Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ചില തീവ്രവാദ വാര്‍ത്തകള്‍

രാജ്യം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയില്‍ വീണ്ടും ചില ‘തീവ്രവാദ വേട്ടകള്‍’ മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് അക്രമണം നടത്താന്‍ പദ്ധതിയിട്ട പാക്പൗരനായ സിയാഉര്‍റഹ്മാന്‍ എന്ന വഖാസ് രാജസ്ഥാനില്‍ നിന്നും പിടിയിലായതോടെയാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെ തീവ്രവാദ വാര്‍ത്തകള്‍ കൂടി മാധ്യമങ്ങളില്‍ ഇടം പിടിച്ചു വന്നത്. വഖാസ് പിടിയിലായതിനു തൊട്ടുപിന്നാലെ തീവ്രവാദ ബന്ധമാരോപിച്ച് ജയ്പൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഏതാനും വിദ്യാര്‍ഥികളെ കൂടി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ വഖാസ് തെരഞ്ഞെടുപ്പിനിടെ അക്രമണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ പല മാധ്യമങ്ങളും അതിനപ്പുറം കാണാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ വധിക്കാനായിരുന്നു പിടിയിലായ ‘തീവ്രവാദികള്‍’ ലക്ഷ്യം വെച്ചിരുന്നതെന്ന തരത്തിലാണ് പല ദേശീയ മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

തീവ്രവാദ ബന്ധമാരോപിച്ച് വിദ്യാര്‍ഥികളടക്കം ഏതാനും പേരെ പിടികൂടിയതിന് ശേഷം ഡല്‍ഹി പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നുമായിരുന്നു. നമ്മുടെ പോലീസും മറ്റു അന്വേഷണ ഏജന്‍സികളും തറപ്പിച്ചു പറയുകയും ‘തെളിയിക്കുകയും’ ചെയ്ത പല തീവ്രവാദ കേസുകളും വ്യാജമായിരുന്നു എന്ന് വ്യക്തമാകുകയും അത് നടത്തിയവര്‍ തന്നെ പിന്നീട് കുറ്റം ഏറ്റു പറയുകയും ചെയ്യുന്ന കാലത്താണ് മാധ്യമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പോലും പറയാത്ത കാര്യങ്ങള്‍ ‘പോലീസില്‍’ നിന്നും ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളാക്കുന്നത്. പോലീസ് പിടികൂടിയ വിദ്യാര്‍ഥികളടക്കമുള്ളവരെ കൊടും ഭീകരവാദികളായി ചിത്രീകരിക്കാന്‍ ഉത്സാഹം കാണിച്ച മാധ്യമങ്ങള്‍ പിടികൂടിയവരില്‍ ചിലരെ നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചപ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയതത്. നിരപരാധികളായ വിദ്യാര്‍ഥികളെ പിടികൂടി പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നാരോപിച്ച് ഓഖ്‌ലയിലെ തിരക്കേറിയ റോഡ് നാട്ടുകാര്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ ഉപരോധിച്ചതിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചത്. ഡല്‍ഹിയില്‍ ഒരു മണിക്കൂര്‍ ഗതാഗത തടസ്സമുണ്ടായാല്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഓഖ്‌ലയിലെ തിരക്കേറിയ റോഡ് നാട്ടുകാര്‍ 12 മണിക്കൂര്‍ ഉപരോധിച്ചിട്ടും അതിനെ മൂടിവെക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തീവ്രവാദ ബന്ധമാരോപിച്ച് പോലീസ് പിടികൂടിയ നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ വിചാരണപോലും കൂടാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് വ്യാജ പോലീസ് ഭാഷ്യങ്ങളെ ജനകീയ പ്രതിഷേധത്തിലൂടെ തകര്‍ത്തെറിഞ്ഞ തികച്ചും ഐതിഹാസികമായ നീക്കമായിരുന്നു ഓഖ്‌ല നിവാസികള്‍ കഴിഞ്ഞ ദിവസം നടത്തിയത്. മാധ്യമങ്ങള്‍ അത് ശ്രദ്ധിച്ചില്ലെങ്കിലും, ഭരണകൂട – പോലീസ് ഭാഷ്യങ്ങളെ അപ്പടി വിഴുങ്ങാനും അതിന് വഴങ്ങാനും പുതുകാലത്തെ ജനങ്ങള്‍ തയ്യാറല്ലെന്ന് തെളിയിക്കാന്‍ തീര്‍ച്ചയായും ഓഖ്‌ലയില്‍ നടന്ന ജനകീയ പ്രതിഷേധത്തിനായി.

