Current Date

Search
Close this search box.
Search
Close this search box.

സവര്‍ണാധിപത്യം ഉറപ്പാക്കാന്‍ സാമ്പത്തിക സംവരണം

broke-promise.jpg

”2006 ല്‍ ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ സര്‍വ്വേയില്‍ തെളിയിക്കുന്ന ചില വിവരങ്ങള്‍, അത് ആ നിലയില്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. അതിലെ ഒരു വിവരം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിലെ ജനസംഖ്യയില്‍ താഴെ തട്ടിലുള്ള പത്ത് ശതമാനം ആളുകള്‍ മൊത്തം വിഭവത്തിന്റെ 1.3 ശതമാനവും ഉയര്‍ന്ന തട്ടിലുള്ള 10 ശതമാനം മൊത്തം സമ്പത്തിന്റെ 42 ശതമാനവും കയ്യാളുന്നു. മേല്‍ തട്ടും കീഴ് തട്ടും തമ്മിലുള്ള അന്തരം 35 മടങ്ങായിരിക്കുന്നു എന്നൊരു വിവരം പുറത്ത് വരികയുണ്ടായി. ഈ കീഴ്തട്ടിലുള്ളവര്‍ കര്‍ഷക തൊഴിലാളികള്‍ ആദിവാസികള്‍ പരമ്പരാഗത തൊഴിലാളികള്‍ എന്നിവരാണ്. കൃത്യമായി പറഞ്ഞാല്‍ ദലിതര്‍. ഈ കാര്യം നാം എങ്ങനെ ഇനിയും വിശദീകരിക്കും എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഈ സര്‍വെ റിപ്പോര്‍ട്ടില്‍ വരുന്ന മറ്റൊരു വിവരം താഴെ തട്ടിലുള്ള 10 ശതമാനം ആളുകള്‍ അവരുടെ കുട്ടികളുടെ പ്രതിമാസ വിദ്യാഭ്യാസ ചിവിലേക്ക് 71 രൂപ ചിലവാക്കുന്ന സമയത്ത് മേല്‍ തട്ടിലെ ആളുകള്‍ അവരുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കു വേണ്ടി ചെലവാക്കുന്നത് പ്രതിമാസം 110 രൂപയാണ്. കണക്കില്‍ വിത്യാസമുണ്ടാവാം. പക്ഷെ കിഴ്  തട്ടിലുള്ള 10 ശതമാനത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തേക്കാള്‍ വില പിടിച്ചതാണ് മേല്‍തട്ടിലെ പത്ത് ശതമാനത്തിന്റെ വളര്‍ത്തു പട്ടിയുടെ ജീവിതം എന്നത് കേരളീയമായ ഒരു യാഥാര്‍ത്യമാണ്. ‘ (നാനാര്‍ഥങ്ങള്‍, സുനില്‍ പി. ഇളയിടം )

സവര്‍ണ വിഭാഗത്തില്‍ പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ ഇടതുപക്ഷ ഗവണ്‍മന്റ് എടുത്ത തീരുമാനവുമായി ബദ്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നു. ഇന്ത്യയില്‍ സംഘ് പരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങളായി വാദിച്ച് കൊണ്ടിരിക്കുന്ന ഒരു ആശയത്തെ പ്രായോഗികമാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. എന്ത് കൊണ്ട് പിണറായി ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനവുമായി മുന്നോട്ട് പോവുന്നു എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരം,  മുന്നോക്ക ജാതിയില്‍പെട്ട നിരവധി ആളുകള്‍ ഇപ്പോള്‍ സാമ്പത്തികമായി പിന്‍ നിരയിലാണെന്നും അതിനാല്‍ അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക സംവരണം കൊണ്ട് സാധ്യമാകും എന്നുമാണ്. സത്യത്തില്‍ സംവരണം എന്ന തത്വത്തിന്റെ അന്തഃസത്ത മനസ്സിലാക്കാതെയാണ് ഇടതുപക്ഷ ഗവണ്‍മെന്റ് ഇത്തരമൊരു തീരുമാനം എടുത്തത് എന്ന് പറയേണ്ടി വരും.

 ചരിത്രപരമായി നിരവധി കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട് , സാമൂഹ്യ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തിപ്പെട്ട ,അധ:കൃത പിന്നോക്ക പീഡിത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത തത്വമാണ് സംവരണം. ഈയര്‍ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിത്യസ്ത മത ജാതി വിഭാഗങ്ങള്‍ക്ക് , സാമൂഹ്യ മുന്നേറ്റം പ്രദാനം ചെയ്യുന്ന സംവരണം എന്ന ആശയത്തിന്റെ മെറിറ്റിനെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം. നൂറ്റാണ്ടുകളായി ജാതി വിവേചനത്തില്‍ പൊറുതിമുട്ടി ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത ജനവിഭാഗത്തെ, പതിയെ കൈ പിടിച്ചുയര്‍ത്തി സാമൂഹ്യ മുന്നേറ്റത്തില്‍ അവരെയും ഉള്‍ച്ചേര്‍ക്കാന്‍ നമ്മുടെ ഭരണഘടനാ ശില്പികള്‍ നിര്‍മിച്ചെടുത്ത , സംവരണം എന്ന പുരോഗമന ആശയത്തെ സാമ്പത്തിക മാനദണ്ഡത്തില്‍ പുന:കൃമീകരിക്കുന്നത്, ഭരണഘടനാ വിരുദ്ധവും സംവരണം എന്ന ഭരണഘടനാവകാശത്തെ അട്ടിമറിക്കുന്നതുമാണ്. ഒരു രാജ്യം അല്ലെങ്കില്‍ ഒരു ജനസമൂഹം എത്രമാത്രം ജനാധിപത്യപരമായി ഉയര്‍ന്ന് നില്‍ക്കുന്നു എന്നതിന്റെ ഒരു അളവുകോലാണ് വിത്യസ്ത മത ജാതി വിഭാഗങ്ങളുടെ ഭരണപരമായ പ്രാതിനിധ്യം . ആധുനിക ദേശ രാഷട്രങ്ങള്‍ ഈയര്‍ഥത്തില്‍ നിയമങ്ങള്‍ നിര്‍മിച്ചെടുത്ത് സാമൂഹ്യനീതിയെ ഉയര്‍ത്തി കൊണ്ട് വരികയാണ്. അതിനാല്‍ അടിച്ചമര്‍ത്തപ്പെട്ട മാര്‍ജിനലൈസ് ചെയ്യപ്പെട്ട മതജാതി വിഭാഗത്തിന്റെ പ്രാതിനിധ്യം ഉണ്ടാവുമ്പോള്‍ മാത്രമെ നമ്മള്‍ ഒരു ജനാധിപത്യ സമൂഹമാണ് എന്ന നിര്‍വചനത്തിലേക്ക് വരികയുള്ളൂ.

സംവരണം എന്ന ആശയം ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടി ആവിശ്കരിച്ച ഒരു ഭരണഘടനാ തത്വമല്ല മറിച്ച് ഒരു ജനതയുടെ സാമൂഹ്യ പ്രതിനിധാനവുമായി ബദ്ധപ്പെട്ട് ഉയര്‍ന്ന് വന്നതാണ് . അതിനാല്‍ സാമ്പത്തിക സംവരണം ഭരണഘടനാ പരമായി നില നില്‍ക്കാന്‍ അര്‍ഹതയില്ലാത്തതും പ്രായോഗികമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുമുള്ള ഒരു സംഗതിയുമാണ്. സാമൂഹിക മുന്നേറ്റത്തിന്റെ ഉത്തോലകമായി വര്‍ത്തിക്കാന്‍ സംവരണം എന്ന ആശയം എറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ട ഒരു ചരിത്ര സന്ദര്‍ഭത്തില്‍ സവര്‍ണ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുക എന്ന ചരിത്രപരമായ മറ്റൊരബദ്ധം നടപ്പില്‍ വരുത്താന്‍ ഇടതുപക്ഷ ഗവണ്‍മെന്റ് തുനിയുകയാണ്. ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സവര്‍ണാധിപത്യത്തിന് ശക്തി പകരാന്‍ പുരോഗമന സര്‍ക്കാര്‍ എന്ന് പറയുന്നവര്‍ മുന്നോട്ട് വന്നത് അത്യന്തം അപകടം നിറഞ്ഞതാണ്. മാത്രമല്ല ഞങ്ങള്‍ ജാതിയിലധിഷ്ടിതമായ വിഭജനത്തെ ഇല്ലായ്മ ചെയ്യാന്‍ സാമ്പത്തിക മാനദണ്ഡം പരിഗണിക്കുകയാണ് എന്നും അവര്‍ പറഞ്ഞ് വെക്കുകയാണ്. ഈയര്‍ഥത്തിന്‍ ജാതി ചോദിക്കരുത് പറയരുത് എന്ന പുരോഗമന ആശയത്തിന്റെ പ്രചരണവുമായി ഇതിനെ വിശദീകരിക്കുന്നുമുണ്ട്. സത്യത്തില്‍ കീഴാള ജാതിക്കാരുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാനുള്ള സാമാന്യ ബോധത്തിന്റെ ഒരു ആയുധമായി ജാതിക്കെതിരെയുള്ള പറച്ചില്‍ മാറുകയാണ്.

നൂറ്റാണ്ടുകളായി അസമത്വത്തിന് ഇരയായ മനുഷ്യര്‍ ഒരു വിഹിതം വാങ്ങാന്‍ ജാതി പറയേണ്ടി വരുന്നത് , ജാതി പ്രത്യയശാസത്രം അഥവാ സവര്‍ണ മേധാവിത്വം അസമത്വത്തെ ആദര്‍ശ വല്‍ക്കരിച്ചത് കൊണ്ടാണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഭരണ ഘടനയില്‍ വളരെ കൃത്യമായി സംവരണത്തിന്റെ മാനദണ്ഡം ജാതിയാണ് എന്ന് അസന്നിഗ്ദമായി പറഞ്ഞ് വെച്ചിട്ടുണ്ട്. ജന്മം കൊണ്ട് ഒരു മനുഷ്യന്‍ എത്തിപ്പെടുന്ന ദുരന്തപൂര്‍ണമായ ഒരവസ്ഥയാണ് ജാതീയത . സമ്പത്ത് കുറഞ്ഞത് കൊണ്ടോ വര്‍ദ്ധിച്ചത് കൊണ്ടോ ജാതീയത എന്ന കെട്ട ബോധത്തെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. മാത്രമല്ല സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ജാതി ബോധത്തില്‍ നിന്ന് ഒന്ന് കുതറി മാറുവാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല എന്നുള്ള യാഥാര്‍ത്യം നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള മുന്നോക്ക ജാതി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഭരണഘടനാവിരുദ്ധമാണെന്നും ദാരിദ്ര്യം സാമൂഹിക പിന്നോക്കാവസ്ഥയെ റിഫ്‌ളെക്ട് ചെയ്യുന്നുമില്ല എന്നും പരമോന്നത കോടതി പലതവണ പ്രസ്ഥാവന നടത്തിയത് നമുക്ക് കാണാം. സാമൂഹ്യ പിന്നോക്കാവസ്ഥ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് സാമൂഹിക പദവിയില്‍ നിന്നുള്ള അരികു വല്‍ക്കരണമാണ്,  അത് പ്രധാനമായി ജാതിയാണ്. ജാതി നോക്കിയാണ് പത്ത് ശതമാനത്തില്‍ താഴെയുള്ള മുന്നോക്ക ജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ് എഴുപത് ശതമാനം വരുന്ന സാമ്പത്തിക വിദ്യാഭ്യാസ തൊഴിലിടങ്ങ് സാമൂഹ്യ മാന്യത അടയാളപ്പെടുത്തുന്നത്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരിപാടിയല്ല സംവരണമെന്നത് , മറിച്ച് ഭരണ പങ്കാളിത്തത്തിനും അവസര സമത്വത്തിന്റെതുമായ ഒരു ഉപകരണമാണ്. ഒരു സമുദായം പിന്നോക്കമാണെന്ന് പ്രഖ്യാപിക്കുവാന്‍ കൃത്യമായ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു സംവിധാനമുണ്ട് നമുക്ക്. അഥവാ സാമൂഹ്യപരമായി വിദ്യാഭ്യാസ പരമായി തൊഴില്‍ പരമായി ജനസംഖ്യാനുപാതമായി പിന്നിലുള്ളവരെയാണ് പിന്നോക്ക സമുദായമായി പ്രഖ്യാപിക്കുക. ഇങ്ങിനെ നോക്കിയാല്‍ കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെള്‍ കൈയടക്കി വെച്ചിരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് തന്നെ സംവരണം ഏര്‍പ്പെടുത്തി സവര്‍ണാധിപത്യത്തിന് ആക്കം കൂട്ടുന്ന പണിയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മണ്ഡല്‍ വിരുദ്ധ കാലഘട്ടത്തില്‍ ഉയര്‍ന്ന് വന്ന മെറിറ്റോക്രസിയും സാമ്പത്തിക സംവരണവും എന്ന മുദ്രാവാക്യം ഇപ്പോള്‍ ബി.ജെ.പി ഗവണ്‍മെന്റ് പോലും നടപ്പിലാക്കാന്‍ മടിക്കുന്ന സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നതിന്റെ ചേതോവികാരം എന്തായിരിക്കും എന്നതിന് മനസ്സിലാക്കാന്‍ പറ്റുന്ന ഉത്തരം, ഒരു തരത്തിലുള്ള രാഷ്ട്രിയ ഗിമ്മിക്ക് എന്നാണ്. എന്‍. എസ്.എസ് പോലുള്ള മുന്നോക്ക സമുദായത്തിന്റെ സപ്പോര്‍ട്ട് ലഭിക്കുവാനുള്ള ഒരു രാഷ്ട്രിയ ആയുധം എന്നതിനപ്പുറം ഇതിന് ഭരണഘടനാപരമായി നില നില്‍ക്കാന്‍ അര്‍ഹതയില്ല എന്ന യാഥാര്‍ത്യം അറിയാത്തവരല്ല ഇടത് പക്ഷ സര്‍ക്കാര്‍. ഭരണഘടനാ വിരുദ്ധമായ ഒരു ആശയത്തെ തല്‍ക്കാലം ഉയര്‍ത്തിക്കൊണ്ടുവന്ന് രക്തസാക്ഷി വരിവേഷം സൃഷ്ടിച്ച് സവര്‍ണ വിഭാഗത്തിന്റെ പിന്തുണ നേടാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സവര്‍ണ വിഭാഗത്തില്‍ പെട്ട കഷ്ടത അനുഭവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ തീര്‍ച്ചയായും പദ്ധതികളും പരിഹാര ശ്രമങ്ങളും ഉണ്ടാവണം. അത് സംവരണം എന്ന മാനദണ്ഡത്തിലൂടെയാവരുത്. സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒരു ആശയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അത്യന്തം അപകടം നിറഞ്ഞതും സാമൂഹ്യ ബസങ്ങളില്‍ ഉണ്ടാക്കുന്ന പരുക്ക് വളരെ വലിയതുമാണ്.

 

Related Articles