Current Date

Search
Close this search box.
Search
Close this search box.

വീടിന് മുന്നെ അയല്‍വീട്

‘അല്‍ ജാറു ഖബ്‌ല ദ്ദാര്‍’ അഥവാ സ്വന്തം വീട്ടിനേക്കാള്‍ അയല്‍ക്കാരനെയാണ് പരിഗണിക്കേണ്ടത് എന്നാണ് സാധാരണ പറയാറുള്ളത്. അയല്‍ക്കാരന്റെ സ്ഥാനത്തിനനുസരിച്ചാണ് നമ്മുടെ വീടിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത്. സദ്‌വൃത്തനായ അയല്‍ക്കാരന്‍ സൗഭാഗ്യത്തിന്റെ അടയാളമാണ്.
അയല്‍വാസിയുടെ അവകാശം ഇസ്‌ലാം മഹത്തരമാക്കി നിശ്ചയിച്ചു. ജിബ്‌രീല്‍(അ) പ്രവാചകന്‍(സ)യെ അയല്‍വാസിയുടെ കാര്യത്തില്‍ ഉപദേശിച്ചു കൊണ്ടേയിരിക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ അയല്‍വാസി തന്നെ അനന്തരമെടുക്കുമോ എന്ന് വിചാരിക്കുമാറ് ശക്തമായിരുന്നു അത്. അയല്‍വാസികളോട് നന്മചെയ്യാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നു: ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല. (4:36)

പ്രവാചകന്റെ അധ്യാപനങ്ങളിലും അയല്‍വാസിക്ക് നന്മചെയ്യാനായി പ്രേരിപ്പിക്കുന്നത് കാണാന്‍ സാധിക്കും. “ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ.”
അയല്‍വാസിക്ക് നന്മ ചെയ്യല്‍ സത്യവിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. “എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ  അവനാണ് സത്യം. ഒരടിമ തനിക്ക് പ്രിയമുള്ളത് തന്റെ അയല്‍വാസിക്ക് ഇഷ്ടപ്പെടുന്നതുവരെ പൂര്‍ണവിശ്വാസിയാവുകയില്ല.”
“അയല്‍വാസിക്ക് നന്മ ചെയ്യുന്നവരാണ് ജനങ്ങളില്‍ മികച്ചവരെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. അല്ലാഹുവിങ്കല്‍ ഉത്തമരായ സഹകാരികള്‍ തങ്ങളുടെ കൂട്ടുകാരോട് നന്മ ചെയ്യുന്നവരാണ്. അല്ലാഹുവിങ്കല്‍ ഉത്തമരായ അയല്‍ക്കാര്‍ തങ്ങളുടെ അയല്‍ക്കാരോട് നന്മയില്‍ വര്‍ത്തിക്കുന്നവരാണ്.”

ആരാണ് അയല്‍ക്കാര്‍?
അയല്‍വാസി എന്നാല്‍ നിന്റെ സമീപസ്ഥനാണ്. അതില്‍ മുസ്‌ലിമും ഇതരമതസ്തരും സമമാണ്. അയല്‍പക്കത്തിന്റെ പരിധി നിശ്ചയിക്കുന്നതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അയല്‍വാസികള്‍ എന്നാല്‍ അയല്‍പക്കപരിധിയിലുള്ളതാണ്. അയല്‍വാസികളില്‍ പദവികള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവാം. കുടുംബ ബന്ധമുള്ള മുസലിമായ അയല്‍ക്കാരനും, കുടുംബ ബന്ധമില്ലാത്ത മുസലിമായ അയല്‍ക്കാരനും അവരിലുണ്ടാവും. കുടുംബ ബന്ധമുള്ള അമുസ്‌ലിം അയല്‍വാസിയും അതില്ലാത്തവരും അവരിലുണ്ടാവും. ഇവരെല്ലാവരും തന്നെ അവകാശങ്ങളില്‍ പങ്കാളികളാണ്. എന്നാല്‍ അവരവരുടെ സാഹചര്യവും നിലവാരവുമനുസരിച്ച് പരിഗണനയും വ്യത്യാസപ്പെട്ടേക്കാം.

