Current Date

Search
Close this search box.
Search
Close this search box.

ശൈഖ് നാദിര്‍ നൂരി ; മലയാളികളെ സ്‌നേഹിച്ച മഹാപണ്ഡിതന്‍

ശൈഖ് നാദിര്‍ നൂരിയെ ആദ്യം കണ്ടത് കുവൈത്തിലെ ഇറാഖ് അധിനിവേശം കഴിഞ്ഞ ഉടനെ അദ്ദേഹം ഖത്തറില്‍ വന്നപ്പോഴാണ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടക്ക് ഇസ്‌ലാമിക പ്രവര്‍ത്തകരായ മലയാളികള്‍ ഒരുക്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയും കുവൈത്തിലെ അന്നത്തെ സംഭവവികാസങ്ങളെ കുറിച്ച് ഏറെ പറയുകയും ചെയ്തു. അതോടൊപ്പം കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങളെ കുറിച്ച് താല്‍പര്യപൂര്‍വം അന്വേഷിക്കുകയും ചെയ്തു. ഹോട്ടല്‍ മുറി വിട്ട് കാറില്‍ കയറാന്‍ നേരം അദ്ദേഹത്തിന്റെ ബ്രീഫ് കെയ്‌സ് വണ്ടിയില്‍ വെക്കാന്‍ സഹായിച്ചപ്പോള്‍ ‘അത് വേണ്ട’ എന്ന് പറഞ്ഞത് അല്‍പം കടുപ്പിച്ചായിരുന്നു. ഇത്തരത്തിലുള്ള നിസ്സാര കാര്യങ്ങള്‍ക്ക് പോലും മറ്റൊരാളെയും ആശ്രയിക്കാതിരിക്കുക എന്നതാണ് ഇഖ്‌വാന്‍ നേതാക്കളുടെ സംസ്‌കാരം എന്നാരോ പറഞ്ഞു തന്നു.

കുവൈത്തില്‍ പോയപ്പോള്‍ ഉന്നതങ്ങളില്‍ ആരെയോ കാണാന്‍ പോകാനുള്ള ഒരുക്കത്തിനിടയില്‍ ‘നമ്മുടെ നഴ്‌സുമാരൊക്കെ സംസാരിക്കുന്ന ഭാഷയിലുള്ള പത്രം’ എന്ന് മാധ്യമത്തെ പരിചയപ്പെടുത്തിയതും കൗതുകമുണ്ടാക്കി. മാഹിയിലും, കുറ്റിയാടിയിലും, പേരാമ്പ്രയിലും സന്ദര്‍ശനം നടത്തവെ അദ്ദേഹത്തിന്റെ പരിഭാഷകനായി ഈയുള്ളവനും അനുഗമിച്ചിരുന്നു. പോകുന്ന വഴിയില്‍ ഉമ്മത്തൂര്‍ സഖാഫത്ത് അറബി കോളേജില്‍ കയറാനുള്ള ക്ഷണം യാതൊരു വൈമനസ്യവുമില്ലാതെ അദ്ദേഹം സ്വീകരിച്ചു. വഴിയില്‍ ആനയെ കണ്ടപ്പോള്‍ ‘ഇത് പെട്രോളിലോ, ഡീസലിലോ ഓടുന്നത്?’ എന്ന അദ്ദേഹത്തിന്റെ ചോദ്യം ഇപ്പോഴും ഓര്‍ക്കുന്നു.

മലയാളി മുസ്‌ലിംകള്‍ അദ്ദേഹത്തെ കുറിച്ച ഏറെ കേട്ടത് 1989-ല്‍ നടന്ന കുവൈത്ത് ഐക്യകരാറിന്റെ സൂത്രധാരന്‍ എന്ന നിലയിലാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരും മുജാഹിദ്, ജമാഅത്ത്, സമസ്ത പണ്ഡിതന്‍മാരും ഒപ്പ് വെച്ച ആ ഐക്യകരാല്‍ കേരളത്തിലെ മതവൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംരഭങ്ങളുടെ തലപ്പത്തുണ്ടായിരുന്ന അബൂഅബ്ദുല്ല മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കക്ഷി ഭേദം കൂടാതെ സഹകരണം നല്‍കി. മലയാളികളോട് പ്രത്യേക വാല്‍സല്യം തന്നെ ഉണ്ടായിരുന്ന നാദിര്‍ നൂരി പല തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മാരക രോഗത്തിനിടയിലും തന്റെ കര്‍മമണ്ഡലങ്ങളില്‍ അദ്ദേഹം തല്‍പരനായിരുന്നു.

അറുപതിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പിരിഞ്ഞു പോയ ആ കര്‍മയോഗിയുടെ ആത്മാവിന് ശാന്തി!

Related Articles