Current Date

Search
Close this search box.
Search
Close this search box.

സര്‍ഗാത്മക വിദ്യാര്‍ഥി ഇടങ്ങളെ അവര്‍ ഭയക്കുന്നു

save-jnu.jpg

ഇന്ത്യയിലെ അക്കാദമിക ഇടങ്ങളിലെ നിലവിലെ സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പോലെ തന്നെ സമൂഹനന്മക്ക് വേണ്ടി നിലകൊള്ളുന്നവരെയും ഒരുപോലെ ഭയപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതുമാണ്. ഇന്ത്യന്‍ ഗവേഷണ പഠനരംഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രശ്‌ന പരമ്പരകളിലേക്ക് കണ്ണയക്കുമ്പോള്‍, ഈ സര്‍ഗാത്മക ഇടങ്ങളെ തങ്ങളുടെ ഉരുക്കുമുഷ്ടി കൊണ്ട് വരുതിയിലാക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ അജണ്ടയുടെ ഭാഗമാണതെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ബുദ്ധിജീവികള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ എന്നിവരില്‍ നിന്നും ഉയര്‍ന്ന് വരുന്ന എതിര്‍ശബ്ദങ്ങളെ എല്ലാവിധ പ്രചാരവേലകളും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായി കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വ്യത്യസ്ത സംഭവങ്ങള്‍, പൗരന്റെ മൗലികാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സംസ്ഥാപനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ക്രൂരമായി കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക്, എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കല്‍ കൂടാതെ അറിയപ്പെടാത്ത ഒട്ടനവധി പേര്‍ അതിന് ഉദാഹരണമാണ്. ‘സഹിഷ്ണുത നിറഞ്ഞ ഇന്ത്യ’ എന്ന സങ്കല്‍പ്പത്തെ സൃഷ്ടിക്കാന്‍ മുഖ്യധാരാ മാധ്യങ്ങള്‍ ഈ കൊലപാതകങ്ങളെ മൂടിവെക്കുകയാണ് ഉണ്ടായത്.

അതിന് ശേഷം, അഭിപ്രായ സ്വാതന്ത്ര്യത്തെയും, എതിര്‍ അഭിപ്രായങ്ങളെയും നിയന്ത്രിക്കുന്ന എല്ലാത്തിനെയും എതിര്‍ത്ത് തോല്‍പ്പിക്കുന്ന അക്കാദമിക ഇടങ്ങളെ തേടി അവര്‍ എത്തി. സംഘ്പരിവാര്‍ ശക്തികളുടെ ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങള്‍ക്കെതിരെ സര്‍ഗാത്മക അക്കാദമിക ലോകം അടിയുറച്ച് നിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാറിന് നേരിട്ട് നിയന്ത്രിക്കാന്‍ അവിടങ്ങളിലെ ഉന്നതപദവികളില്‍ സംഘ്പരിവാര്‍ ശക്തികള്‍ അവരുടെ ആളുകളെ നിയമിക്കുന്നതായി അവര്‍ ചൂണ്ടികാട്ടി. ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിലും, ഐ.ഐ.ടി മദ്രസ്സില്‍ അംബേദ്കര്‍ -പെരിയാര്‍ സ്റ്റെഡി സര്‍ക്കിളിന് നിരോധമേര്‍പ്പെടുത്തിയതിലും സംഘ്പരിവാര്‍ ശക്തികളുടെ ഇത്തരത്തിലുള്ള അജണ്ടകള്‍ നമുക്ക് കാണാന്‍ കഴിയും. അടുത്ത കാലത്ത് ഹൈദരാബാദ് സര്‍വകലാശാലയിലെ അഞ്ച് ദലിത് ഗവേഷണ പണ്ഡിതന്‍മാരെ പുറത്താക്കിയതും, രോഹിത്ത് വെമുലയുടെ ആത്മഹത്യയും, അക്കാദമിക് ഇടങ്ങളിലെ എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിലെ ഉന്നതരുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.

അത്യധികം ഹീനമായ ഭരണകൂടത്തിന്റെ ഇത്തരം കുടില തന്ത്രങ്ങള്‍, ഇന്ത്യയിലെ ഉന്നത കലാലയങ്ങളില്‍ ഒന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെയും തേടിയെത്തി കഴിഞ്ഞു. ഡല്‍ഹി പോലിസും, സര്‍ക്കാറും ചേര്‍ന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമഴിച്ചുവിട്ടു. ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷമാണ് കാമ്പസിലിപ്പോള്‍ തളംകെട്ടി നില്‍ക്കുന്നത്. 2001 പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെയും, ജെ.കെ.എല്‍.എഫ് സ്ഥാപകന്‍ മഖ്ബൂല്‍ ബട്ടിന്റെയും വധശിക്ഷകള്‍ അനുസ്മരിക്കാന്‍ ഫെബ്രുവരി 9-ന് സബര്‍മതി ദാബയില്‍ ഒരു ഒത്തുച്ചേരല്‍ സംഘടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രസ്തുത പരിപാടി നടത്താന്‍ സംഘാടകര്‍ക്ക് ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി ലഭിച്ചിരുന്നു. പക്ഷെ പിന്നീട് ജെ.എന്‍.എസ്.യു ജോയിന്റ് സെക്രട്ടറി സൗരബ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതര്‍ പ്രസ്തുത അനുമതി പിന്‍വലിക്കുകയും, പരിപാടി നടത്തുന്നത് തടയാന്‍ സുരക്ഷാ ഗാര്‍ഡുകളെ അയക്കുകയും ചെയ്തു. പരിപാടി തടസ്സപ്പെടുത്താന്‍ എതിര്‍കക്ഷികള്‍ ശ്രമിച്ചപ്പോഴും, മൈക്കും മറ്റു സൗകര്യങ്ങളുമില്ലാതിരുന്നിട്ട് പോലും വിദ്യാര്‍ത്ഥികളുടെ ഒരു വലിയ നിര തന്നെ പരിപാടിയില്‍ പങ്കെടുത്താന്‍ എത്തിച്ചേര്‍ന്നു. കൂടാതെ വിവിധ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന കാശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് അവരെല്ലാം ഗംഗാ ദാബയുടെ നേര്‍ക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. അപ്പോഴേക്കും ഒരുകൂട്ടം എ.ബി.വി.പി പ്രവര്‍ത്തകര്‍ റാലിയിലേക്ക് ഇരച്ച് കയറുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങുകയും ചെയ്തു. രണ്ട് വിദ്യാര്‍ത്ഥി സംഘങ്ങളുടെ ഗംഗാ ദാബ ലക്ഷ്യമാക്കിയുള്ള അവരുടെ മാര്‍ച്ച് തുടര്‍ന്നു. അധികൃതര്‍ അറിയിച്ചതിനനുസരിച്ച് പോലിസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. വിവിധ വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രഭാഷണം നടത്തുകയുണ്ടായി, രാത്രി ഒമ്പത് മണിയോടെ പരിപാടികള്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തി.

രാജ്യദ്രോഹകുറ്റം ആരോപിച്ച് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും, അധികൃതരുടെ അനുവാദത്തോടെ പരിശോധനയുടെ പേരില്‍ കാമ്പസ് ഹോസ്റ്റലുകളില്‍ പോലിസ് പ്രവേശിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വളരെ പെട്ടെന്ന് മാറിയത്. പരിപാടി സംഘടിപ്പിച്ചവരെയും പങ്കെടുത്തവരെയും പോലിസ് വേട്ടയാടി. അവരെല്ലാം ഇപ്പോഴും കാമ്പസിന് പുറത്താണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസിന് എന്ത് നടപടിയും സ്വീകരിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇത് ഒരുപാട് വിദ്യാര്‍ത്ഥികളെ ഭീതിയിലാഴ്ത്തി കഴിഞ്ഞു. അതേസമയം, പ്രതിഷേധ കൂട്ടായ്മകളിലും, സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ സജീവ സാന്നിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും പ്രദാനം ചെയ്തിട്ടുണ്ട്. വിവിധ പ്രതിപക്ഷ നേതാക്കളുടെ കാമ്പസിലെ സാന്നിധ്യം വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രീതിയിലേക്ക് പ്രശ്‌നത്തെ മാറ്റി കഴിഞ്ഞു. ഗവണ്‍മെന്റ് അനുകൂല ശക്തികളും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കമായിട്ടാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി സമൂഹം ദേശവിരുദ്ധരാണെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സര്‍വകലാശാലയെ അപകീര്‍ത്തിപെടുത്താനാണ് വലതുപക്ഷ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുവരുന്നത്. പാട്യാലാ കോടതിയില്‍ വെച്ച് വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, മാധ്യമപ്രവര്‍ത്തകരെയും ശാരീരികമായി തന്നെ ബി.ജെ.പിയുടെ സംഘ്പരിവാര്‍  ശിങ്കിടികള്‍ ആക്രമിക്കുകയുണ്ടായി. കേരളം മുതല്‍ ഡല്‍ഹി വരെ ഇതുതന്നെയാണ് അവസ്ഥ. സംഘ്പരിവാര്‍ ശക്തികളുടെ മുഖംമൂടി പിച്ചിചീന്തുന്നതും, അവരുടെ ഹീനമായ ഫാസിസ്റ്റ് അജണ്ടയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുന്നതും നിര്‍ത്തിവെക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും അവര്‍ ഭീഷണിപ്പെടുത്തുകയാണ്. അതേസമയം സംഘികളുടെ ചെരുപ്പ് നക്കുന്ന ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും, ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് സത്യം വിളിച്ചുപറയാന്‍ അവസരം നല്‍കുകയുണ്ടായില്ല, പ്രത്യേകിച്ച് ചാനല്‍ ചര്‍ച്ചകളില്‍.

വര്‍ത്തമാനകാല സാഹചര്യത്തില്‍ അക്കാദമിക് കാമ്പസുകളിലെ വിയോജിക്കാനുള്ള അവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും സൂക്ഷ്മമായി വിശകലനം ചെയ്യുന്നത് വളരെ പ്രധാനമാണ്. നല്ലൊരു ജീവിതത്തിനും അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനത്തിനും വേണ്ടി ഇന്നും പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന കാശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ജെ.എന്‍.യു-വിലെ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുകള്‍ ഒത്തുകൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന സ്വന്തം ജനതക്ക് എതിരെ തന്നെ ഭരണകൂടം അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുമ്പോള്‍ അതിനെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നത് തന്നെയാണ് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പാരമ്പര്യം. ഇതേ സമീപനം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും നമുക്ക് കാണാന്‍ സാധിക്കും. അവര്‍ യാകൂബ് മേമന്‍ അനുസ്മരണം സംഘടിപ്പിക്കുകയും, ‘മുസ്സഫര്‍ നഗര്‍ ബാഖീ ഹേ’ എന്ന ഡോക്യൂമെന്റി പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. ജെ.എന്‍.യു-വിന്റെയും, ഹൈദരാബാദ് സര്‍വകലാശാലയുടെയും കാര്യത്തില്‍, അവര്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച അവസരത്തില്‍ തന്നെ, ഭരണകൂടം നേരിട്ട് ഇപടപെടുന്നുണ്ടെന്നത് വളരെ വ്യക്തമായിരുന്നു. കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായി ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയാണ് അന്വേഷണ കമ്മറ്റി ചെയ്തത്. ഈ രണ്ട് വിഷയത്തിലും കേന്ദ്ര മാനവ വിഭവശേഷി വികസന കാര്യമന്ത്രി സ്മൃതി ഇറാനിക്ക് കാര്യമായ പങ്കുണ്ടായിരുന്നു. ഇത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കി. രോഹിത്ത് വെമുലയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകത്തോടെ ഇന്ത്യയില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്ന് വന്ന ദലിത് ബഹുജന്‍ രാഷ്ട്രീയത്തെ അപകീര്‍ത്തിപെടുത്താനുള്ള സംഘ്പരിവാര്‍ ശക്തികളുടെ കരുതികൂട്ടിയുള്ള ശ്രമമാണിത്. ദലിത് രാഷ്ട്രീയത്തിന്റെ ശക്തിപ്പെടല്‍ സംഘ്പരിവാര്‍ ശക്തികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അച്ചാ ദിന്‍ ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന സത്യത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ ജെ.എന്‍.യു-വിലെ കോലാഹലങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് അവരിപ്പോള്‍ ചെയ്യുന്നത്.

(ജെ.എന്‍.യു-വിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷകനാണ് ഹിശാമുല്‍ വഹാബ്.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles