Current Date

Search
Close this search box.
Search
Close this search box.

വിശ്വാസി ഒരു ജേതാവ്

വിശ്വാസി ഒരു ജേതാവാണ്. ക്രിയാത്മക ചിന്തകളുമായി വിശ്വാസികള്‍ക്ക് വിജയാഹ്വാനം നല്‍കുന്ന മാനിഫെസ്റ്റോ ആണ് അവന്റെ മാര്‍ഗദര്‍ശി. വിജയത്തെ കുറിച്ച വാഗ്ദാനങ്ങള്‍, പദാവലികള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്റെ പ്രതിഫലനമായിരുന്നു പ്രവാചക ജീവിതം. പ്രതാപമുള്ള ഉത്തമരായ ഒരു സമൂഹത്തിന്റെ ചിത്രം നമുക്കതില്‍ വായിച്ചെടുക്കാം. നിങ്ങള്‍ അത്യുന്നതരാണ്, ഭൂമിയുടെ അനന്തരാവകാശം നിങ്ങള്‍ക്ക് തന്നെ…തുടങ്ങിയ അതിന്റെ ശുഭവാര്‍ത്തകള്‍ നമുക്ക് കുളിര്‍മയേകുന്നതാണ്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കുള്ള യാത്ര തെളിച്ചമേകുന്നതാണ്. ഇഹപര വിജയത്തെ കുറിച്ച സന്തോഷവാര്‍ത്തകള്‍, കര്‍മപദ്ധതികള്‍, ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ …ഇതാണ് അതിന്റെ ഉള്ളടക്കം. ഈ സരണിയില്‍ വഴി നടന്നവരാണ് ഇന്നലകളിലെ വിജയികള്‍, ഇന്നും നാളെയും അവര്‍ക്കു മാത്രമാണ് വിജയം. ഈ വിശ്വാസിക്ക് എങ്ങനെ് ജേതാവാകാതിരിക്കാന്‍ കഴിയും!

വിശ്വാസി എന്തിന് ഭയപ്പെടണം? ഉയര്‍ന്ന സ്വപ്‌നവും ഉദാത്ത ലക്ഷ്യവുമായി അധര്‍മങ്ങള്‍ക്കെതിരെ പടനയിച്ച ‘ധിക്കാരി’ കളായ പ്രവാചകരും നവോത്ഥാന നായകരുമല്ലേ അവന്റെ മാതൃക. അവരുടെ ഊര്‍ജം, അചഞ്ചല വിശ്വാസം, ഉന്നത ലക്ഷ്യം, ഉയര്‍ന്ന സ്വപ്നം, ആത്മ വിശ്വാസത്തിന്റെ കരുത്ത്, നിര്‍ഭയമായ നല്ല നാളയെ കുറിച്ച പ്രതീക്ഷകള്‍ തുടങ്ങിയ ക്രിയാത്മക ചിന്തകളുള്‍ക്കൊള്ളുന്ന ഇസ്‌ലാമിക പാഠങ്ങളായിരുന്നു. മണ്ണില്‍ കാലുറപ്പിച്ച് വിണ്ണിലേക്കവര്‍ നോക്കും, ഓരോ അസ്തമയത്തിലും പുലരിയുടെ പൊന്‍കിരണങ്ങള്‍ അവര്‍ കണ്ടെത്തും, ഐഹികതയുടെ ശബളിമയില്‍ തൃപ്തിയടയുന്നതിന് പകരം ശാശ്വതമായ സ്വര്‍ഗീയ വിഹായസ്സിലേക്കവര്‍ യാത്രചെയ്തു കൊണ്ടിരിക്കുന്നു. ചൂടും ചൂരുമുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണത്തിനായി അശ്രാന്തപരിശ്രമത്തിലവര്‍ ഏര്‍പ്പെട്ടു. വാര്‍ദ്ദക്യത്തിലും യൗവനം തുടിക്കുന്ന മനസ്സുമായി പിറക്കാനിരിക്കുന്ന വലിയ ലോകത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവര്‍ക്കു കരുത്തു പകരുന്നു. ലോകം അവര്‍ക്കു മുമ്പില്‍ കീഴടങ്ങി.

