Current Date

Search
Close this search box.
Search
Close this search box.

വിമാനത്തില്‍ അറബി ഭാഷ സംസാരിച്ചാല്‍…

fly-plane.jpg

‘God willing’-നേക്കാള്‍ അപകടം കുറഞ്ഞ പദങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. രാഷ്ട്രീയ പ്രചാരണ കാമ്പയിനുകളില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ വ്യക്തിത്വങ്ങളും, മാധ്യമ നിരീക്ഷരുമെല്ലാം തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്ന് ആ രണ്ട് വാക്കുകള്‍ ഉരിയാടാറുണ്ട്. സാധാരണ അമേരിക്കന്‍ വാമൊഴിയിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് അതെന്ന് നിസ്സംശയം പറയാം.

പ്രതീക്ഷാനിര്‍ഭരവും, ശുഭാപ്തിവിശ്വാസവും ഉള്ളടങ്ങിയ ഒരു പ്രയോഗമാണ് ‘God willing’. ഇന്ന് അമേരിക്കയില്‍ പോലും അത് വളരെ മതേതരമായി തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനേക്കാള്‍ സൗകര്യപ്രദവും അഭയദായിയുമായ വേറൊരു പദപ്രയോഗം കണ്ടെത്തുക വളരെ പ്രയാസകരം തന്നെയാണ്.

ഇത് തന്നെയാണ് അറബിയില്‍ ‘ഇന്‍ഷാ അല്ലാഹ്’ എന്ന് പദപ്രയോഗത്തിന്റെ ഉദ്ദേശം. പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല മനസ്സിലാക്കപ്പെടുന്നത് എന്ന് മാത്രം. പ്രത്യേകിച്ച് ഇന്ന്, ഇസ്‌ലാമുമായി ബന്ധമുള്ള എന്തിനെയും ഭയപ്പെടുന്ന കാലമാണിത്, പ്രത്യേകിച്ച് അറബി ഭാഷ. ഒരു കൊമേഷ്യല്‍ വിമാനത്തെ ഈ അടിസ്ഥാനരഹിതമായ ഭയം വളരെ ഉയര്‍ന്ന നിലയില്‍ തന്നെ വലയം ചെയ്തുനില്‍ക്കുന്നുണ്ട്.

‘മുസ്‌ലിം ഭീകരവാദ’വുമായി ബന്ധമുള്ള എന്തെങ്കിലും, അത് വസ്ത്രത്തെ കുറിച്ചുള്ള ഒരു ലേഖനമാവാം അല്ലെങ്കില്‍ ദൈനംദിന സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാവാം, ഇവക്ക് പെട്ടെന്ന് തന്നെ ആ വിവേകശൂന്യമായ ഭയത്തെ ഇളക്കിവിടാന്‍ സാധിക്കും. അനന്തരഫലമായി, അറബി സംസാരിക്കുന്ന അല്ലെങ്കില്‍ ‘മുസ്‌ലിമിന്റെ രൂപസാദൃശ്യമുള്ള’ ആ യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നതിലേക്കാണ് അത് നയിക്കുക.

ഇത്തരം പുറത്താക്കലുകള്‍ ഒറ്റപ്പെട്ട സംഭവങ്ങളേയല്ല. അത് അമേരിക്കന്‍ കൊമേഷ്യല്‍ വിമാനങ്ങളില്‍ ഒരു സ്ഥിരം സംഭവമായി മാറി കഴിഞ്ഞിട്ടുണ്ട്.

ഇസ്‌ലാമോഫോബിയ കുതിച്ചുയരുന്ന ഒരു ദേശീയ മേഖലയില്‍, യാത്രക്കാരുടെ വിവേകശൂന്യമായ ഇസ്‌ലാമോഫോബിക്ക് ഭയങ്ങള്‍ക്ക് ഇടം നല്‍കുന്നതും, അറബി ഭാഷയെ പോലീസിംങിന് വിധേയമാക്കുന്നതും ഒരു ആചാരമായി മാറികഴിഞ്ഞു.

