Current Date

Search
Close this search box.
Search
Close this search box.

ഷെയറുകളും ലൈക്കുകളും നമുക്ക് വിനയാകുമ്പോള്‍

ആധുനിക സമൂഹം ഇന്റര്‍നെറ്റിന്റെ ലോകത്താണ് അവരുടെ ജീവിതത്തിന്റെ നല്ലൊരു സമയവും ചെലവഴിക്കുന്നത. ചിലര്‍ ദിവസം മുഴുവന്‍ അതില്‍ ചെലവഴിക്കുന്നു. ഊണും ഉറക്കവും മാത്രമാണ് അവര്‍ക്ക് ചില ഇടവേളകള്‍ നല്‍കുന്നത്. ഒക്ടോബര്‍ 16ാം തിയ്യതി വന്ന ഒരു വാര്‍ത്തയില്‍ ദിവസം 18 മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന ഒരാളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.  പുതുതലമുറയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് അടിമപ്പെട്ടവരില്‍ അധികപേരും . ഇത്തരം അടിമപ്പെടലുകളും വിധേയത്വങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും, വ്യക്തികള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്ന അകല്‍ച്ചകളും വര്‍ധിച്ചു വരികയാണ്. പല തെറ്റായ പ്രവണതകളും കൃത്യങ്ങളും ഇത്തരം ഇന്റര്‍നെറ്റ് ഉപയോഗങ്ങളിലൂടെ ഉണ്ടായിത്തീരുന്നുണ്ട്.

മനുഷ്യന്റെ സ്വകാര്യതയിലേക്കും ന്യൂനതകളിലേക്കുമുള്ള ഒളിഞ്ഞു നോട്ടവും, അവരുടെ ന്യൂനതകളും കുറവുകളും പ്രചരിപ്പിക്കലും ഇന്ന് പലരുടേയും ഇഷ്ട വിനോദമായി മാറിയിറിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടേണ്ട ബാധ്യതയുള്ള സര്‍ക്കാറുകളും കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം തെറ്റായി പ്രവണതകളുടെ വ്യാപനത്തിനും പ്രചാരണത്തിനും ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് സൗകര്യങ്ങളെത്തന്നെയാണ്. ഫേസ്ബുക്കും, വാട്‌സ്ആപ്പും ഇതിന്റെ ഏറ്റവും വലിയ രണ്ടു മാധ്യമങ്ങളാണ്.

മനുഷ്യന്റെ സ്വകാര്യതയിലേക്കും ന്യുനതകളിലേക്കുമുള്ള ഇത്തരം ഒളിഞ്ഞുനോട്ടങ്ങളെ ശക്തമായി വിലക്കുകയും അങ്ങനെ ചെയ്യുന്നതിനെ ശക്തമായി താക്കീത് ചെയ്യുകയും ചെയ്ത മതമാണ് ഇസ്‌ലാം. വ്യക്തികളുടെ സ്വകാര്യതക്കും അഭിമാനത്തിനും സംരക്ഷണം നല്‍കല്‍ ഇസ്‌ലാമിന്റെ പ്രഖ്യാപിത നയമാണ്. നബി(സ)ഹജ്ജത്തുല്‍ വദാഇലെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പറഞ്ഞു.  ‘നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും എന്നും പവിത്രമാണ്. ഈ ദിവസത്തിന്റെ പവിത്രതപോലെ, ഈ മാസത്തിന്റെ പവിത്രതപോലെ, ഈ നാടിന്റെ പവിത്രതപോലെ.’ ഒരു മനുഷ്യന്റെ അഭിമാനം അവന്റെ ജീവനും സമ്പത്തും പോലെ പവിത്രമായ വസ്തുവായാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടാണ് അതിനെതിരെയുള്ള എല്ലാ കടന്നുകയറ്റവും ഇസ്‌ലാം ശക്തമായി വിലക്കിയത്. അതിലേക്കുള്ള വഴികള്‍ പോലും ഇസ്‌ലാം അടച്ചുകളഞ്ഞു.

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹുജുറാത്തില്‍ അല്ലാഹു മനുഷ്യന്റെ അഭിമാനം ക്ഷതപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന ഒളിഞ്ഞുനോട്ടങ്ങളെയും അവരുടെ ന്യൂനതകള്‍ പറഞ്ഞു പരത്തുന്നതിനെയും ശക്തമായ വിലക്കുന്നുണ്ട്. അല്ലാഹു നിര്‍ദ്ദേശിക്കുന്നു : ‘അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയും അരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.’

അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് ഏതവസ്ഥയിലും നിഷിദ്ധമാണെന്ന് ഇസ്‌ലാമിക ശരീഅത്ത് നിഷ്‌കര്‍ഷിക്കുന്നു. അന്യരുടെ രഹസ്യങ്ങളുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും, അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതും, അവരുടെ സ്വകാര്യതകളിലേക്ക് എത്തിനോക്കുന്നതും, അവരുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും ഇ-മെയിലുകള്‍ ചോര്‍ത്തുന്നമെല്ലാം ഇത്തരത്തില്‍ ഖുര്‍ആന്‍ വിലക്കിയ ദുഷ്‌കൃത്യങ്ങളുടെ ഗണത്തില്‍പെട്ട കാര്യങ്ങളാണ്.

നബി(സ) പറയുന്നു : ‘ഹൃദയത്തില്‍ വിശ്വാസം പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ, നിങ്ങള്‍ മുസ്‌ലിംകളുടെ രഹസ്യകാര്യങ്ങള്‍ പരതിനടക്കരുത്. എന്തുകൊണ്ടെന്നാല്‍, ആര്‍ മുസ്‌ലിംകളുടെ ദൗര്‍ബല്യങ്ങള്‍ പരതിയോ അവന്റെ ദൗര്‍ബല്യങ്ങള്‍ അല്ലാഹു പരതുന്നതാണ്. ആരുടെ ഗോപ്യമായ ദൗര്‍ബല്യം അല്ലാഹു പരതുന്നുവോ അവനെ അവന്റെ വീട്ടില്‍ വെച്ചുതന്നെ അപമാനിതനാക്കുന്നു.’ മറ്റൊരു ഹദീസില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു : ‘ഒരാളെക്കുറിച്ച് നിങ്ങള്‍ക്ക് മോശമായ വല്ല ധാരണയും ഉണ്ടാകുന്നുവെങ്കില്‍ കൂടുതല്‍ അന്വേഷിക്കരുത്.’ മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ‘ആരെങ്കിലും ഒരാളുടെ രഹസ്യന്യൂനത കാണുകയും അത് മറച്ചുവെക്കുകയും ചെയ്താല്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട ഒരു പെണ്‍കുഞ്ഞിനെ ജീവിപ്പിച്ചവനെപ്പോലെയാണവന്‍’ ചുഴഞ്ഞന്വോഷണത്തെ നിരോധിക്കുന്ന ഈ നിയമം വ്യക്തികള്‍ക്കളോട് മാത്രമല്ല, ഭരണകൂടങ്ങളോടുമുള്ള നിര്‍ദ്ദേശമാണെന്നത് അതിന്റെ ഗൗരവത്തെ വ്യക്തമാക്കുന്നു.

പരദൂഷണവും ഈ ഗണത്തില്‍ പെട്ട തിന്മയാണ്. നബി(സ) പറഞ്ഞു: ‘നിന്റെ സഹോദരനെക്കുറിച്ച് അവന്‍ വെറുക്കുന്നത് പറയലാണ് പരദൂഷണം. ഞാന്‍ പറയുന്ന കാര്യം എന്റെ സഹോദരനിലുണ്ടെങ്കിലോ എന്ന ചോദ്യം ഉയര്‍ന്നു. അവിടുന്ന് പ്രതിവചിച്ചു: നീ പറയുന്നത് അവനില്‍ ഉള്ളതാണെങ്കില്‍ നിശ്ചയം നീ അവനെ പദൂഷണം പറഞ്ഞിരിക്കുന്നു. ഇനി അവനില്‍ ഇല്ലാത്തതാണ് നീ പറയുന്നതെങ്കില്‍ നീ അവനെക്കുറിച്ച് കള്ളം പറഞ്ഞിരിക്കുന്നു.’  പരദൂഷണത്തിന് ഇരയായ വ്യക്തി ജീവിച്ചിരിക്കുന്നവനായാലും മരിച്ചവനായാലും ഇക്കാര്യം നിഷിദ്ധമാണ്. അതിന്റെ ഗൗരവത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് മരിച്ച സഹോദരന്റെ പച്ചമാസം തിന്നുന്നതു പോലെയെന്നാണ്. വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മാഇസ്(റ)നെക്കുറിച്ച് പരദൂഷണം പറഞ്ഞ രണ്ടുപേരോട് വഴിയില്‍ കിടന്ന അളിഞ്ഞ കഴുതയുടെ ശവം ചൂണ്ടി നബി(സ) പറഞ്ഞു : ‘വരൂ, ഈ കഴുതയുടെ ശവം ഭക്ഷിച്ചുകൊള്ളുക. അവര്‍ രണ്ടു പേരും ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇതാരാണ് ഭക്ഷിക്കുക? അവിടുന്ന് അരുള്‍ ചെയ്തു: നിങ്ങളിപ്പോള്‍ നിങ്ങളുടെ സഹോദരന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയത് ഈ ഗര്‍ദഭശവം തിന്നുന്നതിനെക്കാള്‍ എത്രയോ വഷളായ തിന്മയാകുന്നു.’  

വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം ചെലവഴിക്കുന്ന സഹോദരന്മാര്‍ ഒരു നിമിഷം ചിന്തിക്കുക. വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായ ഒരു ഗ്രന്ഥമാണ്. അതിന്റെ നിര്‍ദേശങ്ങള്‍ ഓരോ കാലത്തേയും സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വികാസങ്ങള്‍ക്കുമനുസരിച്ച് നമ്മള്‍ വായിക്കണം. അങ്ങനെ നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും അത് നമുക്ക് വഴികാട്ടിയാകണം. അങ്ങനെ ജീവിക്കുന്ന ഖുര്‍ആനുകളായി മാറാന്‍ നമുക്ക് സാധിക്കണം. അങ്ങനെയെങ്കില്‍ നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിലും നാം ആ സൂക്ഷ്മത പാലിക്കേണ്ടതില്ലേ? നമ്മള്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും, നമ്മുടെ കമന്റുകളും എത്തരത്തിലുള്ളതാണെന്ന് നമ്മള്‍ ആലോചിക്കേണ്ടതില്ലേ?  അവയിലൂടെ ആരുടെയെങ്കിലും അഭിമാനം ക്ഷതപ്പെടുന്നുണ്ടെങ്കില്‍ അതിന് നാം അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടതില്ലെ? അവന്റെ ശിക്ഷക്ക് നമ്മള്‍ ഇരയായിത്തീരുകയില്ലെ?   

ഒരല്‍പ നിമിഷത്തെ ആനന്ദവും അനുഭൂതിയും നല്‍കുന്ന ഇത്തരം നവ പരദൂഷണങ്ങളില്‍ നിന്നും, ചുഴിഞ്ഞന്വോഷിക്കലുകളില്‍ നിന്നും നാം വിട്ടു നില്‍ക്കുക. അനന്തവും ശാശ്വതവുമായ സ്വര്‍ഗീയ സുഖം നേടാന്‍ പരിശ്രമിക്കുക. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകളെ നന്മയുടെ പ്രചാരണത്തിനും തിന്മകളുടെ ഉഛാടനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുക. നാം നമ്മെത്തന്നെ നാശത്തിലേക്ക് വലിച്ചിഴക്കുന്ന ഇത്തരം തിന്മകളെക്കുറിച്ച് സ്വയം ഉല്‍ബുദ്ധരായി, നന്മ നിറഞ്ഞ സമൂഹനിര്‍മ്മിതിക്കായി പരിശ്രമിക്കുക.

Related Articles