‍ പരിഷ്‌കരിച്ചതിന് ചരിത്രത്തില്‍ ധാരാളം മാതൃകകള്‍ കാണാം.

ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെകാലത്ത് ഉമര്‍(റ)ന്റെ അഭിപ്രായപ്രകാരമാണ് ഖുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കിയത്. ആദ്യം ഈ ആശയം അബൂബക്കര്‍(റ) അംഗീകരിക്കാന്‍ വിസമ്മതിച്ചു. റസൂല്‍ തിരുമേനി ജീവിതകാലത്ത് ചെയ്യാത്ത ഒരു കാര്യം ഞാന്‍ എങ്ങിനെയാണ് നടപ്പാക്കുക. എന്നാണദ്ദേഹം ചിന്തിച്ചത്. പ്രവാചകനുശേഷം മദീനയുടെ അയല്‍പ്രദേശത്തെ മുസ്‌ലിം ഗോത്രങ്ങള്‍ സകാത്ത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഖലീഫഅബൂബക്കര്‍(റ) അവരോട് യുദ്ധം പ്രഖാപിക്കണമെന്നാണഭിപ്രായപ്പെട്ടത്. മുസ്‌ലിംകള്‍ തമ്മില്‍ യുദ്ധം ചെയ്യരുതെന്നായിരുന്നു ഉമര്‍(റ) ഉപദേശിച്ചത്. അബൂബക്കര്‍(റ) ഉമറിനേയും മറ്റു സഹാബിമാരേയും സംഭവത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണത്. നിഷേധികളോട് യുദ്ധം പ്രഖ്യാപിച്ചത്. ഇതും പ്രവാചകന്റെ കാലത്തില്ലാത്ത പ്രശ്‌നമായിരുന്നു. പ്രവാചകന്റെയും അബുബക്കര്‍(റ)ന്റെയും കാലത്ത് ഭരണാധിപന്മാര്‍ രാഷ്ട്രത്തിനായി സമ്പത്ത് സ്വരൂപിക്കാതെ വിതരണം ചെയ്യുകയായിരുന്നു പതിവ്. സിറിയയിലെ ഭരണാധികാരികളുടെ മാതൃക സ്വീകരിച്ച് ഉമര്‍(റ) ആദ്യമായി പൊതുഖജനാവ് (ബൈത്തുല്‍മാല്‍) സ്ഥാപിച്ച് കണക്കുകളും, രേഖകളും സൂക്ഷിക്കുന്ന ഏര്‍പ്പാട് നടപ്പിലാക്കി.

പ്രവാചകനില്‍നിന്നും ഒന്നാം ഖലീഫയില്‍നിന്നും തികച്ചും വ്യത്യസ്തമായി പല നയങ്ങളും ഖലീഫ ഉമര്‍ (റ) നടപ്പിലാക്കുകയുണ്ടായി. പട്ടാളക്കാര്‍ക്ക് ശമ്പളം നിശ്ചയിക്കുകയും ചിട്ടയോടെ അവരുടെ പട്ടിക തയാറാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണത്തിലായിരുന്നു. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഉമര്(റ) പെന്‍ഷന്‍ നടപ്പിലാക്കി. അനാഥ, വാര്‍ധക്യ, വിധവാ പെന്‍ഷനുകള്‍ നടപ്പിലാക്കിയത് രണ്ടാം ഖലീഫയായിരുന്നു. പേര്‍ഷ്യക്കാരെ മാതൃകയാക്കി ഹിജ്‌റ വര്‍ഷം മുഹര്‍റം ഒന്നുമുതല്‍ കണക്കാക്കാന്‍ തീരുമാനിച്ചു. ഹിജ്‌റ നടന്നത് റബീഉല്‍ അവ്വല്‍മാസത്തിലായിരുന്നു. ഹിജ്‌റ വര്‍ഷം പതിനാറിലാണ് ആദ്യമായി കലണ്ടര്‍ തയാറാക്കിയത്. ജാഹിലിയ്യാകാലത്തെയും പേര്‍ഷ്യക്കാരുടേയുമെല്ലാം സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇസ്‌ലാമികസമൂഹം ഒട്ടും അനൗചിത്യം കണ്ടില്ല.

ശിക്ഷാവിധികള്‍ നടപ്പാക്കുന്നതിലും ഉമര്‍(റ) പുതിയ സമീപനങ്ങളാണ് സ്വീകരിച്ചത്. കടുത്ത ദാരിദ്ര്യംകാരണം ഒട്ടകത്തെ മോഷ്ടിച്ച് അറുത്ത് ഭക്ഷിച്ച തൊഴിലാളികളെ ശിക്ഷിക്കാതെ അവര്‍ക്ക് ജീവിക്കാനാവശ്യമായ വേതനം നല്‍കാതെ പീഡിപ്പിച്ച ഒട്ടകമുതാളിക്ക് പിഴ ചുമത്തുകയാണദ്ദേഹം ചെയ്തത്. സാഹചര്യം വ്യത്യസ്തമായപ്പോള്‍ സമീപനത്തിലും പ്രയോഗത്തിലും പ്രകടമായ മാറ്റം വരുത്തിയതിന്റെ ഉദാഹരണങ്ങളാണിവ. സമൂഹത്തിന്റെ അവസ്ഥയും രാഷ്ട്രത്തിന്റെ സ്ഥിതിയും നിലവിലുള്ള സവിശേഷ സാഹചര്യങ്ങളും പരിഗണിച്ച് ഇസ്‌ലാമിക സമൂഹവുമായി കൂടിയാലോചിച്ച് അംഗീകാര്യം നേടിയായിരുന്നു ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. പ്രവാചകന്റേയും ഒന്നും രണ്ടും ഖലീഫമാരുടെയും കാലത്തും വെള്ളിയാഴ്ച ജുമുഅക്ക് ഒരു ബാങ്കേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ സാമൂഹികാവസ്ഥയില്‍ സംഭവിച്ച മാറ്റം പരിഗണിച്ച് മൂന്നാം ഖലിഫ ഉസ്മാന്‍(റ) അത് രണ്ടായി നിശ്ചയിക്കുകയുണ്ടായി. ഇന്നും ഇത് പലസ്ഥലങ്ങളിലും തുടരുന്നു.

ഉമറുബനു അബ്ദുല്‍ അസീസ് ഈജിപ്തിലെ ക്രൈസ്തവ പുരോഹിതന്മാരേയും യുദ്ധസേവനം നടത്തിയ ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാരേയും  ജിസ്‌യ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. ഈ രണ്ട് പുതിയകാര്യങ്ങളും തീര്‍ത്തും പുത്തന്‍ സമീപനങ്ങളായിരുന്നു. നിര്‍ബന്ധസൈനിക സേവനത്തില്‍ നിന്നും സകാത്തില്‍ നിന്നും അമുസ്‌ലിം പൗരന്മാരെ ഒഴിവാക്കിയതിനു പകരമായിരുന്നു അവര്‍ക്ക് ജിസ്‌യ എന്ന നികുതി ബാധകമാക്കിയിരുന്നത്.

ഖലീഫാമാരെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളുടേയും കൂടിയാലോചനയുടേയും പിന്‍ബലത്തോടെ ആവശ്യമനുസരിച്ച് പുത്തന്‍ സമീപനങ്ങള്‍ സ്വീകരികരിക്കുകയും കീഴ്‌വഴക്കങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ പുരോഗതിക്കാവശ്യമായ പുതിയ നയപരിപാടികള്‍ സ്വീകരിക്കുകയും ഉള്ളവയില്‍ മാറ്റം വരുത്തുകയും വേണമെന്നകാര്യത്തില്‍ അവരെല്ലാം യോജിച്ചിരുന്നു.

Related Articles