Current Date

Search
Close this search box.
Search
Close this search box.

വെള്ളമേറിപ്പോയില്ലേ അവളുടെ കണ്ണുനീരിലും…

കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരാരാണ്…?
സ്‌കൂള്‍ കാലത്ത് ഒരോ അധ്യാപകനോടും നമ്മള്‍ കൂടെകൂടെ പറയുമായിരുന്നു..
മാഷേ .. ഒരു കഥ പറഞ്ഞു തരണം പ്ലീസ്…
കഥ പിറക്കുന്നത് തന്നെ കുട്ടികള്‍ക്ക് വേണ്ടിയാണെന്ന് തോന്നും…
കുട്ടികള്‍ കഥയില്ലാത്തവരായി വളരാതിരിക്കാന്‍ നന്‍മയുള്ള കഥകളുടെ കേള്‍വികള്‍ ഉപകാരപ്പെടാറും ഉണ്ട്….

ആതി എന്ന സാറാജോസഫിന്റെ നോവലില്‍ കഥ പറച്ചിലുകാരന്‍ കഥയെ പറ്റി പറയുന്നുണ്ട്…

‘ഈ മണ്ണില്‍ ഞാനൊരു വാക്ക് കുഴിച്ചിടും ..
വിത്തുപോലെ അത് പൊട്ടിമുളയ്ക്കും..
യഥാകാലം അതു പൂക്കുകയും കായ്ക്കുകയും ചെയ്യും..
കായ് പഴമാകും.. പഴം തിന്നാന്‍ കുട്ടികള്‍ ഓടിയെത്തും..
കാരണം പഴത്തിന്റെ അവകാശികള്‍ അവരാകുന്നു..
വായയും വയറും മധുരിച്ച് മടങ്ങിപ്പോകുമ്പോള്‍ അവര്‍ ചിറകുള്ള വിത്തുകളുടെ നൃത്തം കാണും.. കാരണം കഥകളെല്ലാം കുട്ടികള്‍ക്കുള്ളതാകുന്നു..’

കുട്ടികളെന്നും കഥ കേള്‍ക്കാന്‍ അക്ഷമ കൂട്ടും…
അവരുടെ ആകാംക്ഷകളെ മുഖവിലക്കെടുക്കാതെ
 കഥകള്‍ക്ക് ക്ഷാമം നേരിടുന്ന മുതിര്‍ന്നവര്‍ ഒരു രാജാവിന്  അഞ്ചുമക്കളുണ്ടായിരുന്നു എന്ന
കഥ പറഞ്ഞു തുടങ്ങും… കഥ മതി എന്ന അഞ്ചാമത്തവന്റെ പേരും പറഞ്ഞ്
കഥ അവസാനിപ്പിക്കും….
ഒരു കുട്ടിയും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കഥ ഒരു പക്ഷേ
ഈ രാജാവിന്റെ മക്കളുടെ കഥയായിരിക്കും….

കുട്ടികള്‍ക്ക് പറഞ്ഞ കൊടുക്കാന്‍ പറ്റിയ ഒട്ടേറെ കഥകളുടെ ബ്ലോഗ് ആണ്
ഉഷ ശ്രീയുടെ കിലുക്കാംപെട്ടിയുടെ കഥപ്പെട്ടി… (http://kadhappetty.blogspot.in/)
ഈ ബ്ലോഗിലൂടെ കടന്നു ചെല്ലുന്ന ആര്‍ക്കും രാജാവിന്റെ കഥ പറഞ്ഞ് കുട്ടികളില്‍ നിന്ന് തടി തപ്പേണ്ടി വരില്ല…

**********************************************************

ഫേസ് ബുക്കിലും ബ്ലോഗിലുമെല്ലാം സജീവമായി ഇടപെടുന്ന എഴുത്തുകാരനാണ്
ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര്‍ ലഭിച്ച പിവി ഷാജികുമാര്‍ ….