തീവ്രവാദ കേസുകളില്‍ ഇത്രയും കാലം പോലീസ് ഭാഷ്യം ഏറ്റു പാടിയിരുന്ന നമ്മുടെ മാധ്യമങ്ങള്‍ പുതിയ തീവ്രവാദ വേട്ടയില്‍ പോലീസിനെയും കടന്ന് പുതിയ കഥകള്‍ തീര്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉയരാവുന്ന ചില സംശയങ്ങളുണ്ട്. പോലീസ് പിടികൂടിയ ‘തീവ്രവാദികള്‍’ മോഡിയെ വധിക്കാന്‍ വന്നവരാണെന്ന തരത്തില്‍ വര്‍ഗീയ വിഷം പ്രസരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് എവിടെ നിന്നും ലഭിക്കുന്നു? ആരാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കുന്നത്? മുമ്പും തെരഞ്ഞെടുപ്പ് വേളയിലും അല്ലാത്തപ്പോഴും ഇത്തരത്തില്‍ മോഡിക്കെതിരെ അക്രമണത്തിന് വന്ന തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. 2004 ലെ ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസും 2005 ലെ സൊഹറാബുദ്ധീന്‍ കേസും അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. ‘ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെ’ നോട്ടപ്പുള്ളിയായി മോഡിയെ ചിത്രീകരിച്ച് ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിക്കാനും ബി.ജെ.പി ക്കും മോഡിക്കും അധികാരത്തില്‍ തുടരാനും ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളായിരുന്നു ഇതെല്ലാമെന്ന് പിന്നീട് തെളിയുകയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മോഡിയുടെ വിശ്വസ്തനായ പോലീസ് മേധാവി ഡി.ജി വന്‍സാരയക്കമുള്ളവര്‍ അഴിക്കുള്ളിലാവുകയും ചെയ്തു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പോലീസ് നടത്തുന്ന പുതിയ തീവ്രവാദ വേട്ട മോഡിക്കും ബി.ജെ.പിക്കും വേണ്ടിയുള്ളതല്ലേ എന്ന് സംശയിച്ചാല്‍ അതില്‍ ആശ്ചര്യപ്പെടാനാവില്ല. കാരണം, മോഡിയെ അക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഐ.ബി റിപ്പോര്‍ട്ടുകളുള്ളതായി ബി.ജെ.പി അനുകൂല മാധ്യമങ്ങളും ബി.ജെ.പി വക്താവായ നിര്‍മല സീതാരാമനും ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അത്തരത്തിലുള്ള ഐ.ബി റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ നടക്കുന്ന പുതിയ അറസ്റ്റ് മാമാങ്കങ്ങളും തീവ്രവാദ വേട്ടയുമെല്ലാം ഭൂരിപക്ഷ സമൂഹത്തില്‍ മുസ്‌ലിം വിരുദ്ധത കുത്തി നിറക്കാനും മോഡിയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുമായി വര്‍ഗീയ ശക്തികളും പോലീസും കൈകോര്‍ത്ത് നടത്തുന്ന നാടകങ്ങളല്ലേ എന്ന് സ്വാഭാവികമായും സംശയിച്ചു പോകുന്നതാണ്. മോഡിയെന്ന ഫാഷിസ്റ്റിന് ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള പാതയൊരുക്കാന്‍ അന്വേഷണ ഏജന്‍സികളും മാധ്യങ്ങളും കൂട്ടുനില്‍ക്കുകയല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

Related Articles