Current Date

Search
Close this search box.
Search
Close this search box.

സലഫുസ്സ്വാലിഹുകളെ ഖുര്‍ആന്‍ സ്വാധീനിച്ച വിധം

1.അബ്ദുല്ലാഹ് ബിന്‍ ഉര്‍വതു ബിന്‍ സുബൈറില്‍ നിന്ന് നിവേദനം : ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ പ്രവാചകന്റെ അനുചരന്മാരായ സഹാബികളുടെ അവസ്ഥ എന്തായിരുന്നു എന്ന് ഞാന്‍ അസ്മാഅ് ബിന്‍ത് അബൂബക്കറി(റ)നോട് ചോദിച്ചു: നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ പൊഴിച്ചും രോമാഞ്ചജനകമായുമായിരുന്നു സഹാബാക്കള്‍ ഖുര്‍ആന്‍ ശ്രവിച്ചിരുന്നതെന്ന് അവര്‍ പ്രതികരിച്ചു.

2.അബ്ദുര്‍റഹ്മാനു ബിന്‍ ഹാരിസ്(റ) വിവരിക്കുന്നു. രോഗബാധിതനായപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ ഹന്‍ദലയെ ഞാന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെയടുത്ത്‌നിന്നും ഒരാള്‍ സൂറതുല്‍ അഅ്‌റാഫിലെ ‘അവര്‍ക്ക് നരകത്തീയാലുള്ള മെത്തകളാണുണ്ടാവുക. അവര്‍ക്കുമീതെ തീ കൊണ്ടുള്ള പുതപ്പുകളുമുണ്ടാകും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക’ എന്ന 41-ാം സൂക്തം പാരായണം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവന്‍ വേര്‍പ്പെടുകയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അദ്ദേഹം കരയുകയുണ്ടായി. അവര്‍ അഗ്നിനാളത്തിന്റെയടുത്തായിരുന്നു. പിന്നെ അവിടെ നിന്നും അദ്ദേഹം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ അവിടെ ഇരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇവിടെ ഇരിക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞുനിര്‍ത്തുന്നത് ഞാന്‍ നരകവാസികളില്‍ പെടുമോ എന്ന ഭയമാണ്.

3. ഇബ്‌നു അബീ മുലൈകയില്‍ നിന്നും നിവേദനം: യാത്രയില്‍ ഞാന്‍ ഇബ്‌നു അബ്ബാസി(റ)ന്റെ കൂടെയായിരുന്നു. രാത്രിയുടെ പകുതിയായപ്പോള്‍ അദ്ദേഹം ഖുര്‍ആനിലെ ഓരോ പദവും നെടുവീര്‍പ്പോടെ പാരായണം ചെയ്യുന്നതായി ഞാന്‍ കാണുകയുണ്ടായി.

4. അബ്ദുര്‍റഹ്മാനു ബിന്‍ മുസ്അബ് വിവരിക്കുന്നു. യൂഫ്രട്ടീസിന്റെ തീരത്തായിരിക്കെ ഒരാള്‍ ‘കുറ്റവാളികള്‍ നരകശിക്ഷയില്‍ ശാശ്വതരായിരിക്കും ‘ എന്ന സൂക്തം പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ നദിയിലേക്ക് ചായുകയുണ്ടായി. ‘ അവര്‍ക്കതിലൊരിളവും കിട്ടുകയില്ല. അവരതില്‍ നിരാശരായി കഴിയേണ്ടിവരും.'(അസ്സുഖ്‌റുഫ് 75) എന്ന ഭാഗവും കൂടി കേട്ടപ്പോള്‍ അദ്ദേഹം വെള്ളത്തിലേക്ക് വീഴുകയും മരണപ്പെടുകയും ചെയ്യുകയുണ്ടായി.

5. അബൂബക്കര്‍ ബിന്‍ അയാശ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുദൈലു ബിന്‍ ഇയാളിന്റെ പിന്നില്‍ വെച്ച് ഞാന്‍ മഗരിബ് നമസ്‌കരിച്ചു. എന്റെ സമീപത്ത് അലിയ്യു ബ്‌നു ഫുദൈലുണ്ടായിരുന്നു. ഫുളൈല്‍ മഗരിബ് നമസ്‌കാരത്തില്‍ അല്‍ഹാകുമുത്തകാസുര്‍ എന്ന സൂറത്ത് പാരായണം ചെയ്യുകയുണ്ടായി. തീര്‍ച്ചയായും നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും എന്ന ഭാഗമെത്തിയപ്പോള്‍ അദ്ദേഹം ബോധരഹിതനായി വീണു. രാത്രിവൈകിയതിന് ശേഷമാണ് ബോധംതെളിഞ്ഞത്.

6.ഒരാള്‍ തഹജ്ജുദ് നമസ്‌കാരത്തില്‍ സൂറതുത്തൂര്‍ പാരായണം ചെയ്യുന്നത് ഉമര്‍(റ)കേള്‍ക്കാനിടയായി. ‘നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതിനെ തടുക്കുന്ന ആരുമില്ല.’  എന്ന ഭാഗമെത്തിയപ്പോള്‍ ഉമര്‍(റ) പറഞ്ഞു. കഅ്ബയുടെ നാഥന്‍ പറഞ്ഞത് സത്യമാണ്. പിന്നീട് ഒരു മാസത്തോളം അസുഖമെന്തന്നറിയാതെ ഉമര്‍(റ) രോഗശയ്യയിലായിരുന്നു.

7. മുഹമ്മദ് ബിന്‍ ഹജാദ പറഞ്ഞു. ഹസന്‍ ബസരിയെകുറിച്ച് അദ്ദേഹത്തിന്റെ ഉമ്മയോട് ഞാന്‍ ചോദിച്ചു. അദ്ദേഹം മുസ്ഹഫ് തുറന്നാല്‍ കവിളത്തുകൂടി കണ്ണീര്‍തുള്ളികള്‍ ഒഴുകുന്നതായി കാണാം. ചുണ്ടനക്കാന്‍ പോലും കഴിയാതെ അദ്ദേഹം കഷ്ടപ്പെടുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles