Current Date

Search
Close this search box.
Search
Close this search box.

വ്യാജ കേസുകളും ഭീകരതയുടെ രാഷ്ട്രീയവും

terror.jpg

സമീപ കാലത്ത് നാം വായിക്കുന്ന പത്രത്താളുകളുടെ ചെറിയ കോളങ്ങളില്‍ വരുന്ന ചില ‘അപ്രസക്ത’ വാര്‍ത്തകള്‍, നമ്മുടെ മനസ്സുകളില്‍ ഭീതി നിറക്കാന്‍ പര്യാപ്തമാണ്. പ്രമാദമായ തീവ്രവാദ കേസുകളില്‍ കുറ്റാരോപിതരായി ദീര്‍ഘകാലം ജയിലിലടക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട് വിട്ടയക്കപ്പെടുകയാണ്. ഇവരുടെ അറസ്റ്റിന്റെ സമയത്തുണ്ടായിരുന്ന കോലാഹലങ്ങള്‍ക്കു വിപരീതമായി യാതൊരു മാധ്യമ ശ്രദ്ധയും നമുക്ക് കാണുവാന്‍ സാധിക്കുന്നില്ല. അതേ സമയം ഇതേ കേസുകളിലെ യഥാര്‍ഥ പ്രതികള്‍, വേണ്ടതിലധികം തെളിവുകള്‍ ഉണ്ടായിട്ടും കോടതികള്‍ മുമ്പാകെ ക്ലീന്‍ ചിറ്റുകള്‍ ഏറ്റു വാങ്ങിക്കൊണ്ട് ജയിലുകളില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം ഗൂഢ നീക്കങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ പൊതു മനസ്സാക്ഷിയെ തെല്ലും അലട്ടുന്നില്ല എന്നത് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥാ വിശേഷമാണ്.

മാലേഗാവ്, ഗോധ്ര, ബാബരിയാനന്തര സ്‌ഫോടനങ്ങളുടെ ഉന്നതാന്വേഷണ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് നമ്മുടെ ഉദ്യോഗസ്ഥ തലങ്ങളില്‍ നടക്കുന്ന ഭീതിജനകമായ വിചാരണകളിലേക്കാണ്. ഇവര്‍ കാഴ്ച വെക്കുന്ന ‘അന്വേഷണ അവതരണങ്ങള്‍’, സംശയലേശമന്യേ യഥാര്‍ഥ പ്രതികളെന്ന് നമുക്ക് മനസ്സിലായവരെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നതാണ്. അവര്‍ നിയമത്തിന്റെ സുദീര്‍ഘമായ ഇടനാഴികളില്‍ അപ്രത്യക്ഷമാവുമ്പോള്‍, വിചാരണ തടവുകളില്‍ കഴിയുന്ന ആയിരക്കണക്കിന് മുസ്‌ലിം യുവാക്കള്‍, തങ്ങള്‍ ചെയ്ത കുറ്റമെന്തെന്നു പോലും അറിയാതെ തടവറകളിലാണ്. ഈയടുത്ത് മാലേഗാവ് കേസില്‍ നിരപരാധികളെന്ന് നിയമത്തിനു മുമ്പില്‍ തെളിയിച്ച്, ജയില്‍ മോചിതരായ ഒമ്പത് മുസ്‌ലിം യുവാക്കള്‍ ഈ അനീതിയുടെ ഒരുദാഹരണം മാത്രമാണ്. ബാബരിയാനന്തര ബോംബ് സ്‌ഫോടനങ്ങളില്‍ തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട്  23 വര്‍ഷം തടവറയിലടക്കപ്പെട്ട സഹീറുദ്ദീന്‍ അഹ്മദ്, നിസാറുദ്ദീന്‍ അഹ്മദ് എന്നീ സഹോദരന്മാരും വിവരിക്കുന്നത് അവരനുഭവിച്ച ദുരന്ത യാഥാര്‍ത്ഥ്യങ്ങളാണ്. താന്‍ ഒരു ജീവഛവം മാത്രമായാണ് നിങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നത്  എന്നാണ് അദ്ദേഹം പറഞ്ഞത്.  എന്നാല്‍ ഈ കേസുകളിലെ യഥാര്‍ത്ഥ കുറ്റവാളികളായ സാധ്വി പ്രജ്ഞാ താക്കൂര്‍, കേണല്‍ പുരോഹിത്, സ്വാമി അസിമാനന്ദ, ഡി.ജി. വന്‍സാര എന്നിവര്‍ തങ്ങളുടെ ജയില്‍ മോചനത്തിന്റെ അവസാന ഘട്ടങ്ങളിലാണുള്ളത്.

ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് പുതുമയുള്ളതൊന്നുമല്ല. ഇവിടെ ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്ല്യരാണ്. ചിലര്‍ സ്വയം അവരോധിത നായകരും മറ്റു ചിലര്‍ തീവ്രവാദ മുദ്രകുത്തപ്പെട്ട വില്ലന്മാരുമാണ്. ഇന്ത്യന്‍ സാഹചര്യത്തിലെ വില്ലന്‍ കഥാപാത്രമായി അവതരിപ്പിക്കപ്പെടുന്നത് മുസ്‌ലിമാണ്. സംഘ്‌ബോധത്തിനു മുന്നില്‍ തന്റെ ദേശസ്‌നേഹം തുറന്നു കാണിക്കാന്‍ പാടുപെടുന്ന മുസ്‌ലിമിനെ, അന്വേഷണ ഏജന്‍സികള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ലോകത്തിന്റെ ഏതൊരു ദിക്കില്‍ നടക്കുന്ന ഭീകരാക്രമണത്തിനും അപലപിക്കുവാനും അല്ലെങ്കില്‍ കുറ്റസമ്മതം നടത്തുവാനും അവന്‍ നിര്‍ബന്ധിതനാണ്. കരി നിയമങ്ങളുടെ കൂട്ടുപിടിച്ച് തീവ്രവാദ മുദ്ര അടിച്ചേല്‍പ്പിക്കാന്‍ സദാസന്നദ്ധമാകുന്ന എന്‍.ഐ.എ, ഇന്ത്യന്‍ മുജാഹിദീനെന്ന സാങ്കല്‍പിക സംഘടനയുടെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ തടവറകളിലേക്ക് ആനയിക്കുകയാണ്. ഇസ്‌ലാമോഫോബിയയുടെ ഇന്ത്യന്‍ രൂപത്തെ പ്രതിനിധീകരിക്കുന്ന സംഘ്‌ബോധത്തിന്റെ നിര്‍മ്മിതിയില്‍ ഇവക്കെല്ലാം വലിയ പങ്കാണുള്ളത്.

നേര്‍വിപരീതമായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും സ്വയം ഏറ്റെടുക്കുകയും  തുറന്നു പറയുകയും ചെയ്ത ഹിന്ദുത്വ ഭീകരവാദികള്‍, ഭരണകൂട ഏജന്‍സികളുടെ ഒത്താശയോടെ സ്വതന്ത്രരായി വിലസുകയാണ്. അവരുടെ ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും പങ്കാളികളാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അരികുവത്കരിക്കപ്പെട്ട ജനതയുടെ അവസാന ആശ്രയമായ കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇത് കാരണമാവുന്നുണ്ട്. ‘ഇസ്‌ലാമിക ഭീകരതയെ’ രാജ്യ സുരക്ഷക്ക് ഭീഷണിയായി അവതരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദുത്വ ഭീകരതക്കു നേരെ അവലംബിക്കുന്ന മൗനം ഇത്തരക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. അധികാര കേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണ ഹിന്ദുത്വ ഫാഷിസത്തിന്റെ വിനാശകരമായ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്നു.

ദീര്‍ഘകാല ജയില്‍ വാസത്തിനു ശേഷം വിട്ടയക്കപ്പെടുന്ന മുസ്‌ലിം യുവാക്കള്‍ക്ക് സമൂഹത്തില്‍ നിന്നേല്‍ക്കേണ്ടി വരുന്ന ബഹിഷ്‌കരണവും നിയന്ത്രണങ്ങളും, മുഖ്യധാരയുടെ സംഘബോധത്തിന്റെ സംഭാവനകളാണ്. ജനാധിപത്യത്തിന്റെ സകല സ്തംഭങ്ങളിലും പ്രതിഫലിക്കുന്ന ഈ സംഘബോധം മുസ്‌ലിമിന്റെ അപരത്വത്തെ ഓര്‍മ്മപ്പെടുത്തുകയും യഥാര്‍ഥ അപകടങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഈ കൂട്ട മറവികള്‍ക്കെതിരെ തിരസ്‌കരിക്കപ്പെട്ടവന്റെ ഓര്‍മ്മകളെ ഉദ്ദീപിപ്പിക്കുകയാണ് കാലം ആവശ്യപ്പെടുന്നത്.

Related Articles