Current Date

Search
Close this search box.
Search
Close this search box.

സദ്ദാമിന്റെ കാലത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇറാഖി ജനത

saddam3m.jpg

ഇറാഖികള്‍ സ്വേച്ഛാധിപത്യ കാലത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നത് മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് അയക്കാതെ തന്നെ പറയാന്‍ സാധിക്കുന്ന കാര്യമാണ്. അക്കാര്യത്തില്‍ ശിയാ, സുന്നീ, കുര്‍ദ് വ്യത്യാസമില്ല. നിലവിലെ വളരെ മോശമായ ജീവിത സാഹചര്യവും അരക്ഷിതാവസ്ഥയും സൈന്യത്തിന്റെ ഉപരോധത്തില്‍ കഴിയുന്ന ഫല്ലൂജയുടെ ദുരിതവുമെല്ലാമാണ് ഇങ്ങനെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ഇറാഖില്‍ നിലനില്‍ക്കുന്ന ഈ ദുരിതം ഭരണം കയ്യാളുന്നവരുടെ പരാജയമാണ് പ്രതിഫലിപ്പിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, വെള്ളം, സുരക്ഷ തുടങ്ങിയ പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അമേരിക്കന്‍ യുദ്ധത്തിലെ സൈനികര്‍ക്കൊപ്പം വന്നവരാണ് അവരിലധികവും. അധികാരത്തില്‍ തങ്ങളുടെ ഇരിപ്പുറപ്പിക്കുന്നതിന് വിഭാഗീയതയെ അവര്‍ കൂട്ടുപിടിച്ചു. സാധാരണക്കാരായ ഇറാഖികളുടെ മുന്‍ ഭരണകൂടത്തോടുള്ള വിരോധവും അവര്‍ ചൂഷണം ചെയ്തു. അതോടൊപ്പം തന്നെ അധികാരത്തിലുള്ള നിയന്ത്രണം കൈവിട്ടു പോകാതിരിക്കാന്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ നടത്തി കൊണ്ടിരുന്നു.

ജനതയുടെ സ്വേച്ഛാധിപത്യത്തോടുള്ള താല്‍പര്യം ഭരണകര്‍ത്താക്കളുടെ പരാജയവും അവര്‍ക്കിടയില്‍ വ്യാപിച്ചിരിക്കുന്ന അഴിമതിയുമാണ് വ്യക്തമാക്കുന്നത്. അമേരിക്കന്‍ അധിനിവേശത്തോടെ ഭരണമാറ്റം നടന്നിട്ട് 13 പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഭരണകര്‍ത്താക്കളും അവരുടെ അഴിമതിയുടെ പങ്കുപറ്റി ജീവിക്കുന്നവും ഈ പരാജയം അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മാന്യമായി അന്തസ്സോടെ ജീവിക്കാനുള്ള പൗരന്‍മാരുടെ അവകാശം വകവെച്ചു കൊടുക്കുന്ന നീതിയിലധിഷ്ഠിതമായ ഒരു ഭരണമാണ് മുന്‍ സ്വേച്ഛാധിപതിയില്‍ നിന്ന് മോചനത്തിനായി അമേരിക്കക്കാരന്റെ സഹായം തേടിയപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.

ഇറാഖിലെ പ്രമുഖ മതനേതാവ് മുഖ്തദ സ്വദ്‌റും അനുയായികളും അഴിമതിക്കെതിരെ നടത്തുന്ന പ്രതിഷേധം സുപ്രധാനമായ നീക്കമാണ്. അഴിമതിക്കാരല്ലാത്തവരുടെ ഒരു ഭരണകൂടം രൂപീകരിക്കാനും അഴിമതിക്കാരെ വിചാരണ ചെയ്യാനുമാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിക്ക് മേല്‍ അവര്‍ സമ്മര്‍ദം ചെലുത്തുന്നത്. എന്നാല്‍ ഈ കാല്‍വെപ്പ് പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്നത് ദുഖകരമാണ്.

അഴിമതിയും വഞ്ചനയും നിറഞ്ഞ ജനാധിപത്യമല്ല ഇറാഖിലെ ജനങ്ങള്‍ക്ക് വേണ്ടത്. മറിച്ച് അവര്‍ക്ക് വേണ്ടത് വിഭാഗീയതയില്‍ നിന്ന് മുക്തമായ ഒരു ഭരണകൂടമാണ്. എല്ലാവര്‍ക്കും സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന, സ്വതന്ത്രമായ വിചാരണവും വിധിയുമുള്ള ഒരു ഭരണം. എന്നാല്‍ ഭരണകൂടം തങ്ങളുടെ മുഴുവന്‍ ശക്തിയും സാധ്യതകളും ഉപയോഗപ്പെടുത്തി വിഭാഗീയ വളര്‍ത്തി നിലനിര്‍ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ അസംഭവ്യമെന്ന് പറയാവുന്ന ഒന്നായി അത് മാറിയിരിക്കുന്നു എന്നത് ദുഖകരമാണ്.

‘സദ്ദാമിന്റെ കാലമായിരുന്ന നല്ലത്’ എന്ന് സാധാരണക്കാരായ ഇറാഖികള്‍ പറയുന്നത് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ അര്‍ഥം അമേരിക്കയുടെ യുദ്ധത്തിലൂടെ ദശലക്ഷത്തിലേറെ ഇറാഖികളുടെ ജീവന്‍ നഷ്ടമായിരിക്കുവെന്നാണ്. യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കപ്പെട്ടതുമില്ല… അന്തസ്സോടെയുള്ള ജീവിതമെന്ന വാഗ്ദാനം എവിടെയുമെത്തിയില്ല. പെട്രോളിയത്താല്‍ സമ്പന്നമായ ഒരു രാജ്യത്തിലെ സക്രിയരായിരുന്ന ജനത അവരുടെ ദുരിതത്തിന്റെ ഉച്ചിയിലെത്തിയിരിക്കുകയാണിന്ന്.

അവലംബം: raialyoum.com

Related Articles