ഓണ്‍ലൈന്‍ എഴുത്തുകളൊക്കെ ചവറുകളാണോ എന്ന ചോദ്യത്തോടുള്ള ഷാജികുമാറിന്റെ പ്രതികരണമാണ് താഴെ…

‘ബ്ലോഗില്‍ വരുന്ന എഴുത്തുകളെല്ലാം ചവറുകളൊന്നുമല്ല…പ്രമേയപരമായി ആഴമാര്‍ന്നതും വ്യത്യസ്തത പുലര്‍ത്തുന്നതുമായ ഒട്ടേറെ രചനകള്‍ ബ്ലോഗുകളിലും ഫേസ്ബുക്കിലുമൊക്കെ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്….
അത് നന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്…
ഇന്റര്‍നെറ്റ് എഴുത്തിന്റെ പ്രധാന പ്രത്യേകത പ്രതികരണം ഉടന്‍ കിട്ടും എന്നതാണ്..
ആനുകാലികങ്ങളിലും നിലവാരം കുറഞ്ഞ രചനകള്‍ വരുന്നുണ്ടല്ലോ..
ഇന്റര്‍നെറ്റിലെ മൂല്യം കുറഞ്ഞ എഴുത്തിനെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് തോന്നുന്നത്… മഹാനായ എഴുത്തുകാരന്‍ കോവിലന്‍ പറഞ്ഞിട്ടുണ്ട്..
ഏത് നെല്ലിലും പതിരുണ്ടാകും  ഏത് പതിരിലും നെല്ലുമുണ്ടാകും….
നമ്മള്‍ പതിര് കാണാന്‍ പോകാതെ നെല്ല് കണ്ടാല്‍ പോരേ…’

**************************************************************

പെണ്ണുങ്ങള്‍ എന്നും എഴുത്തുകള്‍ക്കൊരു വലിയ വിഷയമായിരുന്നു…
പെണ്ണെഴുത്തുകാരേക്കാള്‍ അവരെ എഴുതിയത് ഉറൂബ് എന്ന മഹാനായ
എഴുത്തുകാരനാണ് മലയാളത്തില്‍ എന്ന് പറയാറുണ്ട്…

എല്‍ ഡി ക്ലാര്‍ക്ക് വാസന്തിയെ പറ്റി ടിപി രാജീവന്റെ സുന്ദരമായൊരു
കവിതയുണ്ട്…..
രണ്ട് കുട്ടികളുടെ അമ്മയാണ് വാസന്തി..
അവള്‍ രാവിലെ തന്നെ എണീറ്റ്  ഭക്ഷണം പാകം ചെയ്യുകയാണ്…
തിരക്കിനിടിയില്‍ പക്ഷെ കറിയില്‍ ഉപ്പിടാന്‍ മറന്നു പോയി..
സാമ്പാറും അവിയലും ഓലനും എല്ലാം ഉണ്ടാക്കുന്ന പണിപ്പാടിലാണ്
അവള്‍..
ഉപ്പിലല്ലോ എന്നും പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍
വലിച്ചെറിയുകയാണ് അതെല്ലാം…

ആ വിഷമവും പേറിയാണവള്‍ രാവിലെ ഓഫീസിലേക്കെത്തുന്നത്..
വീട്ടില്‍  നടന്ന കാര്യങ്ങളെല്ലാം ഓര്‍ത്ത് മനസ്സ് നൊന്ത്
ഫയലുകളിലെല്ലാം ഒപ്പിടാനും മറന്നു പോകുന്നു അവള്‍ …
മേലധികാരിയുടെ വക അതിനും വയറ് നിറയെ ചീത്ത…

ഒടുക്കം ഒറ്റക്കിരുന്നു കരയുന്ന വാസന്തി…..
അവളുടെ കണ്ണു നീരിലും വെള്ളമേറിപ്പോയില്ലേ എന്നാണ്
കവിക്ക് സംശയം…

 

‘ഓഫീസിലാരുമറിയാതെ
വീട്ടിലൊറ്റക്കിരുന്ന്
ഉപ്പുകൂട്ടിയൊപ്പിട്ടവള്‍
തൂവിയൊരു കണ്ണീര്‍ കണം
വലിച്ചെറിയാമാര്‍ക്കും
തിരിച്ചയക്കാം വീണ്ടും
വെള്ളമേറിപ്പോയെന്നൊരു
കുറവില്ലേ കണ്ണു നീരിലും’

 

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ ചിത്രവും
വേണ്ടതെല്ലാം നമ്മോട് പറയുന്നുണ്ട്….

Related Articles