Current Date

Search
Close this search box.
Search
Close this search box.

വിവാദങ്ങളുടെ ലക്ഷ്യം എന്നും ഒന്നായിരുന്നു

ജനാധിപത്യ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യാനന്തരം ഇന്നോളം അതിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന രാജ്യമാണ് എന്നിരുന്നാലും ഇതിന് സാരമായ പരിക്കേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യാ രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. വംശീയ കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍ തുടങ്ങി വ്യത്യസ്ത രൂപത്തിലായിരുന്നു അതെന്നുമാത്രം. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ പുകള്‍പെറ്റ ‘രാജ്യസ്‌നേഹികള്‍’ തങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള പ്രതിരോധങ്ങളാക്കുകയായിരുന്നെന്നു വരുമ്പോള്‍ അത് കൂടുതല്‍ ഗൗരവമേറിയതായിരുന്നു.

2001 ലെ പാര്‍ലമെന്റ് ആക്രമണം മുതല്‍ ഘര്‍വാപസി വരെയുള്ള സംഭവങ്ങള്‍ നിക്ഷ്പക്ഷമായി വിലയിരുത്തുന്നപക്ഷം ഈ യാഥാര്‍ത്ഥ്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. രാഷ്ട്രീയ ഇന്ത്യയെ നഖശിഖാന്തം വിറപ്പിച്ച സംഭവമായിരുന്നു 2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ആക്രമണം. ഭരണകൂടഭാഷ്യത്തിനപ്പുറം പാര്‍ലമെന്റ് ആക്രമണത്തിന് ചില പിന്നാമ്പുറങ്ങളുണ്ടായിരുന്നു. ഈ വസ്തുത മനസ്സിലാക്കണമെങ്കില്‍ അക്കാലത്ത് ഭരണകൂടം അനുഭവിച്ച രണ്ട് സുപ്രധാന പ്രശ്‌നങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്. അതിലൊന്ന് അന്ന് രാജ്യം ഭരിച്ചിരുന്ന എന്‍.ഡി.എ മുന്നണിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മാത്രം ശേഷിയുളള ശവപ്പെട്ടി കുംഭകോണം പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയ സന്ദര്‍ഭമായിരുന്നു അത്. അതോടൊപ്പം ഭീകരതയുമായി ബന്ധമുണ്ട് എന്ന് ഭരണകൂടത്തിന് തോന്നുന്ന ആരെയും മനുഷ്യാവകാശങ്ങള്‍ക്കതീതമായി വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരം നല്‍കുന്ന പോട്ട നിയമം എന്ത് വില കൊടുത്തും പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കാന്‍ വാജ്‌പേയ് സര്‍ക്കാര്‍ സകല പരിശ്രമങ്ങളും നടത്തിവരുന്ന സാഹചര്യമായിരുന്നു അത്. ഇങ്ങനെ വളരെ സവിശേഷമായൊരു രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലാണ്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍, പാകിസ്താനില്‍ നിന്നെത്തിയ ‘ഭീകര’രാല്‍ ആക്രമിക്കപ്പെടുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ അന്നത്തെ ഗവണ്‍മെന്റ് തന്നെയായിരുന്നു. കാരണം, എന്‍.ഡി.എ ഗവണ്‍മെന്റ് സ്ഥാനഭ്രഷ്ടരാക്കപ്പെടുന്നതിന് വരെ കാരണമായേക്കാവുന്ന വലിയ ഒരു അഴിമതിയാരോപണം എങ്ങോ പോയ് മറഞ്ഞു. അതിന് ശേഷമിന്നോളം ആ സംഭവത്തെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കുകയോ തുടര്‍നടപടികളുണ്ടാകുകയോ ചെയ്തിട്ടില്ല. അതോടൊപ്പം ഭരണഘടന വിരുദ്ധമായ പോട്ട നിയമം ചെറിയ ഭേതഗതിയോടാണെങ്കിലും പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കാന്‍ ഗവണ്‍മെന്റിന് സാധിക്കുകയും ചെയ്തു. അഥവാ പാര്‍ലമെന്റ് ആക്രമണം അന്ന് നടന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ സംഘ്പരിവാറിന്റെ അവസ്ഥ മറ്റൊന്നായേനെ.

ആക്രമണവുമായി ബന്ധപ്പെട്ട് അഫ്‌സല്‍ ഗുരു എന്ന മുസ്‌ലിം യുവാവിനെ തൂക്കിലേറ്റിയത് രാജ്യത്തെ പൊതുബോധം സംരക്ഷിക്കപ്പെടാന്‍ വേണ്ടിയാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഏകദേശം സമാനമായ ഒരു പശ്ചാത്തലം സെപ്തംബര്‍ 11ന്റെ ഇന്ത്യന്‍ പതിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഭീകരാക്രമണത്തിനും ഉണ്ടായിരുന്നു. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്നത്തെ ACTP ഹേമന്ത് കര്‍ക്കരെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സന്ദര്‍ഭമായിരുന്നു അത്. മലേഗാവ് സ്‌ഫോടനത്തില്‍ മുസ്‌ലിംകള്‍ നിരപരാധികളാണെന്നും സംഘ്പരിവാറും ഇസ്രായേലും അമേരിക്കയുമടങ്ങുന്ന സഖ്യത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍പ്പിച്ചു. ഇന്ത്യന്‍ ചാനലുകളില്‍ ഈ വിഷയം മണിക്കൂറുകളോളം വലിയ ചര്‍ച്ചയായി. സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞാല്‍ ഇന്ത്യന്‍ ജനത സ്തബ്ധരായി ഇരിക്കുമ്പോഴാണ് പെട്ടെന്ന് മുംബൈ നഗരത്തിലെ താജ് ഹോട്ടലിലെ സ്‌ഫോടനം നടക്കുന്നത്. അത് വരെ ഗൗരവമേറിയ മറ്റൊരു വിഷയം ചര്‍ച്ച ചെയ്ത ചാനലുകളിലെല്ലാം സ്‌ഫോടനത്തിന്റെ തത്സമയദൃഷ്യങ്ങളാല്‍ ബഹളമയമായി. അങ്ങനെ സംഘ്പരിവാറിനേയും സാമ്രാജത്വ ശക്തികളേയും നേരിട്ട് ബാധിച്ചേക്കാവുന്ന ഒരു പ്രശ്‌നം ജനമനസ്സുകളില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷമായി. ഇത് മുംബൈ സ്‌ഫോടനത്തിന്റെ സുപ്രധാന അജണ്ടയായിരുന്നു.

വര്‍ത്തമാന കാലത്തെ ചില സംഭവങ്ങളുമായി ഉപരിസൂചിത സംഭവങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുള്ളതിനാലാണ് അവ പ്രസക്തമാകുന്നത്. അധികാരത്തിലേറി വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാര്‍ വിലയിരുത്തപ്പെട്ടു തുടങ്ങുന്ന സാഹചര്യമാണിത്. കോര്‍പ്പറേറ്റുകളുമായുള്ള അവിശുദ്ധ ബന്ധങ്ങളും യു.പി.എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ അന്ധമായി പുനരാവിഷ്‌കരിക്കുന്നത് ജനമധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ മരുന്ന് കമ്പനികളുമായി അമേരിക്കയില്‍ വെച്ച് കൂടികാഴ്ച നടത്തിയതും അതിന്റെ ബാക്കിപത്രമെന്നോണം ജീവന്‍രക്ഷാ മരുന്നുകളെ അടക്കം വില ഭീമമായി വര്‍ധിപ്പിച്ചതും മോദി സര്‍ക്കാറിന്റെ മോടിക്ക് മങ്ങലേല്‍പ്പിച്ച് തുടങ്ങിയിരിക്കുന്നു. ഇങ്ങനെ വളരെ സവിശഷമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഘര്‍വാപസി രംഗപ്രവേശം ചെയ്യപ്പെടുന്നത്. ഘര്‍വാപസി വന്നതോടൊപ്പം മറ്റെല്ലാ ചര്‍ച്ചകളും അസ്ഥാനത്തായി. മാധ്യമങ്ങള്‍ ഘര്‍വാപസിയുടെ പിന്നാമ്പുറങ്ങള്‍ തേടിയലഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ നിന്ന് അപ്രത്യക്ഷമായി. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത കേരളത്തില്‍ ലൈംഗിക സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ ചുംബനസമരത്തിന് ലഭിച്ച മാധ്യമശ്രദ്ധയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അഥവാ ചിലര്‍ തങ്ങളുടെ ഒളിയജണ്ടകളുമായി നിര്‍ബാധം മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. ഭരണീയര്‍ ഭരണകൂടത്തെ ഭയപ്പെടുന്ന പുതിയ കാലത്ത് അക്ഷരവായനക്കപ്പുറം ആശയസംവാദങ്ങള്‍ നടത്താനാണ് ചിന്തിക്കുന്ന ജനങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം, മാധ്യമങ്ങളുടെ തിരക്കഥകലില്‍ നടക്കുന്ന ഇത്തരം ഭരണകൂടനാടകങ്ങളില്‍ നാളെ നമ്മളും കഥാപാത്രമായേക്കാം.

Related Articles