ഏപ്രില്‍ 9-ന്, ടേക്ക് ഓഫിന് മിനുട്ടുകള്‍ മാത്രം അവശേഷിക്കെയാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ നിന്നും ഖൈറുദ്ദീന്‍ മഖ്‌സൂമിയെ പുറത്താക്കിയത്. ഒരു ഇറാഖി അമേരിക്കന്‍ പൗരനും, കാലിഫോര്‍ണിയ-ബെര്‍ക്ക്‌ലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ അയാള്‍, ന്യൂയോര്‍ക്കില്‍ വെച്ച് അദ്ദേഹം പങ്കെടുത്ത ഐക്യരാഷ്ട്രസഭയുടെ ഒരു പരിപാടിയെ കുറിച്ച് പറയാന്‍ ബാഗ്ദാദിലെ തന്റെ അമ്മാവനെ ഫോണില്‍ വിളിക്കുകയുണ്ടായി.

‘ഞാന്‍ അദ്ദേഹത്തിന് വിളിച്ച് പരിപാടിയെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്… ഞാന്‍ ഓക്‌ലാന്‍ഡിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് വിളിക്കാന്‍ പറഞ്ഞു.. ഞാന്‍ പറഞ്ഞു, ‘ഇന്‍ഷാ അല്ലാഹ്.. എത്തിയാല്‍ ഞാന്‍ വിളിക്കാം.’

അറബി ഭാഷയിലുള്ള സംഭാഷണവും, പ്രത്യേകിച്ച് ‘ഇന്‍ഷാ അല്ലാഹ്’-യിലെ ‘അല്ലാഹ്’ എന്ന പദവും കേട്ടയുടനെ ആശങ്കാകുലയായ ഒരു സ്ത്രീ വിമാനത്തില്‍ നിന്നും ഇറങ്ങി പോവുകയും, രണ്ട് മിനുട്ടിന് ശേഷം രണ്ട് പോലിസുകാരെയും കൂട്ടി തിരിച്ച് വരികയും ചെയ്തു. പിന്നീട് മഖ്‌സൂമിയോട് വിമാനത്തില്‍ നിന്നും ഇറങ്ങിപോകാന്‍ കല്‍പ്പിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് വളരെ പരുക്കനായ ചോദ്യം ചെയ്യല്‍ മുറകള്‍ മഖ്‌സൂമി വിധേയനാവുകയുണ്ടായി. അദ്ദേഹത്തിന്റെ ലഗേജുകള്‍ തുറന്ന് പരിശോധിക്കപ്പെട്ടു, പഴ്‌സ് പിടിച്ചെടുത്തു.

‘ഞാന്‍ ആകെ അപമാനിതനായി, ശരിക്കും പേടിച്ചുപോയി..’ തനിക്കേറ്റ വൈകാരിക മുറിവിനെ കുറിച്ച് മഖ്‌സൂമി പറഞ്ഞു. കാലിഫോര്‍ണിയയിലേക്ക് പോകുന്ന മറ്റു വിമാനങ്ങളില്‍ കയറ്റിവിടാനും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തയ്യാറാവാഞ്ഞത് അദ്ദേഹത്തിന്റെ മുറിവിന്റെ ആഴം കൂട്ടുന്നതിന് ഇടയാക്കി.

‘ഇന്‍ഷാ അല്ലാഹ്’ പറഞ്ഞതിന്റെ പേരില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ പുറത്താക്കപ്പെടുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങളിലെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് മഖ്‌സൂമിയുടെ അനുഭവം.

മാര്‍ച്ചില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും ഒരു മുസ്‌ലിം കുടുംബത്തെ മുഴുവന്‍ പുറത്താക്കിയിരുന്നു. 2015 ഡിസംബര്‍ മാസത്തില്‍, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ നിന്നും മൂന്ന് സൗത്ത് ഏഷ്യക്കാരോടും ഒരു അറബ് യാത്രക്കാരനോടും ‘പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു’. അവരില്‍ മൂന്ന് പേര്‍ മുസ്‌ലിംകളും, ഒരാള്‍ സിഖുകാരനുമായിരുന്നു.

