Current Date

Search
Close this search box.
Search
Close this search box.

സസ്യഭുക്കുകളും അഹിംസയും

ജീവജാലങ്ങളെ കൊന്നു തിന്നുന്നത് ക്രൂരതയല്ലേ? പലരും ഉന്നയിക്കാറുള്ള ചോദ്യമാണിത്. ഒരു ജീവിയെയും ഹനിക്കാത്തവരായി ആരുമില്ലെന്നുള്ളതാണ് വസ്തുത. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം കഴിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്കും ജീവനും വികാരവുമുണ്ടെന്നത് സുസമ്മതമത്രെ. അതിനാല്‍ മാംസഭുക്കുകളെപ്പോലെ സസ്യഭുക്കുകളും ജീവ ഹാനി വരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്.

ഏതു മനുഷ്യനും ശരീരത്തില്‍ മുറിവു പറ്റിയാല്‍ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ച് കൊല്ലുന്നു. വയറ്റിലെ കൃമികളെ നശിപ്പിക്കുന്നു. കൊതുകുകള്‍ മുട്ടയിട്ടു വിരിയുന്ന കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിഷാംശം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു.

മനുഷ്യന്‍ കൃഷിക്കു വേണ്ടി നിലം ഉഴുതുമറിക്കുന്നു. കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും ഉണ്ടാക്കുന്നു. ഇതൊക്കെയും ചെയ്യുമ്പോള്‍ അവിടെയുള്ള പ്രാണികള്‍ക്കും ഇതരജീവികള്‍ക്കും എന്തു സംഭവിക്കുന്നു എന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികള്‍ക്കും ഒന്നു പോലെ അവകാശപ്പെട്ട ഭൂമിയിലാണല്ലോ നാം ഇതെല്ലാം ചെയ്യുന്നത്.

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്നായി ഇതൊക്കെയും ചെയ്യാമെങ്കില്‍, വിഷാണുക്കളെ കൊല്ലാമെങ്കില്‍, ഏറ്റവും നല്ല പോഷകാഹാരമെന്ന നിലയില്‍ മത്സ്യ-മാംസാദികള്‍ ഉപയോഗിക്കാവുന്നതാണ്. തങ്ങള്‍ തീര്‍ത്തും അഹിംസയുടെ ആളുകളാണെന്നും ജീവികളെയൊന്നും കൊല്ലാത്തവരാണെന്നുമുള്ള സസ്യഭുക്കുകളുടെ അവകാശവാദം തീര്‍ത്തും അവാസ്തവവും അര്‍ത്ഥശൂന്യവുമാണ്.

ആഹാരമില്ലാതെ ഒന്നിനും ജീവിക്കാനാവില്ല. ഭക്ഷണത്തിനു ഓരോന്നും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. സസ്യങ്ങള്‍ നിലനില്‍പ്പിനായി മറ്റുസാധനങ്ങളെ ഉപയോഗിക്കുന്നു. അവയില്‍ പലതും ജീവികളെയും ആഹാരമായി ഉപയോഗിക്കുന്നു. പ്രാണികള്‍ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. ഇവയില്‍ ഓരോന്നിനും അതിന്റെ ശരീര ഘടനക്കനുസൃതമായ ജീവിത രീതിയാണുള്ളത്. മുയലും പശവും ആടുമൊക്കെ തീര്‍ത്തും സസ്യഭുക്കുളായതിനാല്‍ അവയ്ക്ക് അതിനനുസൃതമായ പല്ലും വയറുമാണ്. അവയുടെ പല്ലുകള്‍ നിരപ്പായതും പരന്നതുമാണ്. സിംഹവും കടുവയുമെല്ലാം പൂര്‍ണ്ണ മാംസഭുക്കുകളായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണുള്ളത്. മനുഷ്യന്‍ സസ്യാഹാരവും മാംസാരഹാരവും ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവന്റെ പല്ലുകള്‍ പരന്നതും നിരപ്പായതുമെന്നതോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തതുമാണ്. ദഹനേന്ദ്രിയങ്ങളും രണ്ടിനും പറ്റിയതത്രെ. അതിനാല്‍ മിശ്രഭുക്കാവുകയെന്നത് പ്രകൃതിനിയമത്തിന്റെ ഭാഗമാണ്, ദൈവനിശ്ചിത വ്യവസ്ഥയുടെ പാലനവും.

Related Articles