Current Date

Search
Close this search box.
Search
Close this search box.

വ്യാജ ദൈവങ്ങളുടെ മറ നീങ്ങുമ്പോള്‍..

സത്യസായി ബാബക്കു നേരെ വധശ്രമമുണ്ടായി. അക്രമികളുടെ വെട്ടും കുത്തുമേറ്റ് രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. രണ്ടാള്‍ക്ക് പരിക്കേറ്റു. സംഭവം നടന്ന ഉടനെ പോലീസ് സ്ഥലത്തെത്തി. അവരുടെ വെടിയേറ്റ് അക്രമികളില്‍ ഒരാള്‍ മരിച്ചു വീഴുന്നു. രാത്രി പത്തരക്കാണ് അക്രമികള്‍ സായിബാബയുടെ മുറിയിലേക്ക് ഇരച്ചു കയറിയത്. ബഹളം കേട്ട് സായിബാബ ഞെട്ടിയുണര്‍ന്നു. സൈറണ്‍ മുഴക്കി മറ്റൊരു മുറിയിലേക്ക് മാറിക്കിടന്നതിനാല്‍ രക്ഷപ്പെട്ടു. അക്രമികളെല്ലാം സായിബാബയുടെ അനുയായികളാണ്. ആശ്രമത്തിലെ താമസക്കാരും.

പോലീസ് കുറ്റവാളികളെ പിടികൂടാന്‍ അഞ്ചു ദിവസം അന്വേഷണം നടത്തി. ഗൂഢാലോചനയുടെ ചുരുളഴിഞ്ഞില്ല, രഹസ്യം പിടികിട്ടിയില്ല. അതിനാല്‍ പോലീസ് നായ്ക്കളെ കൊണ്ടു വന്നു, ക്രൈബ്രാഞ്ചും സി.ഐ.ഡിയും അന്വേഷണം നടത്തി. ഒന്നിനും ഒരു തുമ്പുമുണ്ടായില്ല.

1993-ല്‍ ഹൈദരാബാദില്‍ സത്യസായി ബാബാ ട്രസ്റ്റ് ഒരു കല്ല്യാണ മണ്ഡപം പണിതു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവാണ് അത് ഉദ്ഘാടനം ചെയ്തത്. വേദിയില്‍ വെച്ച് സായിബാബ അന്തരീക്ഷത്തില്‍ നിന്ന് ഒരു സ്വര്‍ണച്ചെയിനെടുത്തു. പതിവു പോലെ ശൂന്യതയില്‍ നിന്ന് ദിവ്യശക്തിയാലാണത് എടുത്തതെന്ന് ജനം ധരിച്ചു. അവര്‍ വിസ്മയഭക്തരായി. സ്വാഭാവികമായും അവരുടെ സായി ഭക്തി പതിന്മടങ്ങ് വര്‍ധിച്ചിരിക്കും. സായിബാബ അത് കല്ല്യാണ മണ്ഡപം രൂപകല്‍പന ചെയ്ത ശില്‍പിക്ക് സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങ് ദൂരദര്‍ശന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സായിബാബ് തന്റെ ഒരടുത്ത അനുയായിയില്‍ നിന്ന് സ്വര്‍ണച്ചെയിന്‍ കൈവശപ്പെടുത്തുന്നതും തന്ത്രപൂര്‍വം അത് കയ്യിലെടുക്കുന്നതും കാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ബാബയുടെ ‘ദിവ്യാല്‍ഭുതം’ തിരിച്ചറിയാന്‍ കഴിയുന്ന ഈ പരിപാടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തില്ല.

വ്യാജ സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയും നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനു പകരം അവരുടെ വ്യാജ നിര്‍മിതികള്‍ക്കും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രചാരണം നല്‍കാനാണ് നമ്മുടെ നാട്ടിലെ അച്ചടി മാധ്യമങ്ങളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ശ്രമിക്കുന്നത്. അങ്ങനെ അന്ധവിശ്വാസ വ്യാപാരത്തിന്റെ വിഹിതം അവരും പറ്റുന്നു.

ദൈവത്തിനല്ലാതെ ആര്‍ക്കും അഭൗതിക കാര്യങ്ങളറിയുകയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഗുണമോ ദോഷമോ ചെയ്യാനാവില്ല. അവര്‍ തങ്ങന്മാരോ ഔലിയാക്കളോ ഭഗവാന്‍മാരോ അമ്മമാരോ ശ്രീ ശ്രീമാരോ ആരായാലും ശരി. അങ്ങനെ കഴിയുമായിരുന്നെങ്കില്‍ എതിരാളികളെ തോല്‍പ്പിക്കാനോ നശിപ്പിക്കാനോ ആര്‍ക്കും ഒട്ടും പ്രയാസമുണ്ടാകുമായിരുന്നില്ല. ഉദ്ദേശിച്ച കാര്യത്തിനും.

ദിവ്യത്വം ചമയുകയും ആരോപിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നാം ചെയ്യുന്നതു പോലെ അവരും ചെയ്യുന്നു. രോഗമായാല്‍ ആശുപത്രിയില്‍ പോകും. കളവോ കൊലയോ നടന്നാല്‍ പോലീസിനെ വിളിക്കും. പോലീസ് നായയെ കൊണ്ടു വരും. അത്ഭുത സിദ്ധികളുടെ പേരില്‍ ആരെയെങ്കിലും പൂജിക്കുകയോ പുണ്യവാളന്‍മാരാക്കുകയോ ചെയ്യുകയാണെങ്കില്‍ ചെയ്യുകയാണെങ്കില്‍ അത് അര്‍ഹിക്കുന്നത് മനുഷ്യനെക്കാള്‍ നായയാണ്. കോടാനു കോടി മനുഷ്യരുടെ വാസന തിരിച്ചറിയാനുള്ള അതിന്റെയത്ര കഴിവുകളുള്ള ഒരു ആള്‍ദൈവവും എവിടെയുമില്ല.

വിശേഷബുദ്ധിയും വിവേകവുമുള്ളവര്‍ നായക്ക് ആ കഴിവുള്‍പ്പെടെ എല്ലാം നല്‍കിയ ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. അവനു മാത്രമേ അതിഭൗതികമായ അറിവും കഴിവുമുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ‘അവരോട് പറയുക: അല്ലാഹുവല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതിഭൗതിക കാര്യങ്ങള്‍ അറിയുന്നില്ല. (നിങ്ങളുടെ ആരാധ്യരാണെങ്കില്‍) എപ്പോഴാണ് തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുപോലും അറിയാത്തവരാകുന്നു.’ (ഖുര്‍ആന്‍ : 27 : 65)

Related Articles