‘മുസ്‌ലിം’ രൂപസാദൃശ്യം അല്ലെങ്കില്‍ ഭാഷ എന്നിവ ഭീകരവാദത്തിന്റെ സംശയങ്ങള്‍ ഉയര്‍ത്തുമ്പോള്‍, ഇവ രണ്ടും ഒരു വ്യക്തിയില്‍ സമന്വയിച്ചാല്‍, അത് ഒരു ഇസ്‌ലാമോഫോബിക്ക് യാത്രക്കാരന്റെ ഭയം ഇരട്ടിപ്പിക്കുന്നതായി കാണാന്‍ കഴിയും.

ഈ ഇസ്‌ലാമോഫോബിക്ക് പുറത്താക്കലുകള്‍ ഏതെങ്കിലും ഒരു കൊമേഷ്യല്‍ എയര്‍ലൈനില്‍ മാത്രം സംഭവിച്ചതല്ലെന്നും, കഴിഞ്ഞ നാല് മാസത്തിനിടെ സൗത്ത് വെസ്റ്റ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയില്‍ സംഭവിച്ചുവെന്നും മനസ്സിലാക്കുമ്പോള്‍, അറബി അല്ലെങ്കില്‍ മുസ്‌ലിം ആയതിന്റെ പേരില്‍ ഒരു വിമാനത്തില്‍ നിന്നും ബലമായി പുറത്താക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാണാന്‍ കഴിയും.

ഇത്തരം ഇസ്‌ലാമോഫോബിക്ക് ചൂണ്ടുവിരലുകളെ അഭിമുഖീകരിക്കാന്‍ സാധ്യതയുളള വിമാനയാത്രികര്‍ അവരുടെ മുസ്‌ലിം സ്വത്വം മറച്ച് വെക്കേണ്ടതുണ്ടോ എന്നതാണ് ഇത് ഉയര്‍ത്തുന്ന സുപ്രധാന ചോദ്യം.

ഇന്ന് അമേരിക്കയില്‍, വിമാന യാത്രക്ക് തയ്യാറെടുക്കുന്ന അറബികളെയും മുസ്‌ലിംകളെയും സംബന്ധിച്ചിടത്തോളം, ‘ചെക്ക് ഇന്‍’ എന്നതിന് പുതിയ അര്‍ത്ഥങ്ങളും മാനങ്ങളുമാണ് ഉള്ളത്.

തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നത് കൂടാതെ, അറബികളെയും മുസ്‌ലിംകളെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വകാര്യ സ്വത്വത്തെ സംബന്ധിച്ച് ഒരു ധാരണയുണ്ടാക്കുന്ന പ്രക്രിയ കൂടിയാണ് ‘ചെക്ക് ഇന്‍’.  അതായത്, വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്വത്വ സവിശേഷതകള്‍ മറച്ചു വെക്കുക, അറബിക്ക് അല്ലെങ്കില്‍ അറബിയോട് സാദൃശ്യമുള്ള മറ്റു ഭാഷകള്‍ എന്നിവ ബോധപൂര്‍വ്വം സംസാരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍.

തീര്‍ച്ചയായും, ഒരുപാട് അറബ് മുസ്‌ലിം വിമാനയാത്രക്കാര്‍ യാത്രക്ക് മുമ്പ് തന്നെ തങ്ങളുടെ മതപരമായ സ്വത്വം ‘ചെക്ക് ഇന്‍’ ചെയ്യാറുണ്ട്. ഇത് പിന്നീട്, എന്തെങ്കിലും തരത്തിലുള്ള മതപരമായ അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു ‘മുസ്‌ലിം ഭീകരവാദി’യായി തെറ്റിദ്ധരിക്കാനും, മറ്റു യാത്രക്കാരില്‍ അനാവശ്യമായ ഭയം ഉണ്ടാകാനുമുള്ള സാധ്യതയെ കുറക്കാനും ഉപകരിക്കപ്പെടും.

ഒരു അമുസ്‌ലിമിനെ പോലെ വിമാനത്തില്‍ കയറുകയും, ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് വിമാനയാത്രക്കാരായ അറബ് വംശജര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ സര്‍വസാധാരണമാണ്.

