Current Date

Search
Close this search box.
Search
Close this search box.

വിവാഹ ധൂര്‍ത്ത് ; മുസ്‌ലിം ലീഗ് പ്രമേയം സ്വാഗതാര്‍ഹം

വിവാഹ ധൂര്‍ത്തിനും ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനുമെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ബോധവത്കരണം നടത്താന്‍ മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ എടുത്ത തീരുമാനം ശ്ലാഘനീയവും സ്വാഗതാര്‍ഹവുമാണ്. സമുദായത്തെ ബാധിച്ച രോഗവും ജീര്‍ണതയും തിരിച്ചറിഞ്ഞ് ചികിത്സിക്കാനുള്ള ശ്രമമായി ഇതിനെ ന്യായമായും വിലയിരുത്താവുന്നതാണ്.

ഓരോ മലയാളി മുസ്‌ലിമും വിവാഹാഘോഷം ആര്‍ഭാടപൂര്‍ണമാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. പാവപ്പെട്ടവര്‍ കടം വാങ്ങിയും പിരിവെടുത്തും പതിനായിരങ്ങള്‍ കല്യാണങ്ങള്‍ക്കായി ചെലവഴിക്കുന്നു. ഇടത്തരക്കാര്‍ ലക്ഷങ്ങളും പണക്കാര്‍ കോടികളും ധൂര്‍ത്തടിക്കുന്നു. ഏറെപ്പേരുടെയും വിവാഹവേളകള്‍ പൊങ്ങച്ചവേദികളാണ്. സ്വന്തം പണവും പദവിയും പ്രൗഢിയും പ്രകടിപ്പിക്കാനുള്ള അവസരം. അതിനാലാണ് ലക്ഷങ്ങളും കോടികളും തുലച്ച് കല്യാണങ്ങള്‍ കേമമാക്കുന്നത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും വിതരണംചെയ്യുന്ന വിഭവങ്ങളുടെ വൈവിധ്യവും മഹത്ത്വത്തിന്റെയും മാന്യതയുടെയും മാനദണ്ഡമായി മാറിയിരിക്കുന്നു. ജീവിതവിശുദ്ധിയും മഹിതമൂല്യങ്ങളുംകൊണ്ട് മാന്യത നേടാനാവാത്ത അല്‍പന്മാര്‍ അങ്ങാടിയില്‍നിന്ന് വാങ്ങുന്ന ചരക്കുകളിലൂടെ അതുണ്ടാക്കാന്‍ നടത്തുന്ന പരിഹാസ്യ ശ്രമങ്ങളാണ് പല വിവാഹാഘോഷങ്ങളിലും കാണപ്പെടുന്നത്. എല്ലാവരും സാധ്യതകള്‍ പരമാവധി സ്വരൂപിച്ച് കല്യാണം ഗംഭീരമാക്കാനാണ് ശ്രമിക്കുന്നത്. പൊങ്ങച്ചം ദൈവത്തിന്റെ ശാപകോപങ്ങള്‍ക്ക് കാരണമാകുന്ന ഗുരുതരമായ കുറ്റമാണെന്ന വസ്തുത വിവാഹകാര്യത്തില്‍ മതഭക്തരെന്ന് കരുതപ്പെടുന്നവര്‍പോലും വിസ്മരിക്കുന്നു.

മുസ്‌ലിംകള്‍ക്ക് വിവാഹവേളകളില്‍ നിര്‍ബന്ധമായും ഒത്തുകൂടേണ്ടത് വരനും വധുവിന്റെ രക്ഷിതാവും രണ്ടു സാക്ഷികളും മാത്രമാണ്. വളരെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും അതുപോലുള്ള സന്തോഷാവസരങ്ങളില്‍ സംബന്ധിക്കുക സ്വാഭാവികം. എന്നാല്‍, എന്തിനാണ് വിവാഹാഘോഷങ്ങളിലേക്ക് ആയിരങ്ങളെ ക്ഷണിച്ചുവരുത്തുന്നത്? കല്യാണസദ്യയുടെ സമയം പരമാവധി രണ്ടോ മൂന്നോ മണിക്കൂറാണ്. നാനൂറോ അഞ്ഞൂറോ ആളുകള്‍ ഒത്തുകൂടിയാല്‍ പോലും ആതിഥേയന് അവരുമായി ബന്ധം സ്ഥാപിക്കാനോ സൗഹൃദം പുതുക്കാനോ സാധിക്കുകയില്ല. അല്‌ളെങ്കിലും അതൊന്നുമല്ലല്ലോ വലിയ കല്യാണങ്ങള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യം.

ആളുകളെ ക്ഷണിച്ചുവരുത്തി ആഹാരം നല്‍കുന്നത് നല്ല കാര്യമല്ലേ, പുണ്യകരമായ ദാനമല്ലേ? ഇങ്ങനെയാണ് പലരും ചിന്തിക്കുകയും ചോദിക്കുകയും ചെയ്യാറുള്ളത്. ഇതൊട്ടും ശരിയല്ല. കല്യാണങ്ങള്‍ക്ക് ക്ഷണിക്കപ്പെടാറുള്ളത് ദാനം സ്വീകരിക്കാന്‍ അര്‍ഹരായ ദരിദ്രരല്ല. മഹാഭൂരിപക്ഷവും സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ടവരാണ്. അവര്‍ വിവാഹസദ്യകളില്‍ കഴിക്കുന്ന ആഹാരത്തിന്റെ വിലയുടെ അനേകമിരട്ടി പണം ചെലവഴിച്ചാണ് അവിടെ എത്താറുള്ളത്. അതുകൊണ്ടുതന്നെ ദരിദ്രര്‍ക്കുള്ള ദാനത്തിന്റെ പുണ്യം ഒരിക്കലും ഇത്തരം സല്‍ക്കാരങ്ങളില്‍നിന്ന് ലഭിക്കുകയില്ല.

ഇന്ന് സമൂഹത്തിലെ ഏറെപ്പേരും പ്രയാസപ്പെടുന്നത് താമസസൗകര്യത്തിന്റെയും ചികിത്സയുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും കാര്യത്തിലാണ്; ഒരു നേരത്തെ ആഹാരത്തിന്റെ കാര്യത്തിലല്ല. പതിനായിരങ്ങള്‍ ചെലവഴിച്ച് വിവാഹമേളകള്‍ ഗംഭീരമാക്കുന്ന പണക്കാര്‍ പാവപ്പെട്ടവരെ സഹായിക്കലും അതുവഴി പുണ്യവും ദൈവിക പ്രീതിയുമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതിനു ചെലവഴിക്കുന്ന പണം ദരിദ്രരുടെ വീടുനിര്‍മാണത്തിനോ രോഗികളുടെ ചികിത്സക്കോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ആണ് വിനിയോഗിക്കേണ്ടത്. അന്യരുടെ ഔദാര്യം ആവശ്യമില്ലാത്ത ആയിരങ്ങളെ ക്ഷണിച്ചുവരുത്തി അവര്‍ക്ക് വിഭവസമൃദ്ധമായ ആഹാരം നല്‍കി, അന്തസ്സ് നടിക്കുന്നതും പൊങ്ങച്ചം പ്രകടിപ്പിക്കുന്നതും പൈശാചികമാണ്. അഭിശപ്തമായ ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും അമിതവ്യയവുമാണ്.
പരമദരിദ്രരായ ആളുകള്‍ ഇരന്നും കടം വാങ്ങിയും കല്യാണം കേമമാക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമോ ആഗ്രഹിച്ചോ അല്ല. നിര്‍ബന്ധിതരായാണ്. നാലാളെ ക്ഷണിച്ചുവരുത്താതെ വിവാഹം നടത്തിയാല്‍ സമൂഹം എന്ത് വിചാരിക്കും എന്ന ചിന്തയും ബന്ധുമിത്രാദികള്‍ പരിഭവിക്കും എന്ന പേടിയുമാണ് പലരെയും അതിന് പ്രേരിപ്പിക്കുന്നത്. കുടുംബബന്ധം ചേര്‍ക്കല്‍ വിവാഹങ്ങള്‍ക്ക് ക്ഷണിച്ചും സല്‍ക്കാരങ്ങള്‍ നടത്തിയുമാണെന്ന മിഥ്യാധാരണ ഇതില്‍ പങ്കുവഹിക്കുന്നു. അതിനാല്‍, സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വിവാഹം വളരെ ലളിതമാക്കുക ഏറെ പ്രയാസകരമായിരിക്കാം. മറ്റേത് സാമൂഹിക പരിവര്‍ത്തനത്തിനുമെന്നപോലെ ഇതിനും തുടക്കം കുറിക്കേണ്ടത് സമൂഹത്തിലെ സമ്പന്നരും സ്വാധീനമുള്ളവരുമാണ്. അവര്‍ വിവാഹം ലളിതവും ചെലവ് കുറഞ്ഞതുമാക്കി അതിനു നീക്കിവെച്ച സംഖ്യ ദരിദ്രര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനോ തൊഴില്‍ ഏര്‍പ്പെടുത്തിക്കൊടുക്കാനോ മറ്റു പൊതു ആവശ്യങ്ങള്‍ക്കോ വിനിയോഗിക്കുകയാണെങ്കില്‍ അത് മഹത്തായ മാതൃകയായിരിക്കും. നിര്‍ഭാഗ്യവശാല്‍ മറ്റെല്ലാ തിന്മകളിലുമെന്ന പോലെ സമൂഹത്തിലെ സമ്പത്തും സ്വാധീനവുമുള്ളവര്‍ വിവാഹാഘോഷങ്ങള്‍ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും മേളകളാക്കി മാറ്റുന്നതില്‍ മുന്നണിയിലാണ്. ഓരോ പഞ്ചായത്തിലും കൊല്ലംതോറും വിവാഹമേളകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ധൂര്‍ത്തടിക്കുന്നത്. ഈ ആര്‍ഭാടമേളകള്‍ക്ക് അറുതിവരുത്തി അതിന് ചെലവഴിക്കുന്നതിന്റെ പാതിയെങ്കിലും സ്വരൂപിച്ചാല്‍ ഓരോ പഞ്ചായത്തിലും ദരിദ്രരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കാനും കുറെപേര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനും ചിലര്‍ക്കെങ്കിലും ചികിത്സാ സഹായം നല്‍കാനും സാധിക്കും. ഇത്തരം കാര്യങ്ങള്‍ക്കൊന്നും മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കാതെ വിവാഹമേളകള്‍ കൊഴുപ്പിക്കാനും സദ്യയുണ്ട് ഏമ്പക്കമിടാനുമാണ് മതനേതാക്കളും സമുദായ നേതൃത്വവും ഇനിയും വെമ്പല്‍ക്കൊള്ളുന്നതെങ്കില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതുപോലുള്ളവയും കക്ഷത്തേറ്റി കരയാന്‍ തന്നെയായിരിക്കും വരുംതലമുറകളുടെയും വിധി.

ഈയൊരു പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം എടുത്ത തീരുമാനം ഏറെ പ്രശംസനീയമാണ്. വിവാഹവുമായി ബന്ധപ്പെട്ട മേഖലയില്‍ സമുദായത്തെ ബാധിച്ച ജീര്‍ണതകളിലേക്കെല്ലാം തത്സംബന്ധമായ പ്രമേയം വെളിച്ചംവീശുന്നു. അതോടൊപ്പം സമുദായ സംഘടനകളെ ഇക്കാര്യത്തില്‍ സഹകരിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. മുസ്‌ലിംലീഗിന്റെ മുഴുവന്‍ കൗണ്‍സിലര്‍മാരും വിവാഹധൂര്‍ത്തില്‍നിന്നും ആര്‍ഭാടങ്ങളില്‍നിന്നും പൊങ്ങച്ചങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്നു.

നേരത്തേ പ്രഫസര്‍ വി. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ വിവാഹധൂര്‍ത്തിനെതിരെ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. അത് ചില സദ്ഫലങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, സമുദായത്തില്‍നിന്ന് ഇത്തരം എല്ലാ തിന്മകളും ജീര്‍ണതകളും ഇല്ലാതാക്കാന്‍ കഴിയുക മുസ്‌ലിംലീഗിനാണ്. വിശേഷിച്ചും, മലബാറില്‍. ഇവിടെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത് ലീഗിനാണെന്നതു മാത്രമല്ല ഇതിനുകാരണം. പള്ളിമഹല്ലുകള്‍ക്കാണ് വിവാഹം പോലുള്ളവയിലെ അനിസ്‌ലാമിക കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക. മലബാറിലെ ഭൂരിപക്ഷം പള്ളിക്കമ്മിറ്റികളുടെയും ഭാരവാഹികള്‍ മുസ്‌ലിംലീഗുകാരാണ്. അതോടൊപ്പം പള്ളികളിലെ ഖത്തീബുമാരും മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അങ്ങേയറ്റം ആദരിക്കുന്നവരും അനുസരിക്കുന്നവരുമാണ്. അതിനാല്‍, ലീഗ് തങ്ങളുടെ തീരുമാനം ആത്മാര്‍ഥമായി നടപ്പാക്കുകയാണെങ്കില്‍ അത് മുസ്‌ലിം സമുദായത്തില്‍ സൃഷ്ടിക്കുന്ന വിപ്ലവം മഹത്തരമായിരിക്കും. മുസ്‌ലിംലീഗിന്റെ നേതാക്കള്‍ വിവാഹാഘോഷങ്ങളിലെ ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ചവും ഒഴിവാക്കി ലാളിത്യത്തിലൂടെ മാതൃകകാണിക്കുകയും അണികളെ അതിനു പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയുമാണെങ്കില്‍ കേരള മുസ്‌ലിംകളുടെ ഗുണപരമായ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അത് വഹിക്കുന്ന പങ്ക് അനല്‍പമായിരിക്കും. അതിനാല്‍, ലീഗ് നേതൃത്വത്തിന് തങ്ങളുടെ പ്രമേയം പ്രയോഗവത്കരിക്കാന്‍ കഴിയട്ടെയെന്നതാണ് സുമനസ്സുകളുടെയൊക്കെ പ്രാര്‍ഥന.

കടപ്പാട് : മാധ്യമം

Related Articles