ക്രിയാത്മക ചിന്തകളിലൂടെ വിശ്വാസികളുടെ വിജയനൈരന്തര്യത്തിന് വീര്യം പകരേണ്ടവര്‍ ഇന്ന്, പിന്നാക്കത്തിന്റെയും പീഢനത്തിന്റെയും അധോഗതിയുടെയും അധപ്പനത്തിന്റെയും മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി, മുസ്‌ലിം സമൂഹത്തിന്റെ ഉയരാനും അഭിവൃദ്ധിപ്പെടാനുമുള്ള സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞുകൊണ്ടിരിക്കുകയാണ്. അവരുടെ ഹൃദയങ്ങളില്‍ നിത്യനൈരാശ്യത്തിന്റെയും അധമബോധത്തിന്റെയും തടവറകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. പള്ളി മിമ്പറുകള്‍ മുതല്‍ പ്രഭാഷണങ്ങള്‍ വരെ ചേതനയറ്റ ഒരു സമൂഹത്തിന്റെ നിലവിളികളായി മാറുന്നു. ഭരണകൂട ഭീകരതയുടെയും വംശഹത്യകളുടെയും കരളുപിളര്‍ക്കുന്ന കാഴ്ചകളും അനുഭവങ്ങളും വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും! ഫലത്തില്‍ നിഷേധാര്‍ഥ ചിന്തകളുടെ അടിമത്വം പേറുന്ന പ്രൊഡക്റ്റുകളെയാണ് നാം ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.

വിചാരങ്ങളും സ്വപ്‌നങ്ങളും ചോര്‍ന്നുപോയ അലക്ഷ്യരായ ഒരു സമൂഹത്തില്‍ നിന്ന് വിപ്ലവം പ്രതീക്ഷിക്കുന്നത് അല്‍പത്വം തന്നെ. ഭൗതികവാദികളുടെ കേവല യുക്തികളില്‍ പടുത്തുയര്‍ത്തപ്പെട്ട ‘വ്യക്തിത്വ വികാസ’ ക്ലാസുകള്‍ എന്ന പൊടിക്കൈ കൊണ്ട് നികത്താവുന്നതിലപ്പുറമാണ് സമൂഹത്തെ ബാധിച്ച അസ്വസ്ഥതകളും നൈരാശ്യവും. ഒരു ജനതയുടെ സാമൂഹ്യവും സാംസ്‌കാരികവുമായ വികാസത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ക്രിയാത്മക ചിന്തകളും സര്‍ഗാത്മക ഇടപെടലുകളുമാണ് ഏകപരിഹാരം. കാരണം ഇത്തരത്തില്‍ നിഷേധാര്‍ഥ ചിന്തകളുമായി തന്നിലെ കഴിവുകളെ കുഴിച്ചുമൂടുന്നവര്‍ക്കോ പിഴവുകളുടെ രക്ഷിതാക്കള്‍ക്കോ ഉള്ളതല്ല വിജയം. ഏതു പ്രതിസന്ധികളെയും ഒരു സ്റ്റീം റോളര്‍ കണക്കെ തട്ടിമാറ്റാനുള്ള ദൃഢനിശ്ചയമുള്ളവര്‍ക്കാണ് ലോകം. സമൂഹത്തിലെ ന്യൂനതകളിലേക്ക് മാത്രം കണ്ണയക്കുന്നവര്‍ക്കുള്ളതല്ല, അവരുടെ കരുത്തും കഴിവും കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കാണ് വിജയം. ധീരരുടെയും വിപ്ലവകാരികളുടെയും കൈകളിലൂടെ മാത്രമേ ഇന്നിന്റെ മുന്നേറ്റം സാധ്യമാകൂ-കുമ്പിടുന്നവരുടെയും പാവത്താന്മാരുടെയും കൈകളിലൂടെയല്ല.

ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി തന്റെ ഇസ്‌ലാമിക വിജയത്തെക്കുറിച്ച ശുഭവാര്‍ത്തകള്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഈ ഒരു ചിന്തയുടെ സമകാലിക പ്രസക്തി അക്കമിട്ടു നിരത്തുന്നതു കാണാം. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ആഹ്വാനം ചെയ്യുന്നത് ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്തയേകാനും എളുപ്പമുണ്ടാക്കാനുമാണ്. ഞെരുക്കമുണ്ടാക്കാനോ അസഹിഷ്ണുതയുളവാക്കാനോ അല്ല. പ്രവാചകന്‍ യമനിലെ ഗവര്‍ണര്‍ക്കയച്ച കല്‍പനകളില്‍ ഇത് പ്രകടമാണ്.

മുസ്‌ലിങ്ങളും ഇസ്‌ലാമിക സമൂഹവും പ്രതിസന്ധികള്‍ നിറഞ്ഞ പാതയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചിലരെയെങ്കിലും പരാജിതബോധവും നൈരാശ്യവും പിടികൂടിയിരിക്കുന്നു. ഈ ബോധം മനസ്സുകളെ കീഴ്‌പെടുത്തിയാല്‍ നിശ്ചയദാര്‍ഢ്യം ഇല്ലാതാകും, മനക്കരുത്ത് ചോര്‍ന്നുപോകുകയും സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകറ്റ് പോകുകയും ചെയ്യും. ഇതാണ് ശത്രുക്കള്‍ ലക്ഷ്യമിടുന്നതും. ഇതിനെ പ്രതിരോധിക്കാന്‍ ഇസ് ലാമിക നേതൃത്വങ്ങള്‍ ഉയര്‍ത്തിയ ഇസ്‌ലാമിക നവജാഗരണം, നവോത്ഥാനം തുടങ്ങിയ ആഹ്വാനങ്ങളെ ശത്രുക്കള്‍ ഭയപ്പെടുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇക്കാരണത്താലാണ്.

ശത്രുക്കള്‍ ഇസ് ലാമിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ഒരു നാളയെ കുറിച്ചും കിഴക്കിന്റെ ഭാവിയെ കുറിച്ചും പ്രതീക്ഷ നല്‍കേണ്ടത് അനിവാര്യമാണ്.

മതബോധമുള്ള ധാരാളം ആളുകളില്‍ അന്ത്യനാളിനെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ അസ്ഥാനത്ത് മനസ്സിലാക്കിയതിനാല്‍ തെറ്റായ ധാരണ വന്നിട്ടുണ്ട്. ഈ തെറ്റായ അവബോധം പകര്‍ന്നു നല്‍കുക അപകടകരമായ ഭാവിയെ കുറിച്ചുള്ള അസ്വസ്ഥതകളാണ്.