അതേ സമയം ചെക്ക് ഇന്‍ ചെയ്യുന്നത്, എന്നെ പോലുള്ള വംശപരമായി തിരിച്ചറിയപ്പെടാത്ത അറബികള്‍ക്കും, മുസ്‌ലിമിന്റെ രൂപസാദൃശ്യമില്ലാത്തവര്‍ക്കും എളുപ്പം സാധ്യമാണ്. അറബികളുമായി രൂപസാദൃശ്യമുള്ളവര്‍ക്ക് അത് സാധ്യമല്ല. ഉദാഹരണമായി സിഖുകാര്‍, അവര്‍ അറബികളോ മുസ്‌ലിംകളോ അല്ല. ഇത് ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കും, പുരോഹിതര്‍ക്കും, അറബിക്, ഉര്‍ദു, ഫാര്‍സി, പഷ്തൂണ്‍ അഥവാ ഇസ്‌ലാമുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉച്ചരിക്കുന്നവര്‍ക്കും, അഥവാ ഒരു ‘ഭീകരവാദ ഭാഷ’യായി മനസ്സിലാക്കപ്പെടുന്ന ഭാഷ സംസാരിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

‘ചെക്ക് ഇന്‍’ ചെയ്യാനുള്ള കഴിവും കഴിവില്ലായ്മയും, വിമാനയാത്രക്കാരായ അറബികളും മുസ്‌ലിംകളും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവത്തെ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വിമാനത്തില്‍ വെച്ച് അറബി ഭാഷ സംസാരിക്കുന്നത് ചിലപ്പോള്‍ സംശയം ഉയര്‍ത്താനും, ഉടനടിയുള്ള പുറത്താക്കലിലേക്കും നയിക്കും. പക്ഷെ മറ്റൊരു തരത്തില്‍, വിമാനത്തില്‍ വെച്ച് ബോധപൂര്‍വം അറബി ഭാഷ സംസാരിക്കുന്നത് ഇത്തരം വിവേകശൂന്യമായ ഭയങ്ങളുടെ അസംബന്ധത്തെ തുറന്ന് കാണിക്കുന്ന ഒരു ആക്ടിവിസം തന്നെയാണ്.

ഇത് കുറച്ചാളുകളുടെ ഇസ്‌ലാമോഫോബിക്ക് വികാരങ്ങളെ മുഖവിലക്കെടുക്കുന്നതിന് പകരം, വിശാലമായ വംശ, മത, ഭാഷാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു മാനസിക തലത്തിലേക്ക് ഒരു ദിവസം കോമേഷ്യല്‍ എയര്‍ലൈന്‍സുകളെ എത്തിച്ചേക്കാം.

അറബ് അല്ലെങ്കില്‍ മുസ്‌ലിം സ്വത്വം മറച്ചുവെക്കുക, അല്ലെങ്കില്‍ അറബി ഭാഷ സംസാരിക്കാതിരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍, അറബി ഭാഷ ഭീകരവാദത്തിന്റെ ഭാഷയാണ് എന്ന ഇസ്‌ലാമോഫോബിക്ക് വാദത്തിന് മുമ്പില്‍ കീഴടങ്ങുന്നതിന് തുല്ല്യമാണ്. അതേസമയം അറബി ഭാഷ സംസാരിക്കുന്നത് ഒരു ചെറുത്തുനില്‍പ്പ് പോരാട്ടം തന്നെയാണ്.

അതുകൊണ്ടു തന്നെ ചെറുത്ത് നില്‍പ്പ് പോരാട്ടമെന്ന നിലയില്‍ അറബി ഭാഷ എടുത്ത് വീശാന്‍ തന്നെയാണ് എന്റെ തീരുമാനം. ഇന്ന് അമേരിക്കയിലെ എയര്‍ലൈന്‍ മേഖലയെ ചുറ്റിവരിയുകയും, മില്ല്യണ്‍ കണക്കിന് വരുന്ന അറബ് വംശജരെയും, മുസ്‌ലിംകളെയും, ‘മുസ്‌ലിംകളോട് രൂപസാദൃശ്യമുള്ളവരെയും’ ഗുരുതരമായി ബാധിച്ചിരിക്കുകയും ചെയ്തിട്ടുള്ള, നാളെ അമേരിക്കക്ക് പുറത്തുള്ളവരെ ബാധിക്കാന്‍ പോകുന്ന ഇസ്‌ലാമോഫോബിയക്കെതിരെയുള്ള കുറച്ച് കൂടി നേര്‍ക്കുനേരെയുള്ള യുദ്ധമുറയാണിത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles