Current Date

Search
Close this search box.
Search
Close this search box.

വേണം മനസ്സുകള്‍ക്കും ഒരു സ്വച്ഛ് ഭാരത്

തെരുവിലല്ല, മനസ്സുകളിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നതെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന രാജ്യത്തെ സമകാലിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്. അസഹിഷ്ണുതയും വര്‍ഗീയ പ്രസ്താവനകളും രാജ്യത്ത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയും ഉത്തരവാദപ്പെട്ടവര്‍ അതിന് നേരെ കണ്ണടക്കുകയും മൗനാനുവാദം നല്‍കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ പ്രസ്താവന പ്രസക്തമാണ്. ഗോവധത്തിന്റെ പേരില്‍ ദാദ്രിയില്‍ നടന്ന കൊലപാതകവും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളും വൈകിയാണെങ്കിലും ഇങ്ങനെയൊരു പ്രസ്താവനക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം.

രാജ്യത്ത് കടുത്ത അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന വസ്തുത തുറന്നു പറയാന്‍ പോലുമുള്ള അവകാശമില്ലെന്നാണ് ആമിര്‍ ഖാന്റെ സംഭവം വ്യക്തമാക്കുന്നത്. വര്‍ഗീയതക്കും അസഹിഷ്ണുതക്കും എതിരെ നാവനടക്കുന്നവരോടെല്ലാം പാകിസ്താനിലേക്ക് പോകാന്‍ ആക്രോഷിച്ചു കൊണ്ടിരിക്കുന്ന ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ അടക്കി നിര്‍ത്താന്‍ യാതൊരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിരന്തരം രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടിനെ മലിനപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനകള്‍ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് അതില്‍ നിന്നും രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചാണിതെല്ലാം നടക്കുന്നതെന്ന് വളരെ വ്യക്തം. ഏറ്റവും അവസാനമായി കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍ പെട്ട അന്യസംസ്ഥാന ജോലിക്കാരെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തെ പോലും വര്‍ഗീയത വളര്‍ത്താനുള്ള മരുന്നായി ഉപയോഗിച്ചതിന് നമ്മള്‍ സാക്ഷികളാണ്. അപകടത്തില്‍ പെട്ടവരുടെ മതമോ ജാതിയോ നോക്കാതെ അവരെ രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദ് മുസ്‌ലിമായതു കൊണ്ടാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത് എന്നു പരസ്യമായി പറയാന്‍ പോലും മടിയില്ലാത്ത വിധം മനസ്സ് മലിനപ്പെട്ടിരിക്കുന്നു.

ഇന്ത്യയെ ശുചിത്വമാക്കുന്നതിന് വേണ്ടി സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ മനസ്സുകളിലെ വര്‍ഗീയതയുടെയും വെറുപ്പിന്റെയും മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടയാനുള്ള ശക്തമായ പ്രസ്താവനയെങ്കിലും നടത്തേണ്ടതുണ്ട്. സ്‌നേഹത്തിലും സാഹോദര്യത്തിലും പരസ്പരം തോളുരുമ്മി ജീവിച്ചു കൊണ്ടിരിക്കുന്ന ജനതയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍പിരിച്ച് തമ്മിലടപ്പിക്കുന്നത് രാജ്യത്തെ ഒരിക്കലും പുരോഗതിയിലേക്ക് നയിക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ തയ്യാറാവണം.

Related Articles