Current Date

Search
Close this search box.
Search
Close this search box.

സമാധാനദൂതന്‍ നിന്ദിക്കപ്പെടുന്നതിലെ യുക്തി?

‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്തു വരികയാണല്ലോ. പ്രവാചകനിന്ദ കുത്തിനിറച്ച് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതിനാല്‍ അത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരുണത്തില്‍ നാം ഉത്തരം കാണേണ്ട ഒരു ചോദ്യമുണ്ട്. പ്രവാചകനിന്ദയില്‍ യുക്തിയുണ്ടോ എന്നതാണ് ചോദ്യം.

നിന്ദിക്കപ്പെടേണ്ട വല്ല സന്ദേശവും നബിതിരുമേനി ലോകത്തിനു നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കിലല്ലേ നിന്ദയര്‍ഹിക്കുന്നുള്ളൂ. പ്രവാചകന്‍ പ്രബോധനം ചെയ്ത ഖുര്‍ആനിലും അതിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങളിലും ഒരു തുറന്ന പുസ്തകമെന്നോണം അദ്ദേഹം കാണിച്ചു തന്നെ ജീവിതചര്യയിലും നന്മ മാത്രമേയുള്ളൂ. ഇത് മുസ്‌ലിംകളുടെ പൊള്ളയായ അവകാശവാദമല്ല. ഖുര്‍ആനിനെയും നബി വചനങ്ങളെയും പ്രവാചകന്റെ ജീവിതത്തെയും ശരിയാംവണ്ണം മനസ്സിലാക്കിയ മുസ്‌ലിമേതര ചരിത്രകാരന്മാര്‍ പ്രവാചകന്‍ നന്മയുടെ പ്രതീകമാണെന്ന് സമ്മതിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതുന്നു.

‘അദ്ദേഹം ഉപദേശിച്ച മതം അതിന്റെ ആര്‍ജ്ജവം കൊണ്ടും അസങ്കീര്‍ണതകൊണ്ടും ജനകീയവും സമത്വപരവുമായ ഭാവവിശേഷങ്ങള്‍ കൊണ്ടും അയല്‍ രാജ്യങ്ങളിലെ ബഹുജനങ്ങളെ വശീകരിച്ചു.’ (വിശ്വചരിത്രാവലോകം)

ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്ന് ജല്‍പ്പിക്കുന്നവര്‍ക്ക് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വിലയിരുത്തലില്‍ മറുപടിയുണ്ട്. ഇസ്‌ലാമിന്റെ സാസ്‌കാരിക പൊലിമക്ക് ഇസ്‌ലാമിന്റെ വ്യാപനത്തില്‍ വഹിക്കാന്‍ കഴിഞ്ഞ പങ്കിനെ കുറിച്ച് അദ്ദേഹം എഴുതുന്നത് നോക്കൂ.

‘ഇതരലോകത്തിലെ സംഭവഗതികളില്‍ നിന്നെല്ലാം നിശ്ശേഷം അകന്ന് വളരെ കാലത്തോളം മിക്കവാറും നിദ്രാസദൃശ്യമായ ജീവിതം നയിച്ചു പോന്ന ഈ അറബി വര്‍ഗം പെട്ടെന്നുണര്‍ന്ന് ലോകത്തെ മുഴുവന്‍ സംഭ്രമിപ്പിക്കുവാനും കീഴ്‌മേല്‍ മറിക്കുവാനും തക്കവണ്ണം അത്രയും ശക്തമായൊരു ശക്തിയായിത്തീര്‍ന്നത് വിചിത്രമായൊരു പരിണാമമാണ്. അറബികളുടെയും ക്ഷണനേരം കൊണ്ട് അവര്‍ക്ക് ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമുണ്ടായ വ്യാപ്തിയുടെയും അവര്‍ നേടിയ സമുന്നതമായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കഥ ചരിത്രത്തിലെ മഹാവിസ്മയങ്ങളില്‍ ഒന്നത്രേ. ഇസ്‌ലാമാണ് അറബികളെ ഉണര്‍ത്തുകയും അവരില്‍ ഓജസ്സും ആത്മവിശ്വാസവും ഉളവാക്കുകയും ചെയ്ത ആ നവീന ശക്തി അഥവാ ആശയം’ (അതേ പുസ്തകം)

