Current Date

Search
Close this search box.
Search
Close this search box.

വ്യഭിചാരത്തിലേക്ക് വാതില്‍ തുറക്കുന്ന ആഘോഷം

valentine.jpg

വാലന്റൈന്‍ ദിനമെന്ന പേരില്‍ പലരും ആഘോഷിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. ആ ആഘോഷത്തിന് പിന്നിലെ ചരിത്രത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്തൊക്കെയാണെങ്കിലും ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അവന്റെ ആദര്‍ശത്തിന് നിരക്കാത്ത ഒന്നാണിത്. ഈ ദിവസത്തെ പ്രണയദിനമായി ആഘോഷിക്കുന്നവന്‍ ക്രിസ്ത്യാനികളുടെ പാതയാണ് പിന്തുടരുന്നത്. ബഹുദൈവ വിശ്വാസികളെ അനുകരിക്കുന്നത് പ്രവാചകന്‍(സ) ശക്തമായി വിലക്കിയിട്ടുണ്ട്.

പ്രണയദിനമെന്ന അതിന്റെ പേരിന് പോലും നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് അതിന്റെ പേരില്‍ അരങ്ങേറുന്നതെന്നും ശ്രദ്ധേയമാണ്. ആ ദിനത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങളെ വിലയിരുത്തുന്ന ഒരാള്‍ക്ക് ബോധ്യമാവുക തോന്നിവാസങ്ങള്‍ നടത്താനുള്ള ഒരു ദിനമാണിതെന്നാണ്. പട്ടാപകല്‍ പരസ്യമായി മ്ലേഛവൃത്തികള്‍ ചെയ്യുന്നതിനുള്ള അംഗീകാരമാണ് ഈ ദിവസം നല്‍കുന്നത്. മാധ്യമങ്ങള്‍ അത് ഒപ്പിയെടുത്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ യഥാര്‍ത്ഥ സ്‌നേഹമെന്ന വികാരത്തെ വികൃതമാക്കുക കൂടി ചെയ്യുന്നുണ്ട്. സ്‌നേഹിക്കുന്നവരോടോ സ്‌നേഹത്തോടോ യുദ്ധം പ്രഖ്യാപിച്ച ദര്‍ശനമല്ല ഇസ്‌ലാം. മറിച്ച് അതിന് ചില വ്യവസ്ഥകള്‍ സംവിധാനിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയോട് ഒരാള്‍ക്ക് ഇഷ്ടം തോന്നിയാല്‍ അവളുടെ സ്വന്തക്കാരുടെ അടുത്ത് ചെന്ന് വിവാഹാലോചന നടത്തുകയാണ് വേണ്ടത്. വിവാഹത്തിന് ശേഷമാണ് അവളോടുള്ള സ്‌നേഹം രഹസ്യമായും പരസ്യമായും പ്രകടിപ്പിക്കേണ്ടത്. അതിന് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിച്ചു തന്നിട്ടുള്ള ഒരു രീതിയുണ്ട് ആ രീതിയാണ് ഒരു സത്യവിശ്വാസി പിന്തുടരേണ്ടത്.

അപ്രകാരം ഈ ആഘോഷം വ്യഭിചാരത്തിലേക്കുള്ള ഒരു കവാടം തുറന്നു വെക്കുകയും ചെയ്യുന്നു. ഇസ്‌ലാം വ്യഭിചാരം നിഷിദ്ധമാക്കിയപ്പോള്‍ അതിലേക്കുള്ള എല്ലാ കവാടങ്ങളും കൂടി അടച്ചിട്ടുണ്ട്. വംശപരമ്പര സംരക്ഷിക്കുന്നതിനും മുസ്‌ലിം സമൂഹത്തെ പരസ്പര സ്‌നേഹത്തിലും കെട്ടുറപ്പിലും സംശുദ്ധതയിലും നിലനിര്‍ത്തുന്നതിനും വേണ്ടിയാണത്. അല്ലാഹു പറയുന്നു: ‘വ്യഭിചാരത്തിനോടടുക്കുകയേ അരുത്. അതു വളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു.’ (17:32)

വിവാഹത്തിന് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള പരിശുദ്ധമായ ഒരു രീതിയുണ്ട്. ആ രീതിയെ കൈവെടിയാനാണ് ഇത്തരം ആഘോഷങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. വിവാഹത്തിന് മുമ്പുള്ള ഒരു പ്രണയബന്ധത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത്തരത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുന്നതും നമുക്ക് കാണാം. മിക്ക പ്രണയവിവാഹങ്ങളും അവസാനിക്കുന്നത് വിവാഹ മോചനത്തിലാണ്. കാരണം അല്ലാഹുവിന്റെ കോപത്തിന്‍ മേല്‍ കെട്ടിപ്പടുക്കപ്പെട്ട ബന്ധമാണത്. വികാരങ്ങള്‍ക്കും ഇച്ഛകള്‍ക്കും പ്രാധാന്യം നല്‍കപ്പെടുന്ന ആ ബന്ധത്തില്‍ മേല്‍ക്കൈ നേടുന്നത് കള്ളവും കെട്ടിച്ചമക്കലുമായിരിക്കും. ശരീഅത്തിന്റെ പരിധിക്ക് പുറത്തുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതിന്റെ ഏറ്റവും വലിയ നഷ്ടം സഹോദരിമാര്‍ക്കാണ്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട വിഷയമാണിത്.

ഈ ആഘോഷത്തെ വളരെയധികം പൊലിപ്പിച്ചു നിര്‍ത്തി അതിന്റെ പ്രചാരകരാകുന്ന മാധ്യമങ്ങളും നമുക്ക് ചുറ്റുമുണ്ട്. വളരെ തന്ത്രപൂര്‍വം സമൂഹത്തെ വഴിതെറ്റിക്കുകയാണ് അവ ചെയ്യുന്നത്. പ്രണയത്തെ എങ്ങനെ കച്ചവടവല്‍കരിക്കാം എന്നതാണ് അവ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കാര്‍ഡുകളും സമ്മാനങ്ങളുമെല്ലാം പരമാവധി ചെലവഴിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ ഒരുക്കുന്നു. അവയുടെ കെണിയില്‍ പെടാതിരിക്കാന്‍ സമൂഹം വളരെ ജാഗ്രത്തായിരിക്കേണ്ടതുണ്ട്.

മൊഴിമാറ്റം: നസീഫ്

Related Articles