ഈ ഒരു ദശാസന്ധിയില്‍ ഖുര്‍ആന്‍, ഹദീസ്, ചരിത്ര സംഭവങ്ങള്‍, കാലിക അനുഭവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഉല്‍ബുദ്ധരാക്കാനും വിശ്വാസികളുടെ വിജയത്തെ കുറിച്ച സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യേണ്ടത് നേതൃത്വത്തിന്റെയും പരിഷ്‌കര്‍ത്താക്കളുടെയും ബാധ്യതയാണ്.
അധിനിവേശ ശക്തികളുടെ തേരോട്ടത്തിനു മുമ്പില്‍ മനസ്സും മസ്തിഷ്‌കവും മരവിച്ച മുസ്‌ലിം സമൂഹത്തെ ക്രാന്തദര്‍ശികളായ പരിഷ്‌കര്‍ത്താക്കള്‍ ചികില്‍സിച്ചത് പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും വീര്യം പകര്‍ന്നുകൊണ്ടായിരുന്നു. ഇസ്‌ലാമിക നവജാഗരണം, ഇസ്‌ലാമിക നവോത്ഥാനം, ഇസ്‌ലാമിക ഉണര്‍വ്, ഇസ്‌ലാമാണ് ഏക പരിഹാരം..തുടങ്ങിയ വിപ്ലവാഹ്വാനങ്ങള്‍ മുഴങ്ങിയത് ഈ കാലത്തായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും ദിശനിര്‍ണയിച്ചത് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അലയടിച്ച ഈ വിപ്ലവാഗ്നികളായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ അലി ഇസ്സത്ത് ബെഗോവിച്ച് എഴുതി.’ ഇസ്‌ലാം ഒരു സന്ദേശമെന്ന തലത്തിലും ചരിത്ര സത്യമെന്ന തലത്തിലും അധപ്പതനവും മരവിപ്പും നിരാകരിക്കുന്നു. ഇസ്‌ലാമിക ലോകത്ത് നാമിന്ന് പുതിയൊരു നവജാഗരണത്തിന്റെയും ഇഛാശക്തിയുടെയും നാന്ദിക്ക് സാക്ഷികളാവുകയാണ്. നാമിന്ന് നിരന്തര ചലനത്തിലും അന്വേഷണത്തിലുമാണ്. താല്‍കാലിക അങ്കലാപ്പും തിരച്ചടികളും അവഗണിച്ചുകൊണ്ടാണിത് പറയുന്നത്. യഥാര്‍ഥ ഇസ്‌ലാമിക ചിന്ത മുന്നോട്ട് നയിക്കുകയും ഇസ്‌ലാമിക ലോകം നിറഞ്ഞ് നില്‍ക്കുന്ന പ്രകൃതി വിഭവ സ്രോതസ്സുകള്‍ ശക്തി പകരുകയും ചെയ്തുനോക്കാവുന്ന ഈ പുതയ ഇഛാശക്തിക്ക് വരും നാളുകളില്‍ ഇസലാമിക നവോഥാനത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്താന്‍ കഴിയും ഉറപ്പ്. അതിനാല്‍ ഓരോ മുസ് ലിങ്ങളും ഈ നവോഥാനത്തില്‍ പങ്കാളിയാവുക’.

നാം ജീവിച്ചു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കേണ്ടതുണ്ട്. തുറന്ന മനസ്സ്, നിരൂപണ ബുദ്ധി, അന്ധമായ പക്ഷപാതിത്വങ്ങളില്‍ നിന്നുള്ള മുക്തി, തെറ്റാണെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ടാല്‍ മുന്‍വിധി മാറ്റാനുള്ള ആര്‍ജവം…തുടങ്ങിയ വിശേഷണങ്ങള്‍ നാം നേടിയെടുക്കേണ്ടതുണ്ട്. ഇത് നമ്മുടെ വ്യക്തിത്വത്തിന് തെളിച്ചമേകും. വിശ്വാസികളുടെ വിജയത്തെ കുറിച്ച വാഗ്ദാനങ്ങള്‍ ഇന്നലകളിലെ യാദാര്‍ഥ്യമാണ്. ഇന്നിന്റെ അനുഭവങ്ങളാണ്. ഇനിയും പുലരാനുള്ളതാണ്. ആര്‍ക്ക് അനിഷ്ടകരമായാലും ഇസ്‌ലാം ലോകത്ത് വിജയിക്കുക തന്നെ ചെയ്യും, അത് സര്‍വലോക നിയന്താവിന്റെ വാഗ്ദാനമാണ്. ആ വിജയത്തില്‍ നമ്മുടെ ഭാഗധേയത്വം എന്ത് എന്നതാണ് പ്രധാനം. അതിനാല്‍ അധമബോധത്തിന്റെയും നൈരാശ്യത്തിന്റെയും കപ്പലുകള്‍ കരിച്ചുകളയുക. കരുത്തിന്റെയും ഇഛാശക്തിയുടെയും കിരണങ്ങള്‍ അന്തരീക്ഷത്തില്‍ പ്രഭപരത്തട്ടെ. ഈ അവബോധം ഇളം തലമുറകളില്‍ നട്ടുപിടിപ്പിക്കുക. എങ്കില്‍ ആ മൂല്യങ്ങളും തത്വങ്ങളും ഭാവിയില്‍ കൊയ്‌തെടുക്കാം. വിശ്വാസി തന്നെയാണ് ജോതാവ്.

 

Related Articles