സമാന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ചരിത്രകാരന്‍മാര്‍ നിരവധിയാണ്. പ്രവാചകന്‍ ബഹുമാനം മാത്രമാണ് അര്‍ഹിക്കുന്നത് എന്നതിന്റെ സംക്ഷിപ്തമായ സാക്ഷ്യപത്രങ്ങളാണിത്. ഇസ്‌ലാം നന്മയുണ്ടെന്ന് പറഞ്ഞ ഒന്നില്‍ നന്മയില്ലെന്നോ ഇസ്‌ലാം തിന്മയാണെന്ന് പറഞ്ഞ ഒന്നില്‍ തിന്മയില്ലെന്നോ ആര്‍ക്കും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌നേഹത്തിനും കാരണ്യത്തിനും മതത്തിന്റെയോ ജാതിയുടെയോ വേലികെട്ടാത്ത ഇടപെടലാണ് മുഹമ്മദ് നബി (സ) നടത്തിയത് എന്ന് നബിവചനങ്ങളില്‍ നിന്ന് ഗ്രഹിക്കാം.

അബൂ ഹുറൈറയില്‍ നിന്ന്: നബി (സ) പറഞ്ഞു: ‘മനുഷ്യ ശരീരത്തിലെ ഓരോ സന്ധിയുടെ പേരിലും ദാനധര്‍മ്മം നിര്‍വ്വഹിക്കേണ്ടതുണ്ട്. രണ്ട് പേര്‍ക്കിടയില്‍ നീതിചെയ്യല്‍ ദാനധര്‍മ്മമാണ്. ഒരാളെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അവന്റ ചരക്ക് വാഹനത്തില്‍ കയറ്റാന്‍ സഹായിക്കലും ദാനധര്‍മ്മമാണ്. നല്ല വാക്ക് പറയലും ദാനധര്‍മ്മമാണ്. നമസ്‌കാരത്തിനായി പോവുമ്പോഴുള്ള ഓരോ കാല്‍വെയ്പും ദാനധര്‍മ്മമാണ്. വഴിയില്‍ നിന്ന് ഉപദ്രവം നീക്കലും ദാനധര്‍മ്മമാണ്.’ (ബുഖാരി, മുസ്‌ലിം)

മനുഷ്യസമൂഹത്തിന്റെ മഹനീയ മാതൃക വരച്ചുകാട്ടി സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇതിലൂടെ പ്രവാചകന്‍. ആരാധന അല്ലാഹുവിന് മാത്രം എന്ന് പറഞ്ഞു കൊണ്ട് സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് പുറന്തിരിഞ്ഞ് നില്‍ക്കാനല്ല അദ്ദേഹം ഉപദേശിച്ചത്. ആരാധന അല്ലാഹുവിന് മാത്രം എന്ന നിഷ്ഠ പാലിച്ച് സമൂഹത്തിന്റെ വേദനയില്‍ വേദനിക്കുകയും അതിന് പരിഹാരം കാണാന്‍ ഉപദേശിക്കുകയും ചെയ്ത പ്രവാചകനെ എന്തിന് നിന്ദിക്കണം?

തന്റെ ആദര്‍ശം അംഗീകരിക്കാത്തവരെയെല്ലാം വാളിന്നിരയാക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ അത് വിമര്‍ശിക്കപെടാമായിരുന്നു. വിശ്വാസം വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വിട്ടു കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുക.

ഭരണാധികാരികളുടെ മരണത്തില്‍ ആനന്ദനൃത്തമാടിയവരെ ആധുനിക ചരിത്രം തന്നെ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രവാചകന്റെ മരണത്തില്‍ ഓരോ അനുയായിയും കരയുകയുണ്ടായിരുന്നു. അദ്ദേഹത്തെ പോലെ കരുണയും സ്‌നേഹവുമുള്ള ഒരു നേതാവിലെ ഇനി തങ്ങള്‍ക്ക് കിട്ടുകയില്ലല്ലോ എന്ന് ഓര്‍ത്തു കൊണ്ടുള്ള വിതുമ്പല്‍. ഇതിന് കാരണം അദ്ദേഹം ഓരേ സമയം ഭരണാധികാരിയും അവരുടെ കൂട്ടുകാരനുമായിരുന്നു എന്നതാണ്. ഒരു സദസ്സില്‍ ആരാണ് മുഹമ്മദ് നബി എന്ന് അപരിചിതര്‍ക്ക് ചോദിക്കേണ്ടി വന്ന വിധത്തില്‍ ലളിതവും സാധാരവുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.

ധനവിശുദ്ധി, വചന വിശുദ്ധി, ചിന്താവിശുദ്ധി, കര്‍മ്മവിശുദ്ധി, പ്രതികരണവിശുദ്ധി എന്നിങ്ങനെ സര്‍വമേഖലിയിലേക്കും വിശുദ്ധമായ സമീപനം അവതരിപ്പിച്ച ഒരു നേതാവ് നിന്ദിക്കപ്പെടരുത്, ആദരിക്കപ്പെടണം. ഈ സമീപനങ്ങളിലെല്ലാം തന്നിഷ്ടപ്രകാരം സ്വീകരിച്ചതല്ല. തനിക്ക് ലഭിച്ച ദിവ്യസന്ദേശം നേര്‍ക്ക് നേരെ അവതരിപ്പിക്കുകയും ചിലപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം വാക്കുകളില്‍ അത് വിവരിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ധനവിശുദ്ധിയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ‘സത്യവിശ്വാസികളെ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവടയിടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ അന്വോന്യം അന്യായമായി എടുത്തു തിന്നരുത്. നിങ്ങള്‍ നിങ്ങളെ തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു” ( 4:29)

കച്ചവടത്തില്‍ അനീതി വരാതിരിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. ഹകീമുബ്‌നു ഹിസാം (റ) യില്‍ നിന്ന് നിവേദനം. ‘വാങ്ങുന്നവനും വില്‍ക്കുന്നവനും കച്ചവടസദസ്സ് വിട്ടുപിരിയാതിരിക്കുമ്പോഴെല്ലാം കച്ചവടം ദുര്‍ബലപ്പെടുത്താന്‍ അവകാശമുള്ളവരാണ്. അവര്‍ ഇരുവരും സത്യം പറയുകയും ആവശ്യമായ വസ്തുക്കള്‍ പരസ്പരം വിശദീകരിക്കുകയും ചെയ്താല്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹം ചെയ്യപ്പെടും. അവര്‍ ന്യൂനതകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താല്‍ അവരുടെ കച്ചവടത്തില്‍ നിന്ന് അനുഗ്രഹം നഷ്ടപ്പെടുന്നതാണ്.’ (ബുഖാരി, മുസ്‌ലിം)

വാക്കുകള്‍, പ്രയോഗങ്ങള്‍, ഉപമകള്‍ എന്നിവ കൊണ്ടൊന്നും മനുഷ്യരെ നോവിക്കരുത് എന്ന് മുഹമ്മദ് ഓതിക്കൊടുത്ത ഖുര്‍ആനില്‍ കാണാം:
‘സത്യവിശ്വാസികളെ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപെടുന്നവര്‍) അവരേക്കാള്‍ നല്ലവരായേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപെടുന്ന സ്ത്രീകള്‍) അവരെക്കാള്‍ ഉത്തമരായേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേര് വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈകൊണ്ടതിന്നു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത. വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍’ (49:11)

സത്യവിശ്വാസം ഉള്‍ക്കൊള്ളുന്നതോടെ സംസ്‌കാരത്തിന്റെ ആന്തരികവസ്ത്രവും ബാഹ്യവസ്ത്രവുമണിയാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാകുന്നു എന്ന് ഈ വിധത്തില്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ പ്രബോധനം ചെയ്തതിന്നാണോ പ്രവാചകനെ നിന്ദിക്കുന്നത്. ഊഹങ്ങള്‍ വെടിയുക, ഒരുവന്റെ അസാന്നിധ്യത്തില്‍ അയാളെ കുറ്റം പറയാതിരിക്കുക, വാര്‍ത്തകള്‍ സത്യാവസ്ഥ അന്വേഷിച്ച ശേഷം മാത്രം സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉപര്യുക്ത സൂക്തത്തിന്റെ മുകളിലും താഴെയുമായി കാണാം. ദാനം ചെയ്യുക, ദാനത്തിന്റെ പേരില്‍ പാവങ്ങളില്‍ വിധേയത്വം പ്രതീക്ഷിക്കാതിരിക്കുക, വാക്കുകള്‍ കൊണ്ട് ദാനസ്വീകര്‍ത്താവിന് പ്രയാസമുണ്ടാക്കാതിരിക്കുക, നല്ലതുമാത്രം നല്‍കുക തുടങ്ങിയ വചനങ്ങളും ഖുര്‍ആനിലുണ്ട്. കര്‍മ്മശുദ്ധിക്ക് അത് ആവശ്യമാണ്. ജനങ്ങളുടെ പ്രീതിയും പ്രശംസയും നേടാന്‍ ദാനം ചെയ്യുന്നതിനെ ഖുര്‍ആന്‍ ഉപമിക്കുന്നത് മിനുസമുള്ള പാറയിലെ മണ്‍തരിയിലേക്ക് മഴ പെയ്യുന്നത് പോലെയാണെന്നാണ്. ഒന്നും ആ പാറമേല്‍ അവശേഷിക്കുകയില്ലല്ലോ. ഇതു പോലെ ആ ദാനം കൊണ്ട് ദൈവത്തില്‍ നിന്ന് ഒന്നും നേടാനാവില്ല, മാത്രമല്ല ദാനം നിഷ്ഫലമാകും. ഈ സുന്ദരമായ ഉപമ ഖുര്‍ആന്‍ 2:264-ല്‍ കാണാം. ഈ ഉപദേശം ലോകത്തിന്ന് അനിവാര്യമല്ലേ?

