Current Date

Search
Close this search box.
Search
Close this search box.

സഞ്ജയ് ദത്തിന് ലഭിച്ച പ്രത്യേക നീതി

1993-ലെ മുംബൈ സ്‌ഫോടന കേസില്‍ ആയുധം കൈവശം വെച്ച കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനു പരോള്‍ അനുവദിക്കുന്നതിനും അതേ കേസിലെ മറ്റൊരു പ്രതിയായ സൈബുന്നിസ ഖാസിക്ക് പരോളനുവദിക്കുന്നതിനു തടസ്സം നില്‍ക്കുകയും ചെയ്തു രണ്ട് നീതി കാണിച്ചു വീണ്ടും വിവാദക്കുരുക്കിലേക്ക് വീഴുകയാണ് മുംബൈ പോലീസും കോടതിയും. മുമ്പും പല കേസുകളിലും വിവാദ നിലപാട് സ്വീകരിച്ച ചരിത്രമാണ് മുംബൈ പോലീസിനുള്ളത്. വൃദ്ധയും തീര്‍ത്തും അവശയുമായ സൈബുന്നിസക്ക് പരോള്‍ അനുവദിച്ചാല്‍ അവര്‍ ഒളിവില്‍ പോകുകയും തനിക്കെതിരെയുള്ള കേസില്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം. അതേ സമയം സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമാണ് നടപടിയെടുത്തതെങ്കില്‍ സൈബുന്നിസക്കെതിരെ പ്രത്യേക ടാഡ കോടതി പ്രകാരമായിരുന്നു ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ നീതിപീഠത്തിന്റെയും ക്രമ സമാധാന പാലകരുടെയും ഇരട്ടത്താപ്പ് സമീപനം ആണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.  രണ്ട് വിഭാഗങ്ങള്‍ക്ക് രണ്ട് നീതിയാണ് ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നായ ജുഡീഷ്യറി നല്‍കി വരുന്നത് എന്നത് ഇതിനു മുമ്പും വാര്‍ത്തകളില്‍ കുപ്രസിദ്ധി നേടിയതാണ്. ബംഗ്ലൂര്‍ ജയിലില്‍ വിചാരണ തടവുകാരനായ മഅ്ദനിയുടെ കാര്യത്തില്‍ കോടതികള്‍ ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ അതിലേറെ വലിയ കേസുകളില്‍ പ്രതികളായവര്‍ക്ക് ജാമ്യം അനുവദിക്കുന്ന പ്രവണതകളും അവര്‍ സമൂഹത്തില്‍ വിലസി നടക്കുന്നതും ഇതില്‍ പെട്ടതാണ്. ഇതു പോലെ നിരവധി നിരപരാധികളായ യുവതീ യുവാക്കള്‍ ഇപ്പോഴും ഇന്ത്യന്‍ നീതിപീഠത്തിന്റെ വിധിയും കാത്ത് വിചാരണത്തടവുകാരായി കഴിയുകയാണ് ; പിന്നാക്ക ന്യൂനപക്ഷ സമൂഹത്തിലംഗമായി എന്ന കാരണത്താല്‍. മഹത്തായ പൈതൃകം അവകാശപ്പെടുന്ന ജനാധിപത്യ രാഷ്ട്രത്തില് സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങള്‍. ന്യൂനപക്ഷമുസ്‌ലിം-ദലിത്-പിന്നോക്ക വിഭാഗക്കാര്‍ക്കെതിരെ നീതിപീഠങ്ങളുടെയും ക്രമസമാധാന പാലകരുടെയും സമീപനം സവര്‍ണ മേധാവിത്വമുള്ളവര്‍ക്കെതിരായ കേസുകളില്‍ നിന്നും തികച്ചും വിഭിന്നമാണ്. മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. എന്നിരുന്നാലും ഇത്തരം ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിക്കാനും നീതിക്കു വേണ്ടി നിലകൊള്ളാനും വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ എന്നതാണ് വാസ്തവം.

മനുഷ്യന്റെ സമാധാനപൂര്‍ണമായ സാമൂഹികജീവിതത്തിന്റെ മുഖ്യ ഉപാധിയായതുകൊണ്ട് തന്നെയാവണം ഇസ്‌ലാം നീതിക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. വര്‍ഗം, ഭാഷ, വര്‍ണം, ലിംഗം, മത ഭേദമന്യേ നീതിക്ക് മുന്ഗണന കൊടുക്കാന് ഇസ്‌ലാം ശക്തമായി കല്‍പിക്കുന്നത് അതിനാലാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘വിശ്വാസികളേ,അല്ലാഹുവിന് വേണ്ടി ദൃഢതയോടെ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാകുവിന്‍. ഒരു വിഭാഗത്തോടുള്ള ശത്രുത അനീതിക്ക് കാരണമാകരുത്’ (5 : 8).  ഒരു പ്രത്യേക വിഭാഗത്തോടുള്ള ശത്രുതയും വിയോജിപ്പും അവരുടെ പ്രശ്‌നങ്ങളില്‍ നീതിപൂര്‍വകരമരല്ലാത്ത തീരുമാനമെടുക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുതെന്നാണ് ഖുര്‍ആന്‍ പറഞ്ഞതിന്റെ പൊരുള്‍. ഖുര്‍ആന്‍ നിരവധി സ്ഥലത്ത് നീതി പാലിക്കണമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരാമര്‍ശിച്ചിരിക്കുന്നു.പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്ന ഏഴ് കൂട്ടരില്‍ ഒരു വിഭാഗം നീതിമാന്മാര്‍ ആയ ഭരണാധികാരികള്‍ എന്ന് നബി(സ) അരുളിയിരിക്കുന്നു. പ്രവാചകന്‍ തന്റെ അനുയായികളെ പ്രത്യേകം പഠിപ്പിച്ചിരുന്നതും ഇക്കാര്യം തന്നെയാണ്. അത് തന്നെയാണ് ചരിത്രങ്ങളും നമ്മെ പഠിപ്പിക്കുന്നത്. പ്രമുഖ സ്വഹാബിയായ അബ്ദുല്ലാഹി ബിന്‍ റവാഹയുടെ ചരിത്രവും അലി(റ) വിന്റെ കാലത്തെ പടയങ്കി കളവു പോയകാര്യത്തില്‍ അലി(റ) എടുത്ത നീതിയുടെ ചരിത്രവും  നമുക്കൊക്കെ സുപരിചിതമാണ്. ഇസ്‌ലാമിക ചരിത്രം ഇത്തരം സംഭവങ്ങളാല്‍ നിറഞ്ഞിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ എന്തു വിലകൊടുത്തും നീതിക്കു വേണ്ടി നിലകൊള്ളാന്‍ നാം സന്നദ്ധരാവണം. നീതി നിഷേധിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളലും അവര്‍ക്ക് വേണ്ടി ശബ്ദിക്കലും നമ്മുടെ ബാധ്യതയാണ്.

Related Articles