ചിലയാളുകള്‍ വിചാരിക്കുന്നത് അയല്‍വാസി എന്നത് വീടിന് സമീപത്ത് താമസിക്കുന്നവന്‍ എന്നാണ്. തീര്‍ച്ചയായും അവര്‍ അയല്‍പ്പക്ക ബന്ധത്തില്‍ സുപ്രധാനമായത് തന്നെയാണ്. അയല്‍പക്ക സങ്കല്‍പത്തില്‍ ഉള്‍ക്കൊള്ളുന്ന മറ്റു പലരുമുണ്ട്. ഒന്നിച്ച് ജോലി ചെയ്യുന്ന, അങ്ങാടിയില്‍ കൂടെയുണ്ടാവാറുള്ള, പാഠശാലയിലെ കൂടെയിരിക്കാറുള്ള എല്ലാവരും ഈ പരിധിയില്‍ ഉള്‍പ്പെടും.

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഒരാടിനെ അറുത്തപ്പോള്‍ തന്റെ അടിമയെ വിളിച്ചു പറഞ്ഞു. നീ അതിന്റെ തൊലിയുരിച്ച് കഴിഞ്ഞാല്‍ നിന്റെ അയല്‍വാസിയായ ജൂതനില്‍ നിന്ന് തുടങ്ങുക. അതു കേട്ട ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ചോദിച്ചു. ‘എനിക്ക് രണ്ട് അയല്‍ക്കാരുണ്ട്. അതില്‍ ആര്‍ക്കാണ് ഞാന്‍ മുന്‍ഗണന നല്‍കേണ്ടത്. പറഞ്ഞു: അവരില്‍ രണ്ടുപേരില്‍ നിന്റെ വാതിലിനോടടുത്ത് നില്‍ക്കുന്നവരോട്.’

അയല്‍വാസികളുടെ അവകാശങ്ങള്‍ :
അയല്‍വാസിക്ക് അനേകം അവകാശങ്ങള്‍ വകവെച്ചു കൊടുക്കേണ്ടതായി ഇസ്‌ലാം കല്‍പ്പിക്കുന്നു. അതില്‍ പ്രാധാനപ്പെട്ട അവകാശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1.    പ്രത്യഭിവാദ്യം ചെയ്യലും ക്ഷണം സ്വീകരിക്കലും
മുസ്‌ലിംകള്‍ തമ്മിലുള്ള പൊതുവായ ബാധ്യതയാണിതെങ്കിലും അയല്‍ക്കാരുടെ വിഷയത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നു. സ്‌നേഹത്തിന്റെയും ഇണക്കത്തിന്റെയും സൗഹൃദം പ്രതിഫലിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ ഇതിലുണ്ട്.

2.    ഉപദ്രവം ചെയ്യാതിരിക്കുക.
അയല്‍പക്ക ബാധ്യതകളില്‍ വളരെ പ്രാധാനപ്പെട്ടതാണ് ഉപദ്രവം തടയുക എന്നത്. അയല്‍വാസികളെ ഉപദ്രവിക്കുന്നതിനെ വളരെ നിശതമായി തന്നെ പ്രവാചകന്‍(സ) താക്കീത് ചെയ്യുകയുണ്ടായി.
പ്രവാചകന്‍ പറഞ്ഞു. ‘അല്ലാഹുവാണ… വിശ്വാസിയാവുകയില്ല തന്നെ. ഇപ്രകാരം മൂന്ന് തവണ അവിടുന്ന് ആവര്‍ത്തിച്ചു. ചോദിക്കപ്പെട്ടു: പ്രവാചകരേ…ആരാണവര്‍? അവിടുന്ന് പറഞ്ഞു: ആരുടെ ഉപദ്രവത്തില്‍ നിന്ന് അവന്റെ അയല്‍വാസി നിര്‍ഭയനല്ലയോ അവന്‍.’

ഒരാള്‍ പ്രവാചകന്റെ അടുത്ത് വന്ന് തന്റെ അയല്‍വാസി ഉപദ്രവിച്ചതായി പരാതി ബോധിപ്പിച്ചു. പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: നിന്റെ വിഭവം വഴിയിലുപേക്ഷിക്കുക.’ അദ്ദേഹം അപ്രകാരം ചെയ്തു. ജനങ്ങള്‍ അതുവഴി നടക്കുകയും അവര്‍ അതിനെകുറിച്ച് ചോദിക്കുകയും ചെയ്തു. അവരെല്ലാവരും സംഭവം അറിയുകയും ഉപദ്രവം ചെയ്ത ആ അയല്‍വാസിയെ ശപിക്കുകയും ചെയ്തു. വിവരമറിഞ്ഞ ആ ദുഷ്ടനായ അയല്‍വാസി പ്രവാചകന്റെ അടുത്ത് വന്ന് ആളുകള്‍ തന്നെ ശപിക്കുന്നുവെന്ന് പരാതി പറഞ്ഞു. പ്രവാചകന്‍(സ) അയാളോട് പറഞ്ഞു. ജനങ്ങള്‍ക്ക് മുമ്പ് അല്ലാഹു താങ്കളെ ശപിച്ചിരിക്കുന്നു.’

3.    അയല്‍വാസിയോട് ക്ഷമിക്കുക.
മറ്റുള്ളവരുടെ ഉപദ്രവങ്ങള്‍ സഹിക്കുകയും, ക്ഷമയോടെ നേരിടുകയും ചെയ്യല്‍ ഉന്നത മൂല്യങ്ങളില്‍പെട്ടതാണ്. ഏറ്റവും ഉത്തമമായതു കൊണ്ട് നീ തിന്മക്കെതിരെ പ്രതിരോധം തീര്‍ക്കുക. (23:96)
അല്ലാഹു പറയുന്നു. വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (42:43)

4.    അങ്ങോട്ടന്വേഷിച്ച് ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുക
നിശ്ചയം അല്ലാഹുവിന്റെ ദൂതര്‍ പറയുന്നു.
“അയല്‍വാസി പട്ടിണിയാണെന്നറഞ്ഞിരിക്കെ മൃഷ്ടാന്നഭോജനം ചെയ്തു കഴിച്ചുകൂന്നവനൊന്നും വിശ്വാസിയല്ല തന്നെ. നിശ്ചയം സച്ചരിതരായ ആളുകള്‍ അയല്‍വാസിയോട് അങ്ങോട്ട് ചെന്ന് അന്വേഷിക്കുകയും അയാളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരായിരിക്കും.”
ഒരിക്കല്‍ അനുയായികളിലൊരാള്‍ പ്രവാചകന് ഒരു സമ്മാനം കൊണ്ടുവന്നു. അപ്പോള്‍ പ്രവാചകന്‍(സ) അത് അല്‍ക്കാരന് കൊണ്ട് പോയികൊടുക്കാന്‍ നിര്‍ദേശിച്ചു. അപ്പോള്‍ ആ അയല്‍വാസി അത് മറ്റൊരു അയല്‍ക്കാരന് കൊടുക്കാനാണ് പറഞ്ഞത്. അത് അപ്രകാരം പത്തിലധികം ആളുകളില്‍ കറങ്ങി ഒടുവില്‍ ആദ്യത്തെയാളില്‍ തന്നെ എത്തിച്ചേര്‍ന്നു.

5.    അഭിമാനം സംരക്ഷിക്കുക.
വളരെ പ്രാധാന്യമുള്ള ഒരു അവകാശമാണ് അഭിമാന സംരക്ഷണം. ഒരാള്‍ തന്റെ സഹോദരന്റെ അഭിമാനം സംരക്ഷിക്കുകയാണെങ്കില്‍ ആ പ്രവര്‍ത്തനം കാരണം അല്ലാഹു അവനെ ഇഹലോകത്തും പരലോകത്തും സംരക്ഷിക്കും. ഒരാള്‍ ഇത്തരം മറ പിച്ചിച്ചീന്തുകയാണെങ്കില്‍ അതിന്റെ പരിണിതഫലം തിരിച്ചും അനുഭവിക്കേണ്ടി വരും. “ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരേ അനീതി ചെയ്യുന്നവനല്ല.” (41:46)
തീര്‍ച്ചയായും അജ്ഞാനകാലത്തെ അറബികള്‍ പോലും തങ്ങളുടെ അയല്‍ല്‍വാസികളുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ ഉത്‌സുകരയായിരുന്നു.
പ്രവാചകന്‍(സ) വലിയ പാപം എണ്ണിക്കൊണ്ട് പറഞ്ഞു. “അയല്‍വാസിയുടെ ഭാര്യയെ വ്യഭിചരിക്കലാണത്.”

പരസ്പരമുള്ള ബന്ധത്തിലും സൗഹൃദത്തിലുമാണ് സമൂഹത്തില്‍ സന്തോഷം പടരുന്നത്. ഇസ്‌ലാമിക ശരീഅത്ത് നിയമമാക്കുന്ന സംവിധാനങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമാവുക. നിലനില്‍ക്കുന്ന സമൂഹത്തില്‍ ഈ വിശയത്തില്‍ ധാരാളം വീഴ്ചകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. അയല്‍വാസിയോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ അവകാശങ്ങള്‍ ഹനിക്കുക കൂടി ചെയ്യുന്നവരാണ് ജനങ്ങളിലധികവും.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

Related Articles