സമരങ്ങളും യുദ്ധങ്ങളും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കപ്പെട്ടാല്‍ അയാളുടെ ആളുകള്‍ വിളിക്കുന്ന മുദ്രാവാക്യം ‘ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ ഒന്നിനുപത്തായി തിരിച്ചടിക്കും’ എന്നാണ്. ഖുര്‍ആന്‍ അനുമതി നല്‍കുന്നില്ല. ഒന്നുകില്‍ മാപ്പു ചെയ്യുക, അല്ലെങ്കില്‍ തുല്യ അളവില്‍ തിരിച്ചടിക്കുക എന്നാണ് ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ വിശ്വാസികളുടെ നിലനില്‍പും പൗരസ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കുകയും വേണം. ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധി വിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.'(ഖുര്‍ആന്‍ 2:190). മനുഷ്യരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന രംഗമായതിനാല്‍ ആ സമരത്തില്‍ നിന്ന് മാറി നില്‍ക്കരുത് എന്ന് പറയുമ്പോഴും പരിധിവിടരുത് എന്ന താക്കീത് ചെയ്യാന്‍ ഖുര്‍ആന്‍ മറക്കുന്നില്ല. മുസ്‌ലിംകളും മറ്റുള്ളവരും ഇടകലര്‍ന്നു ജീവിക്കുന്ന ഒരു രാഷ്ട്രത്തില്‍ അവിടുത്തെ സമൂഹനേതൃത്വവും സര്‍ക്കാരും മുസ്‌ലിംകള്‍ക്ക് മതസ്വാതന്ത്ര്യം നല്‍കുകയും അവര്‍ക്ക് സൈ്വര്യജീവിതം ഉറപ്പ് വരുത്തുകയും ചെയ്യുന്നുവെങ്കില്‍ അവരോട് നന്മയോടും നീതിയോടും കൂടി വര്‍ത്തിക്കാനാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് (60:8)

വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ പൊരുത്തമുണ്ടായിരിക്കണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ‘സത്യവിശ്വാസികളെ, നിങ്ങള്‍ ചെയ്യാത്തത് നിങ്ങളെന്തിന് പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുന്നത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന്നു കാരണമായിരിക്കുന്നു.” (ഖുര്‍ആന്‍ 61:2,3). വാക്കുകളെ കര്‍മ്മങ്ങളുമായി പൊരുത്തമുള്ളതാക്കുന്നവനാണ് മാന്യന്‍. അല്ലാത്തവന്ന് വ്യക്തിത്വമില്ല. പ്രവാചക ജീവിതം കരാര്‍ പാലനം നിറഞ്ഞതായിരുന്നു. അങ്ങനെയുള്ള ഒരു പ്രവാചകനെ നിന്ദിക്കുന്നതില്‍ എന്താണ് യുക്തി?

സൃഷ്ടികളോടും സ്രഷ്ടാവിനോടുമുള്ള കരാറുകള്‍ പാലിച്ചവനായിരുന്നു അദ്ദേഹം. അതാണ് ഖുര്‍ആനിന്റെ നിര്‍ദ്ദേശം. ‘വല്ലവനും തന്റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ടപാലിക്കുകയും ചെയ്യുന്നുവെങ്കില്‍ അറിയുക, തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ട പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (3:76)

മദ്യപിക്കരുത്, കളവ് നടത്തരുത്, വഞ്ചിക്കരുത്, വ്യഭിചരിക്കരുത്, മനുഷ്യരെ കൊല്ലരുത്, ദുര്‍വ്യയം ചെയ്യരുത്, പിശുക്ക് കാണിക്കരുത്, അളവിലും തൂക്കത്തിലും കൃത്രിമം അരുത്, മാനഹാനി വരുത്തരുത് തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലേക്കും ഖുര്‍ആന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിഫലേച്ഛയില്ലാതെ പ്രബോധനം ചെയ്തതിന്ന് പ്രവാചകനെ നിന്ദിക്കേണ്ടതില്ലല്ലോ.

പ്രവാചകന്റെ പ്രബോധിത സമൂഹം സംസ്‌കാര ശൂന്യരായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞപോലെ അവരെ അസങ്കീര്‍ണമായ ആദര്‍ശം കൊണ്ട് പ്രവാചകന്‍ സംസ്‌കരിച്ചു. അത്തരം ഒരു വ്യക്തിയെ ബഹുമാനിക്കുകയാണ് സമൂഹത്തിന്റെ കടമ.

പ്രവാചകന്റെ വലിയ വിജയങ്ങളിലൊന്ന് അദ്ദേഹിത്തിന് ലഭിച്ച വേദഗ്രന്ഥത്തിന്റെ കല്‍പനകള്‍ക്കനുസരിച്ചുള്ള ഒരു സംസ്‌കൃത സമൂഹത്തെ സൃഷ്ടിക്കുകയും മാതൃകാഭരണാധികാരികളെ വാര്‍ത്തെടുക്കുകയും ചെയ്തു എന്നതാണ്. ഒന്നാം ഖലീഫ ഉമറും(റ) നെഹ്‌റുവിന്റെ ദൃഷ്ടിയില്‍ ഇങ്ങനെയാണ്.

‘അറേബ്യയുടെയും ഇസ്‌ലാമിന്റെയും അസ്തിവാരമുറപ്പിച്ച രണ്ടു മഹാപുരുഷന്മാരായിരുന്ന അബൂബക്കറും ഉമറും. ഖലീഫയാണെന്ന നിലയില്‍ അവര്‍ മതാധ്യക്ഷന്മാരും രാഷ്ട്രപതികളുമായിരുന്നു. രാജാവും മാര്‍പാപ്പയും ഒത്തിണങ്ങിയ ഒരാള്‍. സ്വന്തം ബലം അടിക്കടി വര്‍ദ്ദിച്ചു കൊണ്ടിരുന്നിട്ടും അവര്‍ തങ്ങളോട് ലഘുജീവിതം കൈവിട്ടില്ല. അഢംഭരങ്ങളെയും സുഖഭോഗങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂട്ടാക്കിയതുമില്ല. ഇസ്‌ലാമിന്റെ ജനകീയത്വം അവരെ സംബന്ധിച്ചിടത്തോളം സജീവമായ ഒന്നായിരുന്നു’ (വിശ്വചരിത്രാവലോകം)

ഒരു ചികിത്സയടെ വിജയം രോഗികളുടെ അവസ്ഥയിലെ ഗുണപരമായ മാറ്റത്തിലാണ്. ആ മാറ്റത്തിന് ചികിത്സകനായിരുന്നു. രോഗബാധിതരായ അദ്ദേഹത്തിന്റെ നബിയുടെ ശിഷ്യത്വം സ്വീകരിച്ചത് മുസ്‌ലിംകളുടെ എണ്ണം വിരലുകളില്‍ പരിമിതമായിരുന്ന കാലത്താണ്. നബിയുടെയും ശിഷ്യരുടെയും കൈകളില്‍ അന്ന് വാള്‍ ഉണ്ടായിരുന്നില്ല. വാള്‍ പോകട്ടെ, ഈത്തപ്പനയുടെ ഒരു മട്ടല്‍ പോലും ഉണ്ടായിരുന്നില്ല. ഉമറിനെ മാറ്റിയത് മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനാണ്. അത് ശിലാഹൃദയനായ ഉമറിനെ ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരിയാക്കി. അങ്ങനെ ആദര്‍ശം കൊണ്ട് മനസ്സുകളെ വെട്ടിപ്പിടിക്കുകയായിരുന്നു പ്രവാചകന്‍. ഇസ്‌ലാമിന്റെ വളര്‍ച്ച അനുസ്യൂതമായ ഒരു പ്രക്രിയയാണ്. അത് സഹിക്കാന്‍ കഴിയാത്തവര്‍ എന്നും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. അന്നത്തെ നശീകരണ തന്ത്രമല്ല ഇന്നത്തെ ശത്രുക്കളുള്ളത്. അവര്‍ തൂലിക കൊണ്ടാണ് ശത്രുതയെ കായികമായല്ല, നേരിടേണ്ടത് തൂലികകൊണ്ടും നാവുകൊണ്ടുമാണ്.

 

Related Articles